പഹല്ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല് വഷളായിരിക്കുകയാണ്. ഏത് നീക്കത്തെയും നേരിടാന് കര-നാവിക-വ്യോമ സേനകള് പൂര്ണസജ്ജമാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില് ബുധനാഴ്ച രാജ്യവ്യാപകമായി സിവില് ഡിഫന്സ് മോക് ഡ്രില് നടത്താന് ആഭ്യാന്തര മന്ത്രാലയം നിര്ദേശിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ളയിടങ്ങളില് വ്യോമാക്രമണ സൈറണുകള് മുഴങ്ങും. കേരളത്തില് എല്ലാ ജില്ലകളിലും നാളെ സുരക്ഷാ ഡ്രില് നടക്കും. പതിറ്റാണ്ടുകള്ക്ക് ശേഷമാണ് രാജ്യവ്യാപകമായി ഇത്തരമൊരു സുരക്ഷാ ഡ്രില് നടക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദേശ പ്രകാരം, നഗര, ഗ്രാമ പ്രദേശങ്ങളിലുടനീളം ഇത്തരത്തില് മോക് ഡ്രില് നടക്കും. ഡല്ഹി, ഉത്തര്പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്, ജമ്മു കശ്മീര്, പഞ്ചാബ്, രാജസ്ഥാന്, ഹിമാചല് പ്രദേശ്, ഗുജറാത്ത് എന്നിങ്ങനെ സംസ്ഥാനങ്ങളിലെല്ലാം സുരക്ഷാ പരിശീലനം നടക്കും.
അടിയന്തര സാഹചര്യങ്ങള് എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് ജനങ്ങളെ സജ്ജരാക്കുന്നത് ലക്ഷ്യമിട്ടാണ് മോക് ഡ്രില് സംഘടിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു. എന്നാല് മോക്ക്ഡ്രില്ലില് ജനങ്ങള് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരമൊരു പരിശീലനം 1971 ലും നടന്നിരുന്നു. പുതിയ തലമുറയിലെ മിക്ക ആളുകള്ക്കും ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് അറിയില്ല. അതുതന്നെയാണ് ഈ മോക്ക്ഡ്രില്ലിന്റെ ആവശ്യകതയും എന്നാണ് സിവില് ഡിഫന്സിന്റെ ചുമതലയുള്ള ഒരു മുതിര്ന്ന ഉദ്യോഗസ്ഥന് പ്രതികരിച്ചത്.
ഒരു അടിയന്തര സാഹചര്യത്തെ നേരിടുന്നതെങ്ങനെയെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയാണ് മോക് ഡ്രില്. തീപിടുത്തങ്ങള്, ഭൂകമ്പങ്ങള്, മെഡിക്കല് പ്രതിസന്ധികള് അല്ലെങ്കില് സുരക്ഷാ ഭീഷണികള് പോലുള്ള അടിയന്തര സാഹചര്യങ്ങളില് വേഗത്തിലും ഫലപ്രദമായും പ്രവര്ത്തിക്കാന് ആളുകളെ തയ്യാറാക്കാന് ഈ ഡ്രില്ലുകള് സഹായിക്കുന്നു.
വ്യോമാക്രമണം ഉള്പ്പടെയുണ്ടായാല് വേഗത്തിലും സുരക്ഷിതമായും എങ്ങനെ പ്രതികരിക്കണമെന്ന് സാധാരണക്കാരെ പരിശീലിപ്പിക്കുക എന്നതാണ് നാളെ നടക്കുന്ന മോക് ഡ്രില്ലിന്റെ ലക്ഷ്യം. വ്യോമാക്രമണ സൈറണുകള് ഉള്പ്പടെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള് എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തും. സിവില് അധികാരികളും ഇന്ത്യന് വ്യോമസേനയും തമ്മിലുള്ള ഹോട്ട്ലൈന്, റേഡിയോ ബന്ധങ്ങള് സജീവമാക്കുകയും പരീക്ഷിക്കുകയും ചെയ്യും. കണ്ട്രോള് റൂമുകളും അവയുടെ ബാക്കപ്പുകളും എത്രത്തോളം മികച്ച രീതിയിലാണ് പ്രവര്ത്തിക്കുന്നതെന്നും വിലയിരുത്തും.
അടിസ്ഥാനപരമായ ഡിഫന്സ് ടെക്നിക്കുകള് വഴി ആക്രമണങ്ങളില് നിന്ന് സ്വയം രക്ഷിക്കുന്നതെങ്ങനെയെന്ന് വിദ്യാര്ത്ഥികളെ ഉള്പ്പടെ പരിശീലിപ്പിക്കും. വ്യോമാക്രമണ സാഹചര്യങ്ങള് നേരിടുന്നതിനായി വീടുകളിലെ ഉള്പ്പടെ ലൈറ്റുകള് ഓഫ് ചെയ്യാന് ആവശ്യപ്പെടുന്ന ബ്ലാക്ക്ഔട്ട് പരീക്ഷണങ്ങളുണ്ടാകും. വ്യോമതാവളങ്ങള്, ശുദ്ധീകരണശാലകള്, റെയില് യാര്ഡുകള് തുടങ്ങിയ നിര്ണായക അടിസ്ഥാന സൗകര്യങ്ങളെ വ്യോമാക്രമണത്തില് നിന്നോ ആക്രമണത്തില് നിന്നോ സംരക്ഷിക്കാന് അധികാരികള്ക്കുള്പ്പടെ പരിശീലനം നല്കും.
മോക് ഡ്രില്ലില് രക്ഷാ പ്രവര്ത്തകരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും തയ്യാറാടുപ്പും പ്രവര്ത്തനങ്ങളും വിലയിരുത്തും. അപകട മേഖലകളില് നിന്ന് ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റല്, പ്രഥമശുശ്രൂഷ നല്കല്, അഗ്നിശമന ഉപകരണങ്ങള് കൈകാര്യം ചെയ്യല് തുടങ്ങിയ കാര്യങ്ങളില് സാധാരണക്കാര്ക്ക് പരിശീലനം നല്കും.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സിവില് ഡിഫന്സ് മോക് ഡ്രില് നടത്തുമെന്നാണ് അറിയിപ്പ്. വൈകുന്നേരം 4 മണിക്കാണ് മോക് ഡ്രില് ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്റെ ഭാഗമായി സിവില് ഡിഫന്സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള് വിലയിരുത്തും. മോക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന് എല്ലാ ജില്ലാ കളക്ടര്മാര്ക്കും മറ്റ് ഉദ്യോഗസ്ഥര്ക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്ദേശം നല്കിയിട്ടുണ്ട്. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സിവില് ഡിഫന്സ് മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്ദ്ദേശങ്ങള് പാലിക്കണം,
കമ്മ്യൂണിറ്റി തല ഇടപെടലുകള്
ഗാര്ഹികതല ഇടപെടലുകള്
Content Highlights: What Is A Security Drill And What To Expect On May 7