'മിസ്റ്റർ മിനിസ്റ്റർ,ആക്ഷനും കട്ടിനുമിടയിൽ ഡയലോഗ് പറഞ്ഞ് സീൻ ഓക്കേയാക്കുന്നത് പോലെയല്ല രാഷ്ട്രീയപ്രവർത്തനം'

തൃശൂരങ്ങെടുക്കാനായി കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി 18 കിലോമീറ്റര്‍ പദയാത്ര നടത്തിയ സ്ഥാനാര്‍ഥിയായിരുന്നു താനെന്ന കാര്യമൊക്കെ, ജയിച്ചുകയറി എംപിയും മന്ത്രിയുമൊക്കെ ആയതോടെ മൂപ്പര് മറന്ന മട്ടാണ്.

'മിസ്റ്റർ മിനിസ്റ്റർ,ആക്ഷനും കട്ടിനുമിടയിൽ ഡയലോഗ് പറഞ്ഞ് സീൻ ഓക്കേയാക്കുന്നത് പോലെയല്ല രാഷ്ട്രീയപ്രവർത്തനം'
രമ്യ ഹരികുമാർ
1 min read|18 Sep 2025, 12:17 pm
dot image

ന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്.. അതാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഒരു ആറ്റിറ്റിയൂഡ്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാന്‍ സഹായിക്കുമോ എന്ന അഭ്യര്‍ഥനയുമായെത്തിയ വയോധികയോടായിരുന്നു കേന്ദ്രമന്ത്രിയുടെ അവസാനത്തെ പരാക്രമം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാനായിരുന്നു സുരേഷ് ഗോപി ആദ്യം നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയെ തിരക്കി എനിക്ക് പോകാന്‍ പറ്റുമോ എന്ന് വയോധിക ചോദിച്ചതും മന്ത്രിയുടെ ടോണങ്ങ് മാറി. എന്നാല്‍ എന്റെ നെഞ്ചത്തോട്ടേക്ക് കയറിക്കോ എന്നായി പരിഹാസം! തൃശൂരങ്ങെടുക്കാനായി കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി 18 കിലോമീറ്റര്‍ പദയാത്ര നടത്തിയ സ്ഥാനാര്‍ഥിയായിരുന്നു താനെന്ന കാര്യമൊക്കെ, ജയിച്ചുകയറി എംപിയും മന്ത്രിയുമൊക്കെ ആയതോടെ മൂപ്പര് മറന്ന മട്ടാണ്.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം എന്നുപ്രഖ്യാപിച്ചുകൊണ്ട്, എംപിയായതില്‍ പിന്നെ തിരിഞ്ഞുനോക്കുന്നില്ലെന്ന തൃശ്ശൂരുകാരുടെ പരാതി ഇല്ലാതാക്കാനും അണ്‍പോപ്പുലറായ കേന്ദ്രമന്ത്രിയെ വീണ്ടും പോപ്പുലറാക്കി മുഖം രക്ഷിക്കാനുമുള്ള ബിജെപിയുടെ പതിനെട്ടാമത്തെ അടവായിരുന്നു കലുങ്ക് സൗഹൃദ സംവാദം. പക്ഷെ തന്റെ മുന്നില്‍ ഒരു കഷ്ണം പേപ്പറില്‍ ജീവിതപ്രശ്‌നങ്ങള്‍ അടയാളപ്പെടുത്തിയെത്തിയ ആ മനുഷ്യരെയെല്ലാം പരിഹസിച്ചും അപമാനിച്ചും അണ്‍പോപ്പുലാരിറ്റി കൂട്ടിക്കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി.

കേന്ദ്രമന്ത്രി പറഞ്ഞതുപോലെ ഇത് സംസ്ഥാന വിഷയമായിരിക്കാം..എംപിക്ക് ഇടപെടുന്നതിന് പരിമിതികളുമുണ്ടാകാം..ഒരു പൊതുപ്രവര്‍ത്തകനായ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയും മന്ത്രിക്ക് ഉണ്ടായിരിക്കാം. പക്ഷെ വോട്ട് ചെയ്ത് ജയിപ്പിച്ച മനുഷ്യര്‍ തങ്ങളുടെ പ്രശ്‌നങ്ങളുമായി വരുമ്പോള്‍ അതിനെ അങ്ങേയറ്റം പരിഹസിച്ചും അവഹേളിച്ചും സിനിമാസ്റ്റൈലില്‍ മാസ് ഡയലോഗ് അടിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. അത് സുരേഷ് ഗോപിക്ക് മനസ്സിലാകാത്തതിന് കാരണം അയാള്‍ അടിസ്ഥാനപരമായി ഒരു രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ടുതന്നെയാണ്. കമ്മിഷണര്‍ സിനിമയിലെ ഭരത്ചന്ദ്രന്‍ ഐപിഎസിനുള്ള ചങ്കൂറ്റം തനിക്കുമുണ്ടെന്ന് അയാള്‍ ആവര്‍ത്തിച്ച് പുലമ്പുന്നത് അതുകൊണ്ടാണ്. തിരക്കഥാകൃത്ത് എഴുതിവച്ച സംഭാഷണങ്ങള്‍ മനഃപാഠമാക്കി ആക്ഷനും കട്ടിനുമിടയില്‍ കൃത്യമായ മോഡുലേഷനില്‍ പറഞ്ഞ് സീന്‍ ഓക്കേയാക്കുന്നത് പോലെ എളുപ്പമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് അയാള്‍ക്ക് തിരിച്ചറിയാനാകാത്തതും അതുകൊണ്ടാണ്. അല്ലെങ്കില്‍ തീയേറ്ററില്‍ ജനങ്ങള്‍ കയ്യടിക്കുന്ന തരം മാസ് ഡയലോഗുകള്‍ കലുങ്കില്‍ വന്നിരുന്ന് പറഞ്ഞ് വീണ്ടും വീണ്ടും കയ്യടി വാങ്ങിക്കൂട്ടാമെന്ന് അയാള്‍ തെറ്റിദ്ധരിക്കില്ലല്ലോ.

പുള്ളില്‍ നടന്ന കലുങ്ക് സഭയില്‍ കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചതിനെ കൈപ്പിഴയെന്നും എല്ലായ്‌പ്പോഴും സിസ്റ്റത്തിനുള്ളില്‍ പ്രവര്‍ത്തിച്ച്, ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് തന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നുമെല്ലാം വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കുമ്പോഴും മന്ത്രിക്ക് നഷ്ടമാകുന്നത് ആ രാഷ്ട്രീയക്കാരന്റെ ബോഡി ലാംഗ്വേജ് ആണ്. അയാളില്‍ നിന്ന് പുറത്തേക്ക് ചീറ്റുന്നത് ഉള്ളിലെ എന്നോട് കല്പിക്കാന്‍ നിങ്ങളാരെന്ന മാടമ്പിത്തരത്തിന്റെ ചീളുകളാണ്. അതുകൊണ്ടാണ് ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങളെന്ന് ചോദിക്കുമ്പോള്‍ അല്ല, ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് ധാര്‍ഷ്ട്യത്തോടെ അയാള്‍ പ്രതികരിക്കുന്നത്. '14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും പറ്റില്ല. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എന്റെ അവകാശമാണ്. ഞാന്‍ അത് ചെയ്തുകൊണ്ടേയിരിക്കുമെന്ന് നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ക്ക് അവകാശമുണ്ട്, അതുപോലെ കടമയും.'ആ തീഗോളം കെടുത്താന്‍ ആരും ശ്രമിക്കുന്നില്ല ആളിക്കത്തിക്കുന്നത് നിങ്ങളുടെ പ്രതികരണങ്ങളാണെന്ന ബോധ്യമാണ് ഉണ്ടാകേണ്ടത്! പരാതിയുമായെത്തുന്ന ജനങ്ങളോട് സംസാരിക്കേണ്ട ഭാഷ പഠിക്കാന്‍ മേല്‍ പറഞ്ഞ രാഷ്ട്രീയക്കാരനാവേണ്ട ആവശ്യമില്ലെന്നത് മറ്റൊരുവശം, അതിന് സഹജീവി സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായാല്‍ മതി.

ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലൂടെ കയ്യയഞ്ഞ് സഹായിക്കുന്ന ഒരു സുരേഷ് ഗോപിയെ കണ്ടുശീലിച്ച ജനങ്ങളാണ് മിനിസ്റ്റര്‍. ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഭരണസംവിധാനത്തില്‍ നിങ്ങളെത്തുമ്പോള്‍ നിങ്ങളില്‍ നിന്ന് ജനങ്ങള്‍ ചിലത് പ്രതീക്ഷിച്ചു എന്ന തെറ്റേ അവര്‍ ചെയ്തിട്ടുള്ളൂ.. തെരഞ്ഞെടുപ്പ് കാലത്ത് വാചകക്കസര്‍ത്തിലൂടെ അങ്ങനെയൊരു ഉറപ്പ് അവര്‍ക്ക് കൊടുത്തത് നിങ്ങള്‍ തന്നെയാണ്. നിങ്ങളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ ആരോപിച്ച പോലുള്ള രാഷ്ട്രീയക്കളികളല്ല, യഥാര്‍ഥ പരിഹാരങ്ങളാണ്. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ളവരെ കാണുമ്പോള്‍ ജനങ്ങള്‍ പ്രശ്‌നങ്ങള്‍ പറയും, നിവേദനം നല്‍കും..തേഞ്ഞചെരിപ്പുമായി ജനങ്ങള്‍ക്ക് നടുവില്‍ നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നത് ഓര്‍ക്കുന്നില്ലേ. പാര്‍ട്ടിയുടെ തീരുമാനമാണെങ്കില്‍ കൂടി പാര്‍ട്ടി ഓഫീസുവഴി നിവേദനം സമര്‍പ്പിക്കാന്‍ പറയുകയല്ല, അത് കൈപറ്റുക എന്നുള്ളതാണ് ജനപ്രതിനിധിയുടെ പ്രാഥമിക മര്യാദ, എന്തുചെയ്യാനാകുമെന്ന് തന്റെ അധികാര പരിധിയില്‍ ഇരുന്നുകൊണ്ട് ആലോചിക്കുകയും നടപടിയെടുക്കുകയും ചെയ്യുക എന്നുള്ളത് രണ്ടാമത്തെയും..രണ്ടാമത്തെ മര്യാദ ബഹുഭൂരിപക്ഷം പേരും മറന്നുപോകാറുണ്ടെങ്കിലും!

എന്തായാലും ബിജെപിക്ക് പണി പാലുംവെള്ളത്തില്‍ കിട്ടി. കേരളത്തില്‍ ഒരു ലോക്‌സഭാ സീറ്റെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടെങ്കിലും പാര്‍ട്ടിക്ക് ബാധ്യതയും തലവേദനയുമായിക്കൊണ്ടിരിക്കുകയാണ് കേന്ദ്രമന്ത്രിയുടെ ജനങ്ങള്‍ക്കുമേലുള്ള കുതിരകയറ്റം. എന്തിനിത് ചെയ്തു, എങ്ങനെ ചെയ്തു, തനിക്കതിന്റെ സാഹചര്യം അറിയില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൈമലര്‍ത്തിക്കഴിഞ്ഞു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിയും വോട്ട് ചെയ്ത് ജയിപ്പിച്ചതില്‍ തൃശ്ശൂര്‍ക്കാരും ഒരുപോലെ തലയില്‍ കൈവച്ച് ഇരിക്കേണ്ട അവസ്ഥയാണ്. ഏതായാലും ബിജെപി നേതൃത്വം ഒന്നുചെയ്യേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് പോലെ കേന്ദ്രമന്ത്രിയായിരുന്ന ഒ.രാജഗോപാലിനെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തുക. അദ്ദേഹം എങ്ങനെയാണ് ജനങ്ങളോട് സൗമ്യമായി പെരുമാറിയിരുന്നതെന്ന് പഠിക്കാന്‍ പറയുക. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറപ്പിക്കുന്നതായിരിക്കും പാര്‍ട്ടിയുടെ കേരളത്തിലെ ഭാവിക്ക് നല്ലത്..

Content Highlights: Suresh Gopi should learn the difference between Acting and Poltics

dot image
To advertise here,contact us
dot image