കേരളത്തിലെ സർവകലാശാലകളിൽ ഓഗസ്റ്റ് 14 വിഭജന ഭീതിദിനമായി ആചരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഗവർണർ രാജേന്ദ്ര ആര്ലേക്കര്. സെമിനാറുകൾ സംഘടിപ്പിക്കണം, നാടകം കളിക്കണം തുടങ്ങി വിഷയത്തിൽ എങ്ങനെയെല്ലാം ഇടപെടാമോ അതെല്ലാം വേണമെന്ന് ഗവർണർ പുറത്തിറക്കിയ സർക്കുലറിലുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധം ഇപ്പോൾത്തന്നെ ഉയർന്നുവന്നുകഴിഞ്ഞു. ആർഎസ്എസ് പരിപാടി എന്തിനാണ് ക്യാമ്പസുകളിൽ എന്ന വിമർശങ്ങൾ പല കോണിൽ നിന്നുയരുന്നുണ്ട്. ഇഴകീറി പരിശോധിച്ചാൽ ശരിയാണ്. വിഭജന ഭീതി ദിനത്തെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനുമാണ് ബിജെപി അടക്കമുളള സംഘപരിവാർ ശക്തികൾ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. ഉന്നം എന്നും നെഹ്റുവും കോൺഗ്രസുമായിരുന്നു. ആ 'ഓപ്പറേഷൻ' കേരളത്തിലേക്കെത്തുകയാണ്. അതാദ്യം എത്തുന്നത് നമ്മുടെ ക്യാമ്പസുകളിലേക്കാണ്.
2021ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 14 'വിഭജന ഭീതി ദിന'മായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. തൊട്ടടുത്ത വർഷം, 2022 മുതൽ ഈ ദിനം ആചരിച്ചുതുടങ്ങി. എന്നാൽ ഈ ദിനത്തിന്റെ ആത്യന്തികമായ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. രണ്ട് രാജ്യങ്ങൾ പിറന്ന ആ വിഭജനകാലത്തെ, സംഘപരിവാർ നരേറ്റീവിലൂടെ അപഗ്രഥിക്കുക. വെറുപ്പുണ്ടാക്കുക. പാകിസ്താന്റെ പേരിൽ നെഹ്റുവിന്റെയും കോൺഗ്രസിനെയും കൂടുതൽ പ്രതിക്കൂട്ടിൽ നിർത്തുക.
2022ൽ തുടങ്ങി ഇന്നേവരെ അത് മാത്രമാണ് ബിജെപി കൈക്കൊണ്ടിട്ടുള്ള സ്ട്രാറ്റജി. ഉത്തരേന്ത്യയിൽ അടക്കം ഓഗസ്റ്റ് 14 യഥാർത്ഥത്തിൽ വിഭജന ഭീതി ദിനമല്ല, 'വെറുപ്പ് പടർത്തൽ' ദിനമാണ്. ഹിന്ദുക്കൾ ഹിന്ദുക്കളുടെ രാജ്യത്തെന്നും മുസ്ലിങ്ങൾ അവരുടെ രാജ്യത്തെന്നുമുളള വിഭജന പ്രസ്താവനകൾക്കുളള ദിനമാണ്. വെറുപ്പ് പടർത്താൻ കേന്ദ്രസർക്കാർ ഔദ്യോഗികമായി അനുവദിച്ചുനൽകിയ ഒരു ദിനം.
എന്തിനും ഏതിനും നെഹ്റുവിനെയും കോൺഗ്രസിനെയും കുറ്റം പറയുന്ന സംഘപരിവാറിന്, വീണ്ടും മുൻ പ്രധാനമന്ത്രിയെ പഴിക്കാനുള്ള ഒരു ദിനം മാത്രമാണ് ഓഗസ്റ്റ് 14. അതിൽ സംശയമില്ല. പാകിസ്താന്റെ സ്വാതന്ത്ര്യ ദിനം കൂടിയാണ് ഓഗസ്റ്റ് 14 എന്നത് കൂടി ഓർക്കണം. 2022ൽ ആദ്യത്തെ വിഭജന ഭീതി ദിനാചരണത്തിൽ, ബിജെപി പുറത്തിറക്കിയ വീഡിയോയിലെ ചിത്രം പോലും നെഹ്റുവും ജിന്നയുമായിരുന്നു. ലക്ഷ്യം കോൺഗ്രസ് ആണ്, നെഹ്റുവാണ് എന്നത് വ്യക്തമാണ്. ഒളിയും മറയുമില്ലാതെ രാജ്യത്തെ പല ബിജെപി സംഘപരിവാർ നേതാക്കളും ഈ അവസരം മുതലെടുക്കുന്നുണ്ട്. വിഭജനഭീതി ദിനം ആചരിച്ചില്ലെങ്കിൽ പോലും നെഹ്റുവിനെ ചീത്തപറയാതെ ബിജെപി നേതാക്കൾക്ക് ഉറക്കം വരാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെങ്കിൽ പോലും അങ്ങനെത്തന്നെ. ഇതിപ്പോൾ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത കുറച്ചുപേർക്ക്, രാജ്യത്തിന്റെ നിർണായക രാഷ്ട്രീയ ചരിത്രമെഴുതിയ കോൺഗ്രസിനെയും നെഹ്റുവിന്റെയും പഴിക്കാൻ ഔദ്യോഗികമായി കിട്ടിയ ഒരു ചാൻസ്. അത്രയേയുള്ളൂ.
അതിതീവ്ര ദേശീയതയാണ് എന്നും എക്കാലവും സംഘപരിവാറിന്റെ രാഷ്ട്രീയ ഇന്ധനം. വിഭജന ഭീതി ദിനാചരണം എന്നതും കൂടുതൽ ഭിന്നിപ്പിക്കുക എന്ന രാഷ്ട്രീയപദ്ധതിക്ക് പുറമെ തീവ്രദേശീയത ഉത്ബോധിപ്പിച്ച്, രാഷ്ട്രീയാധികാരം കയ്യാളാനുള്ള ഒരു പദ്ധതി തന്നെയാണ്. അതിൽ സംശയമേ വേണ്ട. അന്നേ ദിവസം ഉയർന്നുവരുന്ന പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങളും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും മാത്രം ശ്രദ്ധിച്ചാൽ മതിയാകും എന്താണ് ആ ദിവസത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന്. എന്തിനാണ് ആ ദിവസം പ്രഖ്യാപിച്ചതെന്ന്.
നമ്മുടെ രാജ്യത്തിന്റെ ഒരു പ്രധാനപ്പെട്ട ചരിത്രം തന്നെയാണ് വിഭജനം. തർക്കമില്ല. പക്ഷെ ബിജെപി കൊണ്ടുവന്ന വിഭജന ഭീതി ദിനമെന്നത് ഒരു പൊളിറ്റിക്കൽ പ്രൊജക്റ്റ് ആണ്. അതിന് തെളിവ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലുമുണ്ട്. അതിനെയാണ് നമ്മുടെ ക്യാമ്പസുകളിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ ശ്രമം നടക്കുന്നത്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ക്യാമ്പസുകളെയും വലതുപക്ഷവത്കരിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി, മുറയ്ക്ക് നടക്കുന്ന കാലമാണ്. യൂണിവേഴ്സിറ്റികളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭാരതമാതാവിന്റെ ചിത്രം കടന്നുവരുന്നു. ആർഎസ്എസ് വിദ്യാഭ്യാസ സമ്മിറ്റുകളിൽ നമ്മുടെ സ്വന്തം സർവകലാശാലകളുടെ വിസിമാർ പങ്കെടുക്കുന്നു. വിദ്യാഭ്യാസത്തിലൂടെ കേരളം നേടിയ മുന്നേറ്റങ്ങളെയും സാമൂഹികപുരോഗതിയെയും പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി നടന്നുവരുന്നുണ്ട്. അതിലേക്കുളള പുതിയ എൻട്രി കൂടിയാണ് വിഭജന ഭീതി ദിനം ആചരിക്കണം എന്ന ഗവർണറുടെ നിർദേശം. ചരിത്രം നമ്മുടെ വിദ്യാർഥികൾ പഠിക്കുക തന്നെ വേണം, അറിഞ്ഞിരിക്കുക തന്നെ വേണം. പക്ഷെ അതൊരിക്കലും വികലമാക്കപ്പെട്ട ചരിത്രമാകരുത്, വിദ്വേഷം തുളുമ്പുന്ന ചരിത്രവുമാകരുത്.
Content Highlights: Partition rememberance day is a political project of bjp, we dont need that in our campuses