കേരളത്തിൻ്റെ രാഷ്ട്രീയ ഗതിവിഗതികളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ മൂന്ന് സംഭവങ്ങളുടെ ഓർമ്മകളെയാണ് മുൻ മുഖ്യമന്ത്രി എ കെ ആൻ്റണി കുടം തുറന്ന് വിട്ടിരിക്കുന്നത്. ഇവയാകട്ടെ 1996ലെയും 2006ലെയും നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിൻ്റെ പരാജയത്തിന് വഴിതെളിച്ചവയെന്ന് വിലയിരുത്തപ്പെട്ട സംഭവങ്ങളുമായിരുന്നു. മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ഈ സംഭവങ്ങൾ വീണ്ടും ചർച്ചയാകുന്നത്/ചർച്ചയാക്കുന്നത് ആർക്കാണ് സഹായകമാകുക, ദോഷകരമാകുക എന്നതും പ്രധാനമാണ്.
പൊലീസ് അതിക്രമങ്ങളുടെ പേരിൽ ഇടതുമുന്നണി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനായി പ്രതിപക്ഷം നിയമസഭയിലും പുറത്തും ആക്രമണം കടുപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ആൻ്റണിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. പൊലീസ് അതിക്രമത്തിൻ്റെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഒരുഭാഗമാണ് എ കെ ആൻ്റണിയെ പ്രകോപിച്ചത്. ശിവഗിരിയിൽ 1995ൽ എ കെ ആൻ്റണി മുഖ്യമന്ത്രി ആയിരിക്കെ സംഭവിച്ച പൊലീസ് ഇടപെടലിനെക്കുറിച്ചായിരുന്നു നിയമസഭയിൽ പിണറായി വിജയൻ്റെ പരാമർശം. പ്രതിപക്ഷം കൊത്താതിരുന്ന ആ ചൂണ്ടയിൽ പക്ഷെ എ കെ ആൻ്റണി കൊത്തി. കൊത്തിയെന്ന് മാത്രമല്ല ആ ചൂണ്ടയും വലിച്ച് പരക്കെ പാഞ്ഞുവെന്നത് കൂടിയാണ് കാണേണ്ടത്.
ശിവഗിരിയെക്കുറിച്ച് മാത്രമല്ല ചർച്ചയായാൽ യുഡിഎഫ് പ്രതിക്കൂട്ടിലാകുന്ന സാമുദായിക, രാഷ്ട്രീയ വിഷയങ്ങൾ അന്തർലീനമായ മാറാട് കലാപം, മുത്തങ്ങ വെടിവെപ്പ് എന്നീ സംഭവങ്ങൾ കൂടി ആൻ്റണി പൊതുചർച്ചയ്ക്ക് ഇട്ടുകൊടുത്തിരിക്കുകയാണ്. മാറാട് കലാപം, ശിവഗിരിയിലെ പൊലീസ് ഇടപെടൽ എന്നിവ സംബന്ധിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരാൻ ആൻ്റണിയുടെ പ്രതികരണം വഴിവെച്ചിട്ടുണ്ട്.
ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ച ചർച്ച ഉയരുന്നത് സാമുദായിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതെളിച്ചേക്കാം. ഒരുപക്ഷെ അത് മറ്റുപല ചർച്ചകളിലേയ്ക്കും വഴിമാറിയേക്കാം. ബോധപൂർവ്വം അതിനായി ഉപയോഗിക്കപ്പെട്ടേക്കാം. ഇതൊന്നും ചിന്തിക്കാതെ വൈകാരികമായി എ കെ ആൻ്റണി പ്രതികരിച്ചുവെന്നാണ് ഈ ഘട്ടത്തിൽ മനസ്സിലാക്കേണ്ടത്. ആ പ്രതികരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഒളിച്ച് പിടിച്ചിട്ടുണ്ടോയെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകേണ്ടതുമാണ്.
സന്യാസിമാർ പക്ഷം തിരിഞ്ഞ് ശിവഗിരിയിൽ നടന്ന അധികാര തർക്കങ്ങളുടെ ആ കാലം വീണ്ടും ഓർമ്മിക്കാനോ ചർച്ച ചെയ്യപ്പെടാനോ യുഡിഎഫ് എന്തായാലും ആഗ്രഹിച്ചേക്കില്ല. എൽഡിഎഫിനും അത് ചർച്ചയാകണമെന്ന് താൽപ്പര്യം ഉണ്ടാകില്ല. ഗുരുവിനെ ഹിന്ദുത്വ പ്രതിരൂപമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ നിഴൽകൂടി 1990കളിൽ ശിവഗിരിയിൽ ഉയർന്ന അധികാര തർക്കത്തിൽ അന്തർലീനമായിരുന്നു എന്നത് കേരളം ചർച്ച ചെയ്തതാണ്. അതിനാൽ വീണ്ടും ശിവഗിരി ചർച്ചയാകുന്നത് ആരെങ്കിലുമൊക്കെ സുവർണ്ണാവസരമാക്കുമോയെന്ന ആശങ്കയ്ക്ക് എന്തായാലും വകുപ്പുണ്ട്. ഇതൊന്നും ആൻ്റണി കാണാതെ പോയതാണോ അതോ രാഷ്ട്രീയ തന്ത്രങ്ങൾ ഏറെ പയറ്റിയ ആൻ്റണി മറ്റൊന്ന് ലക്ഷ്യം വെയ്ക്കുന്നുണ്ടോ. ഉത്തരം രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചും അതിലേറെ യുഡിഎഫിനെ സംബന്ധിച്ചും നിർണായകമാണ്.
ശിവഗിരി ആശ്രമത്തിലെ ഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളുടെ തുടർച്ചയായിരുന്നു 1995ലെ പൊലീസ് നടപടി. ശിവഗിരി ഭരണസമിതിയിൽ സ്വാധീനമുണ്ടായിരുന്ന ശാശ്വതീകാനന്ദയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരായ കോടതി വിധിയും പിന്നാലെ പുതിയ പ്രസിഡൻ്റായി പ്രകാശാനന്ദ തെരഞ്ഞെടുക്കപ്പെട്ടതുമാണ് അക്കാലത്ത് ശിവഗിരിയിലെ അന്തരീക്ഷം മോശമാക്കിയത്. ശാശ്വതീകാനന്ദയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കോടതി പിരിച്ച് വിട്ടതിനെ തുടർന്ന് 1994 ജൂണിൽ പ്രകാശാനന്ദ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചുമതലയേറ്റെടുക്കാൻ എതിർ വിഭാഗം സമ്മതിച്ചില്ല. പിന്നീട് ആ വർഷം ഡിസംബറിൽ ശ്വാശ്വതീകാനന്ദ വിഭാഗം പ്രത്യേക ജനറൽ ബോഡി യോഗം വിളിക്കുകയും ശാശ്വതീകാനന്ദയെ വീണ്ടും പ്രസിഡൻ്റായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ശാശ്വതീകാനന്ദ വിഭാഗത്തോട് മഠത്തിൻ്റെ സ്വത്തുക്കളും അധികാരവും നേരത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രകാശാനന്ദയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയ്ക്ക് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഈ നിർദ്ദേശം ശാശ്വതീകാനന്ദ വിഭാഗം അംഗീകരിച്ചില്ല. ഇതിനെ തുടർന്ന് 1995 ആഗസ്റ്റിൽ ഉത്തരവ് നടപ്പിലാക്കാനും അല്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയായിരുന്നു ശിവഗിരിയിലെ പൊലീസ് നടപടി. ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും നിരവധി സന്യാസിമാർക്ക് പൊലീസ് നടപടിയിൽ പരിക്കുകൾ സംഭവിക്കുകയും ചെയ്തതിന് പിന്നാലെ ഇതൊരു രാഷ്ട്രീയ തർക്കമായി വഴിമാറി.
ശിവഗിരിയിൽ പൊലീസ് നടപടി ഉണ്ടായതിനെ പ്രതിപക്ഷത്തായിരുന്ന സിപിഐഎം രൂക്ഷമായ ഭാഷയിലായിരുന്നു വിമർശിച്ചത്. ഇംഎംഎസും അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാരും ശക്തമായ ഭാഷയിൽ പൊലീസ് നടപടിയെ വിമർശിച്ചു. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ കരുണാകരൻ പ്രതിപക്ഷത്തെക്കാൾ ശക്തമായി പൊലീസ് നടപടിക്കെതിരെ രംഗത്തെത്തി. ശിവഗിരി ആശ്രമത്തിലേക്ക് സർക്കാർ പൊലീസിനെ അയയ്ക്കരുതായിരുന്നുവെന്നും കോടതി ഉത്തരവ് നടപ്പിലാക്കാൻ സന്യാസിമാരെ മർദ്ദിക്കണമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും കരുണാകരൻ ആഞ്ഞടിച്ചു. മുന്നണിക്കുള്ളിലും ആൻ്റണിക്ക് വിമർശനം നേരിടേണ്ടി വന്നു. ഘടകകക്ഷികളുമായി ആലോചിക്കാതെ പൊലീസ് നടപടിക്ക് ഉത്തരവിട്ടതിനെതിരെ മുസ്ലിം ലീഗ് ആൻ്റണിയെ പ്രതിക്കൂട്ടിൽ നിർത്തി.
ശിവഗിരിയിലെ പൊലീസ് നടപടി സാമുദായിക ചേരിതിരിവിനും ഉപയോഗിക്കപ്പെട്ടു. ഒരു വശത്ത് മഅദ്നിയും മറുവശത്ത് ബിജെപിയും അണിചേരുന്ന നിലയിലേയ്ക്ക് ശിവഗിരി സംഭവത്തിൻ്റെ മാനങ്ങൾ മാറിയിരുന്നു. പിന്നാക്ക ന്യൂനപക്ഷ വക്താക്കൾ എന്ന നിലയിൽ മഅദ്നിയുടെ പിഡിപിക്ക് സ്വീകാര്യ ലഭിക്കുന്ന കാലത്ത് നടന്ന ശിവഗിരി സംഭവത്തിൽ പിഡിപി ഒരുപക്ഷത്തിനൊപ്പം ചേർന്ന് നിലപാടെടുത്തു. പൊലീസിനെതിരായ സംഘർഷത്തിൽ പോലും പിഡിപി പ്രവർത്തകർ നേരിട്ട് പങ്കാളികളായി. രണ്ട് പക്ഷമായി നിന്ന് പോരടിക്കുന്ന സന്യാസിമാർക്ക് ഇടയിലേയ്ക്ക് "പുറത്തുള്ളവരെ" ക്ഷണിച്ചുവെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ഇത് ചൂണ്ടിക്കാണിച്ച് ശാശ്വതീകാനന്ദ വിഭാഗത്തിനെതിരെ ആർഎസ്എസും ബിജെപിയും നിലപാടെടുത്തു.
തന്റെ എതിരാളികൾക്ക് ആർഎസ്എസിന്റെ പിന്തുണയുണ്ടെന്ന ശാശ്വതീകാനന്ദയുടെ ആരോപണത്തിൻ്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്തരം വിഷയങ്ങൾ കൂടി ഉരുത്തിരിഞ്ഞത്. നേരത്തെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കർസേവ അരുവിപ്പുറത്ത് നിന്ന് തുടങ്ങാനുള്ള വിഎച്ച്പി നീക്കത്തെ തടയിട്ടത് ശാശ്വതീകാനന്ദയായിരുന്നു. അന്ന് തുടങ്ങിയതാണ് ശിവഗിരി പിടിച്ചെടുക്കാൻ സംഘപരിവാരത്തിന്റെ മാസ്റ്റർ പ്ലാൻ എന്നായിരുന്നു പിന്നീട് ശാശ്വതീകാനന്ദ പ്രതികരിച്ചത്. കേരളത്തിലെ ഹൈന്ദവ വർഗീയ വാദത്തിനു ശിവഗിരി തടസം ആകുമെന്ന് അവർ മനസിലാക്കി കഴിഞ്ഞിരുന്നു എന്നും ശാശ്വതീകാനന്ദ പ്രതികരിച്ചിരുന്നു. ഈ നിലയിൽ കേരളത്തിൻ്റെ രാഷ്ട്രീയ സാമുദായിക ഇടങ്ങളിൽ നിരവധി അനുരണനങ്ങൾ ശിവഗിരി സംഭവം സൃഷ്ടിച്ചിട്ടുണ്ട്.
ഇവിടേയ്ക്കാണ് എ കെ ആൻ്റണി വീണ്ടും ചർച്ചകളെ പ്ലെയ്സ് ചെയ്തിരിക്കുന്നത്. അതിനായി അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങളിലും വസ്തുതാപരമായ ചില വീഴ്ചകളുണ്ട്. ശിവഗിരിയിലെ പൊലീസ് നടപടി, മാറാട് കലാപം എന്നിവ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും മുത്തങ്ങ വെടിവെയ്പ്പ് സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോർട്ടും പുറത്ത് വിടണമെന്നായിരുന്നു ആൻ്റണിയുടെ ആവശ്യം. ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ച ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാരുടെ അന്വേഷണ റിപ്പോർട്ടും മാറാട് കലാപം സംബന്ധിച്ച ജസ്റ്റിസ് തോമസ് പി ജോസഫിൻ്റെ അന്വേഷണ റിപ്പോർട്ടും കേരള നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. മുത്തങ്ങ വെടിവെയ്പ്പ് സംബന്ധിച്ച സിബിഐയുടെ അന്വേഷണ റിപ്പോർട്ട് ഇതിനകം ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുമുണ്ട്.
ഈ സാഹചര്യത്തിലാണ് എ കെ ആൻ്റണിയുടെ നിലപാട് ഒരുപക്ഷെ യുഡിഎഫിന് ബൂമറാങ്ങായി മാറിയേക്കുക. ശിവഗിരിയിലെ പൊലീസ് നടപടിയെ ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാരുടെ അന്വേഷണ റിപ്പോർട്ട് ന്യായീകരിച്ചിട്ടുണ്ടെന്ന് വാദത്തിന് വേണമെങ്കിൽ പറയാം. എന്നാൽ പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച അന്നത്തെ സർക്കാർ വിഷയം കൃത്യമായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ശക്തമായ വിമർശനവും റിപ്പോർട്ടിൽ ഉണ്ട്. ശിവഗിരിയിലെ പൊലീസ് നടപടിയിലേയ്ക്ക് നയിച്ചത് വിഷയം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് മൂലമെന്ന് ഈ പരാമർശം വ്യക്തമാക്കുന്നുണ്ട്. അതിനാൽ തന്നെ റിപ്പോർട്ടും ശിവഗിരിയിലെ പൊലീസ് നടപടിയും വീണ്ടും ചർച്ചയാകുമ്പോൾ അത് നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനോ പ്രതിപക്ഷത്തിനോ ഗുണകരമാകില്ല എന്ന് തന്നെ വിലയിരുത്തണം.
മാറാട് കലാപവും എ കെ ആൻ്റണിയുടെ പ്രതികരണത്തോടെ ചർച്ചയിലേയ്ക്ക് വന്നിരിക്കുകയാണ്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ഉയരുന്നത് യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗിനെ സംബന്ധിച്ച് എത്രമാത്രം സ്വീകാര്യമായിരിക്കും എന്നതും പ്രധാനമാണ്. കലാപത്തെ സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ്റെ കണ്ടെത്തലുകളും കമ്മീഷൻ്റെ ശുപാർശയും മുസ്ലിം ലീഗിന് എത്രമാത്രം സ്വീകാര്യമാകും എന്നത് വീണ്ടും ചർച്ചകളിൽ ഉയർന്നേക്കാം. NDF, lUML പ്രവർത്തകർ ഗൂഢാലോചനയിലും കൂട്ടക്കൊലയിലും പങ്കാളികളാണ് എന്ന കമ്മീഷൻ്റെ അവസാനഭാഗത്തെ പരാമർശങ്ങൾ ആൻ്റണിയുടെ പ്രതികരണത്തോടെ വീണ്ടും ചർച്ച ചെയ്യപ്പെട്ടേക്കാം. മുസ്ലിം ലീഗിൻ്റെ നേതാവ് എം സി മായിൻഹാജിയുടെ പേര് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരുന്നത് നേരത്തെ വിവാദമായിരുന്നു.
സിബിഐ, സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു മൾട്ടി ഏജൻസി ഗൂഢാലോചനയ്ക്കും കൂട്ടക്കൊലയ്ക്കും പിന്നിൽ മറ്റ് ശക്തികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. മാറാട് കലാപത്തെ തുടർന്നുള്ള സാഹചര്യത്തെ സാമുദായിക വിഭജനം ലക്ഷ്യമിട്ട് ഉപയോഗിച്ചവർ ഇത്തരം വിഷയങ്ങൾ നിലവിലെ സാഹചര്യത്തിൽ എങ്ങനെ ഉപയോഗപ്പെടുത്തും എന്നതും ഗൗരവമുള്ള വിഷയമാണ്. അതിനാൽ തന്നെ വീണ്ടും മാറാട് കൂട്ടക്കൊലയെ വീണ്ടും പൊതുചർച്ചയിലേയ്ക്ക് കൊണ്ടുവരാനുള്ള ആൻ്റണിയുടെ ഇടപെടൽ യുഡിഎഫിന് ഗുണകരമാകില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
കേരളത്തിലെ രാഷ്ട്രീയ ഭൂമികയിൽ ആദിവാസി ഭൂമിപ്രശ്നം മുഖ്യധാരാ വിഷയമായി ചർച്ച ചെയ്യാൻ രാഷ്ട്രീയ നേതൃത്വങ്ങളെ നിർബന്ധിതമാക്കിയ സമരമായിരുന്നു മുത്തങ്ങയിലെ ഭൂസമരവും ആദിവാസികൾക്ക് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പും. സ്വന്തം നിരപരാധിത്വം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും മുത്തങ്ങ വിഷയം എ കെ ആൻ്റണി വീണ്ടും ഉയർത്തിയതോടെ ചർച്ചയിലേയ്ക്ക് വരുന്നത് പൊലീസ് അതിക്രമവും ആദിവാസി ഭൂമി പ്രശ്നവും തന്നെയാണ്. സിബിഐ റിപ്പോർട്ടിൽ പൊലീസ് നടപടി ന്യായീകരിക്കപ്പെടുന്നുണ്ട് എന്നതായിരിക്കാം വിഷയം വീണ്ടും ഉയർത്താൻ ആൻ്റണിയെ പ്രേരിപ്പിച്ചിരിക്കുക. എന്നാൽ വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്ന നിലയിലുള്ള ആൻ്റണിയുടെ പ്രതികരണവും അതിന് പിന്നാലെ സി കെ ജാനുവും എം ഗീതാനന്ദനും സ്വീകരിച്ച നിലപാടും മുത്തങ്ങ സംഭവത്തിന് ശേഷം യുഡിഎഫിന് രാഷ്ട്രീയമായി നേരിടേണ്ടി വന്ന ചോദ്യങ്ങളെയാണ് വീണ്ടും മുന്നോട്ട് വെച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയെന്നത് പോലും പരിഗണിക്കാതെ ആ റിപ്പോർട്ട് പുറത്ത് വിടണമെന്ന നിലയിൽ ആൻ്റണി ഉയർത്തിയ ആവശ്യവും യുഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയമായി ഗുണകരമാകില്ലെന്ന് തീർച്ചയാണ്.
Content Highlights: Will AK Antony's stances in Sivagiri, Marad and Muthanga be a setback for the UDF?