പ്രവാസിയും ഈ നാട്ടുകാരനാണ്, ചില കാര്യങ്ങൾ ചെയ്തുതരാൻ സർക്കാരിന് ബാധ്യതയുണ്ട്

കേരളത്തിൽനിന്നുള്ള സജീവ പ്രവാസത്തിന് ആറുപതിറ്റാണ്ടിലധികം പ്രായമായിട്ടും ആരും കണ്ണക്കിലെടുക്കാത്ത നിരവധി പ്രശ്നങ്ങളുണ്ട്

പ്രവാസി എന്ന വാക്കിനുപുറകിൽ അത്യധ്വാനത്തിന്റെയും വേദനയുടേയും കഥകളുണ്ട്. അതിന്റെ ആഴവും പരപ്പുമറിയാതെ പ്രവാസിയെ തങ്ങൾക്കാവശ്യമുള്ളവിധം ഉപയോഗിക്കുകയാണ് കേരളം. കേരളത്തിന് വളർച്ചയുടെ വഴിവെട്ടിക്കൊടുത്തതിനുള്ള അഭിനന്ദനം ലഭിച്ചില്ലെങ്കിലും തളർച്ചയിൽ താങ്ങിനിർത്തിയതിനുള്ള അംഗീകാരമെങ്കിലും ഓരോ പ്രവാസിയും പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം നാട്ടിലായാലും ഉപജീവനത്തിനായി പുലരുന്ന നാട്ടിലായാലും അവന്റെ ജീവിതത്തിന് ചില ഉറപ്പുകളാണാവശ്യം. പ്രവാസീക്ഷേമത്തിനായുള്ള കാര്യപ്പെട്ട നിർദ്ദേശങ്ങളും അത് നടപ്പിൽവരുത്താനാവശ്യമായ ആർജവവും ഈ വരുന്ന സംസ്ഥാന ബജറ്റിൽ ഇടം കണ്ടെത്തേണ്ടതുണ്ട്. അതിനൊപ്പം, അന്യദേശത്താണെങ്കിലും കേരളത്തിന്റെ നേരവകാശിയാണ് ഓരോ പ്രവാസിയുമെന്ന തിരിച്ചറിവും ഭരണകൂടത്തിനുണ്ടാവണം.

കേരളത്തിൽനിന്നുള്ള സജീവ പ്രവാസത്തിന് ആറുപതിറ്റാണ്ടിലധികം പ്രായമായിട്ടും ആരും കണ്ണക്കിലെടുക്കാത്ത നിരവധി പ്രശ്നങ്ങളുണ്ട് ഓരോ പ്രവാസിക്കും പറയാൻ. ഇതിലധികവും,കേരളത്തിൽനിന്ന് ഏറ്റവുമധികം സാധാരണക്കാർ തൊഴിൽതേടി പോയിട്ടുള്ള ഗൾഫ് നാടുകളിലേതാണ്.

ഞങ്ങളുടെ കുട്ടികൾക്കുംവേണം മികച്ച വിദ്യാഭ്യാസം

വിദ്യാഭ്യാസത്തെ സാമൂഹിക മൂലധനമായി കാണുന്ന ഒരു നാട്ടിലാണ് ഗൾഫ് മലയാളികളുടെ ആദ്യ തലമുറ മുഴുവൻ ജനിച്ചത്. കേരളം നൽകിയ വിദ്യാഭ്യാസമാണ് ഇവരിൽ വലിയൊരു പങ്കിനെയും അന്യനാട്ടിൽ തൊഴിൽ നേടുന്നതിന് പ്രാപ്തരാക്കിയതും. തൊഴിൽ ചെയ്യുന്ന നാട്ടിലേക്ക് കുടുംബത്തെ കൊണ്ടുപോവുന്നതിന് പര്യാപത്മായ തൊഴിൽ നേടാൻ ആ വിദ്യാഭ്യാസം അവരെ യോഗ്യരാക്കി. എന്നാൽ പ്രവാസി മലയാളിയുടെ രണ്ടാം തലമുറക്ക് ഗൾഫ് നാടുകളിൽകിട്ടുന്ന പഠനാവസരങ്ങൾ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ നിരാശാജനകമാണ്.

നല്ലൊരു വിദ്യാർത്ഥിക്ക്, പന്ത്രണ്ടാം ക്ലാസുവരെമാത്രമേ ഗൾഫിൽ തൃപ്തികരമായ പഠന സൗകര്യമുള്ളൂ. ഹയർസെക്കന്ററി വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക നൈപുണികൾ പകരുന്ന കോഴ്സുകൾ കുറവാണ്. ഉള്ളവയാവട്ടെ കിലോമീറ്ററുകൾ യാത്ര ചെയ്ത് എത്തിപ്പെടേണ്ടവിധത്തിൽ വിരളവുമാണ്. ബിരുദ പഠനത്തിനുള്ള അവസരങ്ങൾ നന്നേ കുറവ്. തൊഴിൽ ലഭ്യതക്കും ഗവേഷണത്തിനുമുതകുന്ന ബിരുദാനന്ത ബിരുദ കോഴ്സുകൾ അതിനേക്കാൾ കുറവ്. പ്രവേശനം ലഭിക്കാനും കോഴ്സ് പൂർത്തിയാക്കാനും വൻതുക മുടക്കേണ്ടിയും വരുന്നു.

കേരളത്തിലെ സർവകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളെ സഹകരിപ്പിച്ചു പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ മലയാളി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശ സർവകലാശാലകളുടെ സേവനം ലഭ്യമാക്കുന്നതിന് കേരളം മുൻകൈയെടുക്കേണ്ടതുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എമിറേറ്റ്സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിഭവശേഷി കൈമാറ്റത്തിനുള്ള അവസരമൊരുക്കുകയും വേണം. അല്ലെങ്കിൽ കുടുംബസമേതം പ്രവാസജീവിതം തിരഞ്ഞെടുത്തിട്ടും പഠനത്തിനായി മക്കളെ കേരളത്തിലേക്കയക്കേണ്ട അവസ്ഥ പ്രവാസിക്കുണ്ടാവും.

50-60 ലക്ഷം രൂപയുടെ ബാധ്യത തലയിലേറ്റിയാണ് മലയാളി വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് ഉപരിപഠന സാധ്യതകൾ തിരഞ്ഞുപോവുന്നത്. അത്തരമൊരു കുടിയേറ്റത്തിന് സ്വന്തം മക്കളെ അയയ്ക്കാൻ ഗൾഫ് നാടുകളിലെ മധ്യവർഗ മലയാളിക്ക് പറ്റില്ല. സ്വന്തം നാടിന്റെ തണലില്ലാത്തവരാണ് അവർ. എൻആർഐ സീറ്റുകളിലൂടെ അവരെ കൊള്ളയടിക്കുന്നതവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണം. അവർക്കുവേണ്ടത് കേരളത്തിൻ്റെ കൈത്താങ്ങാണ്.

എവിടെ ഞങ്ങളുടെ വോട്ട്

പ്രവാസി വോട്ടവകാശത്തെക്കുറിച്ച് ഏറെ ചർച്ചകൾ എക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നിട്ടും പ്രവാസിക്കിതുവരെ അവൻ എവിടെയാണോ ആ നാട്ടിലിരുന്ന് വോട്ടുചെയ്യാൻ അവസരമില്ല. എമിറേറ്റ്സിൽ മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് തങ്ങളുടെ നാട്ടിലെ തിരഞ്ഞെടുപ്പിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരമൊരുക്കുമ്പോൾ തിരഞ്ഞെടുപ്പുകാലത്ത് നാട്ടിലെ ചാനലുകളിലെ തിരഞ്ഞെടുപ്പ് യുദ്ധം കണ്ട് തൃപ്തിയടയേണ്ട നിസ്സഹായതയിലാണ് മലയാളികൾ. നാട്ടിലെ ചൂടുപിടിച്ച രാഷ്ട്രീയ കാലാവസ്ഥയിൽനിന്ന് മാറി ജീവിക്കേണ്ടിവരുന്നവന് സ്വന്തം വോട്ട് രേഖപ്പെടുത്താനെങ്കിലും അവസരം വേണം. അതിനായി ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്ത് നാട്ടിലേക്ക് വിമാനം കയറേണ്ട അവസ്ഥ മാറണം. വോട്ട് പ്രവാസിയുടെ അവകാശമാവുന്നതോടെ അവൻ്റെ ശബ്ദത്തിന് വിലയുണ്ടാവും. ആർക്കും അത് അവഗണിക്കാനാവില്ല. അതിന് മുൻകൈയെടുക്കണമെന്ന് കേന്ദ്രത്തിനുമുന്നിൽ നിവർന്നുനിന്ന് ആവശ്യപ്പെടാൻ സംസ്ഥാനത്തിന് ഉത്തരവാദിത്വമുണ്ട്. രണ്ടര ലക്ഷം കോടി രൂപ പ്രവാസികൾമാത്രമായി സംസ്ഥാനത്തേക്കെത്തിക്കുന്നുണ്ട്. കേരളത്തിലെ അഞ്ചുവീടുകളിലൊന്ന് പുലരുന്നത് പ്രവാസിയുടെ വിയർപ്പുകൊണ്ടാണ്.

യാത്രയ്ക്ക് കൊള്ളക്കൂലി

നാടിനെ നെഞ്ചിൽച്ചേർത്ത് ശ്വസിക്കുന്ന പ്രവാസിക്ക് മണലാരണ്യം മറ്റൊരു വീടായി കാണാൻ എപ്പോഴും കഴിയണമെന്നില്ല. നാടാണ് അവൻ്റെ നാഡിമിടിപ്പ്. ജീവൻ തുടിക്കുന്നത് അവിടെയാണ്. പക്ഷേ അത്യാവശ്യങ്ങളിൽപ്പോലും തൻ്റെ അസാനിധ്യംകൊണ്ട് നാട്ടിലുള്ള ഉറ്റവരെ വേദനിപ്പിക്കേണ്ടിവരുന്നവരാണ് പ്രവാസികൾ. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ചിലപ്പോൾ അവധിയും കിട്ടിയെന്നു വരാം. പക്ഷേ നാട്ടിലേക്കൊരു ടിക്കറ്റ്. അതെളുപ്പമല്ല!

വിമാനക്കമ്പനികളുടെ കറവപ്പശുക്കളാണ് പ്രവാസികൾ. വീടണയാൻ കൊതിക്കുന്ന മധ്യവർഗ പ്രവാസിയുടെ വഴി മുടക്കുന്നത് വിമാനക്കമ്പനികളുടെ അത്യാർത്തിയാണ്. ഗൾഫ് നാടുകളിലെ സ്കൂളവധിക്കാലത്തും കേരളക്കരയിലെ ഓണക്കാലത്തുമെന്നുവേണ്ട പ്രവാസി പെട്ടിയൊരുക്കുന്ന ഏതു സന്ദർഭത്തിലും വിമാനക്കമ്പനികൾ യാത്രാനിരക്കുയർത്തും. ഇവർക്ക് മൂക്കുകയറിടാനുള്ള കാര്യമായ പരിശ്രമങ്ങൾ കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. സംസ്ഥാനത്തിൻ്റെ കാര്യക്ഷമമായ ഇടപെടൽ ഈ കാര്യത്തിൽ ആവശ്യമാണ്. പ്രവാസീയാത്രാക്ഷേമ പദ്ധതികൾക്കുകൂടി ബജറ്റിൽ ഇടമുണ്ടാവണം.

മനസ്സും ശരീരവും മറ്റൊരു നാട്ടിലെ വെയിലിലും ചൂടിലും എരിച്ചുകളഞ്ഞ മനുഷ്യർ മടങ്ങിവരുന്ന ഒരു കാലമുണ്ട്. ഇനിയാണ് ജീവിതമെന്ന് മനസ്സിൽ കുറിച്ചിട്ടാണ് ആ മടങ്ങിവരവ്. പക്ഷേ തളർന്ന ശരീരവും മനസ്സുമേ അപ്പോൾ അവരുടെ കൈയിലുള്ളൂ. അതിനുവേണ്ടത് സ്വന്തം നാടിൻ്റെ പരിചരണമാണ്. പ്രവാസിയുടെ ആരോഗ്യം നാടിൻ്റെ ഉത്തരവാദിത്വമായി കാണണം. അതിനുള്ള നീക്കിവെപ്പുകൾ സാമ്പത്തിക ആസൂത്രണത്തിൽ ഉൾപ്പെടുത്തണം.

പ്രവാസീക്ഷേമ പദ്ധതികളും സംരഭക സാധ്യതകളും കേരളം മുന്നോട്ടുവെയ്ക്കുന്നുണ്ട്. എന്നാൽ ഒച്ചിഴയുംവേഗമാണ് പലതിനും. ആവശ്യമായ സാമ്പത്തിക സജ്ജീകരണങ്ങളുടെ പിൻബലവും ഇവയ്ക്കുണ്ടാവാറില്ല. പ്രവാസിയുടെ ജീവിതത്തിന് തുച്ഛമായ വിലയിടുന്നതിന് തുല്യമാണിത്. വിലയിടാനാവാത്തത്ര വിലയുണ്ട് കേരളം മറ്റു രാജ്യങ്ങൾക്ക് വിട്ടുകൊടുത്ത മനുഷ്യസമ്പത്തിന്. ഈ നാടിൻ്റെ ഇന്നലെയും ഇന്നും നാളെയും പ്രവാസിക്കുകൂടി അവകാശപ്പെട്ടതാണ്.

പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്

കേരള സമ്പദ് വ്യവസ്ഥയെ ഇളകാതെ പിടിച്ചു നിർത്തുന്ന പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സർക്കാർ പ്രത്യേക നിധി രൂപീകരിക്കണം. നിലവിൽ രക്ഷിതാവ് പ്രവാസിയാണെങ്കിൽ കുട്ടികൾക്ക് എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുന്ന സ്ഥിതിയാണ്. കുടുംബത്തിന്റെയും നാടിന്റെയും സമ്പദ് വ്യവസ്ഥ നിലനിർത്താൻ ജീവിതം ഹോമിക്കുന്നവരാണ് പ്രവാസികൾ. പ്രവാസം കൊണ്ട് രക്ഷപ്പെട്ട ഏതാനും പേരെ നോക്കി ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ മക്കൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. തിരിച്ചെത്തുന്ന പ്രവാസികൾക്ക് ശരിയായ പിന്തുണ നൽകിയാൽ വർഷങ്ങൾ കൊണ്ട് അവർ നേടിയെടുത്ത നൈപുണ്യം നാടിന്റെ സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാവും.

Content Highlights: Government should do certain things to expats, says Muslim League leader Zainul Abideen Safari

To advertise here,contact us