ലോകകപ്പ് ഫുട്ബോള്‍ ആവേശം വാനോളം ഉയരുന്ന സമയമാണിത്. ക്ലാസ്സ് മുറികളിലും വീടുകളിലും രാവിലെ മുതല്‍ കുട്ടികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ഫുട്ബോളിനെക്കുറിച്ചാണ്. ഇഷ്ട താരങ്ങളെക്കുറിച്ചും ഗോളുകളെക്കുറിച്ചുമുള്ള ഈ ആവേശം ടെലിവിഷന്‍ സ്ക്രീനില്‍ മാത്രം ഒതുങ്ങാതെ മൈതാനത്തേക്കും സ്കൂളുകളിലേക്കും വീടുകളുടെ ചിന്തകളിലേക്കും എത്തിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ആവേശകാലം കുട്ടികളെ മൈതാനത്തേക്ക് കൊണ്ടുവരാനുള്ള ഏറ്റവും മികച്ച അവസരമായി നമ്മള് കാണണം.
'ഫുട്ബോള്‍ ഒരു കളി മാത്രമല്ല; കുട്ടികളുടെ മാനസികാരോഗ്യം, സ്വഭാവവളര്ച്ച, സാമൂഹിക കഴിവുകള്‍, ജീവിതശൈലി എന്നിവ രൂപപ്പെടുത്തുന്ന ശക്തമായ ഉപാധിയാണ്.'ഫുട്ബോള്‍ പോലെയുള്ള കായിക ഇനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ ശാരീരിക പരിക്കുകള്‍ നമുക്ക് വേഗത്തില്‍ ചികിത്സിച്ചു ഭേദമാക്കാം. എന്നാല്‍ വീടിനുള്ളില്‍ അടച്ചിരുന്ന്, പ്രകൃതിയുമായി ഇണങ്ങാതെ മൊബൈല്‍ സ്ക്രീനുകളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന കുട്ടികളിലുണ്ടാകുന്ന മാനസിക തകരാറുകള്‍ മാറ്റിയെടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. സംഘടിതമായ സ്പോര്‍ട്സ് (Organized sports) കുട്ടികളുടെ മാനസികവും സാമൂഹികവുമായ വികാസത്തെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു ഇടമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
'ഹാപ്പി ഹോര്‍മോണുകള്‍' നല്കുന്ന ഊര്‍ജ്ജം
കുട്ടികള്‍ മൈതാനത്ത് ഓടുകയും ചാടുകയും പന്ത് പിന്തുടരുകയും ഗോള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, അത് വെറുമൊരു ശാരീരിക വ്യായാമമല്ല. ആ സമയത്ത് അവരുടെ മസ്തിഷ്കത്തിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഫുട്ബോള്‍ പോലെയുള്ള ശാരീരിക അധ്വാനമുള്ള കളികള്‍ കുട്ടികളുടെ തലച്ചോറില്‍ എന്‍ഡോര്‍ഫിനുകള്‍ (Endorphins) പോലെയുള്ള 'ഫീല്‍-ഗുഡ്' കെമിക്കലുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇതുകൊണ്ടാണ് കളി കഴിഞ്ഞ് വരുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ഉന്മേഷവാന്മാരും സന്തോഷവാന്മാരുമായി കാണപ്പെടുന്നത്.
ഇതോടൊപ്പം ഡോപാമൈന്‍ (Dopamine), സെറോടോണിന്‍ (Serotonin) തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും സുഗമമാകുന്നു. മണിക്കൂറുകളോളം വീടിനുള്ളില്‍ അടങ്ങിയിരിക്കുന്ന കുട്ടിയുടെ ഉള്ളിലെ ഊര്‍ജ്ജം പലപ്പോഴും ദേഷ്യമായും അസഹിഷ്ണുതയായും (Irritability) പുറത്തുവരാം. എന്നാല്‍ മൈതാനത്ത് വിയര്‍പ്പൊഴുക്കുമ്പോള്‍ ഈ ഊര്‍ജ്ജം ആരോഗ്യകരമായ രീതിയില്‍ പുറന്തള്ളപ്പെടുകയും, കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം (Stress) കുറയുകയും ചെയ്യുന്നു. അതുകൊണ്ട് 'കളിച്ചാല്‍ സമയം പാഴാകും' എന്ന പഴയ ധാരണ മാറ്റി, കളികളെ സ്വാഭാവികമായ ഒരു 'മൂഡ് റെഗുലേഷന് സിസ്റ്റം' ആയി നാം കാണണം.
മാനസികാരോഗ്യവും വൈജ്ഞാനിക വികാസവും
കുട്ടികളുടെ മാനസികാരോഗ്യം എന്നത് കേവലം രോഗമില്ലായ്മയല്ല; സന്തോഷം, ആത്മവിശ്വാസം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് (Coping ability), പോസിറ്റിവിറ്റി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഫുട്ബോള്‍ പരിശീലനം കുട്ടികളില്‍ വലിയ തോതിലുള്ള ബൗദ്ധിക (Cognitive) പുരോഗതി ഉണ്ടാക്കുന്നുണ്ട്.
ലഹരിയില്‍ നിന്നും അപകടങ്ങളില്‍ നിന്നുമുള്ള സംരക്ഷണം
ഫുട്ബോള്‍ എല്ലാ സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയല്ല. എന്നാല്‍ അര്‍ത്ഥവത്തായ സ്പോര്‍ട്സ് പങ്കാളിത്തം, കൃത്യമായ പരിശീലനം, നല്ല സൗഹൃദങ്ങള്‍ എന്നിവ കുട്ടികളെ ലഹരി ഉപയോഗം (Substance abuse), അക്രമവാസന എന്നിവയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ഒരു 'പ്രൊട്ടക്റ്റീവ് ഫാക്ടര്‍' ആയി പ്രവര്‍ത്തിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഒഴിവുസമയം ലഭിക്കുന്നത് ഒരു പ്രശ്നമല്ല; ആ സമയം ക്രിയാത്മകമായി ഉപയോഗിക്കപ്പെടാത്തതാണ് യഥാര്‍ത്ഥ പ്രശ്നം. ഗ്രൗണ്ടിലെ ചിട്ടയായ പരിശീലനവും, പോസിറ്റീവ് ആയ കൂട്ടുകെട്ടുകളും കുട്ടികളെ അപകടകരമായ പരീക്ഷണങ്ങളില്‍ നിന്നും വഴിതെറ്റലുകളില്‍ നിന്നും തടയുന്നു. 'ഇതൊന്ന് പരീക്ഷിച്ച് നോക്കൂ' എന്ന് പറയുന്ന നെഗറ്റീവ് സുഹൃദ്വലയങ്ങളില്‍ നിന്നും, 'വാ നമുക്ക് പ്രാക്ടീസിന് പോകാം' എന്ന് വിളിക്കുന്ന ആരോഗ്യകരമായ ഒരു കൂട്ടായ്മയിലേക്ക് ഫുട്ബോള്‍ കുട്ടികളെ നയിക്കുന്നു.
മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഠനത്തിന് മാത്രം പ്രാധാന്യം നല്കി, കളികളെ ഒരു അപ്രധാന കാര്യമായി കാണുന്ന രീതി മുതിര്‍ന്നവര്‍ മാറ്റേണ്ടതുണ്ട്. കളികള്‍ സമയം കളയലല്ല, മറിച്ച് കുട്ടിയുടെ വളര്‍ച്ചയിലേക്കുള്ള വലിയ നിക്ഷേപമാണ്.
മാതാപിതാക്കള്‍ ചെയ്യേണ്ടത്:
• കുട്ടിക്ക് ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ കൃത്യമായ 'പ്ലേ ടൈം' (Play time) ഉറപ്പാക്കുക.• കളിയില്‍ ജയിക്കാത്ത ദിവസങ്ങളിലും അവരുടെ പരിശ്രമങ്ങളെ പ്രശംസിക്കുക.• അമിതമായ പെര്‍ഫോമന്‍സ് പ്രഷര്‍ നല്‍കാതിരിക്കുക; കുട്ടികള്‍ കളി ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.• മൊബൈല്‍ സ്ക്രീനുകള്‍ക്കും ഏകാന്തതയ്ക്കും പകരം ഗ്രൗണ്ടും ആരോഗ്യകരമായ സൗഹൃദങ്ങളും അവര്‍ക്ക് നല്‍കുക.
അധ്യാപകര്‍ ചെയ്യേണ്ടത്:
• സ്പോര്‍ട്സ് പീരിയഡുകള്‍ ടൈംടേബിളില്‍ വെട്ടിച്ചുരുക്കാവുന്ന ഒരു കാര്യമായി കാണരുത്.• നാണംകുണുങ്ങികളായ, ആത്മവിശ്വാസം കുറഞ്ഞ കുട്ടികളെയും കളിയിലേക്ക് ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.• മികച്ച കളിക്കാരെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിന് പകരം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന (Inclusive participation) ഒരു കായിക സംസ്കാരം സ്കൂളുകളില്‍ വളര്‍ത്തിയെടുക്കണം.• ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ കളിക്കാനുള്ള അവസരങ്ങള്‍ ഒരുക്കണം.
ലോകകപ്പ് ആവേശത്തെ കുട്ടികളുടെ വളര്‍ച്ചയാക്കി മാറ്റാം
ലോകകപ്പ് കാലത്ത് കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട താരങ്ങളെ അനുകരിക്കാനും, മത്സരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും തുടങ്ങും. ഈ സ്വാഭാവിക ആവേശത്തെ ഉപയോഗപ്പെടുത്തി കുട്ടികളെ 'കാണുന്ന ഫുട്ബോളില്‍' നിന്നും 'കളിക്കുന്ന ഫുട്ബോളിലേക്ക്' മാറ്റാന്‍ നമുക്ക് കഴിയണം. പഠനം മാത്രം കുട്ടിയെ പൂര്‍ണ്ണനാക്കില്ല, കളിയും അവനെ മികച്ച മനുഷ്യനാക്കും. സന്തോഷിക്കാനും, തോല്‍വികള്‍ സഹിക്കാനും, കൂട്ടായ്മയില്‍ ജീവിക്കാനും, വികാരങ്ങളെ നിയന്ത്രിക്കാനും, തെറ്റായ വഴികളില്‍ നിന്ന് മാറിനില്‍ക്കാനും ആവശ്യമായ അകത്തളശക്തിയാണ് ഫുട്ബോള്‍ നല്‍കുന്നത്. ഇന്ന് ലോകകപ്പിനെ ആവേശത്തോടെ കാണുന്ന കുട്ടി, നാളെയുടെ നല്ല കളിക്കാരന് മാത്രമല്ല, വൈകാരിക പക്വതയുള്ള ഒരു നല്ല മനുഷ്യനുമായി വളരട്ടെ. അതിനായി നമുക്ക് ഒറ്റക്കെട്ടായി പറയാം: 'കുട്ടികളെ സ്ക്രീനുകളിലേക്കല്ല, മൈതാനങ്ങളിലേക്കാണ് നയിക്കേണ്ടത്.'
Content Highlights: Football is more than a source of World Cup excitement, as regular participation can support children's mental health, emotional well-being, confidence, social skills, and overall development. The article highlights the broader value of the sport in promoting healthy growth among children