ഒരു മിഡില്‍ ക്ലാസ് ഹിന്ദു ഹീറോ പരിവേഷമല്ല വിഎസിനെ വിഎസ്സാക്കിയത്:രാംമോഹന്‍ പാലിയത്ത്

ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടെന്ന് ഈ ആധുനികകാലത്തും പഠിപ്പിക്കാന്‍ ശ്രമിച്ച ഒറ്റയാള്‍പ്പോരാളീ, വിട

മതാധിപത്യം, വംശാധിപത്യം, കുടുംബാധിപത്യം, സ്വേച്ഛാധിപത്യം, ഏകാധിപത്യം, പണാധിപത്യം ഇവയൊക്കെ ഉള്ളാലെ പിന്തുടരുന്നവരും അവ എന്നെന്നും നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവരും അതിനായി പ്രയത്‌നിക്കുന്നവരുമായ ദുര്‍ബല കാല്‍പ്പനികര്‍ക്ക് ജീവിച്ചിരുന്ന കാലത്ത് വിഎസ് അവരുടെ കണ്ണിലെ കരടായിരുന്നു. അതുകൊണ്ട് അത്തരക്കാരുടെ വിലാപങ്ങള്‍ വായിക്കാതെ വിടുന്നു.

ബ്രിട്ടീഷുകാര്‍ നമുക്ക് തന്നത് സന്യാസം മാത്രമല്ല നാണുഗുരൂ എന്നും പറയണമെന്നുണ്ടായിരുന്നു. സന്യാസമൊക്കെ എത്ര പേര്‍ക്ക് ബാധകമാകും? അതിനേക്കാള്‍എത്രയെത്ര വലിയ കാര്യങ്ങളെപ്പറ്റി, 237 നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ രണ്ടായി വിഭജിച്ചു എന്ന തമാശ കേള്‍ക്കുമ്പോഴെല്ലാം, ഓര്‍ക്കാറുണ്ട്. ജനാധിപത്യം, കുടുംബം, തന്ത, വൃത്തി, കക്കൂസ്, പുസ്തകം... അങ്ങനെ എത്രയെത്ര കാര്യങ്ങളാണ് യൂറോപ്യന്‍സും മിഷനറിമാരും വഴി വന്നത്. ബ്രിട്ടീഷുകാര്‍ നടത്തിയ കൊള്ളകളും അറിയാം, ശശി തരൂര്‍ പറഞ്ഞിട്ടല്ല, അമേരിക്കക്കാരനായ വില്‍ ഡ്യുറന്റ് എഴുതിയതിന്റെ (The Case for India, 1930) പിന്നാലെ പോയിട്ട്.

മേല്‍പ്പറഞ്ഞ മതാധിപത്യം, വംശാധിപത്യം, കുടുംബാധിപത്യം, സ്വേച്ഛാധിപത്യം, ഏകാധിപത്യം, പണാധിപത്യം തുടങ്ങിയ നരഭോജി പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ ഉയരത്തില്‍ നിര്‍ത്തുന്നത് പ്രധാനമായും എതിര്‍പക്ഷമാണ്. മലയാളത്തില്‍ നമ്മള്‍ അതിനെ പ്രതിപക്ഷം എന്നാണ് വിളിക്കുന്നത് എന്നു മാത്രം. പ്രതി എന്നതില്‍ ഒരു കുറ്റാരോപണച്ചുവയുമുണ്ട്. ഇപ്പോള്‍ത്തോന്നുന്നു പ്രതിപക്ഷം എന്ന പ്രയോഗം തന്നെയാണ് ശരിയെന്ന്. എങ്ങനെയാണ് ആളുകള്‍ പ്രതികളാകുന്നത്?

ചുമ്മാ ആരും പ്രതികളാകുന്നില്ല സര്‍. ചരിത്രം അവരെ അങ്ങനെ നിര്‍മിച്ചെടുക്കുകയാണ്.

അവിടെയാണ് വിഎസിന്റെ പ്രസക്തി. അത്യാവശ്യം ജനാധിപത്യചരിത്രമൊക്കെ പഠിച്ചിട്ടുള്ളതുകൊണ്ട് പറയാം - ഗാന്ധിജിയേയും വിഎസിനേയും പോലുള്ള പ്രതിപക്ഷ നേതാക്കള്‍ ആഗോളതലത്തില്‍ത്തന്നെ അപൂര്‍വമായിരിക്കും. ജനാധിപത്യത്തിന്റെ അടിത്തറയും മേല്‍ക്കൂരയും നെടുംതൂണുകളും ജനങ്ങളല്ല. അവയെല്ലാം എതിര്‍പക്ഷ സ്വരങ്ങളും പ്രതിപക്ഷ സ്വരങ്ങളുമാണ്. ജീവിച്ച കാലത്തിലധികവും പ്രതിപക്ഷ നേതാക്കളായിരുന്നു ഗാന്ധിജിയും വിഎസും. വിഎസ് കുറച്ചു നാള്‍ മുഖ്യമന്ത്രി ആയി എന്നൊരു വ്യത്യാസം മാത്രം.

വിഎസിന് ഒരു നാക്കുപിഴയും സംഭവിച്ചിട്ടില്ല (അങ്ങനെ ഒരു ചങ്ങാതി എഴുതിക്കണ്ടു). മതാധിപത്യം, വംശാധിപത്യം, കുടുംബാധിപത്യം, സ്വേച്ഛാധിപത്യം, ഏകാധിപത്യം, പണാധിപത്യം എന്നിവയ്ക്കു നേരെയൊന്നും ഒരിക്കലും വിഎസ് ഒളിയമ്പുകളോ നാക്കുപിഴയമ്പുകളോ എയ്തിട്ടില്ല. അറിഞ്ഞും ആലോചിച്ചും തന്നെ നേരിട്ട് എയ്ത അമ്പുകളായിരുന്നു എല്ലാം.

ഡിഗ്രിക്കു പഠിക്കുമ്പോള്‍ സോള്‍സെഷിത്സനെ വായിച്ചു പോയതുകൊണ്ട് ഇടതുവിരുദ്ധനായിപ്പോയ ആളാണു ഞാന്‍. എന്നെപ്പോലൊരു പിന്തിരിപ്പനില്‍പ്പോലും ആരാധന ഉണര്‍ത്തിയ അപൂര്‍വം ജനനേതാക്കളിലൊരാളാണ് വിഎസ്. ഔദ്യോഗിക പാര്‍ട്ടിയും വലതുപക്ഷവും ഒരു പോലെ ഒരേ സമയത്ത് എതിര്‍ത്ത കേരളചരിത്രത്തിലെ ഒരേയൊരു പ്രതിഭാസം. അപ്പോഴും തെരഞ്ഞെടുപ്പില്‍ നിര്‍ത്തിക്കേണ്ടി വന്നതും ജയിച്ചതും മുഖ്യമന്ത്രിയാക്കേണ്ടി വന്നതുമെല്ലാമാണ് വിഎസിന്റെ വിജയം. അതാണ് പ്രതിപക്ഷ നേതാവ് എന്ന സംജ്ഞയ്ക്ക് ജനാധിപത്യത്തിലുള്ള വലിപ്പം. ആ എതിര്‍പക്ഷ നേതൃത്വമാണ്, അല്ലാതെ ചില വാട്‌സാപ് ഗ്രൂപ്പുകളില്‍ കണ്ടതുപോലെ ഒരു മിഡ്ല്‍ ക്ലാസ് ഹിന്ദു ഹീറോ പരിവേഷമല്ല വിഎസിനെ വിഎസ്സാക്കിയത്.

കാല്‍പ്പനികതയുടെ ലവലേശമില്ലാതിരുന്ന നിത്യനായ പ്രതിപക്ഷ നേതാവേ, ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടെന്ന് ഈ ആധുനികകാലത്തും പഠിപ്പിക്കാന്‍ ശ്രമിച്ച ഒറ്റയാള്‍പ്പോരാളീ, വിട. കേരളം നിങ്ങളെ മിസ്സ് ചെയ്യും.

Content Highlights: Ram Mohan Paliyath writes about VS Achuthanandan

To advertise here,contact us