കാണ്ഡഹാര്‍ വിമാനം റാഞ്ചിയ കൊടും ഭീകരന്‍... ആരാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട അബ്ദുള് റൗഫ് അസ്ഹര്‍?

വിമാന റാഞ്ചലിൽ തുടങ്ങി ഇന്ത്യയിലെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാകാൻ വേണ്ടി നടത്തിയ അയോധ്യ ക്ഷേത്ര ആക്രമണവും ഇയാളുടെ ആസൂത്രണത്തിലായിരുന്നു

നയതന്ത്രപരമായി ഇന്ത്യയ്ക്ക് ഏറ്റവും തിരിച്ചടിയേറ്റ ഒരു സംഭവമായാണ് കാണ്ഡഹാർ വിമാനറാഞ്ചലും മസൂർ അസ്ഹറെന്ന കൊടും ഭീകരന്റെ മോചനവും കണക്കാക്കപ്പെടുന്നത്. മസൂർ അസ്ഹറിന് വേണ്ടി സഹോദരൻ അബ്ദുള്‍ റൗഫ് അസ്ഹർ ആസൂത്രണം ചെയ്തതായിരുന്നു 1999ലെ ആ വിമാന റാഞ്ചൽ.

1999 ഡിസംബറിൽ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച യാത്രാവിമാനം റാഞ്ചിയ അബ്ദുള്‍ റൗഫ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഹർക്കത്ത്-ഉൽ-മുജാഹിദീൻ പകരം ചോദിച്ചത് അഞ്ചുവർഷമായി ഇന്ത്യൻ ജയിലിൽ കഴിയുകയായിരുന്ന മസൂർ അസ്ഹറിന്റെ മോചനമായിരുന്നു. ഇരുന്നൂറോളം ഇന്ത്യൻ പൗരന്മാരെ തോക്കിന് മുന്നിൽ നിർത്തിയുള്ള വിലപേശലിനൊടുവിൽ ഇന്ത്യക്ക് മസൂർ അസ്ഹറിനെ വിട്ടുകൊടുക്കേണ്ടി വന്നു.

ഇന്ത്യ കൈമാറിയ മസൂർ അസ്ഹർ കാശ്മീ‍ർ കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താനായി പിന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ചു. ഇവരാണ് പാർലമെന്റ് ആക്രമണവും ഉറിയിലെ ആക്രമണവും അടക്കം ഇന്ത്യയിൽ നിരവധിയായ ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തത്. നിരപരാധികളായ നൂറുകണക്കിന് മനുഷ്യരെ മസൂദ് അസ്ഹർ നടത്തിയ ​ഗൂഢാലോചനയിലൂടെ വധിച്ചു. അപ്പൊഴെല്ലാം നിവൃത്തിയില്ലാതെ ആ കൊടും ഭീകരനെ തുറന്നുകൊടുക്കേണ്ടി വന്ന ദൗർഭാഗ്യ നിമിഷത്തെ പഴിക്കാനെ ഇന്ത്യക്കായുള്ളൂ. എന്നാലിതാ ഒടുവിൽ പഹൽഗാമിൽ നിരപരാധികളെ വധിച്ചതിന് പകരം ചോദിക്കാൻ രാജ്യം തീരുമാനിച്ചപ്പോൾ ഒരു കണക്ക് കരുതി വെച്ചിരുന്നു. മസൂർ അസ്ഹറിനെ മോചിപ്പിക്കാൻ നടത്തിയ വിമാന റാഞ്ചലിന് മുന്നിൽ നിന്ന അബ്ദുള്‍ റൗഫ് അസ്ഹറിനെയും ഓറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കൊലപ്പെടുത്തിയിരിക്കുകയാണ്.

ജെയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പ്രവർത്തനത്തിന്റെ 'കെജി ടു യുജി' കേന്ദ്രമെന്ന് വിശേഷിപ്പാക്കാവുന്ന ബഹാവൽപൂരിലെ ആസ്ഥാനത്ത് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടത്തിയ ആക്രമണത്തിലാണ് അബ്ദുള്‍ റൗഫ് കൊല്ലപ്പെട്ടത്. നേരത്തെ തന്റെ കുടുംബത്തിലെ പത്തോളം പേരെ നഷ്ടപ്പെട്ടുവെന്ന് മസൂർ അസ്ഹർ വിലപിച്ചിരുന്നു. ഇനി ആ വിലപിക്കൽ കൂടുതൽ ഉച്ചത്തിലാകും.

1999 ൽ കാണ്ഡഹാറിൽ നടന്ന ഐസി-814 വിമാന റാഞ്ചലിന്റെ സൂത്രധാരൻ മാത്രമായിരുന്നില്ല അബ്ദുള്‍ റൗഫ് അസ്ഹർ. ലോകത്തിന്റെ പൊതുകാഴ്ചയിൽ നിന്നും മറഞ്ഞുനിന്ന, വല്ലപ്പോഴും മാത്രം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു കണ്ടിരുന്ന, ഇന്റലിജൻസ് വിവരങ്ങളിൽ മാത്രം ജീവിച്ചിരുന്ന അബ്ദുള്‍ റൗഫ് ആയിരുന്നു യഥാർഥത്തിൽ മസൂറിന്റെ ആജ്ഞ നടപ്പിലാക്കിയതും അതിന് വേണ്ടി ഭീകര സേനയെ ഒരിക്കിയിരുന്നതും.

ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയിലെ മുതിർന്ന കമാൻഡർ കൂടിയായ അബ്ദുള്‍ റൗഫ് ആണ് ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിലും മുന്നിൽ നിന്നിരുന്നത്.

വിമാന റാഞ്ചലിൽ തുടങ്ങി ഇന്ത്യയിലെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി നടത്തിയ നിരവധിയായ ഭീകരാക്രമണങ്ങളുടെ ആസൂത്രകനാണ് ഈ കൊടുംഭീകരൻ. പതിറ്റാണ്ടുകളായി ആഗോള രഹസ്യാന്വേഷണ ഏജൻസികളുടെ സുക്ഷ്മ നിരീക്ഷണത്തിലായിരുന്നു അബ്ദുള്‍ റൗഫ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2022 ൽ ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈന പിന്തുണക്കാത്തതോടെ ഈ ആവശ്യം നിരസിക്കപ്പെട്ടു. അബ്ദുൾ റൗഫും മസൂറും അടക്കമുള്ള ഭീകരരെ വിട്ടുകിട്ടാൻ നിരന്തരം ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തിയപ്പോഴും ഇവർ രാജ്യത്തില്ലെന്നായിരുന്നു പാക് നിലപാട്.

ഒടുവിൽ പാകിസ്താൻ്റെ മണ്ണിൽ മസൂദും സഹോദരനും ഒരുക്കിയ ഭീകരകേന്ദ്രത്തിൽ തന്നെ കടന്ന് കയറിയാണ് ഇന്ത്യൻ സൈന്യം അബ്ദുൾ റൗഫ് അടക്കമുള്ള ഭീകരരെ ഇല്ലാതാക്കി കളഞ്ഞത്.. പാകിസ്താന്റെ സൈനിക-രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംരക്ഷണത്തോടെ, ബഹാവൽപൂരിലെയും റാവൽപിണ്ടിയിലെയും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഭീകരന് ഇന്ത്യ എൻഡ് ഗെയിം വിധിച്ചു. അബ്ദുൾ റൗഫ് അസ്ഹറിന്റെ മരണം ജെയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിനും മനോവീര്യത്തിനും കനത്ത പ്രഹരമാണെന്നതിൽ സംശയമില്ല.

Content Highlights: Who Is Abdul Rauf Azhar? masood azhar ; Mastermind Behind IC814 Hijacking

To advertise here,contact us