'സ്‌നേഹത്തിന്റെ കടയിലെ വെറുപ്പ്'; കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ് നൽകുന്ന സൂചനയെന്ത്

ബിജെപിയുടെ ബുള്‍ഡോസര്‍ രാജ് രാഷ്ട്രീയം കോണ്‍ഗ്രസും പിന്തുടരുമ്പോള്‍?

1 min read|26 Dec 2025, 10:43 pm

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാല് മണി, ബെംഗളൂരുവിലെ യെലഹങ്കയിലേക്ക് കുറേ ബുള്‍ഡോസറുകള്‍ ഇരച്ചെത്തി. ചെറിയ ഷെഡുകളിലാണെങ്കിലും സമാധാനത്തോടു കൂടി കിടന്നുറങ്ങിയിരുന്ന, സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാമടങ്ങുന്ന അനേകം കുടുംബങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ബുള്‍ഡോസറുകളുടെ ആ വരവ്. 400 ഓളം ന്യൂനപക്ഷ കുടുംബങ്ങള്‍ താമസിച്ചിരുന്ന കൊഗിലു എന്ന ആ പ്രദേശം ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തി. ഡിസംബറിന്റെ അതിശൈത്യത്തില്‍, നഗരം വിറയ്ക്കുന്ന ആ രാത്രിയില്‍, പാവപ്പെട്ട മനുഷ്യര്‍ക്ക് ഒരു പുതപ്പ് പോലും കൊടുക്കാതെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഭരണകൂടത്തിന്റെ വക്താക്കള്‍ ഓരോ കുടിലുകളും തകര്‍ത്തു തരിപ്പണമാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ മൂവായിരത്തോളം മുസ്ലിങ്ങളാണ് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. ബുള്‍ഡോസര്‍ രാജിന്റെ പേരില്‍ പേരുകേട്ട യുപിയിലോ ഗുജറാത്തിലോ മധ്യപ്രദേശിലോ അല്ല ഇത് സംഭവിച്ചത്. മറിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത.

കുഞ്ഞുങ്ങളും ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടുന്ന 400 കുടുംബങ്ങളാണ് ഈ മരംകോച്ചുന്ന തണുപ്പില്‍ അധികാരികളുടെ സാന്നിധ്യത്തില്‍ ഒരു പുലര്‍ച്ചെ തെരുവിലേക്ക് പുറന്തള്ളപ്പെട്ടത്. അവരില്‍ പലരും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത് പോലും ബുള്‍ഡോസറിന്റെ ശബ്ദം കേട്ടായിരുന്നു. ബിജെപി ഭരണത്തില്‍ നിന്നും കര്‍ണാടകയെ തിരിച്ചുപിടിച്ചപ്പോള്‍ വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കട തുറന്നെന്ന രാഹുലിന്റെ പ്രസംഗം ആശ്വാസത്തോടെ കേട്ട ജനങ്ങള്‍ക്ക് മുന്നിലാണ് തെരുവോരത്ത് കഴിയുന്ന കുടുംബങ്ങളുടെ കുടിലുകള്‍ പൊളിക്കാന്‍ ബുള്‍ഡോസറുകള്‍ പാഞ്ഞെത്തിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ പ്രയോഗത്തെ ഒരു രാഷ്ട്രീയ ആയുധമായി ബിജെപി ഉയോഗിച്ച് പോരുന്നതിനെ പ്രതിരോധിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതേ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജ് ആവര്‍ത്തിക്കുന്നു എന്നതാണ് വിരോധാഭാസം.

ശനിയാഴ്ച രാവിലെയാണ് നോര്‍ത്ത് ബെംഗളൂരുവിലെ യെലഹങ്കയില്‍ സ്ഥിതി ചെയ്യുന്ന കൊഗിലു ഗ്രാമത്തില്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ബുള്‍ഡോസര്‍ രാജ് നടത്തിയത്. 150 പൊലീസുകാരെ വിന്യസിച്ചാണ് ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും മുസ് ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വീടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഇല്ലാതാക്കിയത്.

ഉര്‍ദു സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ ചെറിയ കുളത്തോട് ചേര്‍ന്നുള്ള ഭൂമി താമസക്കാര്‍ കയ്യേറിയെന്നാണ് ജിബിഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. നാല് വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഈ കുടിലുകള്‍ നശിപ്പിച്ചത്. എല്‍പിജി സിലിണ്ടറുകളും സ്റ്റൗകളും മറ്റ് തീപിടിക്കുന്ന വസ്തുക്കളും വീട്ടില്‍ നിന്ന് മാറ്റി എന്നതല്ലാതെ തങ്ങളുടെ രേഖകള്‍ പോലും എടുക്കാന്‍ അധികാരികള്‍ സമ്മതിച്ചില്ലെന്നാണ് താമസക്കാര്‍ അറിയിക്കുന്നത്. മാത്രവുമല്ല, അത്രയും തണുപ്പുള്ള ഒരു പുലര്‍ച്ചെ ഒരു പുതപ്പ് എടുക്കാനുള്ള സാവകാശം പോലും അവര്‍ നല്‍കിയില്ലെന്നും താമസക്കാര്‍ പറയുന്നുണ്ട്.

ഹൈദരാബാദില്‍ നിന്നും ആന്ധ്ര പ്രദേശില്‍ നിന്നും കുടിയേറി വന്ന ദര്‍വിഷ് കമ്മ്യൂണിറ്റിയിലെ ആളുകളാണ് ഇവിടെ ജീവിക്കുന്നവരില്‍ ഭൂരിഭാഗമെന്നും അധികാരികള്‍ പറയുന്നുണ്ട്. എന്നാല്‍ 25 വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ് തങ്ങളെന്നും ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡി കാര്‍ഡുകളും ഉണ്ടെന്നും, വോട്ടുകള്‍ ചെയ്യാറുണ്ടെന്നും നിസ്സഹായതോടെയാണ് പറയുകയും അത് തെളിയിക്കുകയും ചെയ്യേണ്ടി വരികയാണ് ഇവിടുത്തെ ജനങ്ങള്‍ക്ക്.

ഒരു അറിയിപ്പുമില്ലാതെയാണ് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് നിന്നും ആളുകളെ കുടിയിറക്കിയത്. നടപടി വിവാദമായതിനെ തുടര്‍ന്ന് കര്‍ണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ യു നിസാര്‍ അഹമ്മദ് പ്രദേശം സന്ദര്‍ശിക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുമുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മയക്കുമരുന്ന് കടത്തുകാരുടെ വീടുകള്‍ പൊളിച്ചു കളയുമെന്ന കര്‍ണാടക മന്ത്രി ജി പരമമേശ്വരയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നാലെ യുപിയിലെ ബുള്‍ഡോസര്‍ നടപടി പോലുള്ള നിയമവിരുദ്ധ പാതയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഉത്തര്‍ പ്രദേശിലാണ് ബുള്‍ഡോസര്‍ രാജിന്റെ ആരംഭമെങ്കിലും ഡല്‍ഹിയിലും അസമിലും മധ്യപ്രദേശിലുമടക്കം ഉത്തരേന്ത്യയിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരികള്‍ ബുള്‍ഡോസര്‍ രാജ് പ്രയോഗിക്കുകയാണ്. അതേ രീതിയാണ് ഇപ്പോള്‍ കര്‍ണാടകയിലും ആഞ്ഞുവീശിയിരിക്കുന്നത്. ബുള്‍ഡോസര്‍ രാജിന്റെ ഇരകളാകുന്നതില്‍ ഭൂരിഭാഗവും മുസ് ലിങ്ങളും ദളിതരും ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃത സമൂഹമാണ്. ഏതെങ്കിലും കേസിലെ പ്രതികളാണെന്നോ അല്ലെങ്കില്‍ അനധികൃത കുടിയേറ്റമെന്നോ ആരോപിച്ചാണ് മിക്കപ്പോഴും ഭരണകൂടത്തിന്റെ ഈ വേട്ട. പലപ്പോഴും ഒരു അറിയിപ്പുമില്ലാതെയാണ് ആളുകളെ കുടിയൊഴിപ്പിക്കുന്നതും.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്തില്‍ 400ഓളം കുടുംബങ്ങളെ ബുള്‍ഡോസര്‍ രാജിലൂടെ പുറംന്തള്ളിയതിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചത്. എന്നാല്‍ ഈ നിമിഷം വരെ കര്‍ണാടകയിലെ ബുള്‍ഡോസര്‍ പ്രയോഗത്തില്‍ രാഹുല്‍ ഗാന്ധി ഒരക്ഷരം മിണ്ടിയിട്ടില്ല. ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സമയത്ത് 'മനുഷ്യത്വത്തെയും നീതിയെയും ബുള്‍ഡോസറിന് അടിയില്‍ തകര്‍ത്ത ബിജെപിയുടെ ഭരണഘടനാവിരുദ്ധമായ മുഖം തുറന്നുകാട്ടപ്പെട്ടു' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതുകൊണ്ട് തന്നെ കര്‍ണാകടയിലെ ബുള്‍ഡോസര്‍ പ്രയോഗത്തില്‍ മറുപടി പറയാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കുണ്ട്.

Content Highlights: Bulldozer Raj in Karanataka why Rahul Gandhi and Congress leaders silent

To advertise here,contact us