ലോക്സഭയിലും നിയമസഭയിലുമായി രണ്ടു തവണ പരാജയം രുചിച്ചെങ്കിലും ഒടുവില് സുരേഷ് ഗോപി തൃശൂര് അങ്ങെടുത്തു. സുരേഷ് ഗോപിയിലൂടെ ബിജെപി എന്നുപറയുന്നതായിരിക്കും കൂടുതല് ഉചിതം. സുരേഷ് ഗോപിയെ സംബന്ധിച്ച് അടുത്ത ലക്ഷ്യം ആലപ്പുഴയാണ്. എയിംസിലൂടെ ആലപ്പുഴ കൂടി ഇങ്ങെടുക്കുന്ന എന്നതാണ് ലക്ഷ്യമെന്ന നിലയിലാണ് സുരേഷ് ഗോപിയുടെ നീക്കം. എയിംസ് ആലപ്പുഴയിൽ അല്ലെങ്കില് തൃശ്ശൂരിൽ എന്ന് സുരേഷ് ഗോപി തറപ്പിച്ച് പറയുന്നത് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് വ്യക്തം. ഒന്നുകില് ബിജെപിക്ക് ഒപ്പം നിന്ന, അല്ലെങ്കില് നാളെ നിന്നേക്കാവുന്ന ജില്ലകള്ക്കുള്ള ബിജെപിയുടെ പാരിതോഷികം എന്ന നിലയിൽ സുരേഷ് ഗോപി എയിംസിനെ മുന്നോട്ട് വെയ്ക്കുമ്പോൾ പക്ഷെ ബിജെപി നേതൃത്വം രണ്ട് തട്ടിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ ഉള്ളൂ, ആഞ്ഞുപിടിച്ചാല് ആലപ്പുഴ ഇങ്ങ് പോരും എന്നതാവും സുരേഷ് ഗോപി കാണുന്നത്. അതിനുള്ള തെളിവ് വോട്ടെണ്ണത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകള് നല്കിയിട്ടുണ്ട്.എയിംസ് ആലപ്പുഴയിൽ വരികയും നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാവുകയും ചെയ്താൽ ക്രെഡിറ്റ് കിട്ടുക സുരേഷ് ഗോപിക്കാവും എന്ന് ഉറപ്പാണ്. തൃശ്ശൂരും പിന്നാലെ ആലപ്പുഴയും നേടിയതിൻ്റെ ക്രെഡിറ്റ് സുരേഷ് ഗോപി ഒറ്റയ്ക്ക് എടുക്കേണ്ട എന്ന് കേരളം പിടിക്കാൻ കേന്ദ്രനേതൃത്വം നിയോഗിച്ച രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിൻ്റെ അനുയായികളായ പുതിയ സംസ്ഥാന നേതൃത്വും തീരുമാനിച്ചാൽ എയിംസിനെ പ്രതി കേരളത്തിലെ ബിജെപിയിൽ ഇനിയെന്തൊക്കെ തുടർ ചലനങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.
ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്ഥിയായാണ് ശോഭാസുരേന്ദ്രന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് ആലപ്പുഴയില് മത്സരത്തിനെത്തുന്നത്. ആറ്റിങ്ങലിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലെത്തിയതിലും ബിജെപിയിലെ ഉൾപാർട്ടി തർക്കങ്ങൾ നിഴലിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾ അവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താതെ ആറ്റിങ്ങലിലേയ്ക്ക് പോയെന്ന ചർച്ചകളും ആ സമയത്ത് പരാതിയായി ഉയർന്നിരുന്നു. എന്തായാലും ഫലം വന്നപ്പോള് എന്ഡിഎയുടെ വോട്ട് വിഹിതം 28.3 ശതമാനമാക്കി ശോഭ ഉയര്ത്തി. അതുമാത്രമോ 2 നിയമസഭാ മണ്ഡലങ്ങളില് എല്ഡിഎഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ എന്ഡിഎ വോട്ട് വിഹിതം ഏറ്റവും കൂട്ടിയ മണ്ഡലമായിരുന്നു ആലപ്പുഴ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ നേടിയ 2,99,648 വോട്ടുകൾ ബിജെപിയെ ചില്ലറയൊന്നുമല്ല മോഹിപ്പിച്ചിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിൽ ആകെ വോട്ടുകളുടെ എണ്ണത്തിൽ സിപിഐഎമ്മിനെ മൂന്നാം സ്ഥാനത്താക്കി ശോഭാ സുരേന്ദ്രൻ രണ്ടാമതെത്തിയിരുന്നു. അമ്പലപ്പുഴ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഫോട്ടോ ഫിനിഷിൽ എന്ന് വിശേഷിപ്പിക്കാവുന്ന സാഹചര്യത്തിലാണ് വോട്ട് നിലയിൽ ശോഭാ സുരേന്ദ്രൻ സിപിഐഎമ്മിന് പിന്നിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. അരൂരിലും ചേർത്തലയിലും ആലപ്പുഴയിലും മാത്രമാണ് ശോഭാ സുരേന്ദ്രന് 25 ശതമാനത്തിൽ കുറവ് വോട്ട് ലഭിച്ചത്. അപ്പോഴും യഥാക്രമം 24.88 ശതമാനം, 24.18 ശതമാനം, 23.61 ശതമാനം വോട്ട് വീതം ഈ മണ്ഡലങ്ങളിൽ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും 35,000 വോട്ടിന് മുകളിൽ ബിജെപി നേടിയിരുന്നു. അപ്പോഴും ആലപ്പുഴയിൽ ബിജെപി നേതൃത്വം 'ആഞ്ഞ് പിടിച്ചില്ല' എന്ന അലയൊലികൾ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ രൂപപ്പെട്ടിരുന്നു എന്നതും ഈ ഘട്ടത്തിൽ മറക്കാനാവില്ല. അതിനാൽ സുരേഷ് ഗോപി ആലപ്പുഴ എന്ന് പറയുമ്പോഴും ചില നേതാക്കൾ അതിനെ എതിർക്കുമ്പോഴും ബിജെപിയിലെ ചേരിതിരിവിൻ്റെ അടിയൊഴുക്കുകൾ അതിൽ അന്തർലീനമാണ്.
നേരത്തെയും കേന്ദ്ര സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് തൻ്റെ മിഷൻ ആലപ്പുഴയെന്ന നീക്കം സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. അപ്പര് കുട്ടനാടിനായി 460 കോടി രൂപയുടെ കേന്ദ്ര പാക്കേജ് തന്റെ ഇടപെടലിലൂടെ എംപിയായിരിക്കെ സുരേഷ് ഗോപി പാസ്സാക്കിയത് ചില കേന്ദ്രങ്ങൾ വലിയ രീതിയില് ആഘോഷിച്ചിരുന്നു. ആലപ്പുഴയിലെ നെല്ക്കര്ഷകരുടെ പ്രശ്നങ്ങള് വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ആലപ്പുഴയില് നേരിട്ടെത്തിയിരുന്നു. കര്ഷകരുടെ പ്രശ്നങ്ങള് പരിഹരിക്കാന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന് ഒക്ടോബറില് നേരിട്ടെത്തുമെന്ന് സംഘം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇവര്ക്കൊപ്പം കുമ്മനം രാജശേഖരന് ഉള്പ്പെടെയുള്ള നേതാക്കളും സജീവമായി ഉണ്ടായിരുന്നു. പക്ഷെ കേന്ദ്ര സംഘത്തിന്റെ വരവ് മന്ത്രി സജി ചെറിയാന് പറഞ്ഞതുവച്ച് നോക്കുകയാണെങ്കില് സംസ്ഥാനത്തെ കൃഷി മന്ത്രിയോ, ജില്ലയിലെ മന്ത്രിയായ സജി ചെറിയാനോ, സ്ഥലം എംഎല്എ പോലുമോ അറിഞ്ഞിട്ടില്ല. അതായത് സംസ്ഥാനം വഴിയല്ലാതെ നേരിട്ടുള്ള ഇടപെടലാണ് കേന്ദ്രം നടത്തുന്നത്.
കലുങ്ക് സഭയിലിരുന്ന് ആലപ്പുഴയില് അല്ലെങ്കില് തൃശൂരില് എയിംസെന്ന് സുരേഷ് ഗോപി പ്രസ്താവിച്ചതും കാസര്കോടാണ് വേണ്ടതെന്നും അതല്ല തിരുവനന്തപുരത്താണ് വേണ്ടതെന്നും പറഞ്ഞ് ബിജെപി നേതാക്കള് തന്നെ രംഗത്തെത്തി. കാസർകോടും തിരുവനന്തപുരവും സംസ്ഥാനത്ത് ബിജെപിയുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളാണെന്ന് കണക്കാക്കുന്നത്. ഇതിൽ തിരുവനന്തപുരത്തോട് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരന് സവിശേഷമായ താൽപ്പര്യവുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില് പാറശാല നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ ആവശ്യമായിരുന്നു എയിംസ് കൊണ്ടുവരിക എന്നുള്ളതെന്ന് തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റായ കരമന ജയന് തുറന്നുപറഞ്ഞത് വെറുതെയാവാനും തരമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാന് നേതാക്കളുടെ മുന്നിലുള്ളത് കേരളത്തിന് കേന്ദ്രം ഓഫര് ചെയ്തേക്കാവുന്ന എയിംസ് തന്നെയാണ്. ആലപ്പുഴ ജില്ലാഘടകം തന്നെ സുരേഷ് ഗോപിയെ തള്ളി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. സുരേഷ് ഗോപിയുടെ നിലപാടിനെ നേതാക്കള് പരസ്യമായി ചോദ്യം ചെയ്തപ്പോള് അത് വ്യക്തിപരമായ നിലപാടാണെന്നും പാര്ട്ടി നിലപാടല്ലെന്നും പറഞ്ഞ് തലയൂരുകയാണ് വി.മുരളീധരന് ചെയ്തത്. സുരേഷ് ഗോപിയുടെ നിലപാടിനോട് യോജിക്കാന് കഴിയില്ലെന്നും കേരളത്തിന് ഒരു എയിംസ് എന്നതാണ് തന്റെ നിലപാടെന്ന് എംടി രമേശും വ്യക്തമാക്കി.
ചുരുക്കിപ്പറഞ്ഞാല് ആലപ്പുഴയില് എയിംസ് എന്ന് പ്രഖ്യാപനത്തോടെ കേന്ദ്രമന്ത്രി പാര്ട്ടിയില് ഒറ്റപ്പെട്ട അവസ്ഥയാണ്. കലുങ്ക് സഭയിലുള്പ്പെടെയുള്ള സുരേഷ് ഗോപിയുടെ രീതികളോടുള്ള എതിർപ്പ് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില് പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും എയിംസില് ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്നത്. അല്ലെങ്കിലും സംസ്ഥാന ബിജെപി നേതൃത്വത്തിന് കീഴില് പ്രവര്ത്തിക്കുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല സുരേഷ്ഗോപി. പ്രധാനമന്ത്രിയെന്ന എന്റെ നേതാവ് പറയുന്നത് മാത്രം ചെയ്യും കൂടിയാലോചനകള് ദേശീയ പ്രമുഖരോട് മാത്രം എന്നുള്ളതാണ് സുരേഷ് ഗോപിയുടെ ലൈൻ. അതുകൊണ്ടാണ് ഇക്കാര്യം 2016ല് തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ഇക്കാര്യത്തില് ഒറ്റ നിലപാടാണെന്നും അയാള് വീണ്ടും വീണ്ടും ആവര്ത്തിക്കുന്നത്. എയിംസിന് തറക്കല്ലിടാതെ ഇനി തിരഞ്ഞെടുപ്പില് മത്സരിക്കുകയോ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് ഇറങ്ങുകയോ ചെയ്യുകയില്ലെന്നും സുരേഷ്ഗോപി പറയുന്നുണ്ട്. പ്രധാനമന്ത്രിയുമായുള്ള സുരേഷ് ഗോപിയുടെ അടുപ്പം തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വ്യക്തമായിട്ടുള്ളതാണ്.
ഈ നിലയിൽ പരിഗണിക്കുമ്പോൾ ബിജെപിയെ സംബന്ധിച്ച് ആലപ്പുഴയുടെ സാധ്യതകൾ പലതാണ്. എന്നിട്ടും ആലപ്പുഴയെന്ന് സുരേഷ് ഗോപി പറയുമ്പോൾ സംസ്ഥാന ബിജെപി നേതൃത്വം മുഖതിരിക്കുന്നത് വെറുതെയാകില്ല എന്ന് തീർച്ചയാണ്. എന്നാൽ ബിജെപി നേതൃത്വത്തെക്കാൾ ആലപ്പുഴയെ മുൻനിർത്തി സുരേഷ് ഗോപി ഇത്രയേറെ താൽപ്പര്യം എടുക്കുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുത്ത തെരഞ്ഞെടുപ്പുകളിൽ ബിജെപി ലക്ഷ്യം വയ്ക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില് ആലപ്പുഴ മുന്നിൽ തന്നെയുണ്ടെന്നത് പരിഗണിക്കുമ്പോൾ സുരേഷ് ഗോപിയുടെ നീക്കങ്ങളെ അങ്ങനെയങ്ങ് അവഗണിക്കാനും സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല. അതുകൊണ്ട് വികസനത്തില് ഏറെ പിന്നാക്കം നില്ക്കുന്ന ജില്ലയാണ് ആലപ്പുഴയെന്നും ജില്ലയുടെ വികസനത്തിന് എയിംസ് ഒരു കാരണമാകുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാദം അംഗീകരിക്കപ്പെടുമോ എന്നത് നിർണ്ണായകമാണ്. കേന്ദ്ര പദ്ധതികള് നടപ്പാക്കി, ജനവിശ്വാസം നേടി അത് വോട്ടാക്കി മാറ്റുക എന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ തന്ത്രം ആലപ്പുഴയിൽ പരീക്ഷിക്കുമോ എന്നാണ് അറിയേണ്ടത്. അതുവഴി ബിജെപി നേതൃത്വത്തിൻ്റെ മിഷൻ കേരളയുടെ നെടുനായകത്വം സുരേഷ് ഗോപിക്കാണ് എന്ന ചിത്രം തെളിയുമോ എന്നതും പ്രധാനമാണ്.
സത്യത്തില് വെട്ടിലായിരിക്കുന്നത് കേരള സര്ക്കാരാണ്. 11 വര്ഷമായി എയിംസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം. ബിജെപിക്കിടയില് ഭിന്നതയെന്ന് പറഞ്ഞ് പിടിച്ചുനില്ക്കാന് ശ്രമം നടത്തുന്നുണ്ടെങ്കിലും കേരളത്തിന് ഒരു എയിംസ് നല്കാം അത് പക്ഷെ തങ്ങള് നിര്ദേശിക്കുന്ന സ്ഥലത്തായിരിക്കണം എന്ന് കേന്ദ്ര ഒരു നിര്ദേശം മുന്നോട്ട് വെച്ചാല് സംസ്ഥാന സര്ക്കാരിനത് തള്ളാനാവില്ല. ആലപ്പുഴയിലെ കേന്ദ്രസംഘത്തിന്റെ സന്ദര്ശനം തങ്ങളറിഞ്ഞിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്ശം വച്ചുനോക്കുമ്പോള് സംസ്ഥാന സര്ക്കാര് അറിയാതെയുള്ള അല്ലെങ്കില് സംസ്ഥാന സര്ക്കാരിനെ മറികടന്നുള്ള നീക്കമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ സംസ്ഥാന സർക്കാർ എയിംസിനായി നിർദേശിച്ചിരിക്കുന്നത് കോഴിക്കോട് കിനാലൂർ മാത്രമാണ്. അവിടെ സംസ്ഥാന സർക്കാർ എയിംസിനായി 200 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ അനുമതിയോടെയാണ് കിനാലൂരിൽ ഭൂമി ഏറ്റെടുത്തതെന്ന അവകാശം നിലവിലുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ കെഎസ്ഐഡിസിയുടെ കൈവശമുള്ള 150 ഏക്കർ ഭൂമി ആരോഗ്യ വകുപ്പിനു കൈമാറിയിരുന്നു. ഇതിന് പുറമെ 100 ഏക്കർ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ഈ നിലയിൽ കിനാലൂരിലെ 250 ഏക്കറിൽ എയിംസ് ഒരുക്കാനുള്ള കാത്തിരിപ്പിലാണ് സംസ്ഥാന സർക്കാർ. സിപിഐഎമ്മിനെ സംബന്ധിച്ച് എയിംസ് വരേണ്ടത് കിനാലൂരിലാണ് എന്നതാണ് നിലപാട്. എന്തായാലും കേരളം നിര്ദേശിച്ച കോഴിക്കോട്ടെ കിനാലൂര് ' കിനാശ്ശേരി'യായി മാറുമോയെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
Content Highlights: Suresh Gopi's AIIMS Alappuzha statement and controversy