പതിനഞ്ച് കൊല്ലം നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ബംഗാളിൽ അധികാരത്തിൽ വരുമ്പോൾ മമത യുഗത്തിന് കൂടി അന്ത്യമാകുന്നുവെന്നാണ് വിലയിരുത്തൽ. സിപിഐഎം നേതൃത്വം നൽകിയ ഇടതുപക്ഷത്തെ 2011ൽ അധികാരത്തിൽ നിന്ന് പുറത്താക്കി സംഘടനാപരമായി ദുർബലപ്പെടുത്തിയ കാലഘട്ടം മറ്റൊരു അർത്ഥത്തിൽ ആവർത്തിക്കപ്പെടുന്നുവെന്ന സൂചനയാണ് ഭരണമാറ്റത്തോടെ ബംഗാളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നത്. ഭരണം കരഗതമായതോടെ സിപിഐഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഓഫീസുകൾ കയ്യേറുകയും പ്രവർത്തകരെ അടിച്ചൊതുക്കുകയും ചെയ്ത തൃണമൂലിൻ്റെ ശൈലി തന്നെ ബിജെപിയും ആവർത്തിക്കുന്നുവെന്നാണ് സൂചന. തൃണമൂലിൻ്റെ ഓഫീസുകൾ ജെസിബി ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങളാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളിൽ നിന്ന് പുറത്ത് വരുന്നത്. ഇതിനിടെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ ഐക്യമെന്ന ആഹ്വാനവുമായി മമത രംഗത്ത് വന്നിട്ടുണ്ടെങ്കിലും സഹകരണത്തിൻ്റെ വാതിൽ തുറക്കില്ലെന്ന നിലപാടിലാണ് സിപിഐഎമ്മും കോൺഗ്രസും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടത്തെ ഭരണകാലയളവിൽ പ്രതിപക്ഷത്തിരുന്ന കോൺഗ്രസിനോടും സിപിഐഎമ്മിനോടും മമത കാണിച്ചതിൻ്റെ തനിയാവർത്തനം ഭരണമാറ്റത്തോടെ ബിജെപി പുറത്തെടുക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യമെന്ന നിലപാടുമായി മമത രംഗത്ത് വന്നത്.
പരാജയപ്പെട്ടെങ്കിലും തൃണമൂൽ ശക്തമായ പ്രതിപക്ഷമാണെന്ന ചിത്രമാണ് ഇത്തവണത്തെ വോട്ട് ഷെയർ വ്യക്തമാക്കുന്നത്. പരാജയപ്പെട്ടെങ്കിലും ജനപിന്തുണ നഷ്ടമായില്ലെന്ന് വ്യക്തമാകുന്ന വോട്ട് ഷെയർ ഇടതുപക്ഷത്തിനും 2011ൽ ലഭിച്ചിരുന്നു. എന്നാൽ ഇടതുപക്ഷ മുക്ത ബംഗാൾ എന്ന സമീപനം ഭരണത്തിൻ്റെ പിൻബലത്തിൽ മമത നടപ്പിലാക്കിയതോടെയാണ് ഇടതുപക്ഷം പതിയെ പതിയെ ബംഗാളിൽ ദുർബലമാകാൻ തുടങ്ങിയത്. 2011ൽ 184 സീറ്റും 38.93 ശതമാനം വോട്ട് ഷെയറുമായാണ് തൃണമൂൽ അധികാരത്തിൽ എത്തിയത്. സഖ്യകക്ഷിയായിരുന്ന കോൺഗ്രസിന് 42 സീറ്റും 5.62 വോട്ട് ഷെയറും ലഭിച്ചിരുന്നു. ആകെയുള്ള 294 സീറ്റിൽ 226 ഇടത്ത് 48.16 ശതമാനം വോട്ട് നേടിയാണ് തൃണമൂൽ നേതൃത്വം നൽകിയ യുപിഎ വിജയിച്ചത്. 40 സീറ്റിൽ വിജയിച്ച സിപിഐഎമ്മിന് മാത്രം 30.08 ശതമാനം വോട്ട് നേടാൻ അന്ന് സാധിച്ചിരുന്നു. സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് അന്ന് 62 സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇടതുമുന്നണിയുടെ 24 വർഷത്തോളം നീണ്ട ബംഗാളിലെ ഭരണത്തുടർച്ച അവസാനിച്ചെങ്കിലും വോട്ട് കണക്കുകൾ തിരിച്ചുവരവിൻ്റെ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. സമാനമായ വോട്ട് കണക്കുകൾ തന്നെയാണ് ഇത്തവണ തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് അധികാരമാറ്റം നടക്കുമ്പോഴും ബംഗാളിൽ തെളിഞ്ഞിരിക്കുന്നത്.
ഇത്തവണ ആകെയുള്ള 294 സീറ്റിൽ 207 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. 45.85 ശതമാനം വോട്ട് ഷെയറാണ് ബിജെപി നേടിയത്. ഭാരതീയ ഗൂർഖ പ്രജാതാന്ത്രിക് മോർച്ചയും തൃണമൂൽ കോൺഗ്രസും ചേർന്നുള്ള സഖ്യം 41.08 ശതമാനം വോട്ട് നേടി. തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലാണ് വിജയം നേടിയത്. 2011ൽ തൃണമൂൽ അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 41.05 ശതമാനം വോട്ടാണ് ഉണ്ടായിരുന്നത്. പിന്നീട് മുഖ്യപ്രതിപക്ഷമായിരുന്ന ഇടതുപക്ഷം മമതയുടെ അടിച്ചമർത്തൽ രാഷ്ട്രീയത്തിലൂടെ ദുർബലപ്പെടുകയും ബിജെപി മുഖ്യപ്രതിപക്ഷമാകുകയുമായിരുന്നു. ഒടുവിൽ ഒന്നരപതിറ്റാണ്ട് നീണ്ട തൃണമൂൽ ഭരണത്തെ കടപുഴക്കി ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്.
പതിനഞ്ച് കൊല്ലം മുമ്പ് വരെ ഇടതുപക്ഷത്തിൻ്റെ ശക്തമായ കോട്ടയായിരുന്ന ബംഗാൾ ബിജെപിയെ സംബന്ധിച്ച് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ബംഗാളിൽ ഇടതുപക്ഷത്തെ അപ്രസക്തരാക്കി പകരമെത്തിയ തൃണമൂൽ കോൺഗ്രസിന് പക്ഷെ ബിജെപിയുടെ വളർച്ച തടയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. ഒരു പരിധിവരെ ബംഗാളിനെ താലത്തിൽ വെച്ച് ബിജെപിക്ക് നൽകുന്നതിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ ഭരണം വഴിതെളിച്ചുവെന്ന വിമർശനമാണ് ശക്തമാകുന്നത്.
പ്രധാനമായും ബിജെപി ശക്തിപ്പെടാൻ കാരണമായ മൂന്ന് ഘടകങ്ങൾ ചൂണ്ടിക്കാണിച്ചാണ് മമതയ്ക്കെതിരെ വിമർശനം ഉയരുന്നത്. മുഖ്യപ്രതിപക്ഷം എന്ന നിലയിൽ സ്വാധീനം ഉണ്ടായിരുന്ന ഇടതുപക്ഷവും കോൺഗ്രസും അടങ്ങുന്ന മതേതര പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യം ഉൾപ്പെടെ നിഷേധിച്ച് ദുർബലപ്പെടുത്തിയ മമതയുടെ നിലപാട് ബിജെപിക്ക് ബംഗാളിൽ മണ്ണൊരുക്കി. ന്യൂനപക്ഷ വോട്ടുബാങ്കിനെ പ്രീണിപ്പിക്കുന്നതിനായി മമത നടത്തിയ വൈകാരിക നീക്കങ്ങൾ ഭൂരിപക്ഷ വോട്ടുകളെ ഏകീകരിക്കാനും തീവ്രഹിന്ദുത്വ ആശയങ്ങൾക്ക് ബംഗാളിൽ സ്വീകാര്യത ലഭിക്കാനും വഴിതെളിച്ചു. അതോടൊപ്പം തൃണമൂൽ കാലത്തെ അഴിമതിയും സ്വജനപക്ഷപാതവും മുതലെടുത്ത് മുഖ്യപ്രതിപക്ഷമായി മാറാൻ ബിജെപിക്ക് അവസരം നൽകി.
2011ൽ അധികാരത്തിൽ എത്തിയ ഉടനെ ഭരണത്തിൻ്റെ സ്വാധീനവും കൈക്കരുത്തും ഉപയോഗിച്ച് ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്ന സമീപനമായിരുന്നു മമതയും തൃണമൂലും സ്വീകരിച്ചത്. സിപിഐഎമ്മിൻ്റെ ഓഫീസുകൾ ബലമായി പിടിച്ചെടുക്കുകയും പ്രവർത്തകരെയും നേതാക്കളെയും നിഷ്കരുണം കൊന്ന് തള്ളുകയും ചെയ്യുന്ന നിലയിലായിരുന്നു മമതയുടെ സിപിഐഎം വിമുക്ത ബംഗാൾ ഓപ്പറേഷൻ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.05 ശതമാനം വോട്ടുണ്ടായിരുന്ന ഇടതുപക്ഷം തൃണമൂലിൻ്റെ അടിച്ചൊതുക്കലുകളെ അവഗണിച്ചും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ26.28 ശതമാനം വോട്ട് നേടിയിരുന്നു. സിപിഐഎമ്മിന് ഒറ്റയ്ക്ക് 19.75 ശതമാനം വോട്ടായിരുന്നു 2016ൽ ഉണ്ടായിരുന്നത്. ബിജെപിക്ക് 10.16 ശതമാനം വോട്ട് മാത്രമായിരുന്നു അന്ന് ലഭിച്ചത്.
സിപിഐഎം അടങ്ങുന്ന ഇടതുപക്ഷത്തിൻ്റെ നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചും കൊലപ്പെടുത്തിയും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപരമല്ലാത്ത ഇടപെടലുകളിലൂടെ പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന സമീപനമായിരുന്നു ഇക്കാലയളവിൽ തൃണമൂൽ കോൺഗ്രസ് സ്വീകരിച്ചത്. 2011-16 കാലയളവിൽ ബംഗാളിൽ 183 ഇടതുപ്രവർത്തകർ തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അധികാരത്തിൽ തിരിച്ചെത്താൻ കഴിയാത്ത വിധം ആക്രമണങ്ങളിലൂടെയും ഭീഷണികളിലൂടെയും സിപിഐഎമ്മിനെ ദുർബലപ്പെടുത്തുക എന്ന വേട്ടയാടൽ തന്ത്രമാണ് ഈ ഘട്ടത്തിൽ മമതയും തൃണമൂൽ കോൺഗ്രസും പിന്തുടർന്നത്. 2013ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലും മുഖ്യപ്രതിപക്ഷമായ ഇടതുപക്ഷത്തിന് മത്സരിക്കാൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. 2013ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 6274 സീറ്റിലാണ് തൃണമൂൽ കോൺഗ്രസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇരുപതിനായിരത്തിലേറെ സീറ്റുകളിലായിരുന്നു. അത് ആകെയുള്ള പഞ്ചായത്ത് സീറ്റുകളുടെ 34.2 ശതമാനത്തോളം വരുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഈ നിലയിലായിരുന്നു മുഖ്യപ്രതിപക്ഷമായിരിക്കേണ്ടിയിരുന്ന ഇടതുപക്ഷത്തെ ആക്രമണത്തിലൂടെയും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും തൃണമൂൽ കോൺഗ്രസ് ദുർബലപ്പെടുത്തിയത്.
2011ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തികേന്ദ്രമായിരുന്ന ബർദമാൻ ജില്ലയിൽ സിപിഐഎമ്മിൻ്റെ തിരിച്ചുവരവിനെ തടയാൻ തൃണമൂൽ കോൺഗ്രസ് നടത്തിയ അതിക്രൂരമായ ഒരു കൊലപാതകം മാത്രം മതി പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള തൃണമൂൽ നീക്കത്തിൻ്റെ സ്വഭാവം മനസ്സിലാക്കാൻ. 2011ൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ 2012 ഫെബ്രുവരി മാസത്തിൽ കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് സിപിഐഎം നേതൃത്വത്തിൽ ലക്ഷങ്ങളെ അണിനിരത്തിയുള്ള വലിയൊരു റാലി നടന്നിരുന്നു. ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 2012 ഫെബ്രുവരി 28ൻ്റെ 24 മണിക്കൂർ ബന്ദിന് മുന്നോടിയായിട്ടായിരുന്നു ഈ മഹാറാലി. സിപിഐഎമ്മിൻ്റെ തിരിച്ചുവരവിൻ്റെ സൂചനയായി ഈ റാലിയിലെ ബഹുജന പങ്കാളിത്തം വിലയിരുത്തപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സിപിഐഎം ശക്തികേന്ദ്രമായ ബർദനിൽ തൊഴിലാളി ബന്ദ് വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുൻ എംഎൽഎയും ബർദാൻ ജില്ലയിലെ സിപിഐഎമ്മിൻ്റെ പ്രധാനനേതാവുമായിരുന്ന പ്രദീപ് ഝായെ തൃണമൂൽ പ്രവർത്തകർ പകൽ വെളിച്ചത്തിൽ അതിക്രൂരമായി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റൊരു ജില്ലാ നേതാവായ കമൽ ഗയേനും ഫെബ്രുവരി 22ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രമായ ബർദ്ദാനിൽ ആകെയുള്ള 25 സീറ്റിൽ 16ലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർ ബർദാൻ മണ്ഡലത്തിൽ നിന്നും പ്രദീപ് ഝാ 60,000ത്തോളം വോട്ടുകൾക്ക് വിജയിച്ചിരുന്നു. സംവരണ മണ്ഡലമായതിനെ തുടർന്ന് 2011ൽ പ്രദീപ് മത്സരിച്ചിരുന്നില്ല. എന്നാൽ 2011ൽ സിപിഐഎം ഈ സീറ്റ് നിലനിർത്തിയിരുന്നു. ഈ മേഖലയിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിൽ ഒരാളായ പ്രദീപ് സിപിഐഎമ്മിനെ തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു. പ്രദീപും കമൽ ഗയേനും കൊല്ലപ്പെട്ടതോടെ സിപിഐഎം അണികളുടെ ചെറുത്ത് നിൽപ്പ് ദുർബലപ്പെടുകയും ബർദാനിൽ തൃണമൂൽ കൈക്കരുത്തിൻ്റെ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നു. ബംഗാളിലെ സിപിഐഎമ്മിൻ്റെയും മറ്റ് ഇടതുപാർട്ടികളുടെയും ശക്തികേന്ദ്രങ്ങളിൽ ഈ നിലയിലായിരുന്നു തൃണമൂൽ കോൺഗ്രസ് ആധിപത്യം ഉറപ്പിച്ചത്.
പ്രധാനപ്പെട്ട പ്രാദേശിക നേതാക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുക വഴി പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തനങ്ങളെ ഭയപ്പെടുത്തി നിർജ്ജീവമാക്കുക എന്നതായിരുന്നു തൃണമൂൽ തന്ത്രം. ഈ നിലയിൽ കഴിഞ്ഞ ഒന്നര ദശകത്തിനിടെ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തിയാണ് ബംഗാളിനെ തൃണമൂൽ അക്ഷരാർത്ഥത്തിൽ പിടിച്ചെടുത്തത്. കോൺഗ്രസിനെയും അടിത്തറയിളക്കി തൃണമൂൽ ദുർബലപ്പെടുത്തിയിരുന്നു. ഇവിടേയ്ക്കായിരുന്നു അടിയ്ക്ക് തിരിച്ചടി എന്ന നിലയിൽ അയൽ സംസ്ഥാനമായ അസമിലെ ബിജെപി ഘടകത്തിൻ്റെ ശാരീരിക പിന്തുണയോടെയും കേന്ദ്ര നേതൃത്വത്തിൻ്റെ അധികാര പിൻബലത്തോടെയും ബിജെപി ബംഗാളിലെ മുഖ്യപ്രതിപക്ഷമായി മാറിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചെറുത്ത് നിൽക്കാൻ ശേഷിയുള്ള തൃണമൂൽ വിരുദ്ധ പാർട്ടി എന്ന സ്വീകാര്യതയിലേയ്ക്ക് ബിജെപി മാറി. സിപിഐഎം കോൺഗ്രസ് വോട്ട് ബാങ്കിലേയ്ക്കും അതുവഴി കടന്ന് കയറാൻ ബിജെപിക്ക് സാധിച്ചു. സിപിഐഎമ്മിനെ തകർക്കാൻ മമതയുടെ വലംകൈ ആയി നിന്ന സുവേന്ദു അധികാരി കൂടി കളംമാറിയെത്തിയതോടെ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബംഗാൾ നിയമസഭയിലെ മുഖ്യപ്രതിപക്ഷമായി മാറി.
ഇടതുപക്ഷത്തെ തകർക്കാൻ മമത ഉപയോഗിച്ച കൈക്കോടാലി ഒടുവിൽ മമതയെ കടപുഴക്കുന്ന കാഴ്ചയെ കാവ്യനീതിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. 34 വർഷം നീണ്ട അധികാരത്തിൽ നിന്ന് ഇടതുപക്ഷത്തെ കടപുഴക്കിയ നന്ദിഗ്രാം വിഷയത്തിൻ്റെ സൂത്രധാരിൽ ഒരാൾ കൂടിയായിരുന്നു സുവേന്ദു അധികാരി. ബംഗാളിൽ അധികാരം കൈയ്യാളാൻ തൃണമൂൽ കോൺഗ്രസിന് തുണയായ നന്ദിഗ്രാം മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങളുടെ ബുദ്ധികേന്ദ്രം യഥാർത്ഥത്തിൽ സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി ആയിരുന്നു. ബംഗാളിലെ വ്യവസായ മുന്നേറ്റം ലക്ഷ്യം വെച്ച് നന്ദിഗ്രാമിൽ ഒരു കെമിക്കൽ ഹബ് ഉണ്ടാക്കാനുള്ള ബുദ്ധദേവ് സർക്കാരിൻ്റെ നീക്കത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ 2007ൽ നേതൃത്വം നൽകിയത് ശിശിർ അധികാരി ആയിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശിക കർഷകർ നടത്തിയ പ്രതിഷേധത്തെ നേതൃപരമായി ഏറ്റെടുക്കാൻ ശിശിർ അധികാരിക്ക് സാധിച്ചു. ഭൂമി ഉച്ചേദ് പ്രതിരോധ് കമ്മിറ്റി എന്ന പേരിൽ ഒരു മുന്നണി ഇതിൻ്റെ ഭാഗമായി രൂപപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടകളും വ്യത്യസ്തങ്ങളായ സമുദായ ഗ്രൂപ്പുകളും ഉൾപ്പെടെയുള്ള ഈ കമ്മിറ്റിയുടെ കൺവീനറായിരുന്നു ശിശിർ അധികാരി.
സിപിഐഎം വിരുദ്ധരായ എല്ലാ വിഭാഗങ്ങളെയും ഒരുകുടക്കീഴിൽ അണിനിരത്താനും മമത ബാനർജിയെ നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ പ്രതിഷ്ഠിക്കാനുമുള്ള നീക്കങ്ങളുടെയെല്ലാം ചുക്കാൻ പിടിച്ചത് ശിശിർ അധികാരിയും മകൻ സുവേന്ദു അധികാരിയും ആയിരുന്നു.
പിന്നീട് നടന്ന പൊലീസ് വെടിവെയ്പ്പിൽ 14 കർഷകർ കൊല്ലപ്പെട്ടതോടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സമരങ്ങൾ മമതയെ മുൻനിർത്തിയുള്ള സർക്കാർ വിരുദ്ധ രാഷ്ട്രീയ പേരാട്ടമാക്കി ശിശിർ അധികാരിയും സുവേന്ദു അധികാരിയും വഴിതിരിച്ച് വിടുകയായിരുന്നു.
പിന്നീട് 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് 2011ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഐഎമ്മിന് വാട്ടർലൂ ആയതും തൃണമൂലിന് വഴിതെളിച്ചതും നന്ദിഗ്രാം പ്രക്ഷോഭമായിരുന്നു. നന്ദിഗ്രാം പ്രക്ഷോഭത്തിൽ സുവേന്ദു അധികാരി വഹിച്ച പങ്കിനെ അധികാരത്തിലെത്തിയതിന് ശേഷം പ്രശംസിച്ചതും പിന്നീട് സുവേന്ദു പാർട്ടി വിട്ടതിന് പിന്നാലെ നന്ദിഗ്രാം വെടിവെയ്പ്പിൽ സുവേന്ദു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചതും മമത ബാനർജി ആയിരുന്നു എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. എന്തായാലും ഒടുവിൽ ബംഗാളിൽ മമതയുടെ അധിപത്യം തകർക്കാൻ ബിജെപിയുടെ കൈക്കോടാലി ആയതും സുവേന്ദു അധികാരിയാണ് എന്നതാണ് നിലവിൽ ബംഗാളിലെ ആൻ്റി ക്ലൈമാക്സ്.
സിപിഐഎമ്മിന് അനുകൂലമായി നിന്നിരുന്ന മുസ്ലിം വോട്ടുകളുടെ ഷിഫ്റ്റ് ആയിരുന്നു 2011ൽ മമതയ്ക്ക് അധികാരത്തിലെത്താൻ പ്രധാനമായും സഹായകമായത്. അതിന് വഴിതെളിച്ചത് നന്ദിഗ്രാം പ്രക്ഷോഭത്തിന് പിന്നാലെ ഉയർന്ന് വന്ന സിപിഐഎം വിരുദ്ധ വിശാലസഖ്യത്തിൻ്റെ ഐക്യമുന്നണിയുടെ കൂട്ടായ്മ ആയിരുന്നു. ജമാഅത്തെ ഇസ്ലാമിയോട് അടുപ്പമുള്ള മുസ്ലിം ഗ്രൂപ്പുകൾ നന്ദിഗ്രാം പ്രക്ഷോഭങ്ങളിൽ തൃണമൂൽ കോൺഗ്രസിന് പിന്നിൽ അണിനിരന്നത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഭരണമാറ്റത്തിനായി ജമാഅത്തെ ഇസ്ലാമിയുടെ ഫണ്ട് തൃണമൂലിന് ലഭിച്ചിരുന്നതായി പോലും ആരോപണങ്ങൾ ഉയർന്നിരുന്നു. 2011ൽ മമതയുടെ തെരഞ്ഞെടുപ്പ് വിജയം ഈ വിഭാഗങ്ങളുടെ അടക്കം പിന്തുണയോടെയായിരുന്നു എന്ന വിലയിരുത്തലുകളുണ്ട്.
ഈ നിലയിൽ തനിക്ക് പിന്നിൽ അണിനിരന്ന മുസ്ലിം വോട്ട് ബാങ്കിനെ ഒപ്പം നിർത്താനുള്ള നീക്കങ്ങളാണ് പിന്നീട് നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മമത സ്വീകരിച്ചത്. ബഡ്ജറ്റ് അലോക്കേഷനുമായി ബന്ധപ്പെട്ട് മമത നടത്തുന്നത് ന്യൂനപക്ഷ കേന്ദ്രീകൃത സമീപനമാണെന്ന വിമർശനം അടക്കം ഉയർത്തി ഇത്തരം വിഷയങ്ങളെ ധ്രുവീകരണ സാധ്യത മുൻനിർത്തിയുള്ള പ്രചാരണ വിഷയമാക്കി ബിജെപി മാറ്റിയിരുന്നു. ഈ നിലയിൽ മുസ്ലിം വേട്ട് ബാങ്ക് ലക്ഷ്യമിട്ട് മമത പദ്ധതികൾ നടപ്പിലാക്കുന്നു എന്ന പ്രചാരണം ബിജെപി ശക്തമായി ഏറ്റെടുത്തിരുന്നു. ബിജെപിക്ക് അനുകൂലമായി സംസ്ഥാനത്ത് ഉടനീളം ഭൂരിപക്ഷ ധ്രുവീകരണത്തിന് മമതയുടെ പല തീരുമാനങ്ങളും വഴിവെച്ചുവെന്ന് വിമർശനങ്ങളുണ്ട്. ബിജെപിക്ക് മണ്ണൊരുക്കുന്നതിൽ മമതയുടെ ഇത്തരം ന്യൂനപക്ഷ കാർഡ് ഇറക്കിയുള്ള വൈകാരിക നീക്കങ്ങൾ കാരണമായതായി വിലയിരുത്തലുകളുണ്ട്.
ഇടതു-മതേതര-ജനാധിപത്യ സ്വഭാവത്തിലുണ്ടായിരുന്ന ബംഗാളിനെ ബിജെപിയുടെ കൈവെള്ളയിൽ വെച്ചു കൊടുത്തതിലും ബംഗാളിലെ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും കൂടുതൽ ദുർബലപ്പെടുത്തി ബിജെപിക്ക് വഴിയൊരുക്കിയതിലും മമതയുടെ നിലപാടുകൾ കാരണമായിട്ടുണ്ട് എന്ന വിമർശനം എന്തായാലും ശക്തമാണ്. മമത പ്രതിപക്ഷത്തെ അടിച്ചൊതുക്കിയ വഴിയെയാണ് ബിജെപിയും ബംഗാളിൽ മുന്നോട്ട് പോകുന്നതെങ്കിൽ ബംഗാളിൽ വരാനിരിക്കുന്നത് രാഷ്ട്രീയ സംഘർഷങ്ങള് നിറഞ്ഞ നാളുകളുടെ ആവർത്തനമായിരിക്കുമെന്ന ആശങ്ക ശക്തമാണ്.
Content Highlights: In a dramatic political reversal, BJP under Suvendu Adhikari emulates Trinamool Congress's strategy to defeat CPI(M) in West Bengal. Once Mamata Banerjee's close aide, Adhikari now leads as the state's first BJP Chief Minister, wielding Hindutva politics against his former mentor. Analysis of Bengal's 2026 electoral upheaval