10 മിനിറ്റ് നൃത്തത്തിന് അഞ്ച് ലക്ഷമോ?! നടിയെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശം, കലാരംഗത്തുള്ളവര്‍ പറയുന്നു

പണം കൂടുതലാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്

1 min read|09 Dec 2024, 02:12 pm

'യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു. കുറച്ചു സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്', വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ​ദിവസം നടത്തിയ ഒരു പരാമർശമാണിത്.

പൊതുവേ കലാരം​ഗത്തുള്ളയാളുകൾ തങ്ങളുടെ ഓരോ പരിപാടിക്കും ചെലവാകുന്ന ഭീമമായ തുകയെക്കുറിച്ച് പലപ്പോഴും പ്രതികരിക്കാറുണ്ട്. കലോത്സവത്തിന് ഒരു ഇനം സ്റ്റേജിൽ അവതരിപ്പിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചെലവാകുന്ന കാഴ്ചകൾ വർഷങ്ങളായി നാം കാണുകയാണ്. നൃത്തത്തിനും മറ്റ് കലാരൂപങ്ങൾക്കും ആവശ്യമുള്ള വസ്ത്രം, മേക്കപ്പ്, ​ഗാനം, സഹായികളുണ്ടെങ്കിൽ അവർക്ക് ചെലവാകുന്ന പണം തുടങ്ങി വലിയൊരു തുക തന്നെ നൃത്താധ്യാപകർക്ക് വേണ്ടിവരാറുണ്ട്.

Also Read:

Art And Literature
കാലങ്ങൾക്കിടയിൽ എന്റെ പാതിരാവുകൾ മോഷണം പോയിരിക്കുന്നു, മാടനും മറുതയും ഇനി ഞാൻ തന്നെ !!

കലോത്സവത്തിന് ഒരുക്കുന്ന നൃത്തരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് അവതരണ ഗാനങ്ങളെ സമീപിക്കേണ്ടത്. മത്സര ഇനമല്ലാത്ത, ഉദ്ഘാടനത്തിനെത്തിച്ചേരുന്ന എല്ലാവരെയും ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്ന നൃത്താവിഷ്കാരമാണിത്. നൂറിലധികം കുട്ടികൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുട്ടികളെ പരിശീലിപ്പിച്ചെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നതിൽ സംശയമില്ല. എന്നാൽ നടിയുടെ പേര് പരാമർശിക്കാതെയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന പലരെയും ചോദ്യ ചിഹ്നത്തിന് മുന്നിൽ നിർത്തിയിരിക്കുകയാണ്.

മന്ത്രി പറഞ്ഞ നടി ആരുമായിക്കൊള്ളട്ടേ, അവർ അവരുടെ ജോലിയുടെ പ്രതിഫലം ചോദിക്കുമ്പോൾ അതിനെ പൊതുമധ്യത്തിൽ ക്രൂശിക്കാതിരിക്കാനുള്ള ഔചിത്യ ബോധം ഒരു വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നുണ്ട്.

അതും കലോത്സവം കച്ചവടവൽക്കരിക്കപ്പെടുന്നുവെന്നും ജഡ്ജിമാർ തുക വാങ്ങി വിധിനിർണയം നടത്തുന്നുവെന്നുമുള്ള ആരോപണം ഓരോ വർഷവും കൂടി വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലാത്ത സമയത്താണ് ഇത്തരം പരാമർശം വരുന്നതെന്നതും ശ്രദ്ധേയമാണ്.

Also Read:

Opinion
തെറ്റ് 'പുഷ്പ'യുടേതല്ല; ഭാര്യക്കുവേണ്ടി എന്തും ചെയ്യുന്ന ഭർത്താവിനെ മലയാളിക്ക് ദഹിച്ചെന്നു വരില്ല, സ്വാഭാവികം

മന്ത്രിയുടെ പ്രസ്താവന ചർച്ചയായതിന് പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. പ്രൊഫഷണലായാണ് നടിയെ വിളിച്ചതെങ്കിൽ അവർ ആവശ്യപ്പെട്ട പണം നൽകേണ്ടതാണെന്ന് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി റിപ്പോർട്ടറിനോട് പ്രതികരിച്ചു. അവർക്ക് കഴിവുള്ളത് കൊണ്ടല്ലേ വിളിച്ചതെന്നും പറ്റില്ലെങ്കിൽ മറ്റൊരാളെ സമീപിക്കണമെന്നുമാണ് ഈ വിഷയത്തിൽ രചനയുടെ അഭിപ്രായം.

പ്രൊഫഷണലായിട്ടാണ് അവരെ വിളിച്ചതെങ്കിൽ അവർ ആവശ്യപ്പെട്ട പണം നൽകാൻ പറ്റുമെങ്കിൽ നൽകേണ്ടതാണ്. സിനിമാ നടിയായിട്ടുള്ള ആൾ നർത്തകിയായത് കൊണ്ടാണല്ലോ പഠിപ്പിക്കാൻ വിളിച്ചത്. അവർക്ക് കഴിവുള്ളത് കൊണ്ടാണല്ലോ വിളിച്ചത്. അവർ പ്രൊഫഷണലി വാങ്ങുന്ന പണമായിരിക്കാമത്. എൻ്റെ പണം തീരുമാനിക്കുന്നത് ഞാനാണ്. ഇത് നൽകാൻ പറ്റില്ലെങ്കിൽ മറ്റൊരാളെ സമീപിക്കുക. അല്ലാതെ അവർ ആ പണം പറഞ്ഞുവെന്നത് കൊണ്ട് അവരിലെ പ്രൊഫഷണലിസത്തെ തള്ളിക്കളയുന്നതിനോട് എനിക്ക് യോജിപ്പില്ല.

(രചന പ്രതികരിച്ചു.)

അതേസമയം കേരളത്തിൽ നർത്തകർക്ക് വേദി ലഭിക്കുന്നില്ലെന്ന സത്യാവസ്ഥയും രചന ചൂണ്ടിക്കാട്ടുന്നു. മറ്റ് കാര്യങ്ങളിലെല്ലാം വില വർധിക്കുമ്പോൾ എന്തുകൊണ്ടാണ് കലയ്ക്ക് വേണ്ടി പണം ചോദിക്കുമ്പോൾ മാത്രം, തിരിച്ച് ചോദ്യങ്ങൾ വരുന്നതിനെക്കുറിച്ച് മനസിലാകുന്നില്ലെന്നും അവ‍ർ വ്യക്തമാക്കി.

സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള വേദികൾ കുറവാണെന്നും നിശാ​ഗന്ധിയോ കേരള കലാമണ്ഡലത്തിൽ നടക്കുന്ന നിള ഫെസ്റ്റിവൽ പോലുള്ള വേദികളോ ആണുള്ളതെന്നും രചന പറയുന്നുണ്ട്. 'പത്തിരുപത് വർഷം മുമ്പ് സ്കൂൾ തലത്തിലും സർവകലാശാല തലത്തിലും പങ്കെടുത്ത ആളാണ് ഞാൻ. അന്നത്തെ പണമല്ലല്ലോ ഇന്ന്. ഓരോ കാര്യത്തിനും പണം കൂടുകയല്ലേ. ഡാൻസായാലും നാടകമായാലും പഠിപ്പിക്കുന്നവരെ സഹായിക്കുന്നവർക്കും, റെക്കോർഡിങ്ങിനും, പ്രോപ്പർട്ടികൾക്കും മറ്റും പണം ചെലവാകും. അതുകൊണ്ടാണ് നൃത്തം പരിശീലിപ്പിക്കാൻ പണം കൂടുതലായി ആവശ്യപ്പെടുന്നതെന്ന് തോന്നുന്നത്. ഒരു സിനിമ പണം കൊടുത്ത് കാണുന്നു, എന്തുകൊണ്ട് നൃത്തത്തിന്റെ കാര്യം വരുമ്പോൾ മാത്രം ഇങ്ങനെ പറയുന്നു', രചന നാരായണൻകുട്ടി പറഞ്ഞു.

അതേസമയം 10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് കൂടുതലാണെന്നായിരുന്നു നർത്തകൻ ആർഎൽവി രാമകൃഷ്ണൻ്റെ അഭിപ്രായം.

10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് കൂടുതൽ തന്നെയാണ്. ഞാൻ വള‍‌‍ർ‌ന്നുവന്ന പശ്ചാത്തലം വെച്ച് നോക്കുമ്പോൾ ഈ തുക വളരെ കൂടുതലായിട്ടാണ് തോന്നുന്നത്. എന്ത് മാത്രം ചെലവ് വരുമെന്നോ, ആ നടിയോട് എന്ത് പറഞ്ഞുവെന്നോ എനിക്ക് അറിയില്ല

(ആർഎൽവി രാമകൃഷ്ണൻ പറയുന്നു.)

കലോത്സവത്തിന് സാധാരണ രീതിയിൽ ചെലവാകുന്ന പണവും അവതരണ​ഗാനത്തിന് വേണ്ടി ചിട്ടപ്പെടുത്തുന്ന നൃത്തത്തിൻ്റെ തുകയും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കലോത്സവത്തിന് സ്വന്തമായി ഒരു നൃത്തം ചിട്ടപ്പെടുത്തി ഒരു ഇനത്തിന്റെ റെക്കോർഡ് സിഡി കയ്യിൽ കിട്ടണമെങ്കിൽ രണ്ട് ലക്ഷത്തോളം ചെലവ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷം രൂപ കൂടുതലാണെന്നാണ് തൻ്റെ അഭിപ്രായമെന്നും എന്നാൽ ഇത് ഓരോരുത്തരുടെയും അഭിപ്രായമാണെന്നുമായിരുന്നു നർത്തകി മൻസിയ വിപി പറഞ്ഞത്.

അതേസമയം കലോത്സവത്തിൽ കച്ചവടമാണ് നടക്കുന്നതെന്ന് ആർഎൽവി സുജിനയും പ്രതികരിച്ചു. എന്ത് പ്രധാനപ്പെട്ട പരിപാടിക്കും സർക്കാർ സമീപിക്കുന്നത് സിനിമാ മേഖലയിലുള്ളവരെയാണെന്നും അവർ മാത്രമാണോ ഈ മേഖലയിലുള്ളതെന്ന് തനിക്ക് തോന്നാറുണ്ടെന്നും അവർ പറഞ്ഞു.

കലോത്സവത്തോട് എനിക്ക് താൽപര്യമില്ല. കച്ചവടമാണ് കലോത്സവത്തിൽ നടക്കുന്നത്. എന്ത് പ്രധാനപ്പെട്ട പരിപാടിക്കും സമീപിക്കുന്നത് സിനിമ മേഖലയിലുള്ളവരെയാണ്. അവർ മാത്രമാണോ ഈ മേഖലയിലുള്ളത് എന്ന് എനിക്ക് തോന്നാറുണ്ട്. ഇപ്പോഴും ​ഗുരുകുലത്തിലും ആർഎൽവി കോളേജിൽ നിന്നുമൊക്കെ പഠിച്ചിറങ്ങിയ കഴിവുള്ള ഒരുപാട് കുട്ടികളുണ്ട്. ഈ ഫീൽഡിൽ നിൽക്കുന്ന ഒരുപാട് കലാകാരന്മാരുണ്ട്. എന്തുകൊണ്ട് അവരെ സമീപിക്കുന്നില്ല. എന്തായാലും അഞ്ച് ലക്ഷം വലിയ തുകയാണ്. ഇത്രയും തുകയാവില്ല

(ആർഎൽവി സുജിന)

ഇത്തരത്തിൽ 10 മിനിറ്റ് നേരത്തേക്ക് അഞ്ച് ലക്ഷം രൂപയാകുമോ അല്ലയോ എന്നുള്ള ചോദ്യത്തിന് പല തരത്തിലുള്ള മറുപടികളാണ് ലഭിക്കുന്നത്. അതേസമയം നടി ആവശ്യപ്പെട്ടത് അവരുടെ ഫീസ് തുകയാണെന്നും അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരുടേതല്ലേ എന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നുണ്ട്. ഒരു പരിപാടിക്ക് വേണ്ടി ഒരാൾ ആവശ്യപ്പെട്ട തുകയ്ക്ക് പിന്നിലെ കാരണവും ആ തുക അതിന് അനുയോജ്യമാണോയെന്നും അന്വേഷിക്കാതെ പൊതു മധ്യത്തിൽ ഒരാളെ (പേര് പറഞ്ഞില്ലെങ്കിലും) അപമാനിക്കുന്നതിന് തുല്യമായ രീതിയിലുള്ള മന്ത്രിയുടെ പെരുമാറ്റം പുനപരിശേധിക്കേണ്ടത് തന്നെയാണെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍.

To advertise here,contact us