ഒരു പകലും രാത്രിയും, ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത അത്രയും അപവാദങ്ങൾ സൈബർ ഇടങ്ങളിലൂടെ കേട്ട ഒരു സ്ത്രീ ചിരിച്ച് കൊണ്ട് ആത്മവിശ്വാസത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിന്ന് പറഞ്ഞ വാക്കുകൾ നമ്മൾ കേട്ടതാണ്. പൊതുപ്രവർത്തകയായതിന്റെ പേരിൽ മാത്രം ഒരു ആൺകൂട്ടം വേട്ടയാടിയ സ്ത്രീ, തന്നെ ഇതൊന്നും ഏശില്ലെന്ന് പറഞ്ഞ് ധൈര്യത്തോടെ നമുക്ക് മുന്നിൽ വന്ന് നിന്നു. അവർ പറഞ്ഞത് പോലെ അവർക്ക് വേണ്ടി മാത്രമായിരുന്നില്ല ആർജ്ജവത്തോടെയുള്ള ആ നിലപാട്, മറിച്ച് ഇവിടെയുള്ള മുഴുവൻ സ്ത്രീകൾക്ക് കൂടി വേണ്ടിയായിരുന്നു. എൽഡിഎഫിന്റെ ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന, അധ്യാപികയായ, പൊതുപ്രവർത്തകയായ കെ ജെ ഷൈൻ്റെ പോരാട്ടം അതിനാൽ സമാനതകളില്ലാത്തതാണ്.
അങ്ങേയറ്റം മലീമസമായ പ്രചാരണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഷൈനിനെതിരെ ഉയർന്നു വന്നത്. ഒരു എംഎൽഎയെ മുൻനിർത്തി അവർ കേൾക്കേണ്ടി വന്ന അപവാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത് ഒരു യുട്യൂബ് ചാനലിലായിരുന്നു. ഇത് പിന്നെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട അപവാദം യാതൊരുവിധ വസ്തുതാന്വേഷണവും ഇല്ലാതെ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചു. കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ എം ഷാജഹാൻ ഉൾപ്പെടെയുള്ളവർ ഇല്ലാത്ത കഥകൾ കെട്ടിഘോഷിച്ചു. പലരും പ്രത്യക്ഷമായും പരോക്ഷമായും തന്നെ കെ ജെ ഷൈനെ അവഹേളിച്ച് രംഗത്തെത്തി.
എന്നാൽ ഇതിലൊന്നും തളരാതെ തനിക്കെതിരെ വന്ന ആരോപണങ്ങളുടെ മുനയൊടിച്ച് ഷൈൻ രംഗത്ത് വരികയായിരുന്നു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് ഷൈൻ പറഞ്ഞതിന് പിന്നാലെ പലരും അപവാദ പോസ്റ്റ് മുക്കിയിട്ടുണ്ട്. പൊതുരംഗത്ത് നിൽക്കുന്ന സ്ത്രീകൾ സൈബർ ആക്രമണങ്ങൾ നേരിടുന്നത് ഇതാദ്യമായല്ല, നമ്മുടെ സമൂഹത്തിന്റെ പോക്ക് ഈ രീതിയിൽ തന്നെയാണെങ്കിൽ അവസാനത്തേതുമാകില്ല.
പക്ഷേ, ഇവിടെ ഷൈൻ ടീച്ചർ പ്രതികരിച്ച രീതി പലർക്കും ധൈര്യം തരുന്നത് തന്നെയാണ്. 'നിലാവ് കാണുമ്പോൾ പട്ടികൾ കുരയ്ക്കും. പട്ടിക്ക് കുരയ്ക്കാതിരിക്കാനാവില്ല, നിലാവിന് ഉദിക്കാതിരിക്കാനുമെന്നായിരുന്നു ആദ്യം തന്നെ ഈ ആരോപണങ്ങൾക്കെതിരെ ഷൈൻ പ്രതികരിച്ചത്. മാത്രവുമല്ല, താൻ എവിടെ പോകുന്നു, എന്ത് ചെയ്യുന്നുവെന്ന് ഈ സമൂഹത്തെ അറിയിക്കേണ്ടതില്ലെന്നും ഒരു വ്യക്തിക്ക് ലിംഗവ്യത്യാസമില്ലാതെ അന്തസായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഷൈൻ പറയുന്നയിടത്ത് തന്നെയുണ്ട് അവരുടെ കൃത്യമായ രാഷ്ട്രീയം. അന്യൻ്റെ വീട്ടിൽ എന്ത് നടക്കുന്നുവെന്ന് അന്വേഷിക്കുന്ന, അതിൽ സുഖം കണ്ടെത്തുന്ന, എന്നാൽ അതിൽ നമുക്ക് പറ്റിയതൊന്നുമില്ലെങ്കിൽ കള്ളക്കഥയുണ്ടാക്കി ആത്മരതികൊള്ളാൻ വെമ്പുന്ന പൊയ്മുഖങ്ങൾക്ക് നേരെയുണ്ടായ ആഞ്ഞടിയായിരുന്നു ഇത്.
സൈബർ ആക്രമണത്തിൽ തകർന്ന ഒരു സ്ത്രീയല്ല താനെന്നും അതിനെ ധൈര്യമായി നേരിടാനുള്ള ശേഷിയുള്ളയാളാണെന്നും ഷൈൻ പറഞ്ഞുവെക്കുകയാണ്. അതായത് വികൃതമായ മനോനിലയുള്ളവർ എയ്ത അമ്പുകളൊന്നും അവിടെ ഏശിയിട്ടില്ലെന്ന് സാരം. ചിലപ്പോൾ ശക്തമായ പ്രതികരണങ്ങൾ മാത്രം മതി, ഈ മനോവൈകൃതമുള്ളവർ ഓടിയൊളിക്കാൻ. അത് തന്നെയാണ് ഷൈൻ ചെയ്തതും.
തനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ലയിതെന്നും അവർ പറഞ്ഞ് വെക്കുന്നുണ്ട്. ഈ ആക്രമണങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് അറിയാത്ത, അവിടെ പതറിപ്പോകുന്ന മനുഷ്യർക്കാകെയും മാതൃകയാകുകയാണ് ഈ സ്ത്രീ. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ ഇവിടെ പുത്തരിയല്ല. ഇവിടെ തന്നെ തനിക്കെതിരെ ഒരു ബോംബ് വരുന്നുവെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് സൂചന നൽകിയെന്ന് ഷൈൻ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ വഴി തിരിച്ചുവിടാനുള്ള ആലോചനയാണോയിതെന്നും ഷൈൻ സംശയിക്കുന്നുണ്ട്. അപ്പോഴും എന്തുകൊണ്ട് ഷൈൻ എന്ന ചോദ്യത്തിന് അവർ പൊതുപ്രവർത്തകയായ സ്ത്രീയാണെന്നതാണ് ഉത്തരം.
സ്ത്രീകളെ ലൈംഗികമായും അല്ലാതെയും അധിക്ഷേപിക്കുന്ന കാഴ്ചകൾ പലപ്പോഴായി കാണുന്നതാണ്. 97 വയസ് കഴിഞ്ഞ് നിൽക്കുന്ന ലീലാവതി ടീച്ചർ സംഘപരിവാറിന്റെ സൈബർ ആക്രമണത്തിന് വിധേയയായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടില്ല, രാഹുലിനെതിരെ ആരോപണമുന്നയിച്ച റിനിക്കും, രാഹുലിനെതിരെ സംസാരിച്ച ഉമാ തോമസിനുൾപ്പെടെ സ്വന്തം പാർട്ടിയിലെ സൈബർ ഇടത്തെ പ്രവർത്തകരിൽ നിന്നും കേട്ട അവഹേളനങ്ങളും നാം കണ്ടതാണ്.
കെ കെ ശൈലജ, ആര്യാ രാജേന്ദ്രൻ, കെ കെ രമ തുടങ്ങി പൊതുരംഗത്ത് നിൽക്കുന്നവരുടെയും സിനിമാ സാഹിത്യ മേഖലകളിലെയും ഉൾപ്പെടെയുള്ള സ്ത്രീകളെ അവരുടെ ആശയത്തിന്റെ, രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടിന്റെയെല്ലാം പേരിൽ അവഹേളിക്കുന്നത് ഈ സാക്ഷര സമൂഹത്തിൽ തുടർക്കഥയാകുകയാണ്. എന്തിനേറെ രാഷ്ട്രീയ മേഖലയിലില്ലാത്ത, പങ്കാളികൾ രാഷ്ട്രീയക്കാരായതിന്റെ പേരിൽ മാത്രം അവഹേളിക്കപ്പെടുന്നവരും ഇവിടെയുണ്ട്. സ്ത്രീയായതിന്റെ, അഭിപ്രായമുള്ള സ്ത്രീയായതിന്റെ പേരിൽ മാത്രം അവഹേളനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്ന നിരവധി സ്ത്രീകൾക്ക് ഊർജം പകരുന്നതാണ് കെ ജെ ഷൈനിന്റെ മറുപടികൾ. അവർ പറഞ്ഞത് പോലെ ഈ ആക്രമണങ്ങളുണ്ടായാൽ വീട്ടിൽ കയറി ഒളിക്കുന്നവരാണ് സ്ത്രീകൾ എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്.
Content Highlights: Shine K J is a role model for all people who are vulnerable to cyber attacks