സതീശൻ്റെ 'സിദ്ധരാമയ്യ ലൈന്‍' കോൺഗ്രസ് നേതൃത്വം വെട്ടി; രാഷ്ട്രീയ രക്തസാക്ഷികളായി ജാനുവും സണ്ണി കപിക്കാടും

ന്യൂനപക്ഷ-ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കുന്ന ഒരു വിശാല സംവിധാനമായിരിക്കും യുഡിഎഫ് എന്ന പൊതുചിത്രമായിരുന്നു നേരത്തെ വി ഡി സതീശന്‍ നല്‍കിയത്

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്ന ഘട്ടത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സമീപനമാകും യുഡിഎഫ് നടത്തുക എന്ന ചിത്രമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കുവെച്ചിരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കുന്ന സമയത്തായിരുന്നു ഇത്തരമൊരു ആശയത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം വി ഡി സതീശന്‍ മുന്നോട്ട് വെച്ചത്. ന്യൂനപക്ഷ-ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കുന്ന ഒരു വിശാല സംവിധാനമായിരിക്കും യുഡിഎഫ് എന്ന പൊതുചിത്രമായിരുന്നു ഇതുവഴി വി ഡി സതീശന്‍ നല്‍കിയത്. എന്‍എസ്എസ് സമീപകാലത്തെങ്ങുമില്ലാത്ത വിധം ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിക്കുകയും എസ്എന്‍ഡിപി വി ഡി സതീശനെയും കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ്‌ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഇത്തരമൊരു ആശയചിത്രം വരച്ചിട്ടതെന്നതാണ് ശ്രദ്ധേയം.

ഇതിന് പിന്നാലെയാണ് ആദിവാസി വിഭാഗത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്ന സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി എത്തുന്നത്. സി കെ ജാനുവിനെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നായിരുന്നു ജെആര്‍പിയെ മുന്നണിയിലെടുത്തതിന് പിന്നാലെയുള്ള വി ഡി സതീശന്റെ പ്രതികരണം. മുത്തങ്ങ വെടിവെയ്പ്പ് സംബന്ധിച്ചും ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു. മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായതാണെന്നും ആരും ആഗ്രഹിച്ചതല്ലെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം.സി കെ ജാനുവിനൊപ്പം പിന്നാക്ക വിഭാഗം നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെ യുഡിഎഫുമായി സഹകരിപ്പിക്കുമെന്നും ഈ ഘട്ടത്തില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം ഏകപക്ഷീയമാണ് എന്ന നിലപാടെടുത്ത് വിഷ്ണുപുരം ചന്ദ്രശേഖരന്‍ യുഡിഎഫ് സഹകരണം എന്ന പ്രഖ്യാപനത്തോട് മുഖം തിരിച്ചിരുന്നു.

സി കെ ജാനുവിന് കോണ്‍ഗ്രസ് വയനാട്ടില്‍ ഒരു സീറ്റ് നല്‍കുമെന്ന പ്രതീതിയായിരുന്നു സ്ഥാനാര്‍ത്ഥി നിർണ്ണയ ചര്‍ച്ചകളുടെ ആദ്യ നാളുകളില്‍ സൃഷ്ടിക്കപ്പെട്ടത്. ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ കേരളീയ പൊതുമണ്ഡലം കണക്കാക്കുന്ന സി കെ ജാനുവിനെപ്പോലെ ഒരാളെ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ സാമുദായിക നിലപാടുകളിലെ വൈവിധ്യം എന്ന നിലയില്‍ ഈ ഘട്ടത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സണ്ണി എം കപിക്കാടിനെ കോണ്‍ഗ്രസ് വൈക്കത്ത് പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നത്. കേരളത്തിലെ ദളിത്-ആദിവാസി രാഷ്ട്രീയത്തിന്റെ പൊതുപ്രാതിനിധ്യം എന്ന നിലയില്‍ സി കെ ജാനുവിന്റെയും സണ്ണി എം കപിക്കാടിന്റെയും സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം മറ്റ് 138 മണ്ഡലങ്ങളില്‍ യുഡിഎഫിന് സവിശേഷമായ ഒരു മുന്‍കൈ നല്‍കുമെന്നും ദളിത്-ആദിവാസി രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ യുഡിഎഫിന് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നുമാണ് വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാല്‍ വയനാട്ടിലെ രണ്ട് പട്ടികവര്‍ഗ മണ്ഡലങ്ങളിലും വൈക്കത്തും സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചാണ് കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്ത് വന്നത്. സി കെ ജാനുവിനെയും സണ്ണി എം കപിക്കാടിനെയും പരിഗണിക്കാത്ത വിധത്തില്‍ കോണ്‍ഗ്രസിലെ സങ്കുചിതമായ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പരിഗണനകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക ചരുങ്ങുകയായിരുന്നു എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന വിമര്‍ശനവുമായി ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് തന്നെ രംഗത്ത് വന്നിട്ടുണ്ട്. 'സ്ഥാനാര്‍ത്ഥിത്വം അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. യുഡിഎഫ് ഇങ്ങോട്ട് ഓഫര്‍ ചെയ്തതാണ്. അവര്‍ രാഷ്ട്രീയ സത്യസന്ധത കാണിക്കുമെന്ന് വിചാരിച്ചു എന്ന് മാത്രം. അവരുടെ രാഷ്ട്രീയ സാഹചര്യംവെച്ച് തീരുമാനങ്ങള്‍ മാറ്റിയെടുക്കാനുളള അവകാശം അവര്‍ക്കുണ്ട്. അതിനെ ചോദ്യംചെയ്യുന്നില്ല. കേരളത്തിലെ പതിനെട്ടോളം സംഘടനകളുടെ നേതാക്കള്‍ ഒരുമിച്ചുകൂടുന്ന നേരത്താണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പുതന്നത്. പറ്റിച്ചു എന്ന വാക്കൊന്നും രാഷ്ട്രീയത്തിലില്ല. സാഹചര്യം അനുസരിച്ചും സ്വാധീനം അനുസരിച്ചും മാറും. സീറ്റ് കിട്ടാന്‍ പ്രത്യേകം പുറകെ നടന്ന ആളല്ല ഞാന്‍. അവര്‍ ഓഫര്‍ ചെയ്തതാണ്. അവര്‍ക്ക് വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല' എന്നായിരുന്നു സണ്ണി എം കപിക്കാടിന്റെ പ്രതികരണം. വി ഡി സതീശന്‍ മുന്‍കൈ എടുത്ത ഒരു നീക്കം പാളിപ്പോയതിനെക്കുറിച്ചുള്ള സൂചന സണ്ണി എം കപിക്കാടിന്റെ മറുപടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പതിനെട്ടോളം സംഘടനകളുടെ നേതാക്കള്‍ ഒരുമിച്ച് കൂടുന്ന നേരത്താണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പ് നല്‍കിയതെന്ന സണ്ണി എം കപിക്കാടിന്റെ വെളിപ്പെടുത്തല്‍ എത്രമാത്രം വിപുലമായിട്ടായിരുന്നു വി ഡി സതീശന്റെ നീക്കം എന്ന് കൂടിയാണ് വ്യക്തമാക്കുന്നത്. എന്നാൽ സണ്ണി എം കപിക്കാട് സീറ്റ് ആവശ്യപ്പെട്ട് ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്ന ഏറ്റവും ഒടുവിലത്തെ പ്രസ്താവനയിലൂടെ മുൻ നിലപാടുകൾ പലതും വി ഡി സതീശൻ ഒറ്റയടിക്ക് വിഴുങ്ങുന്നു എന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്

1957ല്‍ അടക്കം ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മാത്രമാണ് വൈക്കത്ത് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്, 1996ന് ശേഷം ഇവിടെ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് പാനലിന് പൊതുസ്വീകാര്യത ലഭിക്കുമായിരുന്ന സണ്ണി എം കപിക്കാടിന്റെ സ്ഥാനാര്‍ത്ഥിത്വം വൈക്കത്ത് കോണ്‍ഗ്രസ് നേതൃത്വം നിരാകരിച്ചത് വി ഡി സതീശന്റെ ആശയം സ്വീകാര്യമല്ല എന്നതിന്റെ കൂടി സൂചനയായി വേണം വായിക്കാന്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കാല്‍ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് സിപിഐ ജയിക്കുന്ന വൈക്കത്ത് സംസ്ഥാനം മുഴുവന്‍ ഒരു പൊതുസ്വീകാര്യത കിട്ടാവുന്ന അവസരം കോണ്‍ഗ്രസ് ഇല്ലാതാക്കിയത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്. തലയാഴം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോനെയാണ് കോണ്‍ഗ്രസ് വൈക്കത്ത് പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈക്കം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മത്സരിച്ച കെ ബിനിമോന്‍ പരാജയപ്പെട്ടിരുന്നു.

സി കെ ജാനു മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന മാനന്തവാടി അടക്കം വയനാട്ടിലെ രണ്ട് പട്ടികവര്‍ഗ സംവരണ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ടേമായി കോണ്‍ഗ്രസ് തോല്‍ക്കുന്ന മാനന്തവാടിയില്‍ മത്സരിക്കാനുള്ള ആഗ്രഹവും അതിലേറെ അവകാശവാദവും സി കെ ജാനു ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടുള്ള യുഡിഎഫ് അണികളുടെ എതിര്‍പ്പായിരുന്നു എല്‍ഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായകമായത്. 2016ലും 2021ലും പരാജയപ്പെട്ട പി കെ ജയലക്ഷ്മിയെ കോണ്‍ഗ്രസ് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇവിടെ സി കെ ജാനുവിനെ കോണ്‍ഗ്രസ് പരിഗണിച്ചില്ല. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ വിജയനെയാണ് യുഡിഎഫ് മാനന്തവാടിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സി കെ ജാനു കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സുല്‍ത്താന്‍ ബത്തേരിയിലും അവര്‍ ഇത്തവണ പരിഗണിക്കപ്പെട്ടില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്ത് എത്താന്‍ സി കെ ജാനുവിന് സാധിച്ചിരുന്നു. ഇതില്‍ 2016ല്‍ കാല്‍ലക്ഷത്തിലേറെ വോട്ടുകളും സി കെ ജാനു നേടിയിരുന്നു. കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണനെയാണ് കോണ്‍ഗ്രസ് ഇത്തവണയും സുല്‍ത്താന്‍ ബത്തേരിയില്‍ പരിഗണിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനും ലീഗിനും ശക്തമായ വേരോട്ടമുള്ള ബത്തേരിയിലും കോണ്‍ഗ്രസ് സി കെ ജാനുവിനെ പരിഗണിക്കാന്‍ തയ്യാറായില്ല.

കോണ്‍ഗ്രസ് വെട്ടിയത് വി ഡി സതീശന്റെ ദേവ്‌രാജ് അരസിനെ പിന്‍പറ്റുന്ന സിദ്ധരാമയ്യ ലൈന്‍

വയനാട്ടില്‍ സി കെ ജാനുവിനെയും വൈക്കത്ത് സണ്ണി എം കപിക്കാടിനെയും പരിഗണിക്കാതെ വന്നതോടെ പ്രാന്തവത്കരിക്കപ്പെട്ട വിഭാഗങ്ങളെ അടക്കം ഉള്‍ക്കൊള്ളിക്കുന്ന സാമുദായിക-രാഷ്ട്രീയ കുട എന്ന വി ഡി സതീശന്‍ ലൈന്‍ കെപിസിസിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തള്ളിക്കളഞ്ഞു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കര്‍ണാടകയില്‍ 1970കളില്‍ ദേവ്‌രാജ് അരസ് ആവിഷ്‌കരിച്ച 'അഹിന്ദ' പരീക്ഷണത്തിന്റെ മറ്റൊരു വകഭേദമായിരുന്നു 2026ലെ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വി ഡി സതീശന്‍ മുന്നോട്ട് വെച്ചത്. കഴിഞ്ഞ രണ്ട് ടേമായി കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സഹായമാകുന്നതും ദേവ്‌രാജ് അരസിന്റെ ആശയത്തെ മുന്‍നിര്‍ത്തി സിദ്ധരാമയ്യ ആവിഷ്‌കരിച്ചിരിക്കുന്ന സാമുദായിക സമവാക്യങ്ങളാണ്.

കര്‍ണാടകയിലെ അധികാര രാഷ്ട്രീയത്തില്‍ ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ ശക്തരായ സമുദായങ്ങളുടെ ആധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനായിരുന്നു ദേവ്‌രാജ് അരസ് 'അഹിന്ദ' എന്ന പരീക്ഷണത്തിന് മുതിര്‍ന്നത്. കന്നഡയിലെ മൂന്ന് വാക്കുകളുടെ ചുരുക്കരൂപമാണ് 'അഹിന്ദ' എന്ന് വിവക്ഷിക്കപ്പെടുന്നത്. 'അ' എന്നത് ന്യൂപക്ഷങ്ങളെ സൂചിപ്പിക്കുന്ന അല്‍പ്പസംഖ്യാതരു എന്നതിനെയും 'ഹി' എന്നത് പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുലിതയെയും 'ന്ദ/ദ' എന്നത് ദളിതരെ സൂചിപ്പിക്കുന്ന ദളിതരു എന്നതിനെയുമായിരുന്നു പ്രതിനിധാനം ചെയ്യുന്നത്. ഈ നിലയില്‍ ന്യൂനപക്ഷ-ദളിത്-പിന്നാക്ക ഐക്യത്തെ ചേര്‍ത്ത് പിടിച്ച് കര്‍ണാകടയില്‍ അധികാര രാഷട്രീയത്തില്‍ പുതിയൊരു സാധ്യത വെട്ടിത്തുറക്കാന്‍ ദേവ്‌രാജ് അരസിന് സാധിച്ചിരുന്നു. പിന്നീട് തുടര്‍ഭരണം സാധ്യമാകുന്ന നിലയില്‍ കോണ്‍ഗ്രസിനെ വീണ്ടും കര്‍ണാടകയില്‍ ശക്തിപ്പെടുത്താന്‍ സിദ്ധാരാമയ്യ പ്രയോഗിച്ചതും ദേവ്‌രാജ് അരസിന്റെ അഹിന്ദ പരീക്ഷണമായിരുന്നു. ഏറ്റവും കൂടുതൽ കാലം കർണാടകയിൽ മുഖ്യമന്ത്രി പദത്തിലിരുന്നുവെന്ന ദേവ്‌രാജ് അരസിൻ്റെ പേരിലുണ്ടായിരുന്ന റെക്കോർഡും അടുത്തിടെ സിദ്ധരാമയ്യ സ്വന്തമാക്കിയിരുന്നു. അതിൻ്റെ പിൻബലമായതും ഒരുപിരിധി വരെ അഹിന്ദ പരീക്ഷണം തന്നെയായിരുന്നു.

ഇതേ മാതൃകയില്‍ കേരളത്തില്‍ ഒരു നീക്കമായിരുന്നു വി ഡി സതീശന്‍ ലക്ഷ്യമിട്ടത്. എന്‍എസ്എസും എസ്എന്‍ഡിപിയും കേരളത്തിലെ രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ട് വിലപേശല്‍ ശക്തിയാകുന്നു എന്ന തോന്നലാവാം ഒരുപക്ഷേ വി ഡി സതീശനെ അതിന് പ്രേരിപ്പിച്ചിരിക്കുക. തന്റെ ലക്ഷ്യം വിശാലമായ 'സാമുദായിക-രാഷ്ട്രീയ കുട' തന്നെയാണെന്നും അതില്‍ ന്യൂനപക്ഷ-ആദിവാസി-ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി വി ഡി സതീശന്‍ പരോക്ഷമായി പലവട്ടം സൂചിപ്പിച്ചിരുന്നു. ഈ ആശയത്തെ പ്രതിഫലിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ നീക്കമായിരുന്നു സി കെ ജാനുവിന്റെയും സണ്ണി എം കപിക്കാടിന്റെയും സ്ഥാനാര്‍ത്ഥിത്വം. എന്തായാലും കേരളത്തിന്റെ സിദ്ധാരാമയ്യ ആകാന്‍ വി ഡി സതീശന്‍ മുതിരേണ്ടെന്ന് കോണ്‍ഗ്രസിലെ തലതൊട്ടപ്പന്മാര്‍ ആരോ തീരുമാനിച്ചു എന്നാണ് പുതിയ സാഹചര്യത്തില്‍ വിലയിരുത്തേണ്ടത്. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് കൈകൊണ്ട മണ്ടൻതീരുമാനങ്ങളിൽ ഒന്നായി ഭാവിയിൽ ഇത് വിലയിരുത്തപ്പെടുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Content Highlights: Kerala Congress faces fresh internal turmoil as high command reportedly rejects Opposition Leader VD Satheesan's 'Siddaramaiah-style' approach. Activists Janu and Sunny M Kapikkad portrayed as 'political martyrs' amid factional disputes and seat-sharing tensions ahead of 2026 Assembly polls.

To advertise here,contact us