യുവാവേ.., നിൻ്റെ ധ്യാനനിമഗ്നമായ കളിക്കാഴ്ചകൾക്ക് വിരാട് കോഹ്ലിയോടെന്തായിരുന്നു?

കോഹ്ലിയെ കാമിച്ചത് കൗമാരമാണ്. പണ്ടുപണ്ട് അജയ് ജഡേജയോടും സൗരവ് ഗാംഗുലിയോടും തോന്നിയ ഇഷ്ടക്കൂടുതലിൻ്റെ തുടർച്ചയാണിത്. കൗമാരം പിടിയിറങ്ങിയവരിലുമുണ്ട് കോഹ്ലിയാരാധകരായ മഹാഭൂരിപക്ഷം. അവരും പക്ഷേ വ്യത്യസ്ഥരല്ല. ഏത് പ്രായത്തിലും നാം ഉള്ളിൽ കൊണ്ടു നടക്കുന്ന കൗമാരത്തിൻ്റെ ഇച്ചിരിക്കഷ്ണമുണ്ട്.

1 min read|16 May 2025, 11:22 am

Love him, Hate him, Judge him !!

ടോണി ഡിസൂസയുടെ ‘അസ്ഹർ’ എന്ന ബോളിവുഡ് പടത്തിൻ്റെ ടാഗ് ലൈനാണ്. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്കിന് വേണ്ടി ശോഭ കപൂറും ഏക്താ കപൂറും ചേർന്ന് നിർമ്മിച്ച സിനിമ. പാഡും ഹെൽമറ്റും അഴിച്ചു വെച്ച് ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ഇമ്രാൻ ഹാഷ്മിയുടെ ഫോട്ടോയുമായി വന്ന അതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോഴും ഓർമ്മയുണ്ട്. അയാളുടെ തലയ്ക്ക് മുകളിൽ തൂക്കിയിട്ടിരിക്കുന്ന നീലക്കുപ്പായങ്ങൾ. നയൻ, നവജ്യോത്, അജയ്, ജവഗൽ ! മഞ്ഞപ്പെയിൻ്റു കൊണ്ട് പേരെഴുതിയ പൊന്നും വിലയുള്ള ജഴ്സികൾ.

ടോണി ഡിസൂസയുടെ സിനിമ പറയുന്നത് അസ്ഹറിൻ്റെ പടിയിറക്കത്തിൻ്റെ കഥയാണ്. ഇമ്രാൻ ഹാഷ്മിയുടെ കണ്ണുകളിൽ അതിൻ്റെ നനവ് കാണാം. ഈ ഇരിപ്പായിരിക്കില്ലേ ടി-ട്വൻ്റി ലോകക്കപ്പിൻ്റെ ഫൈനൽ കഴിഞ്ഞ് കോഹ്ലിയും ഇരുന്നിട്ടുണ്ടാവുക ? “ഞാൻ മതിയാക്കുന്നു” എന്നുപറയുമ്പോൾ തന്നെ നോക്കിക്കരഞ്ഞ ലോകത്തോട് പങ്കുവെക്കാതെ പിടിച്ചുവെച്ചതത്രയും കെട്ടഴിച്ചുവിടാൻ അയാളുമോടിയിട്ടുണ്ടാവില്ലേ ഇതുപോലൊരു ഡ്രസ്സിംഗ് റൂമിലേക്ക് ! സോക്രട്ടീസിൻ്റെ അന്ത്യം വർണ്ണിച്ചു കൊണ്ട് പ്ലേറ്റോ എഴുതിയിട്ടുണ്ട്, അപ്പോൾ സോക്രട്ടീസുമാത്രമേ കരയാതിരുന്നുള്ളൂ എന്ന്.

ടി-ട്വൻ്റി ലോകക്കപ്പിൽ കിരീടം ചൂടിയ ശേഷം ഗ്രൗണ്ടിലിരുന്ന് വിതുമ്പിയ അപ്പയേയും കൂട്ടുകാരെയും കണ്ട് വാമിക അമ്മയോട് ചോദിച്ചു, “അവർ കരയുമ്പോൾ കെട്ടിപ്പിടിക്കാൻ ആരെങ്കിലും അവിടെയുണ്ടാവുമോ അമ്മാ ?” അനുഷ്ക ശർമ്മ വാമികയോട് പറഞ്ഞു, “എൻ്റെ കുഞ്ഞേ, ഒന്നും രണ്ടുമല്ല - ഒന്നര ബില്യൺ മനുഷ്യർ അവരെ കെട്ടിപ്പിടിച്ചിട്ടുണ്ട്. നാമത് കാണാഞ്ഞിട്ടാണ് !!” ആണോ, കാണാഞ്ഞിട്ടാണോ ശരിക്കും ! വാമികയുടെ അപ്പയെ കെട്ടിപ്പിടിച്ച ആ ഒന്നര ബില്യണിൽ നാമുണ്ടോ ?

ന്യൂസ് പേപ്പർ കുത്തി നിറച്ച പ്ലാസ്റ്റിക്ക് കൂടിനെ ചാക്കുംചരട് കൊണ്ട് കെട്ടിയെടുത്തുണ്ടാക്കിയ ബോളും ഓലമടലിൽ ചെത്തിയെടുത്ത ബാറ്റുമായി ഒരു മഴയ്ക്കും കളിമുടക്കാനാകാത്ത മൈതാനമദ്ധ്യത്ത് നിന്ന് പാഡും പ്രാക്ടീസുമില്ലാതെ പരത്തിയടിച്ച കൗമാരത്തിന് വിരാട് കോഹ്ലിയെ പരിചയമില്ല. അയാളിലേക്ക് നടന്നു തുടങ്ങിയ ജനിതക പരിണാമത്തിൻ്റെ ഡാർവിൻ പടം പക്ഷേ അന്നത്തെ ചുവരുകളിൽ ഉടനീളമുണ്ട്. അസ്ഹറിൻ്റെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടന്ന കുപ്പായങ്ങളിലുള്ളത് ആ പടങ്ങളിലെ പേരുകളാണ്. നയൻ, നവജ്യോത്, അജയ്, ജവഗൽ !

റിഷഭ് പന്തോ, സഞ്ജു സാംസണോ എന്ന തർക്കത്തിനൊന്നും സ്കോപ്പില്ലാത്ത കാലമാണത്. അന്നു വിക്കറ്റിന് പിന്നിലുള്ളത് ഒരേ ഒരു നയനാണ്. കിരൺ മോറെയ്ക്ക് ശേഷം ഇന്ത്യകണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് കളിയെഴുത്തുകാർ വാഴ്ത്തിയ ബറോഡക്കാരൻ നയൻ രാംലാൽ മോംഗിയ. 1990കളുടെ മധ്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച നയൻ മോംഗിയ പിന്നീടിങ്ങോട്ടുള്ള നീണ്ട കാലം അടിതെറ്റാതെ ഇന്ത്യൻ വിക്കറ്റിന് പിന്നിൽ ഉറച്ച് നിന്നു. അയാൾക്ക് ബോറടിക്കുമ്പോൾ മാത്രം ഇടയ്ക്ക് സാബാ കരീം വന്നു പോയി. ഞങ്ങൾക്കയാൾ സാദാ കരീം മാത്രമായിരുന്നു.

ബുംറയ്ക്കൊപ്പം ഈ ടി-ട്വൻ്റിക്ക് പന്തെറിയാൻ അർഷദീപ് സിംഗ് വന്നപ്പോഴോർത്തത് സിദ്ദുവിനെയാണ്. അർഷദീപിനും ഹർഭജനും മുമ്പ് ആ തലയിൽക്കെട്ടു കാണുന്നത് നവജ്യോത് സിംഗ് സിദ്ദുവിലാണ്. റോബിൻ സിംഗിൽ സിംഗേ ഉണ്ടായിരുന്നുള്ളൂ, കെട്ടുണ്ടായിരുന്നില്ല. ജവഗൽ ശ്രീനാഥും വെങ്കിടേഷ് പ്രസാദുമൊക്കെയാണ് അന്നത്തെ പേസർമാർ. ഇടംകൈ കറക്കി സ്പിന്നെറിഞ്ഞ് വെങ്കിടപതി രാജുവുമുണ്ട്. നല്ലോണം പന്തെറിഞ്ഞാലും എല്ലാർക്കും നന്നായി അടികിട്ടുമായിരുന്നു. പന്ത് റിവേഴ്‌സ് സ്വിംഗ് ഒക്കെ ചെയ്യിച്ച് പേടിപ്പിക്കാൻ നോക്കിയിരുന്നത് ആകെ ശ്രീനാഥാണ്. പക്ഷേ അടിച്ചാലും തിരിച്ചടിക്കാവുന്ന ഒരു ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അന്നുണ്ടായിരുന്നു, അസ്ഹറും സച്ചിനും.

“ഞാൻ ദൈവത്തെ കണ്ടു, അപ്പോളദ്ദേഹം ഇന്ത്യക്കുവേണ്ടി ബാറ്റു ചെയ്യുകയായിരുന്നു” എന്ന് ഓസ്ട്രേലിയയുടെ എക്കാലത്തേയും സ്റ്റാർ പ്ലേയർ മാത്യു ഹെയ്ഡൻ പറഞ്ഞതു മതി സച്ചിനന്നു തന്നിരുന്ന കോൺഫിഡൻസിൻ്റെ ആഴമറിയാൻ. സിംബാബ്‌വേയുടെ ക്യാപ്റ്റനായിരുന്ന ആൻഡി ഫ്ലവർ ഒരിക്കൽ പറഞ്ഞു, “ലോകത്തിൽ രണ്ടുതരം ക്രിക്കറ്റർമാരേയുള്ളൂ, സച്ചിൻ ടെൻഡുൽക്കറും അല്ലാത്തവരും !” ബി.സി.സി.ഐക്കും അതറിയാമായിരുന്നു. അതുകൊണ്ടുതന്നെ എന്നു നിർത്തണമെന്ന് തോന്നുന്നോ അന്നു നിർത്തൂ എന്നായിരുന്നു എക്കാലത്തും അവർ സച്ചിനോട് പറയാതെ പറഞ്ഞത്.

ഇന്ത്യയിലെ ഔദ്യോഗിക ക്രിക്കറ്റിനെ നയിക്കുന്ന ഭരണസ്ഥാപനം ബി.സി.സി.ഐ ആണ്, ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ. ബി.സി.സി.ഐ ഒരു കളിക്കാരന് കൊടുക്കുന്ന ഏറ്റവും വലിയ പുരസ്കാരമായ സി.കെ.നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നേടിയ പഴയ ഒരു മദിരാശി പ്ലേയറുണ്ട്, പത്മശ്രീ ശ്രീനിവാസ രാഘവൻ വെങ്കിട്ടരാഘവൻ. അമ്പയറായി നിന്ന് അസ്ഹറുദ്ദീൻ്റെ കളികണ്ട കാലത്തെക്കുറിച്ച് വെങ്കിട്ട് ഒരിക്കലെഴുതിയിട്ടുണ്ട്. “അസ്ഹറിൻ്റെ കൈയ്യാണ് കൈ !” എന്ന്.

കൃഷ്ണമാചാരി ശ്രീകാന്തിൻ്റെ പിൻഗാമിയായി ഇന്ത്യൻ ക്യാപ്റ്റൻ്റെ കുപ്പായത്തിലേക്ക് അസ്ഹറുദ്ദീനെത്തുന്നത് 1989ലാണ്. തൊട്ടടുത്ത കൊല്ലം ക്രിക്കറ്റിൻ്റെ വീടെന്ന് ലോകം കൊണ്ടാടുന്ന ഇംഗ്ലണ്ടിലെ ലോർഡ്സിൽ വെച്ച് അസ്ഹർ സെഞ്ച്വറിയടിച്ച ഒരു കളിയുണ്ട്. അസ്ഹർ ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണ്. കളി തോറ്റു. പക്ഷേ ആ സെഞ്ച്വറി കണ്ടവരാരും അയാളെ വാഴ്ത്താൻ മറന്നില്ല. വിവിയൻ റിച്ചാർഡ്സിനും ഇയാൻ ബോതത്തിനുമൊപ്പം സോമർസെറ്റ് കൗണ്ടി ക്ലബിൽ ക്രിക്കറ്റു കളിച്ച ഇംഗ്ലീഷ് പ്ലേയർ വിക് മാർക്ക്സ് താൻ കണ്ട സെഞ്ച്വറികളിൽ ഏറ്റവും മികച്ചത് അതായിരുന്നുവെന്ന് ഒരിക്കലെഴുതിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിൽ ഒരിന്ത്യൻ ക്യാപ്റ്റൻ്റെ ഏറ്റവും ഉയർന്ന സ്‌കോർ അസ്ഹർ കളിയവസാനിപ്പിച്ചിട്ടും വർഷങ്ങളോളം അയാളുടെ പേരിൽത്തന്നെ കിടന്നു. ഒടുവിൽ 2018ലാണ് വിരാട് കോഹ്ലി അത് തല്ലിത്തകർത്തു കളയുന്നത്. ദി ടൈംസിൻ്റെ ചീഫ് ക്രിക്കറ്റ് കറസ്പോണ്ടൻ്റും, സ്കൈ സ്പോർട്സിൻ്റെ കമൻ്റേറ്ററുമായ പഴയ ഇംഗ്ലീഷ് ക്രിക്കറ്റർ മൈക്ക് ആതർട്ടണും സഹ കളിക്കാരൻ ആംഗസ് ഫ്രേസറും അസ്ഹറിനെ വാഴ്ത്തിയത്, “ബ്രയാൻ ലാറയ്ക്ക് ശേഷം ഞങ്ങളുടെ തലമുറ ഇതാ ഒരു പ്രതിഭയെക്കാണുന്നു !” എന്നായിരുന്നു.

ആ പ്രതിഭ പക്ഷേ ഒരു ദിവസം പെട്ടന്ന് മങ്ങി. 2000 ജൂൺ മാസമാണത്. ഒത്തുകളി വിവാദത്തിൽ കുടുങ്ങി വെറുക്കപ്പെട്ടവനായി മടങ്ങി അസ്ഹറുദ്ദീൻ. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യയെ വാതുവെപ്പുകാർക്ക് പരിചയപ്പെടുത്തി എന്നതായിരുന്നു ആരോപണം. വിവാദങ്ങളുടെ പുകമറയിലേക്ക് വിമാനം തകർന്ന് വീണ് 2002ൽ ഹാൻസി ക്രോണ്യ മരിച്ചു പോയി. പത്തു കൊല്ലം കഴിഞ്ഞ് 2012ൽ കോടതി വിലക്ക് നീക്കുമ്പോഴെക്കും അസ്ഹറുദ്ദീൻ അവസാനിച്ചു കഴിഞ്ഞിരുന്നു.

ലവ് ഹിം, ഹേറ്റ് ഹിം, ജഡ്ജ് ഹിം !! എന്നല്ലാതെ ടോണി ഡിസൂസ അസ്ഹറിൻ്റെ ജീവിതത്തിന് എന്തടിക്കുറിപ്പെഴുതാനാണ് ? അന്ന് പതിനാല് വയസ്സാണ്. ഓർമ്മയിലെ ആദ്യത്തെ ക്യാപ്റ്റൻ ഒട്ടും ആഗ്രഹിക്കാത്ത നേരത്ത് ക്ലീൻ ബൗൾഡായി. എന്തായിരുന്നു അന്നയാളോട് തോന്നിയത്, സ്നേഹമോ വെറുപ്പോ ? അയാൾ മാത്രമല്ല അന്നു കളി മതിയാക്കിയത്. ഇന്ത്യൻ ടീമിലെ പ്രബലരായ അസ്ഹറിൻ്റെ സഹകളിക്കാർ മുതൽ, ഒത്തുകളിയാടാ എന്നും പറഞ്ഞ് പണിക്കു പോയി നന്നാവാനിറങ്ങിയ നാട്ടിലെ സഹകളിക്കാർ വരെയെത്തുന്ന പ്രതിഭകളുടെ ഒരു വലിയ നിരയുണ്ട് പടിയിറങ്ങിയവരിൽ.

അസ്ഹറിനു ശേഷം വന്ന ക്യാപ്റ്റന്മാർ സൗരവ് ഗാംഗുലിയും മഹേന്ദ്ര സിംഗ് ധോണിയുമാണ്. സച്ചിനും, സെവാഗും, ദ്രാവിഡും, കുംബ്ലെയും നയിച്ച ഇടക്കാലങ്ങളെ എണ്ണിയിട്ടില്ല. വരാനിരിക്കുന്ന വലിയവർക്ക് മികച്ച തുടക്കം കിട്ടാൻ വേണ്ടി ചിലരെ ഇറക്കി കളം കാക്കുന്ന രീതിയുണ്ട് ക്രിക്കറ്റിന്. അവർക്ക് നൈറ്റ് വാച്ച്മാൻ എന്നാണു പേര്. മികച്ച ക്യാപ്റ്റന്മാരുടെ വരവിനു മുമ്പ് ചില നൈറ്റ് വാച്ച്മാൻമാർ ഇന്ത്യൻ ക്രിക്കറ്റിലുണ്ടായിരുന്നു. അവരെ നമുക്ക് വിടാം. ബാല്യ കൗമാരങ്ങളേയും യൗവനത്തേയും പങ്കിട്ടെടുത്ത ക്യാപ്റ്റന്മാർ അസ്ഹറും ഗാംഗുലിയും ധോണിയുമാണ്. ആരൊക്കെയായിരുന്നു ഇവരുടെ കാലങ്ങളിലെ പ്രിയപ്പെട്ടവർ ? വെറുക്കപ്പെട്ടവരേയും വിലക്കപ്പെട്ടവരേയും തേടുന്നതിനെക്കാൾ രസമുണ്ട് ആ അന്വേഷണത്തിന്. കുട്ടിക്കാലത്തിന് തരാനുള്ള ഉത്തരങ്ങളിലെപ്പോഴും അവരുടെ പേരേ കാണൂ.

അസ്ഹറിൻ്റെ ഡ്രസ്സിംഗ് റൂമിൽ തൂങ്ങിക്കിടന്നിരുന്ന സ്വർണ്ണപ്പെയിൻ്റു കൊണ്ട് പേരെഴുതിയ നീല ജഴ്സികളിൽ ഒരെണ്ണം മാത്രം നേരത്തേ പറയാതെ വിട്ടിട്ടുണ്ട്. അതുകണ്ടാണ് അന്നു കരഞ്ഞത്, അസ്ഹറിനെക്കണ്ടല്ല. ആ കുപ്പായങ്ങളിലൊന്നിൽ അജയ് എന്നെഴുതിയത് കണ്ടാണ് ! വെള്ളനിറത്തിലുള്ള ഒരു വട്ടത്തൊപ്പിയുണ്ടായിരുന്നു അജയ് ജഡേജയ്ക്കന്ന്. കോരിത്തരിപ്പിച്ച കട്ട് ഷോട്ടുകൾക്ക് ശേഷം കൈ ഉയർത്തിയപ്പോഴൊക്കെ അയാളുടെ കുപ്പായക്കോളർ മാത്രം മടങ്ങാതെ പൊങ്ങിക്കിടക്കുമായിരുന്നു. യൂണിഫോമിറ്റിയെ മറികടക്കുമ്പോഴാണ് ചിറകുകൾ മുളയ്ക്കുന്നതെന്ന് പഠിപ്പിച്ചത് ജഡേജയാണ്. കൈ വീശിക്കാണിച്ചും ചിരിച്ചുല്ലസിച്ചും ഗ്രൗണ്ടിലൂടെ തലങ്ങും വിലങ്ങും പാറിനടന്ന ആ മനുഷ്യനായിരുന്നു കളിയോർമ്മകളിലെ ആദ്യത്തെ ഹീറോ.

‘മേരേ പ്യാർ കാ റാസ് സാറ ചഖ്നാ / ഹോയേ മഖ്നാ, ഹോയേ മഖ്നാ’ എന്നു പാടി ബച്ചനും ഗോവിന്ദയും മാധുരി ദീക്ഷിതിനു ചുറ്റും ഡാൻസ് ചെയ്യുന്ന ഒരാക്ഷൻ കോമഡി ഹിന്ദി പടമുണ്ട്, ‘ബഡേ മിയാൻ, ചോട്ടേ മിയാൻ’. അതു കാണുമ്പോഴും നോക്കിയിരുന്നത് മാധുരി ദീക്ഷിദിനെയല്ല - ഗോസിപ്പുകോളങ്ങളിൽ കണ്ട ജഡേജയുടെ കാമുകിയെയാണ്. ജഡേജയും മാധുരിയും ഹീറോയും ഹീറോയിനും കളിച്ച കളിമൈതാനങ്ങളിൽ താടിക്ക് കൈയ്യും കൊടുത്തിരുന്ന പാപ്പരാസിക്കുട്ടിക്കാലത്തിൻ്റെ തുടർച്ചയെ പൊളിറ്റിക്കലി കറക്ട് ചെയ്യാൻ നോക്കിയതിൻ്റെ പാടുകൾ ചൂഴ്ന്ന് നോക്കിയാൽ തലച്ചോറിനകത്ത് അടിമുടി ഇപ്പോഴും കാണാം.

“അജയ്, ഇത്തരം തീരുമാനങ്ങളൊക്കെ എടുക്കാൻ മാത്രം പക്വത നിനക്കായെന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം പൊക്കോളൂ !” എന്നും പറഞ്ഞ് കാറിൻ്റെ കീയെറിഞ്ഞു തന്ന ഡാഡിയെക്കുറിച്ച് ജഡേജയൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ പ്രമുഖനായ കോൺഗ്രസ് നേതാവായിരുന്നു അജയ് ജഡേജയുടെ ഡാഡി. ദൗലത് സിൻഹ്ജി പ്രതാപ്സിൻഹ്ജി ജഡേജ ഇന്നില്ല. ആലപ്പുഴ മുഹമ്മയിലെ പുത്തനങ്ങാടിയിൽ നിന്ന് ഡൽഹിയിൽ ജോലി ചെയ്യാൻ പോയ ഷാൻ ആണ് ജഡേജയുടെ അമ്മ, ഇന്നവരുമില്ല.

അമ്മയും ഡാഡിയും നോക്കി നിൽക്കെ അന്നവൻ കാറുമെടുത്ത് പോയി. ലൈസൻസില്ലാത്ത ഒരു പതിനാറുകാരൻ തങ്ങളുടെ മുന്നറിയിപ്പിന് പുല്ലുവില കൊടുത്ത് ഓടിപ്പോകുന്നത് നോക്കി അവർ സങ്കടത്തോടെ നിന്നു. “ഈ ഉദാസീനത നിന്നെ അധികം ദൂരം നടത്തില്ല !” എന്ന് അവനെ ശകാരിച്ചു അന്ന് ഡാഡി. ജാംനഗറിൽ നിന്നും മൂന്ന് തവണ ഇന്ത്യൻ പാർലിമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പരിചയ സമ്പന്നനായ ആ മനുഷ്യൻ്റെ ദീർഘവീക്ഷണം ശരിയായി. അധികദൂരം നടക്കും മുമ്പേ അജയ് ജഡേജ പാഡഴിച്ചു. നനഞ്ഞ കണ്ണുകളുമായി കളി മൈതാനത്തിലേക്ക് നോക്കിയിരിക്കുമ്പോൾ കെ.ജി.എസിൻ്റെ ഒരു കവിത ഓർമ്മ വന്നു. ജഡേജ മടങ്ങി. കെ.ജി.എസ് എഴുതി, ‘ഏതാനന്ദത്തിലുമുണ്ട് ഇത്തിരി ബലി !’

‘ആരെങ്കിലും വിവാഹം കഴിക്കുകയോ മരിക്കുകയോ ചെയ്തില്ലെങ്കിൽ കഥയിൽ ഒന്നും സംഭവിക്കുന്നില്ല എന്നു വിചാരിക്കുന്ന ഒരമ്മായി എനിക്കുണ്ട് !’ എന്ന് റൈറ്റിംഗ് ഷോർട്ട് സ്റ്റോറീസ് എന്ന ലേഖനത്തിലൊരിടത്ത് ഫ്ലാനറി ഒകൊണർ എന്ന കഥയെഴുത്തുകാരി എഴുതിയിട്ടുണ്ട്. ഫ്ലാനറിയുടെ അമ്മായിയെപ്പോലെയായിരുന്നു കൗമാരം. വല്ലതും സംഭവിക്കുന്നത് മാത്രം നോക്കിയിരുന്ന അക്കാലത്തിന്റെ കളിമേശയിലേക്കാണ് വിഭവ സമൃദ്ധമായ വിരുന്നുമായി ദാദ വന്നത്. ജഡേജക്കാലത്തിൻ്റെ നഷ്ടബോധത്തെ മറികടക്കുന്നത് ദാദയിലൂടെയാണ്. ഇടംകൈയ്യിൽ ബാറ്റും തൂക്കി ദാദ ഓപ്പൺ ചെയ്യാൻ ഇറങ്ങിയപ്പോഴൊക്കെയും കവർ ഡ്രൈവുകൾ ഓഫ് സൈഡിൽ സമൃദ്ധമായി വിരിഞ്ഞു. അയാളുടെ ബാറ്റിൽ നിന്നൊഴുകിയ സ്‌ക്വയർ കട്ടും സ്‌ക്വയർ ഡ്രൈവും കണ്ട് രാഹുൽ ദ്രാവിഡ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “ഓഫ് സൈഡിൽ ദൈവത്തിൻ്റെ അടുത്താണ് അവൻ്റെ സ്ഥാനം” എന്ന്. പിച്ചിലൂടെ മുന്നിലേക്ക് കുതിച്ച് കയറി പേസ് ബൗളർമാരെ എക്‌സ്‌ട്രാ കവറിലും മിഡിലുമിട്ട് സൗരവ് ഗാംഗുലി അടിച്ചു പരത്തുന്നത് കണ്ട് അന്നത്തെ മാധ്യമങ്ങൾ തലക്കെട്ടെഴുതി, ‘ദാദാഗിരി !!’

സപ്തര്‍ഷി സർക്കാർ എഴുതിയ ഒരു പുസ്തകമുണ്ട്, ‘ക്യാപ്റ്റന്‍ ആന്‍ഡ് കോണ്ട്രോവസി’. സൗരവ് ഗാംഗുലിയുടെ ജീവിതകഥയാണത്. വിവാദങ്ങളുടെ ക്യാപ്റ്റനായിരുന്നു ഗാംഗുലി. 2002ൽ ഇംഗ്ലണ്ടിൽ നടന്ന ഒരു നാറ്റ്‌വെസ്റ്റ് ത്രിരാഷ്ട്ര പരമ്പരയുണ്ട്. ക്രിക്കറ്റിലെ പ്രബലരായ ഇംഗ്ലണ്ടും ശ്രീലങ്കയുമാണ് ഇന്ത്യക്കൊപ്പം അന്നാ പരമ്പരയിൽ മാറ്റുരയ്ക്കുന്നത്. ലോർഡ്സിലാണ് ഫൈനൽ. ആതിഥേയരാണെന്ന മുൻതൂക്കത്തിൽ അഞ്ചു വിക്കറ്റിന് 325 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇന്ത്യൻ ടീം അത് മറികടക്കും എന്ന് കരുതിയ ആരും അന്നുണ്ടാവില്ല. സ്റ്റേഡിയത്തിന്റെ ബാൽക്കണിയിയിൽ കാലിൽ കാലും കയറ്റിവച്ചിരുന്ന് നഖംകടിക്കുന്ന ഗാംഗുലിയുടെ മുഖം ലോകം ഇടയ്ക്കിടെ സ്ക്രീനിൽ കാണുന്നുണ്ട്. കളി ജയിച്ചതും എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഗാംഗുലി കുപ്പായമൂരി. മാന്യന്മാരുടെ കളിയെന്നാണ് ക്രിക്കറ്റിന് അതുവരേയും ലോകത്തിൻ്റെ വാഴ്ത്ത്. അങ്ങനെ വാഴ്ത്തിയവരും, ആ വാഴ്ത്തിൽ അഭിരമിച്ചവരും ഈ കാഴ്ച കണ്ടു ഞെട്ടി. ഊരിവീശാൻ കൂടി ഉള്ളതാണ് ജഴ്സി എന്ന് ലോകത്തെ പഠിപ്പിച്ച് ഗാംഗുലി ദാദയായി.

“ഒരു പുതുമുഖമായിരുന്നെങ്കിൽ ഞാൻ കാര്യമാക്കില്ലായിരുന്നു. പക്ഷേ ഇതു ചെയ്തത് ഇന്ത്യയുടെ നായകനാണ്. ഇങ്ങനെ വികാരത്തിന് കീഴ്പ്പെടരുത്” എന്ന് ക്ഷോഭിച്ചു ആദ്യമായി ലോകക്കപ്പിനെ ഇന്ത്യയിലേക്കെത്തിച്ച ക്യാപ്റ്റൻ കപിൽദേവ്. കളി കണ്ടിരുന്ന ജെഫ് ബോയ്ക്കോട്ടിനെപ്പോലുള്ള ഇംഗ്ലീഷ് ക്രിക്കറ്റിലെ പ്രതിഭാധനരും ഈ കാഴ്ച കണ്ട് കലമ്പിച്ചു. ക്രിക്കറ്റിൻ്റെ ലോകം ഗാംഗുലിയനുകൂലികളും വിരുദ്ധരുമായി തിരിഞ്ഞു. അന്നത്തെ കൗമാരത്തിന് പക്ഷേ അതൊരു കൊടി വീശലായിരുന്നു. അവർക്ക് മുമ്പിൽ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ. ദാദായ്ക്ക് ജയ് വിളിച്ച് അവർ ആ വഴിയേ നടന്നു. സച്ചിനും ദ്രാവിഡും വി.വി.എസ് ലക്ഷ്മണും കുംബ്ലെയും സെവാഗുമുൾപ്പെടുന്ന പ്രതിഭകളുടെ മഹാനിരയിലേക്ക് പോകേണ്ടിയിരുന്ന ആ വഴിയെ തന്നിലേക്ക് തുറന്ന ഗാംഗുലിക്കാലത്തിൻ്റെ മുഹൂർത്തങ്ങളിൽ ഏറ്റവും മൂർത്തമായ സന്ദർഭമായിരുന്നു അത്.

ഊരിപ്പിടിച്ച ഗാംഗുലിയുടെ ഷർട്ടിന് ലോകക്രിക്കറ്റിലെ ഇതിഹാസതാരം ഡെന്നിസ് ലില്ലി എഴുതിയ ഒരടിക്കുറിപ്പുണ്ട്. അതിങ്ങനെയാണ്. “വികാരങ്ങൾ മനസ്സിലുള്ള പോലെ തുറന്നു പ്രകടിപ്പിക്കുന്ന ഈ മനുഷ്യനെ ക്രിക്കറ്റിനാവശ്യമുണ്ട്. ഒട്ടും ആക്രമണ വീര്യമില്ലാത്ത ആൾക്കൂട്ടമായിരുന്നു എനിക്കിതുവരെ ഇന്ത്യൻ ടീം. ഒന്നു പൊരുതി നോക്കാനുള്ള വീറുപോലും കാണിക്കാതെ സമ്മർദങ്ങൾക്കു മുൻപിൽ തകർന്ന് വീഴുന്ന ദുർബലരുടെ കൂട്ടം. ഒരിക്കലും കീഴടങ്ങാൻ കൂട്ടാക്കാത്ത തലയെടുപ്പുള്ള ഈ ക്യാപ്റ്റൻ നിർമ്മിച്ചെടുക്കുന്ന ടീമാണ് ഭാവി ഇന്ത്യയുടെ കഥയെഴുതാൻ പോകുന്നത്.”

ആ പ്രവചനം സത്യമായി. തൊട്ടടുത്ത വർഷം ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൻ്റെ ഫൈനലിലെത്തി. 1983ന് ശേഷം ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനൽ കാണുന്നത് അന്നാണ്, 2003 ൽ. ദാദ, ദാദ, ദാദ !! എന്നലറി വിളിക്കുന്ന ജനലക്ഷങ്ങളെ കണ്ട് രവി ശാസ്ത്രി ഒരിക്കൽ ഗാംഗുലിയോട് ചോദിച്ചു, “സൗരവ്, ഈഡൻ ഗാർഡൻസിൽ നിങ്ങളുടെ പേരിൽ ഒരു സ്റ്റാൻഡ് ഇല്ലാത്തത് എന്തുകൊണ്ടാണ് ?” ചിരിച്ചു കൊണ്ട് ഗാംഗുലി പറഞ്ഞു, “ഞാൻ ഒരു സ്റ്റാൻഡിലൊതുങ്ങുന്നില്ല. ഈ മൈതാനം മുഴുവൻ എൻ്റേതാണ്.” ശരിയാണ്, ഇന്ത്യ മുഴുവൻ തൻ്റെ മൈതാനമാക്കി മാറ്റിയ ശേഷമാണ് സൗരവ് ഗാംഗുലി ഗുഡ് ബൈ പറഞ്ഞത്. ഗുഡ് ബൈ ദാദ !

ഞാനോ നീയോ എന്ന ചോദ്യം ഗ്രെഗ് ചാപ്പലിനെപ്പോലൊരു കോച്ചിനോടു വരെ ഉയർത്തിയ, ബി.സി.സി.ഐയെപ്പോലും മുൾമുനയിൽ നിർത്തിയ ദാദക്കാലം കഴിഞ്ഞു. പിന്നെയുണ്ടായത് അടിമുടി മാറിയ ഒരു പുതിയ സ്പെല്ലാണ്. വഴിതെറ്റി വരിതെറ്റി കൊതിപ്പിച്ചവരെ കാമിച്ച കണ്ണുകൾ പെട്ടന്ന് നോട്ടം മാറ്റിക്കളഞ്ഞ ഒരു പുതിയ ഇന്നിംഗ്സ്. കാലം മഹേന്ദ്രജാലം കാട്ടിത്തുടങ്ങുകയാണ്.

ഗാംഗുലിക്കാലത്തിൻ്റെ രഹസ്യകാമനകളിലുണ്ട് സത്യത്തിൽ മഹേന്ദ്ര സിംഗ് ധോണി. പിന്നോട്ട് നീട്ടി വളർത്തിയ മുടിയുമായി വിക്കറ്റിന് പിന്നിലേക്ക് പറന്നിറങ്ങിയപ്പോൾ ഒളിഞ്ഞു നോക്കിയിട്ടുണ്ട് പണ്ടവനെ. പക്ഷേ അന്നത്തേക്കാൾ ഇഷ്ടം തോന്നി മുടിവെട്ടി, താടിനരപ്പിച്ച് അവൻ ക്യാപ്റ്റൻ കൂളായപ്പോൾ. അജയ് ജഡേജയോടോ സൗരവ് ഗാംഗുലിയോടോ തോന്നിയതല്ല ഇത്, റോബിൻ സിംഗുമുതൽ യുവരാജുവരെ ഉള്ളവരോട് ചിലനേരങ്ങളിൽ തോന്നിയതൊന്നുമല്ല ഇത്. കണ്ണട വെച്ച സെവാഗിനോടും, കളി മതിയാക്കിയ ദ്രാവിഡിനോടുമൊക്കെ പ്രിയം തുടങ്ങിയിരിക്കുന്നു. സച്ചിൻ സച്ചിൻ എന്നാർത്തു വിളിച്ച് തുടങ്ങിയിരിക്കുന്നു. ഗാർഡ് ഓഫ് ഓണർ നല്കാൻ സച്ചിനെ ചുമലിലേറ്റി ധോണിയുടെ പട്ടാളം ഗ്രൗണ്ടിലൂടെ റോന്ത് ചുറ്റുന്ന കാഴ്ച കണ്ട് കണ്ണുനിറയുന്നു.

പുറത്ത് നിർത്തിയിരുന്ന മുഹമ്മദ് കൈഫും, സഹീർ ഖാനും, സുരേഷ് റെയ്നയും, ഷമിയും, ഗൗതം ഗംഭീറുമെല്ലാം അകത്ത് കയറിയിരുന്ന് ഗൗരവപ്പെട്ട സംവാദങ്ങൾ തുടങ്ങിയിരിക്കുന്നു. ആരെടാ എന്നു ചോദിക്കുമ്പോഴൊക്കെ, ഞാനെടാ എന്നുത്തരം പറഞ്ഞിരുന്ന പഴയ നായകന്മാർ ഇപ്പോഴെവിടെയാണ് ? യുവരാജിനോട് തോന്നിയ അനുരാഗം ഹർദ്ദിക് പാണ്ഡ്യയോട് തോന്നാത്തതെന്താണ് ? ശ്രീശാന്തിൻ്റെ ആക്രോശങ്ങൾ അലമ്പായി തോന്നുന്നതെന്താണ് ? തല്ലുണ്ടാക്കുന്ന ഹർഭജൻ സിംഗിനെ ഇഷ്ടമല്ലാത്തതെന്താണ് ?

എന്തുകൊണ്ടാണെന്നോ, കൗമാരം പടിയിറങ്ങിയതിൻ്റെയാണത്. കലാപങ്ങൾക്ക് കൈയ്യടിച്ച കാലം ഇനിയില്ല. ഉള്ളത് ബ്രാഡ്മാൻ മുതൽ സച്ചിൻ വരെ എന്നു പ്രബന്ധമെഴുതുന്ന ഗൗരവപ്പെട്ട യൗവനമാണ്. ആ ചരടിൽ കോർക്കുന്ന പേരുകളിൽ ആരൊക്കെ കാണും ? ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങുന്ന മഹേന്ദ്ര സിംഗ് ധോണി, വികാരഭരിതനെങ്കിലും വിവേകമുള്ളവൻ എന്ന സർട്ടിഫിക്കറ്റുമായി രോഹിത് ശർമ്മ, പിന്നെയാരൊക്കെ കാണും ? തീർച്ചയായും ദിനേശ് കാർത്തിക്കിൻ്റെയും രവീന്ദ്ര ജഡേജയുടെയുമെല്ലാം കഥ അതിലുണ്ടാവും. പ്രായത്തിൽ കവിഞ്ഞ പക്വതയുമായി അക്സർ പട്ടേലും, കുൽദീപും, ശിവം ദുബെയും, ചാഹലും, ശുഭ്മാൻ ഗില്ലുമെല്ലാം കയറി വരും.

പ്രതിഭകളെ പിഴുതെറിയുമ്പോഴും ചെറുചിരിയുമായി വിരലുയർത്തി നിൽക്കുന്ന ബുംറയുടെ പടം ആ പട്ടികയുടെ ഐശ്വര്യമാകും. ക്യാച്ചെടുത്ത് കസറിയിട്ടും തന്നെ കെട്ടഴിച്ചു വിടാതെ കരളു കവർന്ന സൂര്യകുമാറും, പുറത്തിരുത്തിയാലും അവിടുന്ന് പുറത്ത് വരുമ്പോഴൊക്കെ മാന്യത മുഖത്തണിഞ്ഞമ്പരപ്പിക്കുന്ന സഞ്ജു സാംസണുമെല്ലാം അതിലുണ്ടാവും. കോഹ്ലിയോ ? യുവാവേ, നിൻ്റെ ധ്യാനനിമഗ്നമായ കളിക്കാഴ്ചകൾക്ക് വിരാട് കോഹ്ലിയോടെന്തായിരുന്നു ?

സച്ചിൻ കളമൊഴിഞ്ഞ ശേഷം കളി കാണലവസാനിപ്പിച്ച കളിക്കമ്പക്കാരുടെ തലമുറയെ തിരിച്ചെത്തിക്കാൻ ക്രിക്കറ്റിന് ഒരാളെ വേണമായിരുന്നു. സച്ചിനുണ്ടാക്കിയ കൊടുമുടികൾ കീഴടക്കാൻ ശേഷിയുള്ള ഒരു രാജാവിനെ. ഇന്ത്യൻ ക്രിക്കറ്റിന് കിംഗ് കോഹ്ലി അതായിരുന്നു. രാജാവിന് മുമ്പിൽ ദൈവം വീഴുന്നത് കാണാനാണ് അവർ മടങ്ങി വന്നത്. വീഴുമോ എന്ന ചോദ്യത്തിന് സച്ചിൻ തന്നെ ഒരിക്കലുത്തരം പറഞ്ഞിട്ടുണ്ട്. സൽമാൻ ഖാനുമായി പണ്ടു നടത്തിയ ഒരുഭിമുഖ സംഭാഷണത്തിലാണത്. “ സൽമാൻ, എല്ലാം തകർക്കാനുള്ള ശേഷി വിരാടിനുണ്ട്. ഞാനത് കാണാൻ കാത്തിരിക്കുകയാണ്.”

സച്ചിൻ അത് കണ്ടു. ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര സച്ചിനവസാനിപ്പിച്ചത് 49 സെഞ്ച്വറികളിലാണ്. 452 ഏകദിന മത്സരങ്ങളിൽ നിന്ന് സച്ചിൻ നേടിയ 49 സെഞ്ച്വറികളാണ്, വെറും 279 മത്സരങ്ങൾ കൊണ്ട് കോഹ്ലി മറികടന്നത്. അന്ന് കോഹ്ലിയുടെ പിറന്നാളായിരുന്നു, ഇന്ത്യൻ ക്രിക്കറ്റിന് പെരുന്നാളും ! കണ്ണുനിറഞ്ഞു കൊണ്ട് സച്ചിനെഴുതി, “കോഹ്ലി ഡ്രസ്സിംഗ് റൂമിലേക്ക് ആദ്യമായി കയറി വന്ന ദിവസം ഞാനിപ്പോഴുമോർക്കുന്നുണ്ട്. എന്റെ കാൽതൊട്ടു വന്ദിക്കുന്നത് ഇവിടുത്തെ ഒരു കീഴ് വഴക്കമാണെന്ന് കൂട്ടുകാർ അന്നവനെ പറഞ്ഞുപറ്റിച്ചു. കോഹ്ലീ, അന്നു നീ തൊട്ടത് എൻ്റെ കാലിലല്ല. കഴിവും അഭിനിവേശവും കൊണ്ട് എന്റെ ഹൃദയത്തെ തൊട്ടവരിൽ നിന്നോളം വരില്ല ആരും. വിരാട് എന്ന കളിക്കാരനായി ആ കുട്ടി വളരുന്നത് സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ.”

പാകിസ്ഥാൻ്റെ മഹാനായ ക്രിക്കറ്റർ വസീം അക്രം ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “നമ്മൾ ജീവിക്കുന്നത് വിരാട് കോഹ്ലി യുഗത്തിലാണ് !!” എന്ന്. കോഹ്ലിയുഗം എന്ന റിയാലിറ്റിയെക്കുറിച്ച് ഒരിക്കൽ യുവരാജും പറഞ്ഞിട്ടുണ്ട്. “അവനാണ് ഈ തലമുറയിലെ ഏറ്റവും വലിയവൻ !!” എന്ന്. എല്ലാത്തലമുറയിലേയും വലുതുകളെ തൻ്റെ പേരിലാക്കിയാണ് ഓരോ ഫോർമാറ്റിൽ നിന്നും പടിയിറങ്ങാനുള്ള ശ്രമങ്ങൾ വിരാട് കോഹ്ലി ആരംഭിക്കുന്നത്. ടി-ട്വൻ്റി അതിൻ്റെ ആദ്യ പടിയാണ്. പക്ഷേ ഈ വലിപ്പം വിരാട് കോഹ്ലിക്കുണ്ടെന്നറിയാവുന്ന എത്രയാരാധകരുണ്ടാവും ഇവിടെ ? ക്രിക്കറ്റിൻ്റെ കണക്കുകൾ അടിമുടി അരച്ചുകലക്കി കുടിച്ചവരെക്കുറിച്ചല്ല ഇതു പറയുന്നത്. അവരുടെ മാത്രം ലെജൻഡായിരുന്നില്ല സച്ചിൻ, എല്ലാവരുടേതുമായിരുന്നു. ഒരു ബോളിനെ ബാറ്റുകൊണ്ട് ഒരാൾ അടിച്ചു തെറിപ്പിക്കുമ്പോൾ അതുപിടിക്കാൻ പത്തു പതിനൊന്നു പേർ പെടാപ്പാടു പെടുന്ന ഒരു കളിയുടെ പേരാണ് ക്രിക്കറ്റെന്ന് പഠിച്ചുവെച്ചിരുന്നവർക്ക് പോലും സച്ചിൻ മഹാനായിരുന്നു.

ലോകക്കപ്പ് വരുമ്പോൾ മാത്രം കളി കണ്ടിരുന്ന ഇൻസ്റ്റൻ്റ് കളിയാരാധാകർക്കും സച്ചിൻ ദൈവമായിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ദൈവത്തിൻ്റെ റെക്കോഡിനെ കിംഗ് കോഹ്ലി പഴങ്കഥയാക്കിയിട്ടുണ്ടന്ന് അവർ വിശ്വസിക്കുമോ ? “വിരാട് കോഹ്ലി, ഇന്ത്യൻ ക്രിക്കറ്റ് കാ കൺട്രോൾ റൂം !!” എന്ന് ഇർഫാൻ പഠാൻ ഒരിക്കൽ എക്സിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൻ്റെ കൺട്രോൾ റൂം വിരാട് കോഹ്ലിയാണെന്ന് വിശ്വസിച്ച എത്ര പേരുണ്ട് നമുക്കിടയിൽ ?

ഒരുകാലത്ത് കുട്ടികളുടെ പ്രിയപ്പെട്ട ടി.വി കഥാപാത്രമായ ബംബ്ലീസിൻ്റെ മുഖമുള്ള ഇംഗ്ലണ്ടിൻ്റെ ഒരു പഴയ ഓൾറൗണ്ടറുണ്ട്, ഡേവിഡ് ലോയ്ഡ്. ക്രിക്കറ്റ് ലോകം ബംബിൾ എന്നാണ് ലോയ്ഡിനെ വിളിച്ചത്. “മിസ്റ്റർ ബംബിൾ, പറയൂ സച്ചിനോ കോഹ്ലിയോ ?” എന്ന ചോദ്യത്തിന് ഡേവിഡ് ലോയ്ഡ് ഒരിക്കൽ ഒരു രസമുള്ള ഉത്തരം പറഞ്ഞു. “സച്ചിൻ എന്നു മറുപടി പറയാൻ ഏറെക്കാരണങ്ങളുണ്ട് എനിക്ക്. പക്ഷേ ഞാൻ പറയില്ല. ഇച്ചിരി അടിച്ചു പൊളികളൊക്കെ ഇഷ്ടപ്പെടുന്ന ഒരു റോക്ക് ആൻഡ് റോൾ ചെറുപ്പക്കാരനുണ്ട് ഇപ്പോഴും എൻ്റെ ഉള്ളിൽ. അതുകൊണ്ട് വിരാട് കോഹ്ലി എന്ന സൂപ്പർ ഹീറോയാണ് എൻ്റെ സെലക്ഷൻ, സച്ചിനല്ല.”

‘ഒരു സൂപ്പർ ഹീറോയാവാൻ മൂന്ന് കാര്യങ്ങളാണ് വേണ്ടത്. നമുക്കവയെ A,B,C എന്നു വിളിക്കാം. എ ഫോർ അലർട്ട്, ബി ഫോർ ബ്രേവ് & സി ഫോർ കെയറിംഗ് !!’ ഡിസ്നി, ഹോട്ട്സ്റ്റാർ, മാർവൽ, സ്റ്റാർ സ്പോർട്സ്, സ്റ്റാർ പ്ലസ് തുടങ്ങി സ്റ്റാറിൻ്റെ ഉടമസ്ഥതയിലുള്ള എല്ലാ നെറ്റ്‌വർക്കുകളിലും ഒരേസമയം പ്രീമിയർ ചെയ്ത ആനിമേറ്റഡ് സീരീസായ സൂപ്പർ വിയിലെ നായകനോട് സ്വപ്നത്തിൽ വന്ന് മുത്തച്ഛൻ പറയുന്ന രഹസ്യമാണിത്.

സ്റ്റാർ ഇന്ത്യയ്‌ക്കു വേണ്ടി സൂപ്പർ വിയെ ഉണ്ടാക്കിയത് ഹർമൻ ബവേജയാണ്. സൂപ്പർ പവർ കിട്ടിയ ശേഷം ആൾക്കൂട്ടം വെറുക്കുന്ന സൂപ്പർ വില്ലനായി സൂപ്പർ വി ചിത്രീകരിക്കപ്പെടുന്ന ഒരു ഘട്ടമുണ്ട് ഈ സീരീസിൽ. സൂപ്പർ വില്ലനിൽ നിന്ന് സൂപ്പർ വിരാടിലേക്കുള്ള സൂപ്പർ വിയുടെ മാറ്റമാണ് ഈ ആനിമേറ്റഡ് സീരീസിൻ്റെ കഥ. ആരായിരുന്നു ഇന്ത്യയ്ക്ക് വിരാട് കോഹ്ലി എന്ന ചോദ്യത്തിന് ഹർമൻ ബവേജയുടെ ഉത്തരമാണുത്തരം. എക്കാലത്തെയും ഇന്ത്യൻ ക്രിക്കറ്റിന് വിരാട് കോഹ്ലി ഒരു സൂപ്പർ ഹീറോയാണ്, വൺ ആൻഡ് ഓൺലി സൂപ്പർ വി !

സച്ചിൻ്റെ ഫുട് വർക്കിനെക്കുറിച്ചും, ക്രീസിലുള്ള ബാലൻസിനെക്കുറിച്ചും, ഷോട്ടുകളുടെ വൈവിധ്യത്തെക്കറിച്ചും, ബാറ്റിംഗിലെ ക്ലാസിക്കൽ ശൈലിയെക്കുറിച്ചും വാഴ്ത്തുന്ന ലോകം കോഹ്ലിയെ ഒരാവേശപ്പോരാളി മാത്രമായാണ് എപ്പോഴും കണ്ടിട്ടുള്ളത്. ആക്രമണോത്സുക ക്രിക്കറ്റിൻ്റെ അപ്പോസ്തലനായി, ബാറ്റിന്റെ താഴേക്കിറക്കി കൈ പിടിച്ച് തല്ലാൻ നിൽക്കുന്ന കരുത്തനായി, തൻ്റേടിത്തത്തിൻ്റേയും താൻപൊരിമയുടേയും നായകനായി അയാൾ കൊണ്ടാടപ്പെട്ടു.

ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് വിരാട് കോഹ്ലിയുടേതാണ്. അതുപറഞ്ഞപ്പോൾ ഒരാൾ പറഞ്ഞു, “പിള്ളേര് സെറ്റിൻ്റെ സ്ഥലമാണ് ഇൻസ്റ്റഗ്രാം. അപ്പോൾ ഇത് സ്വാഭാവികം !!” എന്ന്. പറഞ്ഞത് കളിയായിട്ടാണെങ്കിലും, അതാണ് നേര്. കോഹ്ലിയെ കാമിച്ചത് കൗമാരമാണ്. പണ്ടുപണ്ട് അജയ് ജഡേജയോടും സൗരവ് ഗാംഗുലിയോടും തോന്നിയ ഇഷ്ടക്കൂടുതലിൻ്റെ തുടർച്ചയാണിത്. കൗമാരം പിടിയിറങ്ങിയവരിലുമുണ്ട് കോഹ്ലിയാരാധകരായ മഹാഭൂരിപക്ഷം. അവരും പക്ഷേ വ്യത്യസ്ഥരല്ല. ഏത് പ്രായത്തിലും നാം ഉള്ളിൽ കൊണ്ടു നടക്കുന്ന കൗമാരത്തിൻ്റെ ഇച്ചിരിക്കഷ്ണമുണ്ട്. അഗ്രസീവായ രതിയായും, വീറോടെയുള്ള വാക് പോരായുമൊക്കെ ചില നേരങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത് അതാണ്. കൗമാരത്തിൻ്റെ ആ ഇച്ചിരിക്കഷ്ണമാണ് വിരാട് കോഹ്ലിയെ കാമിച്ചത്, നമ്മളല്ല. കോഹ്ലി കളി മതിയാക്കിത്തുടങ്ങുമ്പോൾ തോന്നുന്ന വേദന അതിൻ്റെയാണ്. കൗമാരത്തിൻ്റെ അവസാനത്തെ തരിയും കൈവിട്ടു പോവുന്നതിൻ്റെ..

Content Highlights: A tribute to king virat Kohli by Lijeesh Kumar

To advertise here,contact us