അധിക്ഷേപിച്ചത് സോഫിയാ ഖുറേഷിയെ മാത്രമല്ല; രാജ്യത്തെ കൂടിയാണ്

രാജ്യം ഒന്നടങ്കം അഭിമാനത്തോടെ കേണൽ സോഫിയ ഖുറേഷിയെ അഭിനന്ദിച്ചു

1 min read|17 May 2025, 03:48 pm

കേണൽ സോഫിയാ ഖുറേഷി, രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് മറുപടി നൽകാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നിർണായ പങ്കുവഹിച്ച ധീര സൈനിക. രാജ്യം ഒന്നടങ്കം അഭിമാനത്തോടെ കേണൽ സോഫിയ ഖുറേഷിയെ അഭിനന്ദിച്ചു. കറ കളഞ്ഞ പദ്ധതിയിലൂടെ ഓപ്പറേഷൻ സിന്ദൂർ വിജയിപ്പിക്കാനും ഭീകരർക്ക് തക്ക മറുപടി നൽകാനും സോഫിയയ്ക്കും സംഘത്തിനുമായി.ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് പിന്നാലെ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടമാക്കുന്നതിനുളള ബിജെപി ശ്രമങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ് ഈ സമയത്താണ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷാ. കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്.

രാജ്യത്തിന്റെ അഭിമാനമായ സോഫിയാ ഖുറേഷിയെ വിജയ് ഷാ വിശേഷിപ്പിച്ചത് ഭീകരവാദികളുടെ സഹോദരി എന്നായിരുന്നു. ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള അവരുടെ സഹോദരിയെ പ്രധാനമന്ത്രി പാകിസ്താനിലേക്ക് അയച്ചു. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു അത്. അവർ ഹിന്ദുക്കളെ കൊന്നു. നമ്മുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ നമ്മൾ സിന്ദൂരം തുടച്ചുമാറ്റി… ഇതായിരുന്നു വിജയ് ഷായുടെ പ്രസംഗത്തിലെ വാക്കുകൾ.

വർഗീയ പരാമർശത്തിന്റെ ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ പോലും വേണ്ടി വന്നില്ല. വിധ്വേഷ പരാമർശം നടത്തിയ വിജയ് ഷായെ എത്രയും പെട്ടെന്ന് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവും ഉയർന്നിരുന്നു. ബിജെപി മന്ത്രി നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്നാണ് ചൂണ്ടികാണിച്ച് കൊണ്ടാണ് കോൺഗ്രസ് രംഗത്തെത്തിത്. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു.

പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമർശം കുറ്റകരമാണെനന്ന മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ സൈനികരുടെ അഭിമാനത്തെ കുറിച്ചും രാജ്യസ്നേഹത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുന്ന ബിജെപി പക്ഷേ മന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയ നേട്ടമാക്കാൻ ഒരുങ്ങിയ ബിജെപിക്ക് തിരിച്ചടിയായിട്ടാണ് വിജയ് ഷായുടെ പരാമർശം വന്നത് എന്നാൽ വിജയ് ഷായെ തള്ളി പറഞ്ഞ് പോലും തങ്ങളുടെ മുഖം രക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നില്ല.

മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ഹർസുദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് എട്ട് തവണ എംഎൽഎയായി തിരഞ്ഞെടുത്ത വ്യക്തിയാണ് വിജയ് ഷാ. അങ്ങനെയുളള വിജയ് ഷാ ബിജെപിയ്ക്ക് പ്രിയങ്കരാനാണ് എന്ന് തെളിയിക്കുന്നത് തന്നെയാണ് പാർട്ടി നിലപാട്. കേസെടുക്കാൻ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതിയുടെ ഉത്തരവ് ലഭിച്ചതിന് ശേഷമാണ് വിജയ് ഷായ്ക്കെതിരെ നിയമനടപടി പോലും ആരംഭിച്ചത്.

വിജയ് ഷായെ തള്ളി പറയേണ്ടതിന് പകരം കോൺഗ്രസിനെ വിമർശിക്കാനാണ് ബിജെപിയുടെ ശ്രമം എന്നതും വിചിത്രമാണ്. വിജയ് ഷായുടെ രാജിക്കായി മുറവിളി കൂട്ടുന്ന കോൺഗ്രസ് ആദ്യം ചോദിക്കേണ്ടത് സിദ്ദരാമയ്യയുടെ രാജിയാണെന്നും മിക്ക കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസുകളുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ അടക്കം കോൺഗ്രസ് പിന്തുണച്ചതല്ലേ, എന്നൊക്കെയായിരുന്നു വിമർശനങ്ങളോട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ പ്രതികരണം.

ഓപ്പറേഷൻ സിന്ദൂറിന്റെയും സൈന്യത്തിന്റെയും പേരിൽ രാജ്യം മുഴുവൻ അഭിമാന കൊളളുന്ന നിമിഷത്തിൽ ഇത്തരത്തിലുളള വർഗീയ പരാമർശത്തിലൂടെ വിജയ് ഷാ എന്താണ് നേടിയതെന്നൊരു ചോദ്യമായി നിലനിൽക്കുകയാണ്. ആളുകളുടെ പേരും മതവും നോക്കി രാജ്യസ്നേഹം അളക്കാനും ഭീകരവാദിയാക്കാനും ആരാണ് ബിജെപിക്കും അതിന്റെ പ്രവർത്തകർക്കും ലൈസൻസ് കൊടുത്തതെന്ന് കാലാകാലമായി ഉയരുന്ന ചോദ്യമാണ്.

കേണൽ സോഫിയ ഖുറേഷി മാത്രമല്ല ഇത്തരത്തിൽ കോളം തിരിച്ച് മാറ്റിനിർത്തപ്പെടുന്നത്. കാലാകാലങ്ങളായി സംഘപരിവാർ വിമർശനം ഉന്നയിക്കുന്നവരെയും എതിർ അഭിപ്രായമുള്ളവരെയും ഇതേ രീതിയിൽ തന്നെയാണ് 'കൈകാര്യം' ചെയ്യാറുള്ളത്. വിമർശകർ ഇതരമതസ്തരാണെങ്കിൽ തീവ്രവാദിയും ഇനി ഹിന്ദു മതത്തിൽ നിന്ന് തന്നെയുള്ളവരാണെങ്കിൽ അർബൻ നക്സലായും ചാപ്പ കുത്തും.

പഹൽഗാമിൽ കൊല്ലപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കായി കേണൽ സോഫിയാ ഖുറേഷി അടങ്ങുന്ന ഇന്ത്യൻ സൈന്യം സഹിച്ച ത്യാഗങ്ങൾ വിജയ് ഷായെ പോലുള്ളവരുടെ ഒരൊറ്റ പരാമർശത്തിലൂടെ മായിക്കപ്പെടുന്നതല്ല, പക്ഷെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവരെ മാതൃകപരമായി ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പഹൽഗാം ആക്രമണത്തിൽ അപരന് വേണ്ടി ജീവൻ കൊടുത്ത സയിദ് ആദിൽ ഹുസൈൻ ഷായെ പോലെയുളളവരുടെ നമ്മുടെ രാജ്യത്ത് പേരിന് പിന്നിലുളള വർഗീയ രാഷ്ട്രീയത്തിന് എന്ത് വിലയാണ് ഉളളതെന്ന് നാം ഓർക്കേണ്ടതുണ്ട്.

Content Highlights: Colonel Sofiya Qureshi and Kunwar Vijay Shah Issue Explained

To advertise here,contact us