ഒരിടത്ത് സരസ്വതി മറ്റൊരിടത്ത് കവിത വേറൊരിടത്ത് ഗീത… പേരുകള് അങ്ങനെ നീളുന്നു. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില് 10 ബൂത്തുകളിലായി 22 വോട്ടുകളാണ് ഇങ്ങനെ പല പേരുകളില് ചെയ്തിരിക്കുന്നത്. പേരുകള് പലതാണെങ്കിലും എല്ലാ വോട്ടര് ഐ ഡിയിലും ഒരേ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ യുവതിയെ അറിയാമോ എന്ന ചോദ്യത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സര്ക്കാരിന്റെയും വോട്ട് കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന സത്യങ്ങളിലേക്കാണ് രാഹുല് ഗാന്ധി ഓരോ ഇന്ത്യക്കാരനെയും കൊണ്ടുപോകുന്നത്. ബ്രസീലിയന് മോഡലായ മെത്യൂസ് ഫെറാറോയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഹരിയാനയിലെ റായി മണ്ഡലത്തില് 22 വോട്ടുകള് ചെയ്തിരിക്കുന്നത്. ഹരിയാനയില് 25 ലക്ഷം കള്ളവോട്ടുകള് നടന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. എക്സിറ്റ് പോളുകളെല്ലാം കോണ്ഗ്രസ് ജയിക്കുമെന്ന് വിധി എഴുതിയ ഹരിയാനയില് എങ്ങനെ ബിജെപി ജയിച്ചു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ. കേന്ദ്ര സര്ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുമിച്ച് നിന്ന് ഹരിയാനയില് വോട്ട് കട്ടിരിക്കുന്നുവെന്ന് തന്നെയാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യന് പൗരനും ഞെട്ടലോടെയല്ലാതെ രാഹുല് ഗാന്ധിയുടെ ഈ വാര്ത്താ സമ്മേളനം കണ്ടു തീര്ക്കാനാകില്ല.
2024 ല് ഹരിയാനയില് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള് എല്ലാവരും ഒരേ സ്വരത്തില് പ്രവചിച്ചിരുന്നത് കോണ്ഗ്രസ് അധികാരത്തിലെത്തും എന്ന് തന്നെയായിരുന്നു. കോണ്ഗ്രസിന് 50 മുതല് 60 സീറ്റുകള് വരെ മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചു. പത്തു വര്ഷത്തോളം തുടര്ച്ചയായി ഭരിച്ച എന് ഡി എക്കെതിരെ ഹരിയാനയില് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. എന്നാല് ഫലം വന്നതോടെ കാര്യങ്ങള് മാറി മറിഞ്ഞു. 90 ല് 48 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തി. കോണ്ഗ്രസിന് ആകട്ടെ 37 സീറ്റില് ഒതുങ്ങേണ്ടിയും വന്നു. 25 ലക്ഷം വോട്ടുകളില് ക്രമക്കേട് നടന്ന ഹരിയാനയില് കേവലം 22779 വോട്ടുകള് മാത്രം ലഭിച്ചിരുന്നെങ്കില് കോണ്ഗ്രസ് ജയിക്കുമായിരുന്നു എന്നാണ് രാഹുല് ഗാന്ധി വാര്ത്താ സമ്മേളനത്തില് പറഞ്ഞത്.
ബ്രസീലിയന് മോഡല് 22 വോട്ടുകള് ചെയ്ത റായ് മണ്ഡലമടക്കം 8 മണ്ഡലങ്ങളില് കോണ്ഗ്രസ് പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണ്. ഉച്ഛനാകാലന് - 38, ദാദ്രി - 1957, അസ്സന്ധ-2306, ഹോദല് - 2595, മഹേന്ദ്രഗര് - 2648, സാഫിഡോണ് - 4037, ഘരൌണ്ട - 4531, റായ് - 4673 എന്നിങ്ങനെയാണ് നേരിയ ഭൂരിപക്ഷത്തില് കോണ്ഗ്രസിന് നഷ്ടമായ സീറ്റുകളിലെ കണക്ക്. ഇതെല്ലാം കൂട്ടി 22779 വോട്ടുകള്. അതായത് കേവലം 22779 വോട്ടുകള് ലഭിച്ചിരുന്നെങ്കില് ഈ എട്ട് മണ്ഡലങ്ങളിലും കോണ്ഗ്രസ് വിജയിക്കുമായിരുന്നു. ഈ എട്ട് സീറ്റുകളിലും വിജയിച്ചതാകട്ടെ ബി.ജെ.പിയാണ്, എട്ടിടത്തും രണ്ടാമത് എത്തിയത് കോണ്ഗ്രസും. അതായത് കേവലം 22779 വോട്ടുകള് ലഭിച്ചിരുന്നെങ്കില് കോണ്ഗ്രസിന് 8 സീറ്റ് അധികം ലഭിക്കുകയും ബി.ജെ.പിക്ക് 8 സീറ്റ് കുറയുകയും ചെയ്യുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില് കോണ്ഗ്രസിൻ്റെ ലീഡ് 37 ല് നിന്ന് 8 സീറ്റ് കൂടി 45 ആവുകയും ബിജെപിയുടെ ലീഡ് 48 ല് നിന്ന് 8 സീറ്റ് കുറഞ്ഞ് 40 ആവുകയും ചെയ്തേനെ. കേവലം 22779 വോട്ടുകള്ക്ക് ഭരണം നഷ്ടമായ ഒരു സംസ്ഥാനത്ത് 25 ലക്ഷം വോട്ടുകള് കള്ള വോട്ടായിരുന്നു എന്ന് പറയുമ്പോഴാണ് സംഗതിയുടെ ഭീകരത എത്രത്തോളം ഉണ്ടെന്ന് മനസിലാവുക.
521619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകള് കണ്ടു പിടിക്കാതെ, 93174 ഇന്വാലിഡ് അഡ്രസുകള് കണ്ടുപിടിക്കാതെ ബിജെപിക്ക് സംസ്ഥാനം പിടിക്കാനുള്ള എല്ലാ വഴികളും തുറന്നു കൊടുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്തിരിക്കുന്നതെന്നാണ് രാഹുലിൻ്റെ നിലപാട്. ഒരു ഫോട്ടോ വെച്ച് ഒരു മണ്ഡലത്തില് 100 വോട്ടുകള് ചെയ്തിന്റെ തെളിവും രാഹുല് ഗാന്ധി പുറത്തു വിട്ടിട്ടുണ്ട്. ഒരേ ഫോട്ടോയില് പല പേരുകളും പല വിലാസങ്ങളും ചേര്ത്താണ് 100 വോട്ടുകള് ഇങ്ങനെ ചേര്ത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തിലാകട്ടെ രണ്ടു ബൂത്തുകളിലായി 223 വോട്ടുകളാണ് ഇതേ പോലെ ഒരേ ഫോട്ടോയുള്ള ഐഡികാര്ഡുകള് ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. ഇതു കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സിസിടിവി ഫൂട്ടേജുകള്ഡിലീറ്റ് ചെയ്യരുതെന്ന് താന് നിരന്തരം ആവശ്യപ്പെടുന്നതെന്നും രാഹുല് ഗാന്ധി പറയുന്നു.
ജയിക്കാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങളുടെ കയ്യിലുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറയുന്നതും രാഹുല് ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. പുറത്തു വിട്ട കണക്കുകളും ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവനയും മാത്രം ചേര്ത്തി വായിച്ചാല് ഒരു കാര്യം വ്യക്തമാകും, ഭരണഘടന ചേര്ത്തു പിടിക്കേണ്ട അസാധാരണമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഈ വോട്ട് കൊള്ള കര്ണാടകയിലോ മഹാരാഷ്ട്രയിലോ ഹരിയാനയിലോ ബിഹാറിലോ ഒതുങ്ങുന്നതുമല്ല, രാജ്യമൊട്ടാകെ വ്യാപിക്കാന് ശേഷിയുള്ള മോഷണ പരമ്പരയെ ചെറുക്കാനാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്യുന്നത്.
Content Hghlights: Rahul Gandhi's H-Files; Who can deny the shocking truth of vote-rigging?