ഇതാണ് ഓരോ വ്യക്തിയുടെയും പോരാട്ടം. സ്വതന്ത്രനാകുക, അല്ലെങ്കില്‍ അടിമയാകുക

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവന്‍ തുടിക്കുന്ന വചനങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം എളിമയില്‍ എഴുതിയ ജീവിതമായിരുന്നു. ആലംബഹീനര്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച അദ്ദേഹം പലപ്പോഴായി പറഞ്ഞുവച്ച വാക്കുകളെല്ലാം എളിമയുടെയും ദൈവീകതയുടെയും സന്ദേശങ്ങളായി മാറി. യാഥാസ്ഥിതികനായിരിക്കുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍ സമൂലമായ പുരോഗമന നിലപാടുകളുണ്ടായിരുന്നു എന്നതായിരുന്നു പോപ്പ് ഫ്രാന്‍സിസിന്റെ സ്വീകാര്യത. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഴമേറിയ ഉദ്ധരണികള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കുള്ള സന്ദേശങ്ങളാണ്. അദ്ദേഹത്തിന്റെ ജീവന്‍ തുടിക്കുന്ന വാക്കുകളില്‍ ചിലത് ഇങ്ങനെയാണ്.

  • ' നമുക്ക് ഒരു ഹൃദയമേയുള്ളൂ. ഒരു മൃഗത്തോട് മോശമായി പെരുമാറാന്‍ നമ്മെ പ്രേരിപ്പിക്കുന്ന അതേ നികൃഷ്ടത മറ്റുള്ളവരുമായുളള നമ്മുടെ ബന്ധത്തില്‍ സ്വയം പ്രത്യക്ഷപ്പെടാന്‍ അധികനാളെടുക്കില്ല. ഏതൊരു ജീവിയോടും കാണിക്കുന്ന ഓരോ ക്രൂരതയും മനുഷ്യന്റെ അന്തസിന് വിരുദ്ധമാണ്'
  • ' തന്റെ നിസ്സാരത അംഗീകരിക്കുന്നില്ലെങ്കില്‍ ആര്‍ക്കും വളരാന്‍ കഴിയില്ല'
  • ' ഒരു മനുഷ്യജീവനെ ഇല്ലാതാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് പുരോഗമനപരമല്ല'
  • ' ഒരുമിച്ച് ജീവിക്കുക എന്നത് ഒരു കലയാണ്. അത് ക്ഷമയുള്ള ഒരു കലയാണ്. മനോഹരമായ ഒരു കലയാണ്, അത് ആകര്‍ഷകമാണ്'
  • ' സാഹചര്യങ്ങള്‍ മാറാം, ആളുകള്‍ക്ക് മാറാനും കഴിയും. നന്‍മ കൊണ്ടുവരാന്‍ ആദ്യം ശ്രമിക്കേണ്ടവരാകുക. തിന്‍മയുമായി പൊരുത്തപ്പെടരുത്.മറിച്ച് നന്‍മകൊണ്ട് അതിനെ പരാജയപ്പെടുത്തുക'
  • ' ഇതാണ് ഓരോ വ്യക്തിയുടെയും പോരാട്ടം. സ്വതന്ത്രനാകുക, അല്ലെങ്കില്‍ അടിമയാകുക'
  • ' സത്യമുള്ളിടത്ത് വെളിച്ചമുണ്ട്, പക്ഷേ പ്രകാശത്തെ മിന്നലുമായി കൂട്ടിക്കുഴയ്ക്കരുത്'
  • ' വിശ്വസ്തരായിരിക്കാനും, സര്‍ഗ്ഗാത്മകതയുളളവരാകാനും നമുക്ക് കഴിയണം. ദൈവത്തോട് അടുത്തുനില്‍ക്കാന്‍ എങ്ങനെ പുറപ്പെടണമെന്ന് നാം അറിയേണ്ടതുണ്ട്, പുറപ്പെടാന്‍ ഭയപ്പെടരുത്'
  • ' നാമെല്ലാവരും യേശുക്രിസ്തുവിന്റെ കൃപ സ്വീകരിച്ചാല്‍ അവന്‍ നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും പാപികളില്‍ നിന്ന് നമ്മെ വിശുദ്ധരാക്കുകയും ചെയ്യുന്നു'
  • ' കുരിശിലെ യേശു തിന്മയുടെ മുഴുവന്‍ ഭാരവും അനുഭവിക്കുന്നു. ദൈവസ്‌നേഹത്തിന്റെ ശക്തിയാല്‍ അവന്‍ അതിനെ കീഴടക്കുന്നു. തന്റെ പുനരുദ്ധാനത്തിലൂടെ അവന്‍ അതിനെ പരാജയപ്പെടുത്തുന്നു. കുരിശിന്റെ സിംഹാസനത്തില്‍ യേശു നമുക്ക് വേണ്ടി ചെയ്യുന്ന നന്മയാണിത്'

അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കിയ പിന്തുണയിലൂടെയും ലോകത്തിന്‍റെ ആദരവ് പിടിച്ചുപറ്റിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠയും ശ്രദ്ധേയമായിരുന്നു. വത്തിക്കാന്‍ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ 'തെരുവിലെ പ്രഭുക്കന്മാര്‍' എന്ന് അദ്ദേഹം വിളിച്ചു. ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാല്‍കഴുകല്‍ ചടങ്ങില്‍ അദ്ദേഹം കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങള്‍ കഴുകിയും ശ്രദ്ധേയനായി. അക്രൈസ്തവരുടെ കാലുകളും കഴുകിയും മാര്‍പാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവര്‍ഗ്ഗാനുരാഗികളോടും ലെസ്ബിയന്‍ കത്തോലിക്കരോടും കൂടുതല്‍ സ്വാഗതാര്‍ഹമായ മനോഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാനില്‍ തന്നോടൊപ്പം ഇടപഴകാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചിരുന്നു. കരുണയും സഹനവും സ്‌നേഹവും അദ്ദേഹത്തിന്റെ ഹൃദയത്തിലൂടെ മനുഷ്യരുടെ ഉള്ളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മര്‍ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പം എക്കാലവും നിലകൊണ്ട മാര്‍പാപ്പയുടെ ഓര്‍മകള്‍ ലോകമുള്ളിടത്തോളം സ്മരിക്കപ്പെടും.

Content Highlights :This is the struggle of every person. To be free, or to be a slave.

To advertise here,contact us