നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാലും വി ഡി സതീശനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ബിജെപി-സിപിഐഎം ഡീല്‍ ആരോപണം ചൂട് പിടിച്ച് പുതിയ തലത്തിലേയ്ക്ക് വളര്‍ന്നിരിക്കുകയാണ്. പത്തോളം നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി-സിപിഐഎം ഡീല്‍ ഉണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതൃത്വം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്ത് വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 2006-ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ വി ഡി സതീശന് ഉദ്ഘാടകനായി പങ്കെടുത്തതും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ വിളക്ക് കൊളുത്തിയതും ഏത് ഡീലിന്റെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
1977ല്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് പിണറായി വിജയന് എംഎല്‍എ ആയതെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു വി ഡി സതീശന്റെ പ്രത്യാക്രമണം. 1970കളുടെയും 1980കളുടെയും അവസാനത്തില്‍ സിപിഐഎമ്മിന് ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് പഴയ കാര്യങ്ങളെന്ന പേരില്‍ ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് വി ഡി സതീശന് ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമായും നാല് കാര്യങ്ങളാണ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വി ഡി സതീശന് ചൂണ്ടിക്കാണിച്ചത്.
ചരിത്രപരമെന്ന നിലയില്‍ വി ഡി സതീശന് ചൂണ്ടിക്കാണിച്ചിരിക്കുന്ന ഈ വിഷയങ്ങള്‍ ഈ നിലയില്‍ ഉപരിപ്ലവമായി അവതരിപ്പിച്ച് സത്യമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതാണോ? 1960കളുടെ രണ്ടാം പകുതി മുതല്‍ ഏതാണ്ട് 1990 വരെ നീളുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവപരമ്പരകളുടെ ആകെ ചിത്രത്തെ അടര്‍ത്തിയെടുത്ത് തനിക്ക് ആവശ്യമുള്ള വിധത്തില്‍ ആര്‍എസ്എസ് മേമ്പൊടി ചേര്‍ത്ത് ഈ നിലയില്‍ വ്യാഖ്യാനിച്ചിരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നീക്കം എത്രമാത്രം വസ്തുതാപരമാണ്? അര്‍ദ്ധസത്യങ്ങളെ ഈ നിലയില്‍ വസ്തുതാപരമെന്ന് ചിത്രീകരിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവബഹുലമായ കാലഘട്ടം കൂടിയാണ് അപനിര്‍മ്മിക്കപ്പെടുന്നത്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളില്‍ ഏറ്റവും പ്രധാനം 1977 ല്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എ പിണറായി വിജയനാണ് എന്നതാണ്. 1977ല്‍ പിണറായി വിജയന് കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ ആര്‍എസ്എസ് പിന്തുണ എന്ന വാദത്തിന് പ്രത്യേകിച്ച് കഴമ്പൊന്നുമില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യത്ത് നിലനിന്നിരുന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തെ ഇരുട്ടില്‍ നിര്‍ത്തിയാണ് വി ഡി സതീശന് ഇക്കാലത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട സോഷ്യലിസ്റ്റ് നേതാക്കള്‍ അടക്കം നേതൃരംഗത്തുണ്ടായിരുന്ന ജനതാ പാര്‍ട്ടിയുടെ(ഭാരതീയ ലോക് ദള്‍) അസ്തിത്വത്തെ അവതരിപ്പിച്ചിരിക്കുന്നത്. 1977ല്‍ പിണറായി വിജയനെ പിന്തുണച്ച ഭാരതീയ ലോക് ദളിന്റെ ചരിത്രം ആര്‍എസ്എസിന്റേതാണ് എന്ന് സ്ഥാപിക്കുന്ന പ്രചാരണം ആദ്യമായി ഉന്നയിക്കുന്ന ആളല്ല വി ഡി സതീശന്.
1974ല്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിനെതിരെ രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഭാരതീയ ലോക് ദള്‍. ഭാരതീയ ക്രാന്തിദള്‍, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, സ്വതന്ത്ര പാര്‍ട്ടി, ബിജു പട്നായിക്കിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വേര് പിരിഞ്ഞ ഒഡീഷയില്‍ നിന്നുള്ള ഉത്കല്‍ കോണ്‍ഗ്രസ് എന്നിവ അടക്കം ചരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഭാരതീയ ലോക്ദള്‍. കലപ്പയേന്തിയ കര്ഷകന് ആയിരുന്നു ഭാരതീയ ലോക് ദളിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട പ്രതിപക്ഷ നേതാക്കളില്‍ ബിഎല്‍ഡി നേതാക്കളും ഉണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിച്ച 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ നീണ്ട അടിയന്തരാവസ്ഥ ഇന്ദിരാ ഗാന്ധിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ ഏകശിലാത്മകമാക്കിയിരുന്നു.
ഇന്ദിരാ ഗാന്ധിയെ നേരിടാന്‍ ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടതോടെയാണ് ഭാരതീയ ലോക് ദള്‍ ഇല്ലാതാക്കുന്നത്. ഇന്ദിരാ ഗാന്ധിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 1969ല്‍ രൂപം കൊണ്ട മൊറാര്‍ജി ദേശായി അടക്കമുള്ള നേതാക്കള്‍ നയിച്ച സംഘടനാ കോണ്‍ഗ്രസ്, ഭാരതീയ ലോക് ദള്‍, ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് 1977 ജനുവരി 23ന് ജനതാ പാര്‍ട്ടി രൂപം കൊണ്ട്. 1977 ജനുവരി 18ന് രാഷ്ട്രീയ തടവുകാരെയെല്ലാം ജയില്‍ മോചിതരാക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കപ്പെട്ടതോടെയായിരുന്നു ജനതാ പാര്‍ട്ടിയുടെ പിറവി. ജനതാ പാര്‍ട്ടിയുടെ ഭാഗമായ സംഘടനകളുടെയെല്ലാം അസ്ഥിത്വം പൂര്‍ണ്ണമായും ഇല്ലാതാക്കി പുതിയ പാര്‍ട്ടിയെന്ന നിലയിലാണ് ജനതാ പാര്‍ട്ടി രൂപം കൊണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം ഇന്ദിരാ ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ ജഗ്ജീവന് റാമിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഫോര്‍ ഡമോക്രസിയും ജനതാ പാര്‍ട്ടിയില്‍ ലയിച്ചിരുന്നു.
1977 മാര്‍ച്ച് മാസത്തില്‍ രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേയ്ക്ക് പോയി. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനതാ പാര്‍ട്ടി ഇന്ദിരാ വിരുദ്ധ-അടിയന്തരാവസ്ഥ വിരുദ്ധ നിലപാട് സ്വീകരിച്ചാണ് തെരഞ്ഞെടുപ്പിലേയ്ക്ക് പോയത്. ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെതിരായ വോട്ട് ഭിന്നിച്ച് പോകാതിരിക്കാന്‍ ജനതാ പാര്‍ട്ടിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള സിപിഐഎം നിലപാട്. പഞ്ചാബില്‍ ശിരോമണി അകാലിദളും, തമിഴ്നാട്ടില്‍ ഡിഎംകെയും പ്രതിപക്ഷ ഐക്യത്തില്‍ സഖ്യകക്ഷികളായി. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രൂപീകരിക്കപ്പെട്ടതിനാല്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാവകാശം 1977ലെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജനതാ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി കണക്കാക്കപ്പെടുമെന്നതിനാല്‍ ഭാരതീയ ലോക് ദളിന്റെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് ചിഹ്നമായ കലപ്പയേന്തിയ കര്‍ഷകനും ഉപയോഗിച്ചായിരുന്നു രാജ്യത്തുടനീളം ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.
കേരളത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം തന്നെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ സഖ്യത്തിലുണ്ടായിരുന്ന സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി അടക്കമുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ 1977ല്‍ പുതിയതായി രൂപം കൊണ്ട ജനതാ പാര്‍ട്ടിയില്‍ ലയിച്ചിരുന്നു. അഖിലേന്ത്യാ തലത്തില്‍ ജനസംഘം ഇല്ലാതാവുകയും ജനസംഘം നേതാക്കള്‍ ജനതാ പാര്‍ട്ടിയുടെ ഭാഗമാകുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിലായിരുന്നു 1977ല്‍ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.
സിപിഐ, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി, എന്‍ഡിപി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിലും ജനതാ പാര്‍ട്ടി (ഭാരതീയ ലോക് ദള്‍), ഓള് ഇന്ത്യ മുസ്ലിം ലീഗ് (പ്രതിപക്ഷ ലീഗ്), കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് എന്നിവര്‍ സിപിഐഎം നേതൃത്വത്തിലുള്ള മുന്നണിയിലുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ ജനതാ പാര്‍ട്ടി (ബിഎല്‍ഡി) 3 സീറ്റുകളിലാണ് മത്സരിച്ചത്. വടകരയില്‍ സോഷ്യലിസ്റ്റ് നേതാവായിരുന്ന അരങ്ങില്‍ ശ്രീധരന്, കോഴിക്കോട് കോണ്‍ഗ്രസില്‍ നിന്നെത്തിയ ബിഎല്‍ഡി അംഗമായ എം കമലം, തിരുവനന്തപുരത്ത് സോഷ്യലിസ്റ്റ് നേതാവ് പി വിശ്വംഭരന് എന്നിവരായിരുന്നു ജനതാ പാര്‍ട്ടിക്കായി (ബിഎല്‍ഡി) മത്സരിച്ചത്. നിയമസഭയില്‍ ഏതാണ്ട് 20ലേറെ സീറ്റുകളിലാണ് ജനതാ പാര്‍ട്ടി (ബിഎല്‍ഡി) മത്സരിച്ചത്. ഈ മുന്നണിയുടെ ഭാഗമായി 1977 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും പിണറായി വിജയന് മത്സരിച്ചതിനെയാണ് പിണറായി വിജയന് ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച് നിയമസഭയില്‍ എത്തിയെന്ന് പ്രതിപക്ഷ നേതാവ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയാണ് അന്ന് അഖിലേന്ത്യാ തലത്തില്‍ ജനതാ പാര്‍ട്ടിയില്‍ ലയിച്ച ജനസംഘം നേതാവ് കെ ജി മാരാര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തെ ആര്‍എസ്എസ് നേതാവ് എന്ന നിലയില്‍ വ്യാഖ്യാനിച്ചിരിക്കുന്നത് എന്ന് വേണം വിലയിരുത്താന്‍.
1977ലെ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മാത്രമായിരുന്നില്ല ജനതാ പാര്‍ട്ടിയുമായി സഖ്യമുണ്ടായിരുന്ന മുന്നണിയുടെ ഭാഗമായി നിയമസഭയിലേയ്ക്ക് മത്സരിച്ച പ്രധാന നേതാവ്. കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിന്റെ നേതാവായിരുന്ന ആര് ബാലകൃഷ്ണപിള്ള അന്ന് കൊട്ടാരക്കരയില്‍ നിന്ന് ജനതാ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിയുടെ ഭാഗമായി നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. എടക്കാട് മണഡലത്തില്‍ നിന്നും അഖിലേന്ത്യാ ലീഗിന്റെ നേതാവായിരുന്ന പിപിവി മൂസ മത്സരിച്ച് വിജയിച്ചിരുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും അഖിലേന്ത്യാ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി നിലവില്‍ മുസ്ലിം ലീഗ് നേതാവായ ഇ ടി മുഹമ്മദ് ബഷീര്‍ മത്സരിച്ചിരുന്നു. സോഷ്യലിസ്റ്റ് നേതാവായിരുന്ന എം പി വീരേന്ദ്രകുമാര്‍ കെ ജി മാരാര്‍ ഉള്‍പ്പെടെയുള്ള ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് കല്‍പ്പറ്റയില്‍ നിന്ന് മത്സരിച്ചത്.
1977ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും മുന്‍ കെപിസിസി അധ്യക്ഷനും കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയുമായ കെ സുധാകരനും കെ ജി മാരാര്‍ അടക്കമുള്ള നേതാക്കള്‍ അണിനിരന്ന ജനതാ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയുടെ ഭാഗമായതോടെയാണ് കെ സുധാകരന് കെ ജി മാരാര്‍ അടക്കമുള്ള ജനസംഘം നേതാക്കള്‍ക്കൊപ്പം ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. ഈ നിലയില്‍ 1977 മുതല്‍ ഏതാണ്ട് രണ്ട് വര്‍ഷത്തോളം ജനതാ പാര്‍ട്ടിയില്‍ കെ ജി മാരാരുടെ സഹപ്രവര്‍ത്തകനായിരുന്ന കെ സുധാകരന് പിന്നീട് 1984 കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയും പിന്നീട് കെപിസിസി പ്രസിഡന്റാകുകയും ചെയ്തിരുന്നു. 1977ല്‍ കെ ജി മാരാര്‍ അടക്കമുള്ള ജനതാ പാര്‍ട്ടിയുമായി സഹകരിച്ച ഇ ടി മുഹമ്മദ് ബഷീര്‍ പിപിവി മൂസ് എന്നിവര്‍ പിന്നീട് മുസ്ലിം ലീഗിലെത്തുകയും കോണ്‍ഗ്രസുമായി സഹകരിക്കുകയും ചെയ്തിരുന്നു. 1977ല്‍ ജനതാപാര്‍ട്ടിയുടെ ഭാഗമായിരുന്ന എം കമലം, എം പി വീരേന്ദ്രകുമാര്‍ എന്നിവരും പിന്നീട് കോണ്‍ഗ്രസിന്റെ ഭാഗമാകുകയോ കോണ്‍ഗ്രസുമായി സഹകരിക്കുകയോ ചെയ്തവരാണ്.
ഇതേ നിലയില്‍ തന്നെ വേണം 'ഉദുമയിലെ സിപിഐഎം-ആര്‍എസ്എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ആര്‍എസ്എസ് നേതാവ് കെ ജി മാരാര്‍' എന്ന പ്രതിപക്ഷ നേതാവിന്റെ വ്യാഖ്യാനത്തെ കാണാന്‍. അരങ്ങില്‍ ശ്രീധരനും, പി വിശ്വംഭരനും, എം പി വീരേന്ദ്ര കുമാറും അടക്കമുള്ള ജനതാ പാര്‍ട്ടിയുടെ അംഗമെന്ന നിലയിലാണ് 1977ലെ തെരഞ്ഞെടുപ്പില്‍ കെ ജി മാരാരും മത്സരിച്ചത്. ഇന്ന് കേരളത്തിലെ യുഡിഎഫിന്റെ പ്രധാന നേതാവായ ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള ഒരു മുന്നണിയുടെ ഭാഗമായാണ് അന്ന് കെ ജി മാരാര്‍ ഉദുമയില്‍ മത്സരിച്ചത്. ഈയൊരു ചരിത്രത്തെയാണ് ആര്‍എസ്എസ് എന്ന വിവരണം നല്കി പ്രതിപക്ഷ നേതാവ് കൂടുതല്‍ സ്ഫോടനാത്മകമാക്കിയിരിക്കുന്നത്.
പാലക്കാട് മത്സരിച്ച സിപിഐഎം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന് നിഷേധിക്കുമോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിലും വസ്തുതകളെ ബോധപൂര്‍വ്വം വഴിതെറ്റിക്കാനുള്ള ശ്രമം വ്യക്തമാണ്. 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിയുടെ ഭാഗമായാണ് പാലക്കാട് സിപിഐഎം നേതാവായ ശിവദാസ മേനോന് മത്സരിച്ചത്. അഖിലേന്ത്യാ തലത്തില്‍ ജനതാ പാര്‍ട്ടിയുടെ പ്രധാന നേതാവ് എന്ന നിലയിലാണ് ലോക്സഭയിലേയ്ക്ക് മത്സരിച്ച ശിവദാസ മോനോന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എല്‍ കെ അദ്വാനി എത്തിയത്.
പിന്നീട് ജനതാ പാര്‍ട്ടിയുടെയും പ്രതിപക്ഷ സഖ്യ സര്‍ക്കാരിന്റെയും തകര്‍ച്ചയിലേയ്ക്ക് നയിച്ച പ്രധാന കാരണവും ഈ ഘട്ടത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ജനതാ പാര്‍ട്ടിയിലെ ജനസംഘം നേതാക്കളുടെ ഇരട്ട അംഗത്വവുമായി ബന്ധപ്പെട്ടായിരുന്നു ജനതാ പാര്‍ട്ടിയില്‍ വൈരുദ്ധ്യങ്ങള്‍ ഉരുണ്ട് കൂടിയതും സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതും. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ പ്രതിപക്ഷ ഐക്യം ആലോചിക്കാന്‍ 1976ല്‍ ചേര്‍ന്ന യോഗത്തില്‍ തന്നെ ചൗധരി ചരണ്‍സിംഗ് ഗൗരവമായി ഈ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു. ആര്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പുതിയ പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് ആര്‍എസ്എസില്‍ ചേരാനോ കഴിയില്ലെന്ന് ചരണ്‍ സിംഗ് തീര്‍ത്തു പറഞ്ഞിരുന്നു. ഇരട്ട അംഗത്വം അനുവദിക്കാന്‍ കഴിയില്ലെന്നും പുതിയ പാര്‍ട്ടിയില്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയില്ലെന്നും ചരണ്‍ സിംഗ് വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടിക്ക് അനുയോജ്യമെന്ന് തോന്നുന്ന ഏത് വ്യവസ്ഥകളും വയ്ക്കാമെന്നും നിലവില്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടു, അത് പിരിച്ചുവിടപ്പെട്ടു എന്നുമായിരുന്നു യോഗത്തില്‍ ജനസംഘത്തിന് വേണ്ടി സംസാരിച്ച ഒ പി ത്യാഗി വ്യക്തമാക്കിയത്. പിന്നീട് പ്രതിപക്ഷ മുന്നണി അധികാരത്തില്‍ ഏറിയതിന് പിന്നാലെ ചരണ്‍ സിംഗ് ചൂണ്ടിക്കാണിച്ച ഇരട്ട അംഗത്വ വിഷയം ഉയര്‍ന്ന് വന്നതും മറക്കാന്‍ കഴിയില്ല. ജനതാ പാര്‍ട്ടിയിലെ ജനസംഘം ഫ്രാക്ഷന് എന്ന തിരിച്ചറിവിലാണ് ജനതാ പാര്‍ട്ടി സര്‍ക്കാരുമായി പിന്തിരിയുന്ന നിലപാടിലേയ്ക്ക് സിപിഐഎമ്മിനെയും മാറ്റി ചിന്തിപ്പിച്ചത്.
ആര്‍എസ്എസും-സിപിഐഎമ്മും തമ്മിലുണ്ടായിരുന്ന ധാരണയുടെ ഭാഗമായിരുന്നില്ല ഈ സംഭവങ്ങളെല്ലാം എന്ന് വ്യക്തമാണ്. ആര്‍എസ്എസിനെ കൂട്ടിക്കെട്ടിയുള്ള 1977ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വി ഡി സതീശന്റെ വ്യാഖ്യാനം 'അശ്വത്ഥാമാ ഹതഃ കുഞ്ജരഃ' എന്ന ധര്‍മ്മപുത്രര്‍ ലൈന്‍ തന്ത്രമായി മാത്രം വേണം കണക്കാക്കാന്‍. ഈ നിലയില്‍ വ്യാഖ്യാനിച്ചാല്‍ അക്കാലത്ത് ജനതാ പാര്‍ട്ടിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയും 1977ല്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്നു എന്നും വി ഡി സതീശന് പറഞ്ഞ് വെയ്ക്കേണ്ടി വരും.
1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഐഎം നേതാക്കളായ ഇഎംഎസും ജ്യോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്. 1989ല്‍ അധികാരത്തില്‍ വന്ന വി പി സിംഗിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഫ്രണ്ട് സര്‍ക്കാരിന് ഇടതുപക്ഷവും ബിജെപിയും പുറത്ത് നിന്ന് പിന്തുണ നല്കിയ കാലഘട്ടം മനസ്സില്‍ വെച്ചാണ് പ്രതിപക്ഷ നേതാവ് ഇത് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തം. കോണ്‍ഗ്രസ് ആര്‍എസ്എസിന് പ്രിയപ്പെട്ട ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച ഒരു കാലഘട്ടത്തിന്റെ വിളവെടുപ്പ് കാലത്തെ കൂടിയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
അടിയന്തരാവസ്ഥയുടെ ആദ്യഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. ഇക്കാലയളവില്‍ ജയിലിലായിരുന്ന ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹേബ് ദേവറാസ് ഇന്ദിരാ ഗാന്ധിക്ക് കത്തുകള്‍ അയച്ച വിവരം പിന്നീട് പുറത്ത് വന്നിട്ടുണ്ട്. '1975 ഓഗസ്റ്റ് 15-ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ആകാശവാണിയില്‍ സംപ്രേഷണം ചെയ്ത നിങ്ങളുടെ സന്ദേശം ഞാന്‍ ജയിലില്‍ നിന്ന് ശ്രദ്ധയോടെ കേട്ടു. നിങ്ങളുടെ പ്രസംഗം അവസരത്തിന് അനുയോജ്യവും സമതുലിതവുമായിരുന്നു' എന്ന് ഇന്ദിരാ ഗാന്ധിക്ക് ആര്‍എസ്എസ് മേധാവി കത്തെഴുതിയ വിവരം പിന്നീട് പുറത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റോഫ് ജാഫ്രെലോട്ട്, പ്രതിനവ് അനില്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച 'India’s First Dictatorship: The Emergency, 1975-1977' എന്ന പുസ്തകം ആർഎസ്എസ് മേധാവിയും ഇന്ദിരാ ഗാന്ധിയും തമ്മിൽ നടന്ന ആശയവിനിമയം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നിലയില്‍ അടിയന്തരാവസ്ഥ കാലം മുതല്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ബന്ധം പുതിയ മാനങ്ങളിലേയ്ക്ക് കടന്ന നിരവധി സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ വെളിപ്പെടുത്തലുകള്‍ പല ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് മുമ്പ് തന്നെ പലഘട്ടങ്ങളില്‍ ഇന്ദിരാ ഗാന്ധിയെ ആര്‍എസ്എസ് പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങളും ഇതിനകം വസ്തുതാപരമായി തന്നെ പുറത്ത് വന്നിട്ടുണ്ട്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും ആര്‍എസ്എസുമായി ഉണ്ടായിരുന്ന സങ്കീര്‍ണ്ണമായ ബന്ധങ്ങളെക്കുറിച്ച് 2023 ഒക്ടോബറിലെ കാരവനില്‍ എഴുതിയ 'ഹിന്ദു കാര്‍ഡ്, സംഘത്തിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് എങ്ങനെയാണ് നിയമവിധേയമാക്കിയത്' എന്ന ലേഖനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തനായ ഖുര്ബന് അലി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്ങനെയാണ് ഭൂരിപക്ഷ വര്‍ഗീയത അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ ദശകങ്ങളില്‍ ഇന്ത്യയുടെ രാഷ്ട്രീയ ബോധ്യങ്ങളില്‍ വേരാഴ്ത്തിയതെന്ന് ആഴത്തില്‍ വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം. 1980കള്‍ക്ക് ശേഷം അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭങ്ങള്‍ തളിര്‍ത്ത് പടര്‍ന്ന സാഹചര്യം വളരെ സൂക്ഷ്മമായി ഈ ലേഖനം പരിശോധിച്ച് പോകുന്നുണ്ട്. 1980ല്‍ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ ആര്‍എസ്എസ് നല്കിയ പിന്തുണയും പിന്നീട് ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പരസ്യമായി പിന്തുണച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.
ഈ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായിരുന്നു പിന്നീട് രാജീവ് ഗാന്ധി ഭരണകാലത്ത് അയോധ്യയിലെ ബാബറി മസ്ജിദിന്റെ അകത്തെ കവാടം ഹിന്ദു വിഭാഗങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്ന് കൊടുത്തതും തര്‍ക്ക ഭൂമിയില്‍ ക്ഷേത്രത്തിന് ശിലാന്യാസം നടത്താന്‍ അനുമതി നല്കിയതും. അക്കാലത്ത് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ ബിജെപിയെക്കാള്‍ സഹായകമായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസായിരുന്നു എന്നത് ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഹിന്ദുത്വ സമീപനങ്ങളും ബൊഫോഴ്സ് അടക്കമുള്ള അഴിമതി ആരോപണങ്ങളും രാജീവ് ഗാന്ധി ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലായിരുന്നു 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 1984ല്‍ 414 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സര്‍ക്കാരിന് 1989ല്‍ ജനപിന്തുണ കുത്തനെ ഇടിയുന്നതാണ് പിന്നീട് കണ്ടത്. 1989ലെ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചത് ഇതായിരുന്നു. കേവല ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത് 197 സീറ്റുകള്‍ മാത്രമാണ്. 1984നെക്കാള്‍ 217 സീറ്റുകള്‍ കുറവായിരുന്നു ഇത്. ഈ സാഹചര്യത്തിലായിരുന്നു 143 സീറ്റുകള്‍ നേടിയ ജനതാദള്‍ ഉള്‍പ്പെടുന്ന നാഷണല്‍ ഫ്രണ്ടിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇടതുപക്ഷം പുറത്ത് നിന്ന് പിന്തുണ നല്‍കിയത്. 85 സീറ്റ് നേടിയ ബിജെപിയും വി പി സിംഗ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്കി. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചത് പോലെ ഒരു പൊതുമിനിമം പരിപാടിയുടെ മാതൃകയിലൊന്നുമായിരുന്നില്ല 1989ലെ പിന്തുണ. തെരഞ്ഞെടുപ്പിന് മുമ്പായി തന്നെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ അഴിമതി-വര്‍ഗീയ നിലപാടുകള്‍ക്ക് എതിരെ രൂപപ്പെട്ട പ്രതിപക്ഷ സഹകരണത്തിന്റെ കൂടി ഭാഗമായിരുന്നു ഈ പിന്തുണ.
വി പി സിംഗ് അധികാരത്തില്‍ വന്ന സമയത്ത് ബിജെപി ഹിന്ദുത്വ അജണ്ടയുടെ തീവ്രനിലപാടുകള്‍ ആ നിലയില്‍ പ്രകടിപ്പിച്ചിരുന്നില്ല. ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ അജണ്ടകള്‍ക്ക് കീഴടങ്ങിയായിരുന്നില്ല വി പി സിംഗ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. വി പി സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒബിസി സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബിജെപിക്ക് സ്വീകാര്യമായിരുന്നില്ല. മേല്‍ജാതി വിഭാഗങ്ങളുടെ വികാരം അനുകൂലമാക്കാന്‍ മണ്ഡല് വിരുദ്ധ സമരങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വിരുദ്ധ സമീപനമായിരുന്നു സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ സമീപനവും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ബിജെപിയുടെ ധ്രുവീകരണ അജണ്ടയ്ക്ക് കീഴടങ്ങാതെ വി പി സിംഗ് സര്‍ക്കാര്‍ മുന്നോട്ട് പോയി. പിന്നീട് ഹിന്ദുത്വ വികാരം ആളികത്തിക്കുന്നതിനായിട്ടായിരുന്നു എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേയ്ക്ക് രഥയാത്ര പ്രഖ്യാപിച്ചത്. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് കീഴ്പ്പെടാന്‍ വി പി സിംഗ് സര്‍ക്കാരും ജനതാദളും തയ്യാറായില്ല. 1990 ഒക്ടോബര്‍ 23ന് ബിഹാറിലെ സമസ്തിപൂരില്‍ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ വി പി സിംഗിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഫ്രണ്ട് മുന്നണിക്കുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് കൂടി അടയാളപ്പെടുത്തുമ്പോള്‍ മാത്രമേ 1989ലെ രാഷ്ട്രീയ ചിത്രം പൂര്‍ണ്ണമായി അനാവൃതമാകുകയുള്ളു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ തടഞ്ഞ മതേതര സര്‍ക്കാര്‍ ലോക്സഭയില്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ ബിജെപിക്കൊപ്പം വി പി സിംഗ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസും വോട്ട് ചെയ്തിരുന്നു. വി പി സിംഗ് സര്‍ക്കാര്‍ പുറത്തായി രണ്ട് വര്‍ഷത്തിനകം ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തു എന്നതും അപ്പോള്‍ കോണ്‍ഗ്രസ് നേതൃത്തിലുള്ള സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചിരുന്നത് എന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ മാത്രമേ ഈ ചിത്രം പൂര്‍ണ്ണമാകുകയുള്ളു.
1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഐഎം നേതാക്കളായ ഇഎംഎസും ജ്യോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിലും തെറ്റിദ്ധരിപ്പിക്കുന്ന പുകമറയുണ്ട്. ഇതിന് തെളിവെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് എഫ് ബിയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും മുമ്പുള്ള ഒരു ചിത്രമാണ്. ഏതെങ്കിലും നിലയില്‍ അധികാര സഖ്യവുമായി ബന്ധപ്പെട്ട ചിത്രമല്ല. 12 പ്രതിപക്ഷ കക്ഷികളുടെ എംപിമാര്‍ കൂട്ടരാജി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനായി ആന്ധ്രാഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ ചിത്രമാണ് വി ഡി സതീശന് പങ്കുവെച്ചിരിക്കുന്നത്. അത് വ്യക്തമായി പറയാമായിരുന്നിട്ടും കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഐഎം നേതാക്കള്‍ ബിജെപി നേതാക്കളുമായി കൂട്ടുചേര്‍ന്നു എന്ന ദ്യോതിപ്പിക്കല്‍ യാദൃശ്ചികമാണെന്ന് കാണണാനാവില്ല. നാഷണല്‍ ഫ്രണ്ട് ചെയര്‍മാനായിരുന്ന എന്‍ ടി രാമറാവു, ജനതാദള്‍ പ്രസിഡന്റായിരുന്ന വി പി സിംഗ്, ബിജെപി നേതാക്കളായിരുന്ന എല്‍ കെ അദ്വാനി, എ ബി വാജ്പേയി, സുര്‍ജിത് സിംഗ് ബര്‍ണാല, രാം വിലാസ് പാസ്വാന്, സിപിഐ (എം) നേതാക്കളായിരുന്ന ജ്യോതി ബസു, ഇ എംഎസ് നമ്പൂതിരിപ്പാട്, സിപിഐ നേതാവായിരുന്ന സി രാജേശ്വര റാവു എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. ബൊഫോഴ്സ് കമ്പനിയില്‍ നിന്ന് 1.3 ബില്യണ്‍ ഡോളറിന്റെ ആയുധ കച്ചവടവുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവെയ്ക്കാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെയ്ക്കാന്‍ ആലോചിച്ചത്.
Content Highlights: In the heated run-up to Kerala Assembly Election 2026, CM Pinarayi Vijayan strongly rejects V.D. Satheesan's claim that he won the 1977 election with RSS backing. Pinarayi counters by accusing Congress of ties with Sangh Parivar and challenges K. Sudhakaran & E.T. Muhammad Basheer to correct Satheesan.