"ഇപ്പോഴത്തെ ആളുകളൊക്കെ പറയുന്നത് കേള്ക്കാം, അവര്ക്കൊക്കെ ഡിപ്രഷന്, മൂഡ് സ്വിങ്സ്, ഓവര് തിങ്കിംഗ് എന്നിവയാണെന്ന്. ഇതൊക്കെ നമ്മുടെ പണ്ടത്തെ വട്ടിന്റെ ഇപ്പോഴത്തെ പേരുകളാണ്. ഒരു പണിയുമില്ലാതെ ഇരിക്കുമ്പോഴാണ് ഈ ആങ്സൈറ്റി ഉണ്ടാവുന്നത് "
ഇന്ത്യയില് ആത്മഹത്യാ നിരക്കില് മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ഒരു സംസ്ഥാനത്ത് നിന്നാണ് ഒരു നടി പറഞ്ഞ തമാശയാണിത്. ഇത് വായിച്ച എനിക്കും നിങ്ങള്ക്ക് ചിരി വന്നില്ലെങ്കിലും ഈ വാചകങ്ങള്ക്ക് ഉടമയായ നടി ഇതുപറഞ്ഞ് വല്ലാതെ ചിരിക്കുന്നുണ്ടായിരുന്നു. അതേ, നടിയായ കൃഷ്ണപ്രഭ മാനിസികാരോഗ്യ പ്രശ്നങ്ങളെ പറ്റി ഒരു ഇന്റര്വ്യൂവില് നടത്തിയ അങ്ങേയറ്റം മോശമായ പരാമര്ശത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. അല്ലെങ്കിലും അവരെ മാത്രം ഈ വിഷയത്തില് കുറ്റപ്പെടുത്താനാവില്ല. മെന്റല് ഹെല്ത്തും മെന്റല്ഹെല്ത്തിനായുള്ള ചികിത്സയും തെറപ്പിയമെല്ലാം ഭ്രാന്തായി മാത്രം മനസ്സിലാക്കുന്ന നിരവധിപേരുള്ള ഒരു സമൂഹത്തിന്റെ പ്രതിനിധിയാണവര്.
'39,962' കേരളത്തില് 2021 നും 2025 നും ഇടയില് ജീവനൊടുക്കിയവരുടെ എണ്ണമാണിത്. ഇന്ത്യന് ജേര്ണല് ഓഫ് സൈക്യാട്രി നടത്തിയ സര്വേ പ്രകാരം ദേശീയ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള് ഉയര്ന്ന മാനസികരോഗ്യ പ്രശ്നങ്ങളും ആത്മഹത്യാ സാധ്യതയുമുള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. മാനസികാരകോഗ്യം ഇത്രയും മോശമായിരിക്കുന്ന ഒരു സംസ്ഥാനത്ത് ഇതേ പറ്റി മനസിലാക്കാന് ശ്രമിച്ചില്ലെങ്കിലും അതിനെ പരിഹസിക്കാതിരിക്കുക എന്നതാണ് മാനസികാരോഗ്യ പ്രശ്നങ്ങള് അനുഭവിക്കുന്നവരോട് നിങ്ങള്ക്ക് ചെയ്യാന് സാധിക്കുന്ന ഏറ്റവും ചെറിയ കാര്യം. കാരണം ഇത്തരത്തിലുള്ള പരിഹാസങ്ങള് നേരിടാന് വയ്യാത്തത് കൊണ്ട് മാത്രം കൃത്യമായ ചികിത്സ നേടാത്തവര് നമുക്ക് ചുറ്റുമുണ്ട്. ഒരു ചായ കുടിച്ചാലോ,യാത്ര പോയാലോ അല്ലെങ്കില് നിങ്ങള് പറഞ്ഞത് പോലെ ഏതെങ്കിലും പണി എടുത്താലോ ഈ അവസ്ഥ അങ്ങനെ മാറില്ലെന്ന് സാരം.
നമ്മുടെ ശരീരത്തിന് ഏതെങ്കിലും തരത്തിലുള്ള വേദനയോ അസുഖമോ വന്നാല് നമ്മള് എന്താണ് ചെയ്യുക? പണിയെടുത്താല് മാറുമെന്ന് പറഞ്ഞ് രാവിലെ കുളിച്ചൊരുങ്ങി ജോലിക്ക് പോവുകയല്ലല്ലോ, ചികിത്സ തേടുകയല്ലേ ആദ്യം ചെയ്യുക. അത് പോലെ തന്നെയാണ് മനസിനും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അതിന് ചികിത്സയാണ് വേണ്ടത്.
കൃഷ്ണപ്രഭ പറഞ്ഞത് പോലെ ജോലിക്ക് പോയാല് ഈ പ്രശ്നങ്ങളൊന്നും വരില്ലെങ്കില് ദീപിക പദുക്കോണ്, ഇലോണ് മസ്ക്, ജെകെ റൗളിങ്, ലേഡി ഗാഗ, സെലീന ഗോമസ് എന്നിങ്ങനെയുള്ളവര്ക്കൊക്കെ എങ്ങനെ ഈ പ്രശ്നം നേരിടേണ്ടി വന്നു. ഇവരെല്ലാം തന്നെ കൃത്യമായ സമയത്ത് അവസ്ഥ മനസിലാക്കുകയും കൃത്യമായ ചികിത്സ നേടി അതിനെ അതിജീവിച്ചവരുമാണ്. നല്ല ജോലി ഉണ്ടായിട്ടും, ശമ്പളം ഉണ്ടായിട്ടും ആങ്സൈറ്റിയും ഡിപ്രെഷനും കാരണം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന മനുഷ്യരുണ്ട് നമുക്ക് ചുറ്റും.
വിജയകരമായ ഒരു കരിയറുണ്ടായിട്ടും തനിക്ക് ജീവിതത്തില് ശൂന്യത അനുഭവപ്പെട്ടെന്നും വിശദീകരിക്കാനാകാത്ത ഒരു മാനസിക തകര്ച്ചയിലൂടെ കടന്നു പോയെന്നും ബോളിവുഡ് നടി ദീപിക പദുകോണ് ഒരിക്കല് വെളിപ്പെടുത്തിയിരുന്നു. അതേ ഈ പറയുന്ന മാനസികാരോഗ്യപ്രശ്നങ്ങള് ആര്ക്കും വന്നേക്കാം. അവിടെ പണിയുണ്ടോ പണമുണ്ടോ എന്നതൊന്നും പ്രസക്തമല്ല. പ്രസക്തമായിട്ടുള്ളത് ഇതേപറ്റി സംസാരിക്കാനും വിഷമങ്ങള് പങ്കുവെയ്ക്കാനും പറ്റിയ സാഹചര്യം വീട്ടിലും സമൂഹത്തിലും ഉണ്ടോയെന്നതാണ്. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടുവരുന്നതേയുള്ളൂ. അതിനെ തകര്ക്കുന്ന രീതിയില് പൊതുബോധ്യങ്ങളെ സ്വാധീനിക്കാന് കഴിവുള്ള സെലിബ്രിറ്റികള് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള് നടത്താത്തിരിക്കുന്നതല്ലേ ഉചിതം. നിങ്ങള്ക്ക് അനുഭവപ്പെട്ടിട്ടില്ല എന്നതിനര്ഥം അങ്ങനെയൊരു പ്രശ്നം ഇല്ലെന്നല്ലല്ലോ?
മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി, കൂടുതല് പേരെ സഹായം തേടാന് പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യം തന്നെ ഇക്കഴിഞ്ഞ മെന്റല് ഹെല്ത്ത് ഡേയില് മെന്റല് ഹെല്ത്ത് അംബാഡറായി ദീപിക പദുക്കോണിനെ തെരഞ്ഞെടുത്ത സമയത്ത്, ആങ്സൈറ്റിയും പാനിക് അറ്റാക്കും സഹിക്ക വയ്യാതെ ഒരു യുവാവ് ആത്മഹത്യ ചെയ്ത വിഷയം കേരളം ചര്ച്ച ചെയ്തുകൊണ്ടിരിക്കെ ഇത്തരത്തിലൊരു പ്രസ്താവന എത്രത്തോളം പ്ലോബ്ലമാറ്റിക്കാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. അതുകൊണ്ട് ഒരു കാര്യത്തെ പറ്റി അറിയില്ലെങ്കില് ഏറ്റവും ബേസിക്കായി അതിനെ പറ്റി മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും കാണിക്കുക. കാരണം നിങ്ങളുടെ ചില തമാശകള്ക്ക് ജീവന്റെ വിലയുണ്ടാവും.
Content Highlights- Reply for Krishnaprabha's derogatory statement about Mental health