ബൈസരൻ താഴ്വരയിലെ പുൽമേടിൽ കുതിര സവാരി നടത്തുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെയാണ് തീവ്രവാദികൾ ക്രൂരമായി ആക്രമണം അഴിച്ച് വിട്ടത്. ജമ്മു കശ്മീരിലെ ഏറ്റവും ജനപ്രീതി ആർജ്ജിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ബൈസരൻ താഴ്വരയിൽ നടന്ന ആക്രമണം അതിനാൽ തന്നെ രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ 'മിനി സ്വിറ്റ്സർലൻഡ്' എന്നാണ് പ്രകൃതി സൗന്ദര്യത്തിൻ്റെ വശ്യത ഒളിപ്പിച്ചിരിക്കുന്ന ബൈസരൻ താഴ്വര അറിയപ്പെടുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാം എന്ന മലയോര മേഖലയിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ മാത്രം ആകലെയാണ് ബൈസരൻ താഴ്വര സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യത്തിൻ്റെ വൈവിധ്യം തന്നെയാണ് ഈ പ്രദേശത്തിൻ്റെ പ്രധാന ആകർഷണീയത്.
കാശ്മീരിന്റെ വ്യത്യസ്ത ലാൻ്റസ്കേപ്പുകളുടെ വൈവിധ്യങ്ങളെല്ലാം സമന്വയിച്ച ഒരിടം എന്ന് ബൈസരൻ താഴ്വരയെ വിശേഷിപ്പിക്കാം. മഞ്ഞുമൂടിയ പർവതനിരകൾ, ഇടതൂർന്ന ദേവദാരു വനങ്ങൾ, വിശാലമായ പച്ച പുൽമേടുകൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് ബൗസരൻ താഴ്വര. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് പുറമെ സാഹസികതയും ഉല്ലാസവും ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. ഇവിടുത്തെ പുൽമേടുകളിലെ കുതിര സവാരിയും വിനോദ സഞ്ചാരികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളിലൊന്നാണ്. ഇത്തരത്തിൽ പ്രിയപ്പെട്ട വിനോദത്തിൽ ഏർപ്പെട്ടിരുന്ന സഞ്ചാരികൾക്ക് നേരെയാണ് വേഷം മാറിയെത്തിയ തീവ്രവാദികൾ ആക്രമണം അഴിച്ച് വിട്ടത്.
ബൈസരൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ശൈത്യകാലമാണ്. സ്കീയിംഗ്, മഞ്ഞുവീഴ്ച ആസ്വദിക്കുക തുടങ്ങിയ ശൈത്യകാല വിനോദങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലമാണ് ഏറ്റവും അനുയോജ്യം. ശൈത്യകാലങ്ങളിൽ ബൈസരൻ താഴ്വര മഞ്ഞുമൂടി കിടക്കുന്ന കാലമാണ്. ശൈത്യകാലം ബൈസരൻ താഴ്വരയെ മനോഹരമായ കാഴ്ചകളാൽ ചുറ്റപ്പെട്ട ഒരു അത്ഭുതലോകമാക്കി മാറ്റും. സ്കീയിംഗ്, സ്നോബോർഡിംഗ് തുടങ്ങിയ വിനോദങ്ങൾക്കായി മാത്രം ഈ കാലത്ത് ഇവിടെ എത്തിച്ചേരുന്ന സഞ്ചാരിക( നിരവധിയാണ്. താഴ്വരയിലെ ഉയരമുള്ള പർവതശിഖരങ്ങളും ഫിർ മരങ്ങളും ശൈത്യകാല ഫോട്ടോഗ്രാഫിയുടെ മികച്ച ഡെസ്റ്റിനേഷനാക്കി ഈ പ്രദേശത്തെ മാറ്റുന്നു.
ശൈത്യകാലത്ത് ബൈസരൻ താഴ്വരയിലേക്കുള്ള യാത്ര സവിശേഷവും രസകരവുമായ ഒന്നാണ്. മഞ്ഞുമൂടിയ മലനിരകൾ, സമൃദ്ധമായ താഴ്വരകൾ, തണുത്തുറഞ്ഞ നദികൾ എന്നിവയെല്ലാം ബൈസരൻ്റെ ശൈത്യകാലത്തെ നയനാനന്തകരമായ കാഴ്ചകളാണ്. മനോഹരമായ കാഴ്ചകൾക്ക് പുറമെ സിപ്ലൈൻ, സോർബിംഗ്, പോണി റൈഡുകൾ എന്നിവയും സഞ്ചാരികൾക്ക് ആസ്വദിക്കാം.
പ്രാകൃതിയുടെ വശ്യസൗന്ദര്യത്തിന് പേരുകേട്ട ബൈസരൻ താഴ്വര നിരവധി ബോളിവുഡ് സിനിമകൾക്കും പശ്ചാത്തലമായിട്ടിണ്ട്. വിശാലമായ പുൽമേടുകൾ, പൈൻ മരങ്ങൾ, മഞ്ഞുമൂടിയ ചക്രവാളങ്ങൾ എന്നിവയുടെ സാന്നിധ്യം ഈ പ്രദേശത്തെ സ്വിറ്റ്സർലാൻഡിലെ ഗ്രാമപ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ഈ പ്രദേശത്തിന് 'മിനി സ്വിറ്റ്സർലൻഡ്' എന്ന പേര് വന്നത്. പ്രകൃതി ഒരുക്കിയിരിക്കുന്ന സ്വഭാവികമായ ശാന്തതയും സൗന്ദര്യവും കൊണ്ട് സഞ്ചാരികളെ ആകർഷിച്ചിരുന്ന ബൈസരൻ വാലി വെടിയൊച്ചകൾ കൊണ്ട മുഖരിതമാകുമ്പോൾ ഒരിക്കലെങ്കിലും ഇവിടെയെത്തി മനംകുളിർത്ത് മടങ്ങിയവരുടെ ഹൃദയം വേദനയാൽ നിറയുമെന്ന് തീർച്ചയാണ്.
Content Highlights: Baisaran Valley in Pahalgam, also called ‘mini-Switzerland’