2001ലെ ആൻ്റണിക്കാലം അല്ല 2026! വി ഡി സതീശനും പിണറായി വിജയനും ജാഗ്രതൈ: ബിജെപി തക്കം പാർത്ത് ഇരിപ്പുണ്ട്

ഇനിയുള്ള അഞ്ച് വർഷക്കാലം സാമുദായിക സംഘടനകളുടെ വൈകാരിക ധ്രുവീകരണ വിവരണങ്ങൾക്ക് തലവെച്ച് കൊടുക്കാതിരിക്കാനുള്ള ജാഗ്രതയാണ് കേരളമെന്ന മതേതര തുരുത്തിൻ്റെ കാവലാളുകൾ എന്ന നിലയിൽ വി ഡി സതീശനും പിണറായി വിജയനും പ്രകടിപ്പിക്കേണ്ടത്

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോൾ ചരിത്രം ആവർത്തിക്കപ്പെടരുത് എന്ന് ഏറ്റവും അധികം ആഗ്രഹിച്ചിരിക്കുക എ കെ ആൻ്റണിയാവും. പ്രതിപക്ഷ നേതാവായി സിപിഐഎം നിയോഗിച്ച പിണറായി വിജയനും ചരിത്രം ഓർമ്മിച്ചിരിക്കും. 1995 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ അനുഭവങ്ങൾ തന്നെയാവും പിന്നോട്ട് പോയി ചരിത്രം ഓർമ്മിക്കാൻ എ കെ ആൻ്റണിയെയും പിണറായി വിജയനെയും പ്രേരിപ്പിച്ചിരിക്കുക.

വിമതൻ ഉൾപ്പെടെ 100 എംഎൽഎമാരുടെ പിന്തുണയോടെ 2001ൽ അധികാരത്തിൽ വന്ന ആൻ്റണിക്ക് പക്ഷെ മുഖ്യമന്ത്രിയെന്ന നിലയിൽ ഭരണകാലാവധി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. 2001ലെ തെരഞ്ഞെടുപ്പ് വിജയത്തിന് സമാനമായ ഒന്നാണ് ഇത്തവണ യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. 2001ൽ കോൺഗ്രസ് വിജയിച്ച സീറ്റുകളുടെ എണ്ണം പോലും ഇത്തവണയും അതേപോലെ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം യാദൃശ്ചികതകളെക്കാൾ അന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ സമാനതകളാണ് ചരിത്ര പാഠമായി കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജാഗ്രതയോടെ മനസ്സിരുത്തി വായിക്കേണ്ടത്.

വീണ്ടും വീണ്ടും വായിക്കേണ്ട ആ പത്ത് വർഷങ്ങൾ

യുഡിഎഫിലെ പ്രബലരായിരുന്ന മുസ്ലിം ലീഗിൻ്റെയും കെ എം മാണിയുടെയും പിന്തുണയുള്ള നേതാവ് എന്നതായിരുന്നു 2001ൽ മുഖ്യമന്ത്രിയായി വരുമ്പോൾ ആൻ്റണിക്കുണ്ടായിരുന്ന പൊതുചിത്രം. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാട്ടങ്ങളെ പോലും മറികടന്ന് വലിയ വിജയം നേടാൻ 2001ൽ ആൻ്റണിയെ ഇത് സഹായിച്ചിരുന്നു. എന്നാൽ പിന്നീട് ആൻ്റണിക്ക് ഇത് ബാധ്യതയായതും കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. കാലാവധി തികയുന്നതിന് മുമ്പ് 1995ൽ കെ കരുണാകരനെ മാറ്റി മുഖ്യമന്ത്രിയായ സംഭവ വികാസങ്ങളുടെ ദുർഭൂതങ്ങളാണ് 2001ലെ വമ്പൻ വിജയത്തിന് ശേഷവും എ കെ ആൻ്റണിയെ വേട്ടയാടിയത്. അതിന് കോൺഗ്രസിനുള്ളിലെയും യുഡിഎഫിനുള്ളിലെയും സമ്മർദ്ദങ്ങളും കാരണമായിട്ടുണ്ട്.

കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ കെ കരുണാകരന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസ് മാണി വിഭാഗവും ഹൈക്കമാൻഡിൽ ചെലുത്തിയ ശക്തമായ സമ്മർദ്ദമാണ് കരുണാകരനെ പകരം മുഖ്യമന്ത്രി പദത്തിലേക്ക് രാജ്യസഭാംഗം ആയിരുന്ന ആൻ്റണിയുടെ വഴി തുറന്നത്. ഇതിന് പിന്നാലെ എ കെ ആൻ്റണിയുടെ രക്ഷകർതൃത്വം കൂടി മുസ്ലിം ലീഗ് ഏറ്റെടുക്കുന്നു എന്ന പ്രതീതി സൃഷ്‌ടിക്കപ്പെട്ടു. നിയമസഭാംഗം അല്ലാതിരുന്ന ആൻ്റണിയെ തങ്ങളുടെ സുരക്ഷിത സീറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാൻ മുസ്ലിം ലീഗ് മുൻകൈ എടുത്തു. സിറ്റിംഗ് എംഎൽഎ യു എ ബീരാനെ രാജിവെപ്പിച്ചായിരുന്നു ആൻ്റണിക്ക് മത്സരിക്കാനായി തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് വിട്ടു നൽകിയത്. അങ്ങനെ ആൻ്റണി വിജയിച്ചു മുഖ്യമന്ത്രിയായി.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷെ പരാജയപ്പെട്ടു. എന്നാൽ തുടർന്നുള്ള അഞ്ച് വർഷവും പ്രതിപക്ഷനേതാവ് നേതാവ് എന്ന നിലയിൽ എ കെ ആൻ്റണി യുഡിഎഫിനെ നയിച്ചു. അങ്ങനെയാണ് 2001-ൽ ആൻ്റണി വീണ്ടും കേരളത്തിൻ്റെ മുഖമന്ത്രി ആകുന്നത്. മുസ്ലിം ലീഗും കേരള കോൺഗ്രസും ഒപ്പമില്ലെങ്കിലും മറ്റ് ഘടകകക്ഷികൾ ഒപ്പം നിന്നാൽ കേവല ഭൂരിപക്ഷത്തിനുള്ള ശക്തി അന്ന് കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ ലീഗിനും കേരള കോൺഗ്രസിനും വിധേയപ്പെടുന്ന സർക്കാർ എന്ന വിമർശനം ആൻ്റണി സർക്കാരിന് കേൾക്കേണ്ടി വന്നു. ന്യൂനപക്ഷങ്ങൾക്ക് വഴിപ്പെട്ട് ഭരിക്കുന്ന സർക്കാർ എന്ന കുറ്റപ്പെടുത്തലുമായി എൻഎസ്എസും എസ്എൻഡിപിയും രംഗത്ത് വന്നത് ഈ വിമർശനങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സെൽഫ് ഫിനാൻസ് കോളേജുകൾ അനുവദിച്ചതിൽ അടക്കം ന്യൂനപക്ഷ പ്രീണനമുണ്ടെന്നും വിദ്യാർത്ഥി പ്രവേശനത്തിലും ഫീസിലും സർക്കാരിന് നിയന്ത്രണമില്ലെന്നുമുള്ള ആരോപണങ്ങൾ ഈ ഘട്ടത്തിൽ ഉയർന്നു. സാമ്പത്തിക സംവരണത്തിനായി എൻഎസ്എസ് വാദിച്ചതും എസ്എൻഡിപി ഇതിനെ എതിർത്തതും സർക്കാരിന് ഇക്കാലയളവിൽ തലവേദനയായിരുന്നു.

എന്നാൽ ആൻ്റണി സർക്കാരിനെ ഏറ്റവും പ്രതിരോധത്തിലാക്കിയത് മാറാട് കലാപമായിരുന്നു. ആൻ്റണി സർക്കാരിൻ്റെ ന്യൂനപക്ഷ പ്രീണനത്തിൻ്റെ അനന്തരഫലം എന്ന നിലയിലുള്ള വിമർശനങ്ങൾ ഇതിൻ്റെ ഭാഗമായി ഉയർന്നു. മാറാട് കലാപത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മുസ്ലിം ലീഗിൻ്റെ എതിർപ്പിനെ തുടർന്ന് ആൻ്റണി സർക്കാർ ആ ആവശ്യം നിരാകരിച്ചു. സിബിഐ അന്വേഷണത്തിന് തയ്യാറാകാത്ത നിലപാട് സർക്കാർ മുസ്ലിം ലീഗിന് കീഴടങ്ങുന്നു എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഇതിന് പിന്നാലെ ന്യൂനപക്ഷ വിരുദ്ധമെന്ന് ആരോപിക്കപ്പട്ട ആൻ്റണി നടത്തിയ പരാമർശം മുസ്ലിം ലീഗിനെയും കേരള കോൺ​ഗ്രസിനെയും ചൊടിപ്പിച്ചു. 'കേരളത്തിലെ ന്യൂനപക്ഷങ്ങൾ ശക്തമായി സംഘടിതരാണ്… കൂട്ടായ വിലപേശലിലൂടെ അവർ സർക്കാരിൽ നിന്ന് കൂടുതൽ പദവികളും ആനുകൂല്യങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടുത്തെ ന്യൂനപക്ഷ സമുദായങ്ങൾ സംസ്ഥാനത്തിന്റെ രാഷ്ട്രീയ, ഭരണ തലങ്ങളിൽ ആധിപത്യം പുലർത്തുന്നു. അത് അനുവദിക്കാൻ കഴിയില്ല' എന്നായിരുന്നു ആൻ്റണിയുടെ പ്രതികരണം. മാറാട് കലാപത്തെ തുടർന്നുള്ള പുനരധിവാസവത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് ആവശ്യപ്പെട്ട സമയപരിധിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ആൻ്റണിയുടെ പ്രതികരണം. പ്രതിഷേധങ്ങൾ വകവെയ്ക്കാതെ താൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല എന്നതായിരുന്നു ആൻ്റണിയുടെ തുടർന്നുള്ള നിലപാട്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ കനത്ത പരാജയത്തിന് കാരണം ആൻ്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയാണെന്ന് വിലയിരുത്തപ്പെട്ടു. എന്തായാലും ലീഗിനും കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിനും അനഭിമതനായ ആൻ്റണി 2004ൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞു.

2001മായി സമാനതകളുള്ള 2026ലെ വിജയം

1995ലും 2001ലും ആൻ്റണിക്ക് അനുകൂലമായ സമാനമായ സമവാക്യങ്ങളാണ് 2026ൽ വി ഡി സതീശന് അനുകൂലമായും രൂപപ്പെട്ടിരിക്കുന്നത്. 1995ൽ സിഎൽപിയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും മുസ്ലിം ലീഗിൻ്റെയും കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെയും പിന്തുണയായിരുന്നു മുഖ്യമന്ത്രി പദത്തിലെത്താൻ ആൻ്റണിക്ക് തുണയായത്. ഘടകകക്ഷികളും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ എ വിഭാഗം എംൽഎമാരും ഹൈക്കമാൻഡിൽ ചെലുത്തിയ സമ്മർദ്ദവും കരുണാകരൻ്റെ മുഖ്യമന്ത്രി പദവി നഷ്ടപ്പെടാൻ കാരണമായിരുന്നു. തുടർന്ന് 2001ൽ വീണ്ടും അധികാരത്തിൽ വരാൻ ആൻ്റണിക്ക് തുണയായതും മുസ്ലിം ലീഗിൻ്റെയും കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെയും പിന്തുണ തന്നെയായിരുന്നു.

നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം എംഎൽഎമാരുടെയും കോൺഗ്രസ് നേതൃനിരയിൽ ആൻ്റണിയും സുധീരനും ഒഴിച്ചുള്ള ബഹുഭൂരിപക്ഷത്തിൻ്റെയും പിന്തുണ ഉണ്ടായിരുന്ന കെ സി വേണുഗോപാലിനെ പിന്തള്ളിയാണ് വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നിരിക്കുന്നത്. സതീശൻ മുഖ്യമന്ത്രിയായി വരണമെന്ന മുസ്ലിം ലീഗിൻ്റെയും കേരള കോൺഗ്രസിൻ്റെയും ശക്തമായ നിലപാടും ഹൈക്കമാൻഡ് തീരുമാനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. ലീഗിൻ്റെ സമ്മർദത്തിന് വഴങ്ങിയാണ് ഹൈക്കമാൻഡ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന ആരോപണം ഉന്നയിച്ച് എൻഎസ്എസും എസ്എൻഡിപിയും യുദ്ധമുഖം തുറക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ 2001-2004 കാലത്തെ ആൻ്റണിയുടെ അനുഭവം ഒരു പാഠമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഉൾക്കൊള്ളേണ്ടതുണ്ട്. 2011ലെ ഉമ്മൻ ചാണ്ടി കാലത്തെ അഞ്ചാം മന്ത്രി വിവാദം അടക്കമുള്ള പാഠങ്ങളും വി ഡി സതീശൻ മനസ്സിരുത്തി വായിക്കേണ്ടതാണ്.

കോൺഗ്രസ് ഹൈക്കമാൻഡ് മുസ്ലിം ലീഗിന് കീഴ്പ്പെട്ടു എന്ന നരേറ്റീവ് ഇതിനകം എൻഎസ്എസും എസ്എൻഡിപിയും പരോഷമായി സൃഷ്‌ടിച്ച് കഴിഞ്ഞു. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മുസ്ലിം ലീഗിൻ്റെ പിന്തുണ ഇല്ലാത്തത്തിനാലാണ് എന്ന ഇവരുടെ ഭംഗ്യന്തരേണയുള്ള അവതരണം സത്യ പ്രതിജ്ഞയ്ക്ക് മുമ്പായി തന്നെ ഒരു മുൻധാരണ പുതിയ സർക്കാരിനെക്കുറിച്ച് രൂപപ്പെടാൻ വഴി തുറന്നിട്ടുണ്ട്. ബിജെപി ഇതിനകം അത് ഏറ്റുപിടിക്കുകയും ചെയ്തിട്ടുണ്ട്.

2001ലെയോ 2011ലെയോ രാഷ്ട്രീയ-സാമൂഹിക സാഹചര്യമല്ല 2026ൽ എന്ന് വി ഡി സതീശനും മുസ്ലിം ലീഗും കേരള കോൺഗ്രസുമെല്ലാം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ മതേതര വിശ്വാസികൾക്ക് ആശങ്കയുണ്ടാക്കുന്ന, സെക്യുലർ നിലപാടുള്ളവരെ ആശയക്കുഴപ്പത്തിൽ ആക്കാൻ സാധിക്കുന്ന നിലപാടുകളിൽ നിന്ന് അകന്ന് നിൽക്കുമെന്ന് യുഡിഎഫ് നിയന്ത്രിക്കുന്ന സർക്കാർ ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കും എതിരേ മുദ്രാവാക്യം മുഴക്കിയ ഇടുക്കിയിലെ യൂത്ത് ലീഗുകാരുടെ നടപടി പക്ഷെ ആശങ്കയുണ്ടാക്കുന്നതാണ്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ പ്രകോപന മുദ്രാവാക്യം വിളിച്ചുള്ള പ്രകടനത്തിന് നേതൃത്വം നൽകിയ യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം എന്തായാലും മാതൃകാപരമാണ്. യൂത്ത് ലീ​ഗിൻ്റെ ചെറുപ്പക്കാർ സുകുമാരൻ നായരെ അധിക്ഷേപിച്ചാൽ വൃണപ്പെടുന്നവർ ഇടതുപക്ഷത്തേയ്ക്കാവില്ല ബിജെപിയിലേക്കാകും ചെന്ന് ചേരുക എന്ന തിരിച്ചറിവിൽ കേരളത്തിലെ സമകാലിക സാമൂഹിക സാഹചര്യത്തെ വായിക്കാനുള്ള ശേഷി ഇത്തരത്തിൽ വൈകാരികത പ്രകടിപ്പിക്കുന്നവർക്ക് ഉണ്ടാകേണ്ടതുണ്ട്.. ഭരണത്തിൻ്റെ തണലിൽ സാമുദായിക നിലപാടുകൾ ശക്തമായി ഉയർത്തിയ മുൻനിലപാടുകളുടെ ഗുണദോഷങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് സ്വയം വിമർശനം നടത്തി തെറ്റായവ ആവർത്തിക്കാതിരിക്കേണ്ടതുണ്ട്. അത്തരം സമ്മർദങ്ങൾക്ക് വഴങ്ങി കൊടുത്ത നേതാക്കളുടെ മുൻ അനുഭവങ്ങളെ വി ഡി സതീശനും സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്.

2001 ലോ 2011ലോ ഉണ്ടായിരുന്ന ബിജെപിയല്ല ഇപ്പോൾ കേരളത്തിൽ ഉള്ളതെന്ന തിരിച്ചറിവും ഭരണസഖ്യത്തിന് വേണ്ടതുണ്ട്. ഭൂരിപക്ഷ ധ്രുവീകരണത്തിനായി കിട്ടുന്ന ഒരു അവസരവും ബിജെപി ഇനി പാഴാക്കില്ലെന്ന് തീർച്ചയാണ്. മൂന്ന് നിയമസഭാ സാമാജികർ ഉള്ള ബിജെപി ലക്ഷ്യമിടുന്നത് അവരുടെ ഹിന്ദുത്വ അടിത്തറ ശക്തമാക്കി മുഖ്യപ്രതിപക്ഷത്തിൻ്റെ റോൾ എടുക്കുക എന്നത് തന്നെയാവും. മുഖ്യപ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി ബംഗാളിൽ ബിജെപി ശക്തിയാർജ്ജിച്ചത് ഒരു പാഠമായി വി ഡി സതീശനും കൂട്ടർക്കും ഉൾക്കൊള്ളാവുന്നതാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ ഒപ്പം നിർത്താനും കോൺഗ്രസും സിപിഐഎം നേതൃത്വം നൽകുന്ന ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷത്തെ അടിച്ചമർത്താനും മമത ബാനർജി സ്വീകരിച്ച സമീപനങ്ങൾ ബിജെപിക്ക് എങ്ങനെ വഴി തുറന്നു എന്നത് ഒരു പാഠമായി മുന്നിലുണ്ട്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ വിരുദ്ധരുടെ സമ്മർദ്ദങ്ങളെ മതേതര രാഷ്ട്രീയ നിലപാടിൻ്റെ പിൻബലത്തിൻ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതുണ്ടാക്കുന്ന അപകടവും വി ഡി സതീശൻ തിരിച്ചറിഞ്ഞ് പോകേണ്ടതുണ്ട്.

പിണറായി വിജയനും പ്രതിപക്ഷവും ജാഗ്രത കാണിക്കണം

കേരളത്തിൻ്റെ മതേതര ഇടത്തിൽ ബിജെപി ഉണ്ടാക്കാനിടയുളള വർഗ്ഗീയ ധ്രുവീകരണ അജണ്ടകളെ പ്രതിപക്ഷത്തെ നയിക്കുന്ന പിണറായി വിജയനും കരുതിയിരിക്കേണ്ടതുണ്ട്. ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായി ഹിന്ദു വോട്ടുകളിൽ വിശേഷിച്ച് നായർ-ഈഴവ വോട്ടുകളിൽ ഉണ്ടായ കേന്ദ്രീകരണം ഒരു സ്പെസിമെനായി സിപിഐഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം പരിശോധിക്കുന്നത് വരുന്ന അഞ്ച് കൊല്ലം കാണിക്കേണ്ട ജാഗ്രത സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകും. എസ്എൻഡിപിയും എൻഎസ്എസും ന്യൂനപക്ഷ പ്രീണനമെന്ന നരേറ്റീവ് ഉയർത്തിയാൽ അതിൻ്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാൻ 2001, 2011 കാലങ്ങളിലേത് പോലെ കഴിയില്ലെന്ന് ഇടതുപക്ഷം തിരിച്ചറിയേണ്ടതുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ ദ്വന്ദങ്ങളിലേയ്ക്ക് ചർച്ച ചുരുങ്ങിയാൽ അതിൻ്റെ ഭാഗമായി ഉണ്ടാകുന്ന ധ്രുവീകരണം ഇടതുപക്ഷത്തിന് അനുകൂലമായി മാറില്ലെന്നതാണ് വ‌‍‍ർത്തനമാനകാല യാഥാർത്ഥ്യം. ധ്രൂവീകരണ അജണ്ടകളിൽ പെട്ട് അതത് കള്ളികളിലേയ്ക്ക് ഏകീകരിക്കപ്പെടുന്ന ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും തങ്ങളുടെ പെട്ടിയിൽ വീഴില്ലെന്നതും ഇടതുപക്ഷം മനസ്സിലാക്കേണ്ടതുണ്ട്. കറകളഞ്ഞ മതനിരപേക്ഷ നിലപാട് ഉയ‍‍ർത്തിപ്പിടിച്ച് എല്ലാത്തരം വിഭജന-ധ്രുവീകരണ നിലപാടുകളെയും വിട്ടിവീഴ്ചയില്ലാതെ നഖശിഖാന്തം എതി‍ർക്കുക എന്നതാണ് ഇനിയങ്ങോട്ട് ഇടതുപക്ഷത്തിന് കരണീയമായിട്ടുള്ളത്. ഇതിൽ എന്തെങ്കിലും സന്ദേഹമുണ്ടെങ്കിൽ ഇടതുപക്ഷം 2011-ന് ശേഷമുള്ള ബംഗാളിനെ ഇഴകീറി പരിശോധിക്കുന്നത് നന്നാവും.

2001-ൽ ന്യൂനപക്ഷ പ്രീണനം ഉയർത്തിയുള്ള എൻഎസ്എസ്-എസ്എൻഡിപി വിമർശനം ഇടതുപക്ഷത്തിന് രാഷ്ട്രീയമായി ഗുണപരമായിട്ടുണ്ടാകാം. എന്നാൽ ഇത്തരം വിഷയങ്ങളെ സാമുദായിക വൈകാരികതകളിൽ ഊന്നാതെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യാനാണ് ഇടതുപക്ഷം അന്ന് ശ്രമിച്ചത്. മാത്രമല്ല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനകീയ വിഷയങ്ങൾ പ്രക്ഷോഭ സ്വഭാവത്തിൽ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ നിലപാട് വി എസ് അച്യുതാനന്ദൻ സ്വീകരിച്ചിരുന്നു. പ്രകൃതി സൗഹാർദ്ദ രാഷ്‌ട്രീയം എന്ന ജനകീയ ഇടം കേരളത്തിൽ ഉണ്ടെന്ന് ഇക്കാലയളവിൽ വി എസ് അച്യുതാനന്ദൻ തെളിയിച്ചിരുന്നു. പ്രക്ഷോഭ സ്വഭാവത്തിലുള്ള ഇടതുപക്ഷത്തിൻ്റെയും ജനകീയ ചെറുത്ത് നിൽപ്പുകളെന്ന നിലയിൽ ഉയർന്ന് വന്ന ബഹുജന സമരങ്ങളുടെയും രാഷ്ട്രീയ നേതൃത്വമാകാൻ ഇക്കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസിന് സാധിച്ചു. ഈ നിലയിൽ തിളച്ച് മറിയുന്ന ഒരു രാഷ്ട്രീയ മണ്ഡലം കൂടി ഇക്കാലയളവിൽ കേരളത്തിൽ സജീവമായി നിലനിന്നിരുന്നു. അത് കൊണ്ട് കൂടിയാവണം 2001 കാലത്തെ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നിലപാടുകൾ കേരളത്തിൻ്റെ രാഷ്‌ട്രീയ-സാമൂഹിക ഇടങ്ങളെ വിഭജിതമാക്കാതിരുന്നത്. അതിൽ നിന്ന് മുതലെടുപ്പ് നടത്താൻ ബിജെപിക്ക് കഴിയാതെ പോയത്.

2011 ആകുമ്പോഴേക്കും സ്ഥിതിഗതികൾ മാറിയിരുന്നു. നേരിയ ഭൂരിപക്ഷത്തിന് മാത്രം ഭരണം ലഭിച്ച യുഡിഎഫ് കാലത്ത് സാമുദായിക രാഷ്ട്രീയത്തിൻ്റെ ധ്രുവീകരണ സാധ്യതകൾ അപകടരമായ നിലയിൽ ഉയർന്നു. കേരളത്തിൻ്റെ മതേതര ഇടത്തെ ഭിന്നിപ്പിക്കാൻ കഴിയുന്ന നിലയിൽ അത് ചർച്ചയായി ഉയർന്ന് വന്നിരുന്നു. എന്നാൽ തീവ്രനിലപാടുകാരായ മുതലെടുപ്പുകാർക്ക് ആ സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ അവസരമുണ്ടായില്ല. 2016ലെ തെരഞ്ഞെടുപ്പിൽ ആദ്യ ബിജെപി എംഎൽഎ ഉണ്ടായ സാഹചര്യത്തെ ഇതുമായി ബന്ധിപ്പിച്ച് വേണം വായിക്കാൻ. എന്നാൽ പോകെ പോകെ ന്യൂനപക്ഷ-സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള അജണ്ടകൾക്ക് കേരളം പതിയെ കീഴ്പ്പെടുന്ന ചിത്രങ്ങൾ പലഘട്ടത്തിൽ തെളിഞ്ഞു വന്നു. തൃശ്ശൂരിൽ നമ്മൾ അത് കണ്ടു ഏറ്റവും ഒടുവിൽ നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരും അത് പ്രകടമായി.

വെള്ളാപ്പളളിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ രാഷ്ട്രീയമായി പ്രതിരോധിക്കാതെ പോയതോടെ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോട് അകന്നു എന്നത് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമായി. വെള്ളാപ്പളളിയുടെ നിലപാടിനെ അടക്കം പരോക്ഷമായി പിന്തുണച്ച ഇടതു നേതാക്കളുടെ സമീപനങ്ങളെ മൃദുഹിന്ദുത്വമായി ചിത്രീകരിച്ച യുഡിഎഫ് പ്രചാരണവും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ഈ നിലയിൽ ഇടതുപക്ഷത്തിൻ്റെ മതനിരപേക്ഷ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുകയും ന്യൂനപക്ഷ-ഭൂരിപക്ഷ സാമുദായിക ധ്രുവീകരണം മുതലെടുക്കപ്പെടാൻ പാകത്തിൽ വൈകാരികമായി മാറുകയും ചെയ്ത സാഹചര്യത്തെയാണ് ഇത്തവണ ബിജെപി മുതലെടുത്തതും മൂന്ന് പേരെ നിയമസഭയിലേയ്ക്ക് എത്തിക്കുന്ന നിലയിലേയ്ക്ക് മാറ്റിയതും.

ഇവിടെ നിന്നാവും 2031 ലക്ഷ്യമിട്ട് ബിജെപി അവരുടെ നീക്കങ്ങൾ നടത്തുക. എൻഎസ് എസും എസ്എൻഡിപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമെല്ലാം സാമുദായിക വൈകാരികത ഉയർത്തി സൃഷ്ടിക്കുന്ന വിവരണങ്ങളിലൊന്നും പക്ഷം ചേരാതിരിക്കുകയും മതേതര കാഴ്ചപ്പാടിൽ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് യുഡിഎഫും എൽഡിഎഫും ചെയ്യേണ്ടത്. മറിച്ചായാൽ ബിജെപി വിഭജിത അജണ്ടകൾ ഉപയോഗിച്ച് അവരുടെ രാഷ്ട്രീയ ഇടം വിപുലമാക്കുക തന്നെ ചെയ്യും. അത്തരം കളികളിൽ മികച്ചവ‍ർ തങ്ങളാണെന്ന് ബിജെപി ഏറ്റവും ഒടുവിൽ ബം​ഗാളിൽ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഇനിയുള്ള അഞ്ച് വർഷക്കാലം സാമുദായിക സംഘടനകളുടെ വൈകാരിക ധ്രുവീകരണ വിവരണങ്ങൾക്ക് തലവെച്ച് കൊടുക്കാതിരിക്കാനുള്ള ജാഗ്രതയാണ് കേരളമെന്ന മതേതര തുരുത്തിൻ്റെ കാവലാളുകൾ എന്ന നിലയിൽ വി ഡി സതീശനും പിണറായി വിജയനും പ്രകടിപ്പിക്കേണ്ടത്.

Content Highlights: Kerala’s political landscape in mid-2026 reflects a significant transition following the assembly elections, where the Congress-led United Democratic Front (UDF) secured a strong mandate, elevating V.D. Satheesan to Chief Minister. This development comes amid renewed cautionary voices highlighting differences from the 2001 electoral outcome under A.K. Antony and the potential for the Bharatiya Janata Party (BJP) to exploit emerging opportunities

To advertise here,contact us