മലയാളി കാപട്യങ്ങൾക്ക് നേരെ കണ്ണാടി പിടിച്ച ശ്രീനി

നമ്മളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച, കണ്ണ് നിറയിച്ച, നിസ്സാഹയതയോടെ നെഞ്ചോട് ചേർത്ത എത്രയെത്ര കഥാപാത്രങ്ങളെയാണ് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്

മലയാളിയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ, വിമർശനത്തിൻ്റെ ശരമൂർച്ചയായിരുന്നു ശ്രീനിവാസൻ. സാധാരണക്കാരൻ്റെ ജീവിതപരിസരങ്ങളെ പകർത്തിയെഴുതി ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്ത സിനിമകളാണ് ശ്രീനിവാസനെ മലയാള സിനിമയിൽ വേറിട്ട് നിർത്തുന്നത്. വളരെ സൂക്ഷ്മമായി, ശബ്ദഘോഷങ്ങൾ ഒട്ടുമില്ലാതെയായിരുന്നു വളരെ ​ഗൗരവമായ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ശ്രീനിവാസൻ ചിരിയുടെ മേമ്പൊടി ചേർത്ത് പകർത്തിയെഴുതിയത്. സിനിമാ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ വടക്കുനോക്കി യന്ത്രത്തിലൂടെ മികച്ച സംവിധായകൻ്റെ കൈയ്യൊപ്പ് പതിപ്പിച്ചെങ്കിലും തിരക്കഥാകൃത്തെന്ന നിലയിൽ ശ്രീനിവാസൻ ശ്രദ്ധകേന്ദ്രീകരിച്ചത് മലയാള സിനിമയുടെ വസന്തകാലത്തിലെ നാഴികകല്ലായി മാറി. നമ്മളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച, കണ്ണ് നിറയിച്ച, നിസ്സാഹയതയോടെ നെഞ്ചോട് ചേർത്ത എത്രയെത്ര കഥാപാത്രങ്ങളെയാണ് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

മലയാളിയുടെ രാഷ്ട്രീയ-സാമൂഹ്യ പരിസരത്തെ ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടി ചേർത്ത് ശ്രീനിവാസൻ ഒരുക്കിയ സന്ദേശത്തിലെ പല ഡയലോ​ഗുകളും കാലത്തെ അതിജീവിച്ച് സോഷ്യൽ മീഡിയ കാലത്തും വൈറലാണ്. 'വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു' എന്ന ഡയലോ​ഗ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും മലയാളി ആഘോഷിച്ചിരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്ന ഘട്ടത്തിലെല്ലാം വ്യത്യസ്ത തലമുറകൾ ആവ‍ർത്തിച്ച് ആവർ‌ത്തിക്കുന്ന കാലാതിവർത്തിയായി സംഭാഷണമായി അത് ഉപയോ​ഗിക്കപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയപരിസരങ്ങളെ പോലും പരിഹാസ്യദ്യോതകമാക്കി ചിത്രീകരിച്ചതായി വിമർശനമുള്ള സന്ദേശത്തിലെ സംഭാഷണങ്ങൾ ഇന്നും സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ തർക്കങ്ങളിൽ ഉപയോഗിക്കപ്പെടാറുണ്ട്. അതിനാൽ തന്നെ സന്ദേശത്തിലെ സംഭാഷണങ്ങളും കഥാപരിസരങ്ങളും ചൂണ്ടിക്കാണിച്ച് അതിലെ അരാഷ്ട്രീയ സമീപനവും പിന്നീട് ഏറെ ചർച്ചയായിട്ടുള്ളതാണ്.

കേരളം ഒരുകാലത്ത് അനുഭവിച്ചിരുന്ന തൊഴിലില്ലായ്മയുടെ രൂക്ഷമായ അവസ്ഥ വരച്ചിട്ട നാടോടിക്കാറ്റ് ആ കാലഘട്ടത്തിൻ്റെ പകർത്തിയെഴുത്തായിരുന്നു. 'പൊലീസിനു വേണ്ടി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ഞങ്ങളെ പൊലീസ് വകുപ്പിൽ എടുക്കാൻ പറ്റില്ലേ സാർ?' എന്ന വിജയൻ്റെ നിസ്സഹായതയും 'ഉപജീവനത്തിനായി ഞങ്ങൾ പൊലീസാകാനും തയ്യാറാണ് സർ' ദാസൻ്റെ ദൈന്യതയും മലയാളി കടന്ന് പോയ തൊഴിലില്ലായ്മയുടെ ഏറ്റവും കഠിനകാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. 'കാലിഫോർണിയയിലേക്ക് പോകുന്ന ഒരു കപ്പലാണിത്. നിങ്ങൾക്കായി, ഞാൻ അത് ദുബായ് വഴി കൊണ്ടുപോകാം' എന്ന് ​ഗഫൂർക്ക പറഞ്ഞത് ഏത് പ്രതിസന്ധിയും മറികടന്ന് ഏങ്ങനെയെങ്കിലും ​ദുബായിയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ കാത്തിരുന്ന അക്കാലത്തെ ചെറുപ്പക്കാരോട് കൂടിയായിരുന്നു. ഒടുവിൽ പവനായി ശവമായി എന്ന് ഒരിക്കലെങ്കിലും പറയാത്ത കേൾക്കാത്ത ഒരു മലയാളി പോലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇവിടെ ജനിച്ച് ജീവിച്ച് മരിച്ചിരിക്കില്ല എന്ന് തീർച്ചയാണ്.

അപകർഷതാബോധം ഒരു മനുഷ്യന്റെ ജീവിതത്തെ ഏതുനിലയിൽ പ്രശ്നമുഖരിതമാക്കും എന്ന് ആക്ഷേപഹാസ്യത്തിലൂടെ വരച്ചിട്ട സിനിമയായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രം. ഭാര്യയ്ക്കൊപ്പം ഫോട്ടോയെടുക്കുന്ന തളത്തിൽ ദിനേശൻ പൊക്കം ഒപ്പിക്കാൻ കാണിക്കുന്ന ആ തത്രപ്പാടിൻ്റെ ഫ്രെയിം മലയാളികളുടെ മനസ്സിൽ ഫ്രീസാണ്. മലയാളി പുരുഷ സമൂഹത്തിന് ഇന്നും ഒരുപക്ഷെ അംഗീകരിക്കാൻ കഴിയാത്തതാവും തന്നെക്കാൾ ഉയരമുള്ള ജീവിത പങ്കാളിയെന്നത്. മലയാളി പുരുഷൻ്റെ അപകർഷതാ ബോധത്തെ അടയാളപ്പെടുത്താൻ മൂന്നര പതിറ്റാണ്ട് മുമ്പ് ശ്രീനിവാസൻ ഇത്തരത്തിൽ ചിന്തിച്ചത് അദ്ദേഹം കേരളീയ സമൂഹത്തെ എത്രമാത്രം സാംശീകരിച്ചിരുന്നു എന്നതിൻ്റെ കൂടി സാക്ഷ്യമാകുന്നുണ്ട്. 'ഞാൻ കോയമ്പത്തൂർക്ക് പോകുവാണ്.. രണ്ടു ദിവസം കഴിഞ്ഞേ വരൂ' എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന തളത്തിൽ ദിനേശൻ എന്ന സംശയരോ​ഗിയായ ഭർത്താവിൻ്റെ മനോനില എഴുതിവെയ്ക്കാൻ മാത്രമല്ല തത്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാനും മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല.

കേരളത്തിലെ തൊഴിൽ സാഹചര്യത്തെ സാമൂഹ്യവിമർശനത്തിൻ്റെ, ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടി പൊതിഞ്ഞ് അവതരിപ്പിച്ച സിനിമയായിരുന്നു വരവേൽപ്പ്. ​ഗൾഫിൽ നിന്ന് തിരികെയെത്തുന്ന ഒരു പ്രവാസിയെ പുത്തൻ പണക്കാരനായി പരി​ഗണിക്കുന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും കാഴ്ചകളിൽ കുടുങ്ങിപ്പോകുന്ന വരവേൽപ്പിലെ നായകനെ റിലേറ്റ് ചെയ്യാത്ത ഒരു പ്രവാസി പോലും നാട്ടിലുണ്ടാകില്ല. ഒരു തൊഴിൽ സംരഭം തുടങ്ങാനും മുന്നോട്ടു കൊണ്ടുപോകാനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ വരവേൽപ്പ് വരച്ചിടുന്നു. മോഹൻലാൽ കഥാപാത്രമായ മുരളിയും നടൻ മുരളി അവതരിപ്പിച്ച പ്രഭാകരൻ എന്ന ട്രേഡ് യൂണിയൻ നേതാവും തമ്മിൽ നേർക്ക് നേർ വരുന്ന ​രം​ഗങ്ങൾ ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന തൊഴിൽത്തർക്കങ്ങളെ കൂടിയായിരുന്നു പകർത്തിയെഴുതിയത്. വരവേൽപ്പിൽ ശ്രീനിവാസൻ അവതരിപ്പിച്ച ആ‍‍ർടിഒയുടെ കഥാപാത്രം ഉദ്യോ​ഗസ്ഥ കടുംപിടുത്തങ്ങളുടെ എല്ലാക്കാലത്തെയും നേർചിത്രമാകുന്നുണ്ട്. 'മഴ ഇല്ലാത്തപ്പോൾ എന്തിനാണ് സാർ വൈപ്പർ എന്ന' മുരളിയുടെ നിഷ്കളങ്ക ചോദ്യം ഉയ‍ർത്തുന്ന നിസ്സഹായ സാഹചര്യത്തെ നിത്യ ജീവിതത്തിൽ കടന്ന് പോകാത്തവർ വിരളമാണ്.

സമാനമായ സാഹചര്യത്തിൽ സംരഭകനാകാൻ ഇറങ്ങിപ്പുറപ്പെടുന്ന സേതുമാധവൻ എന്ന ചെറുപ്പക്കാരൻ്റെ നിസ്സഹായത പറയുന്ന മിഥുനവും ഉയർത്തുന്ന വിമർശനം പുതിയ കാലത്തും ചർച്ചയായിരുന്നു. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഉണ്ടാക്കിയ മുന്നേറ്റങ്ങളെക്കുറിച്ച് പറയാൻ വരവേൽപ്പിലെ മുരളിയെയും മിഥുനത്തിലെ സേതുമാധവനെയും പി രാജീവ് ചൂണ്ടിക്കാണിച്ചിരുന്നു. ഹൃദയപൂർവ്വത്തിലെ വിജയിച്ച സംരഭകനായ സന്ദീപിനെ ഉദാഹരിച്ചായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ ശരിയെ സംബന്ധിച്ച് എന്തെല്ലാം വിമർശനങ്ങൾ ഉണ്ടെങ്കിലും കേരളം കടന്ന് പോന്ന ഒരു കാലഘട്ടത്തിലെ സാമൂഹിക വിഷയങ്ങളോട് ഈ സിനിമകൾ സംവദിച്ചിരുന്നു എന്ന് കൂടിയാണ് പി രാജീവ് അടക്കം പുതിയ കാലത്ത് നടത്തുന്ന ഇത്തരം പ്രതികരണങ്ങൾ അടിവരയിടുന്നത്.

അഴിമതിയെന്ന സാമൂഹ്യ വിപത്തിൻ്റെ നീരാളിപ്പിടുത്തം നമ്മുടെ നിത്യജീവിത്തെ ഏതുനിലയിൽ സംഘർഷഭരിതമാക്കുന്നുവെന്ന് വരച്ചിട്ട ചിത്രമാണ് വെള്ളാനകളുടെ നാട്. ഒരു സാധാരണ കരാറുകാരൻ കടന്ന് പോകേണ്ടി വരുന്ന ചുവപ്പ് നാടകളുടെ പ്രതിബന്ധങ്ങളെയാണ് വെള്ളാനകളുടെ നാട് എന്ന സിനിമയിൽ ശ്രീനിവാസൻ സാമൂഹ്യ വിമർശനത്തിൻ്റെ പശ്ചാത്തലമാക്കിയിരിക്കുന്നത്. ഉദ്യോ​ഗസ്ഥ ദുഷ്പ്രഭുത്വത്തെ ഏറ്റവും സൂക്ഷ്മമായി രസകരമായി വരച്ചിട്ട നിരവധി കഥാസന്ദർഭങ്ങൾ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലുണ്ട്. കുതിരവട്ടം പപ്പുവിൻ്റെ 'പടച്ചോനെ ഇങ്ങള് കാത്തോളീ…' എന്ന വെള്ളാനകളുടെ നാടിലെ ഡയലോ​ഗ് മലയാളിയുടെ നിത്യജീവിതത്തിൽ വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ട്.

ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള വീട്ടമ്മമാരായ സ്ത്രീകൾക്ക് എളുപ്പം റിലേറ്റ് ചെയ്യാവുന്ന ഒന്നായിരുന്നു. നിരുത്തരവാദപരമായി ജീവിക്കുന്ന ഒരു ഭർത്താവിൻ്റെ ആൺശീലങ്ങളിൽ വട്ടം ചുറ്റുന്ന ഒരു വീട്ടമ്മയെ ശ്രീനിവാസൻ പകർത്തിയെഴുതിയപ്പോൾ എത്ര വീടകങ്ങളിൽ ആ സിനിമ ചലനങ്ങൾ ഉണ്ടാക്കിരുന്നു. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഭക്തനായി മാറുന്ന വിജയൻ്റെ 'ഒരു പാർട്ട് ടൈം ഭക്തനായി മാറിയാൽ മതിയോ' എന്ന ചോദ്യത്തിൻ്റെ ആഴം പ്രതിധ്വനിച്ച പരിസരങ്ങളുണ്ടായിരുന്നു.

ഈ സിനിമയിലെ ഒരു രം​ഗത്തിലെ ഡയലോ​ഗുകൾ പറഞ്ഞ് പോകാതിരിക്കാനാവില്ല. സന്യാസിയാകാൻ ആശ്രമിത്തിലെത്തുന്ന ശ്രീനിവാസൻ്റെ കഥാപാത്രമായ വിജയൻ അവിടുത്തെ സ്വാമിജിയുമായി നടത്തുന്ന സംഭാഷണം ചിരിയുണർത്തുമെങ്കിലും അതിന് ചില ഉൾക്കാഴ്ചകളുണ്ട്.

സ്വാമിജി: ഇക്കണോമിക്സ് പഠിച്ചു താങ്കൾ അധ്യാപകനായിരുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് വിജയവാഡയിലെ സ്കൂളിൽ അധ്യാപകനായി പോകാൻ പറഞ്ഞത്.

വിജയൻ: അധ്യാപക ജോലി എനിക്ക് മടുത്തത് കൊണ്ടാണ് സ്വാമിജി

സ്വാമിജി: പിന്നെ എന്ത് ജോലി ചെയ്യാനാണ് താൽപ്പര്യം

വിജയൻ: അത്

സ്വാമിജി: പറഞ്ഞോളൂ

വിജയൻ: ഈശ്വരധ്യാനം

സ്വാമിജി: 24 മണിക്കൂറും ഈശ്വരനെ ധ്യാനിച്ചു കൊണ്ടിരുന്നാൽ അത് ഈശ്വരന് തന്നെ ഒരു ബുദ്ധിമുട്ടാകും. ഇവിടെ വന്ന സമയത്ത് സന്യാസിയാകാനാണ് താൽപ്പര്യമെന്ന് താങ്കൾ പറഞ്ഞു. സന്യാസം എന്ന് പറഞ്ഞാൽ സേവനമാണ്. സഹജീവികളെ സേവിക്കൽ. എന്തോ ചില കാര്യങ്ങൾ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട് അല്ലെ

വിജയൻ: ഒന്നുമില്ല സ്വാമിജി

സ്വാമിജി: എനിക്കെന്തോ അങ്ങനെ തോന്നുന്നു. അധ്യാപകനാകാൻ താൽപ്പര്യമില്ലെങ്കിൽ വേണ്ട. ഇവിടുത്തെ കൃഷി സ്ഥലത്തെ പണിയെടുക്കാം കന്നുകാലികളെ നോക്കാം. താങ്കൾ ഒരു കാര്യത്തിലും താൽപ്പര്യം എടുക്കുന്നത് ഒരുകാലത്തും കാണാൻ ഇടയായിട്ടില്ല.

വിജയൻ: ഞാൻ ഈശ്വരധ്യാനം

സ്വാമിജി: ജോലികൾ ഒന്നും ചെയ്യാതിരിക്കാനുള്ള ഉപാധിയാണോ ഈശ്വരധ്യാനം

വിജയൻ: ഞാൻ ഇവിടെ കഴിഞ്ഞ് കൂടുന്നത് ആർക്കും ഇഷ്ടമാകുന്നില്ലെങ്കിൽ ഞാൻ

സ്വാമിജി: അങ്ങനെ ഒരു അർ‌ത്ഥം ഉദ്ദേശിച്ചിട്ടില്ല. എന്താണ് അർത്ഥമാക്കുന്നത് എന്ന് അറിയാനായിട്ട് ചോദിച്ചതാണ്.

വിജയൻ: ലക്ഷ്യം

സ്വാമിജി : ഇല്ലെ

വിജയൻ: എനിക്ക് സന്യാസി ആകണം

സ്വാമിജി: വെറുതെ ഇരുന്ന് സന്യാസി ആകണോ. ആദ്യം ഇവിടുത്തെ കാര്യങ്ങളിലൊക്കെ താൽപ്പര്യം എടുക്കൂ. സന്യാസി ആകുന്നതിനെപ്പറ്റി പിന്നീട് ചിന്തിച്ചാൽ മതി. തൽക്കാലം പോയ്ക്കൊള്ളു.

പുറത്തേയ്ക്ക് വരുമ്പോൾ മറ്റൊരു സന്യാസി സ്വാമിജി എന്ത് പറഞ്ഞു എന്ന് ശ്രീനിവാസൻ്റെ വിജയൻ എന്ന കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്. 'ഇതൊരു ഫാക്ടറിയാണെന്ന് ഞാനറിഞ്ഞില്ല. ആശ്രമമാണെന്നാണ് പറച്ചിൽ. പക്ഷെ ഇവിടെ ആർ‌ക്കും ഈശ്വരനെ വേണ്ട. കൃഷിപ്പണിയും കന്നുകാലി മേയ്ക്കലുമൊക്കെ നാട്ടിലും ആകാമായിരുന്നല്ലോ. അതിന് ഇവിടം വരെ വരേണ്ട കാര്യമുണ്ടോ' വളരെ ​ഗൗരവമുള്ള ഒരു ദാർശനീക വിഷയത്തെ സൂക്ഷ്മമായി ആക്ഷേപഹാസ്യത്തിൽ ചാലിച്ചെടുത്ത് ശ്രീനിവാസൻ സംഭാഷണമാക്കിയപ്പോൾ കാഴ്ചക്കാ‍ർ പൊട്ടിച്ചിരിച്ചിരുന്നു. പക്ഷെ ആ സംഭാഷണങ്ങളിൽ പകർത്തിയെഴുതിയ ദാർശനിക തലം ഏതെല്ലാം ഇടങ്ങളെ പിടിച്ചുലച്ചിരിക്കാം. ചിന്തിപ്പിച്ചിരിക്കാം, പൊള്ളിച്ചിരിക്കാം.

രചനയിൽ പങ്കാളിത്തം ഇല്ലെങ്കിലും ശ്രീനിവാസൻ അഭിനയിച്ച അറബിക്കഥയെന്ന സിനിമയും പലപ്പോഴും രാഷ്ട്രീയ ശരികളുടെ പേരിൽ കീറിമുറിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴും ശ്രീനിവാസൻ അഭിനയിച്ച ക്യൂബ മുകുന്ദനെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് ഏറെ റിലേറ്റ് ചെയ്യാൻ സാധിച്ചിരുന്നു. നിസ്വാർത്ഥനായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ നെഞ്ചോട് ചേർ‌ത്ത് പിടിക്കുന്ന ആ‍‍ർ‌ക്കാണ് ക്യൂബ മുകുന്ദൻ്റെ ഏറ്റവും അടിസ്ഥാനപരമായ വൈകാരികതയെ അവ​ഗണിക്കാൻ കഴിയുക. സിനിമയുടെ ടോട്ടാലിറ്റിയിൽ ആ സിനിമ പറയുന്ന രാഷ്ട്രീയത്തോട് വിയോജിക്കാമെങ്കിലും ക്യൂബ മുകുന്ദൻ അവശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റിൻ്റെ അടിസ്ഥാനപരമായ ചില നന്മകളും സാമൂഹിക പ്രതിബന്ധതയും ആശയത്തോടുള്ള അന്ധമായ വിധേയത്വവുമെല്ലാം അവ​ഗണിക്കാൻ കഴിയില്ല. 'അർ‌ഹതയില്ലാത്തവർ സ്ഥാനത്ത് വരുന്നത് തടയേണ്ടതും പാർട്ടിയോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാൻ സ്ഥാനമാനങ്ങൾ സ്വീകരിക്കേണ്ടതും പാർട്ടി പ്രവർത്തകൻ്റെ കടമയാണ്' എന്ന അറബിക്കഥയിലെ ഡയലോ​ഗിൽ പാട്യത്ത് ജനിച്ച് വളർന്ന ശ്രീനിവാസൻ്റെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം.

Content Highlights: Sreenivasan holds a mirror up to Malayali's hypocrisy

To advertise here,contact us