'വീട്ടില് കയറ്റാന് കൊള്ളാത്തവരല്ലേ നിങ്ങള്…സമൂഹത്തില് ഇറങ്ങി ജീവിയ്ക്കാന് ഇവളുമാര്ക്കൊന്നും പറ്റത്തില്ല…. ' മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയിലെ ഒരു മത്സരാര്ഥി അതേ ഷോയില് പങ്കെടുക്കുന്ന ലെസ്ബിയന് കപ്പിളിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇത്. പിന്നാലെ ആ റിയാലിറ്റി ഷോയുടെ അവതാരകനും നടനുമായ മോഹന്ലാല് കടുത്ത ഭാഷയില് തന്നെ വിമര്ശനവുമായി രംഗത്തെത്തി. എന്റെ വീട്ടില് ഞാന് അവരെ കയറ്റുമെന്ന് ശക്തവും വ്യക്തവുമായി അദ്ദേഹം തുറന്നടിച്ചപ്പോള് പ്രേക്ഷകരും അതേറ്റെടുത്തിരിക്കുകയാണ്. നമ്മള് ഇന്ന് നടത്താന് പോകുന്നത് ആ റിയാലിറ്റി ഷോയെ പറ്റിയോ അതിലെ നാടകീയ രംഗങ്ങളെ കുറിച്ചോ ഉള്ളൊരു അവലോകനമല്ല. മറിച്ച് ഈ സംഭവം നമ്മുടെ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെകുറിച്ചും അതുമായി ബന്ധപ്പെട്ട് ഉയരുന്ന ചര്ച്ചകളെ കുറിച്ചുമുള്ളൊരു വിലയിരുത്തലാണ്.
ആദില, നൂറ എന്ന ലെസ്ബിയന് പങ്കാളികള്ക്ക് നേരെ വിരല് ചൂണ്ടി ലക്ഷമിയെന്ന മറ്റൊരു കണ്ടസ്റ്റന്റ് വിളിച്ചത് വീട്ടില് കയറ്റാന് കൊള്ളാത്തവര് എന്നാണ്. മത്സരാര്ത്ഥിയായ ലക്ഷമിയെ കൊണ്ട് ഇന്ന് അത് പറയിപ്പിച്ചത് കാലങ്ങളായി സമൂഹത്തില് ആഴന്നിറങ്ങിയ ക്വീര് വിരുദ്ധതയും ആ വിഭാഗത്തിലുള്ള മനുഷ്യരോടുള്ള സമൂഹത്തിന്റെ കടുത്ത അവജ്ഞയുമാണ്. എന്നാല് ആ അവജ്ഞയും ക്വീര് വിരുദ്ധതയും നമ്മളില് പലരിലും ഉണ്ടെന്ന വാസ്തവും മറച്ച് വെയ്ക്കാന് കഴിയുന്നതല്ല. സെക്സ് ജോക്കുകള് എന്ന് നിങ്ങള് പറഞ്ഞ് കൂട്ടുന്ന പല നിഷ്കളങ്ക തമാശകള്ക്ക് പിന്നിലും അവരെ അധിക്ഷേപിക്കുന്ന എത്രയെത്ര വാക്കുകളുണ്ട്. പലര്ക്കും അവരുടെ സുഹൃത്തുക്കളെ പരിഹസിക്കാനും അവരെ നിശബ്ദരാക്കാനും എടുത്ത് പ്രയോഗിക്കാന് കഴിയുന്ന അധിക്ഷേപ വാക്കുകളുടെ പട്ടികയിലുള്ളതാണ് ഗേ, ലെസ്ബിയന്, ട്രാന്സ് എന്നതൊക്കെയും. അങ്ങനെ മനുഷത്വ രഹിതമായി ഒരു വിഭാഗത്തെ അവരുടെ സ്വത്വത്തെ മോശമായി കണക്കാക്കുന്നവര്ക്ക് സ്വീകാര്യത ലഭിക്കുന്ന ഒരു സമൂഹം തന്നെയാണ് ലക്ഷമിയെ അന്താരാഷ്ട്ര തലത്തില് ശ്രദ്ധിക്കപ്പെടുന്ന പ്രേക്ഷകര്ക്ക് തത്സമയം വീക്ഷിക്കാന് കഴിയുന്ന ഒരു പരിപാടിയില് നിന്നിങ്ങനെ ആര്ജവത്തോടെ പറയാന് ഊര്ജ്ജം നല്കിയത്. ഇയൊരൊറ്റ കാരണം തന്നെയാണ്. ചോദ്യം ചെയ്യപ്പെടുമ്പോള് തന്റെ വ്യക്തിപരമായ ഒപ്പീനിയനാണെന്ന് ധൈര്യത്തോടെ പറയാന് അവര്ക്ക് അവസരം നല്കിയതും. മനുഷ്യത്വ വിരുദ്ധത എങ്ങനെ പേഴ്സണല് ഒപ്പീനിയനാകും.
ഒന്നാലോചിച്ച് നോക്കൂ, സെക്ഷ്വാലിറ്റിയുടെ പേരില് തങ്ങള് അത്രയും നാള് നിന്നിരുന്ന വീട്ടില് നിന്നും നാട്ടില് നിന്നും ഒറ്റ ദിവസം കൊണ്ട് പുറത്താക്കപ്പെട്ടവര്. അവരെന്താണെന്നോ അവരുടെ യഥാര്ത്ഥ സ്വത്വം എന്താണെന്നോ മനസിലാക്കാന് കഴിയാതെ പരാജയപ്പെട്ട ഒരു സമൂഹം അവരെ ഏതോ നികൃഷ്ട ജീവികളായോ വീട്ടില് കയറ്റാന് കൊള്ളാത്തവരോ ആക്കി ചാപ്പ കുത്തി പുറത്താക്കുന്നു. പിന്നീട് എല്ലാ വേദനാഭാരവും താങ്ങി അവര് പുതിയിടത്ത് ജീവിതം കെട്ടിപടുക്കാന് ശ്രമിക്കുന്നു. ഇതിനിടയിലും എത്രയോ തവണ സെക്ഷ്വാലിറ്റി എന്ന ഒറ്റകാരണം കൊണ്ട് അവര് പലയിടങ്ങളില് കുത്തുവാക്ക് നേരിടേണ്ടി വരുന്നു. എന്നിട്ടും അവര് ഉയര്ത്തെഴുന്നേല്ക്കുന്നു. അത്രയും കാലം പോറ്റി വളര്ത്തിയവര്ക്ക് പോലും മനസിലാക്കാന് സാധിക്കാത്ത ഒരു സമൂഹത്തില് നിന്ന് പോരാടുന്നു.തങ്ങള്ക്ക് നേരിടുന്ന അനീതികളെ കുറിച്ച് തുറന്നുപറയുന്നു. പ്രിയരേ അതിന് ചില്ലറ ധൈര്യമൊന്നുമല്ല വേണ്ടത്.
ഇതിനെല്ലാം അപ്പുറം സന്തോഷവും പ്രത്യാശയും തരുന്നത് മറ്റൊന്നാണ്. ഒരു കാലത്ത് സമൂഹം ഏറ്റവും മോശമായി കണ്ടിരുന്ന ഒരു വിഭാഗത്തെയാണ് ഇന്ന് മലയാളത്തിന്റെ ഒരു സൂപ്പര് സ്റ്റാര് പിന്തുണച്ചിരിക്കുന്നത്. എന്റെ വീട്ടില് അവരെ ഞാന് കയറ്റുമെല്ലോ എന്ന മോഹന്ലാലിന്റെ മറുപടി കാലങ്ങളായി മലയാളികള് കൊണ്ടു നടന്ന സദാചാര മുഖത്തിനേറ്റ അടിയാണ്. അതിനെല്ലാമപ്പുറം ഇതൊരു പ്രതീക്ഷയാണ്. പുരുഷന്മാരിലെ സ്ത്രൈണ ഭാവത്തെ അഭിമാനത്തോടെ ഉയര്ത്തിക്കാട്ടിയ ലാലേട്ടന്റെ പരസ്യവും, പ്രണയത്തിന്റെ അതിര് വരമ്പുകള് പൊളിച്ചെഴുതിയ മമ്മൂട്ടിയുടെ കാതല് ദി കോര് എന്ന ചിത്രവും ട്രാന്സ്ജെന്ഡര് വേഷം ചെയ്യണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ശോഭനയും നല്കുന്നത് പുതിയകാലത്തിന്റെ പ്രതീക്ഷയാണ്. ആ പ്രതീക്ഷയ്ക്ക് പിന്നിലോ എത്രയോ കാലങ്ങളായി പോരാട്ടം തുടരുന്ന പ്രിയപ്പെട്ട ഒരു കൂട്ടം ക്വീര് മനുഷ്യരും.
അതിനെല്ലാം അപ്പുറം ആദിലയ്ക്കും നൂറയ്ക്കും ജനങ്ങളില് നിന്ന് കിട്ടുന്ന പിന്തുണ. കാലം മാറിയെന്നും ആളുകള് മാറി ചിന്തിച്ച് തുടങ്ങിയെന്നുമുള്ള ശുഭസൂചനയാണ്. ഇനി വേണ്ടത് ലക്ഷ്മിയെ പോലുള്ളവര് ഇവര്ക്ക് ചാര്ത്തി നല്കുന്ന വീട്ടില് കയറ്റാന് കൊള്ളാത്തവര് എന്ന ലേബല് ഇല്ലാതാക്കുകയാണ്. അതിന് ആദ്യം ശ്രമിക്കേണ്ടത് ജീവന്റെ തുടിപ്പ് ആദ്യം അറിയുന്ന മാതാപിതാക്കളില് നിന്നു തന്നെയാവണം. വേണ്ടപ്പെട്ടവരില് നിന്ന് തന്നെയാകണം.ആള്കൂട്ട വിചാരണയ്ക്കും മുന്വിധികള്ക്കും വിട്ടുകൊടുക്കാതെ സ്വന്തം കുട്ടി തന്റെ സെക്ഷ്വാലിറ്റി എന്താണെന്ന് തിരിച്ചറിയാന് ശ്രമിക്കുമ്പോള് അവരെ ചേര്ത്ത് പിടിക്കാന് ശ്രമിക്കണം. അവരുടെ മേല് സദാചാരത്തിന്റെയും കീഴ്വഴക്കങ്ങളുടെയും ഭാരം കെട്ടിവെയ്ക്കാന് ശ്രമിക്കുന്നവരെ അകറ്റിനിര്ത്താന് ശീലിക്കണം.
Content Highlights- When Malayalis' Mohanlal supports Adila and Noora