കൊച്ചുകേരളം ലോകത്തിന് മുൻപാകെ 'സൂപ്പർസ്റ്റാറാ'കും; അറിയാം വിഴിഞ്ഞത്തിന്റെ ചരിത്രം

ഒരു തുറമുഖത്തിന് വേണ്ട എല്ലാ അനുകൂല സാഹചര്യങ്ങളും, പ്രകൃതിയായി കനിഞ്ഞുനൽകിയ കടലായിരുന്നു വിഴിഞ്ഞത്തിന്റേത്

രാജ്യം കേരളത്തിന്റെ തെക്കേയറ്റത്തുള ഒരു കൊച്ചു തീരപ്രദേശത്തേക്ക് ഒതുങ്ങുന്ന ദിവസമാണ് ഇന്ന്. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ലോകത്തിന് മുൻപാകെ നമ്മുടെ കൊച്ചുകേരളം ആഗോള വ്യാപാരത്തിന്റെ വലിയ വാതിലാണ് തുറന്നിടുന്നത്. ഒരു തുറമുഖത്തിന് വേണ്ട എല്ലാ അനുകൂല സാഹചര്യങ്ങളും, പ്രകൃതിയായി കനിഞ്ഞുനൽകിയ കടലായിരുന്നു വിഴിഞ്ഞതിന്റേത്. പദ്ധതിയുടെ നിർമ്മാണത്തിനിടയിൽ പല പ്രതിസന്ധികൾ നമ്മൾ നേരിട്ടു. ചുഴലിക്കാറ്റ്, പ്രളയം, കൊവിഡ് തുടങ്ങി പാറ എത്തിക്കുന്നതിൽ വരെ പ്രതിസന്ധികൾ നേരിട്ടു. എന്നാൽ ഒടുവിലിതാ, തുറമുഖം ഇന്ന് രാജ്യത്തിന്റേതാകുന്ന ദിവസമാണ്.

ക്രെഡിറ്റ് ആർക്ക്?

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ആർക്ക് എന്ന വിവാദമാണ് ഉദ്‌ഘാടന ദിവസം പോലും നിറഞ്ഞുനിൽക്കുന്നത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ വർഷങ്ങളോളം കേരളം ഭരിച്ച പല സർക്കാരുകളിലൂടെയും പദ്ധതി കൈമാറപ്പെട്ടിട്ടുണ്ട് എന്നതാണ് വാസ്തവം.

കെ കരുണാകരൻ അധികാരത്തിലിരുന്ന 1991 കാലഘട്ടത്തിലേക്ക് ആദ്യം പോകേണ്ടതുണ്ട്. അന്ന് എം വി രാഘവനായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞത്ത് അന്ന് ഗുജറാത്ത് തീരത്തുനിന്ന് പത്തേമാരിയിൽ ചരക്കെത്തി. സ്വീകരിച്ചത് മുഖ്യമന്ത്രി കെ കരുണാകരൻ തന്നെയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ തുറമുഖമായി വിഴിഞ്ഞം വികസിപ്പിക്കണമെന്ന ആശയം ഉയരുകയും കരാറുകൾ ഒപ്പിടപ്പെടുകയും ചെയ്യുന്നുണ്ട്.

1996 അധികാരത്തിലേറിയ ഇ കെ നായനാർ സർക്കാരിന്റെ കാലത്തും വിഴിഞ്ഞത്തിന് ജീവൻ വെച്ചു. ബിൽഡ് ഓൺ ട്രാൻസ്ഫർ വ്യവസ്ഥയിൽ ആദ്യ കരാറിന് രൂപം നൽകുന്നത് നായനാർ സർക്കാരുടെ കാലത്താണ്.

ശേഷം 2001ൽ എ കെ ആന്റണി സർക്കാർ നിലവിൽ വന്നു. അന്ന് തുറമുഖ മന്ത്രിയായിരുന്നത്, പദ്ധതിയുടെ ആദ്യ ആശയം കൊണ്ടുവന്ന എം കെ രാഘവനായിരുന്നു. ഈ കാലഘട്ടത്തിലാണ് പദ്ധതിയുടെ വ്യാപ്തി വലുതാകുന്നത്. പദ്ധതിക്ക് ആഗോള ടെണ്ടർ ഉണ്ടാകുകയും അത് സൂമി എന്ന കമ്പനിക്ക് ലഭിക്കുകയുമാണ്. തുടർന്ന് എ കെ ആന്റണി പ്രതിരോധ മന്ത്രിയായപ്പോൾ സൂം എന്ന കമ്പനിയുടെ ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടി ടെണ്ടർ റദ്ദാക്കപ്പെട്ടു.

ശേഷം 2006ൽ വി എസ് സർക്കാർ അധികാരത്തിലേറിയപ്പോൾ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചു. എം വിജയകുമാർ തുറമുഖ മന്ത്രിയായിരിക്കെ വിഴിഞ്ഞത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ലാൻഡ് ലോർഡ് മാതൃകയിൽ പുതിയ പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. പുതിയ ആഗോള ടെൻഡറിന് ശ്രമമുണ്ടായതും ഈ കാലഘട്ടത്തിലാണ്. എന്നാൽ നിരവധി നൂലാമാലകളിൽ പദ്ധതിയുടെ ടെണ്ടർ പെട്ട സമയം കൂടിയായിരുന്നു ഇത്.

2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞത്ത് ഏറ്റവും നിർണായകമായ തീരുമാനമുണ്ടാകുന്നത്. ടെണ്ടർ ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയിൽ ഉമ്മൻ‌ചാണ്ടി അദാനി ഗ്രൂപ്പുമായി നടത്തിയ കൂടിക്കാഴ്ചയാണ് പദ്ധതിക്ക് ചിറക് മുളപ്പിച്ചത്. 2015 ഓഗസ്റ്റിൽ അദാനിയുമായി ഉമ്മൻ‌ചാണ്ടി സർക്കാർ കരാറിൽ ഒപ്പുവെച്ചു. പ്രതിപക്ഷം നിരവധി ആരോപണങ്ങൾ ഉമ്മൻചാണ്ടിക്കെതിരെ ഉയർത്തി. 'എത്ര അഴിമതി ആരോപണങ്ങൾ ഉയർത്തിയാലും ഈ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല' എന്ന് ഉമ്മൻ‌ചാണ്ടി അന്ന് നിയമസഭയിൽ പറഞ്ഞത്.

പിന്നീടുള്ള പിണറായി സർക്കാർ കാലങ്ങളിലാണ് വിഴിഞ്ഞം ഇക്കാണുന്ന നിലയിലെത്തിയത്. അതിവേഗമാണ് പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടുപോയത്. ചുഴലിക്കാറ്റ്, പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിബന്ധങ്ങൾ ഉണ്ടായി. നിർമാണത്തിന് പാറ ലഭിക്കാതെ വന്നപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് വരെ പാറയെത്തിച്ചു. ഒടുവിൽ നിർമാണം അതിവേഗം പുരോഗമിച്ചു. പിണറായി സർക്കാരിന്റെ ഒമ്പത് വർഷക്കാലയാളിലാണ് പദ്ധതി ഇക്കാണുന്ന നിലയിലെത്തിയത് എന്നതിനാൽ ക്രെഡിറ്റ് തങ്ങൾക്ക് എന്ന ഇടതുപക്ഷത്തിന്റെ വാദം സ്വാഭാവികമാണ്. ഇപ്പോളിതാ മെയ് രണ്ട് 2025ന് തുറമുഖം നമ്മൾ രാജ്യത്തിന് സമർപ്പിക്കുകയാണ്.

വിഴിഞ്ഞത്തെ സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളിൽ വലിയ വിവാദങ്ങളും ഉണ്ടയിട്ടുണ്ട്. തുറമുഖത്തിന് ലഭിക്കുന്ന വയബിറ്റലിറ്റി ഗ്യാപ് ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അവ. ഇതിൽ കേന്ദ്രസർക്കാരിന് മുൻപാകെ സംസ്ഥാനത്തിന് വഴങ്ങേണ്ടിവന്നു. കരാർ പ്രകാരം തുറമുഖത്തിന്റെ ലാഭത്തിൽനിന്ന് ഇരുപത് ശതമാനം കേന്ദ്രസർക്കാരിനാണ്.

ചരിത്രം, വിഴിഞ്ഞം

2025 ഏപ്രിൽ 9 എന്ന തീയതി വിഴഞ്ഞത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്നായ എംഎസ്‌സി തുർക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത് അന്നാണ്. ഓർക്കണം, തുറമുഖം രാജ്യത്തിനായി സമർപ്പിക്കപ്പെടുന്നതിന് മുൻപായാണ് ഈ നേട്ടം. 399.9മീറ്റര്‍ നീളവും 61.3മീറ്റര്‍ വീതിയുമുള്ള കപ്പല്‍ 24,346 കണ്ടെയ്‌നറുകളുമായാണ് വിഴിഞ്ഞത്ത് എത്തിയത്. ഇതിന് മുൻപ് ഡെയ്‌ല എന്ന കൂറ്റൻ മദർഷിപ്പും വിഴിഞ്ഞത്തെത്തിയിരുന്നു.

ട്രയൽ റൺ നടന്ന സമയത്ത് തന്നെ സംസ്ഥാന ഖജനാവിൽ കോടികളാണ് പദ്ധതിയെത്തിച്ചത്. 35 കപ്പലുകളാണ് 2024 ജൂലൈ 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത്. 80,000ത്തിനടുത്ത് കണ്ടെയ്നറുകളാണ് ഇറക്കിയത്. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2028ൽ തുറമുഖം പൂർണതോതിലാവുമ്പോൾ ശേഷി 30 ലക്ഷമാവും. അങ്ങനെ നമ്മുടെ കൊച്ചുകേരളം 'സൂപ്പർ സ്റ്റാറാകും'.

Content Highlights: Vizhinjam port history and political tug fest

To advertise here,contact us