റാപ്പര് വേടന്റെ കഴുത്തിലെ പുലിപ്പല്ല് വലിയ പുലിവാലായി മാറിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവ് കേസില് അറസ്റ്റ് ചെയ്യപ്പെട്ട്, ജാമ്യം ലഭിച്ച വേടനെ, കഴുത്തിലെ മാലയിലുള്ള പുലിപ്പല്ലിന്റെ പേരില് വീണ്ടും മറ്റൊരു കേസെടുത്ത്, റിമാന്റ് ചെയ്തതില് വലിയ വിമര്ശനം പൊതുസമൂഹത്തില് നിന്നുയരുന്നുണ്ട്.
പുലിപ്പല്ല് ഒറിജിനല് ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, ഒരു ആരാധകന് സമ്മാനിച്ചതാണെന്നും വേടന് അറിയിച്ചിട്ടും സാധാരണയില് കവിഞ്ഞ ആവേശത്തില്, മുന്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില് വനംവകുപ്പ് വേടനെതിരായി നിയമനടപടികള് കൈക്കൊള്ളുന്നതാണ് നമ്മള് കണ്ടത്. ഒരിരയെ കിട്ടിയ സന്തോഷത്തിലാണ് വനംവകുപ്പെന്നാണ് വിമര്ശനം. ഏഴ് വര്ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമുള്ള വനംമന്ത്രിയുടെ പൊടുന്നനെയുള്ള പ്രസ്താവനയും വലിയ വിമര്ശനത്തിനിടയാക്കുന്നുണ്ട്.
വേടനെതിരായ ഈ അസാധാരണ നീക്കത്തിന് പിന്നില്, സാമൂഹികവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളുണ്ടെന്ന ആരോപണം ശക്തമാണ്. അതുകൊണ്ട് തന്നെ, വേടന്റെ കഴുത്തിലെ പുലിപ്പല്ലില് കേസെടുത്ത ഭരണകൂടം, മറ്റനേകം പേരുടെ കഴുത്തിലെ പുലിപ്പല്ലുകള് കാണാതെ പോകുന്നതിലെ ഇരട്ടത്താപ്പ്, സമൂഹമാധ്യമങ്ങളില് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
റെയ്ഡിനിടെ യാദൃശ്ചികമായി കഴുത്തില് പുലിപ്പല്ല് കണ്ടതോടെയാണ്, ആദ്യം പൊലീസും പിന്നീട് വനംവകുപ്പും, വേടനെതിരെ നടപടികള് കടുപ്പിച്ചത്. എന്നാല് ഈ സംശയം എല്ലാവരുടെയും കാര്യത്തില് നമ്മുടെ സംവിധാനങ്ങള്ക്ക് തോന്നാത്തതെന്താണ്?
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാലയില് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു കോണ്ഗ്രസ് നേതാവ് പരാതി നല്കുന്നത്. ഷര്ട്ടിടാതെ ക്ഷേത്രത്തിലേക്ക് നടന്നുകയറുന്ന സുരേഷ് ഗോപിയുടെ കഴുത്തില് പുലിപ്പല്ലിന്റേത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു മാലയുണ്ട് എന്നത് വ്യക്തമാണ്. അപ്പോള് എന്തുകൊണ്ടാണ് വേടനെ കണ്ടപ്പോള് പൊടുന്നനെ തോന്നിയ സംശയം അവിടെയുണ്ടായ അധികാരികള്ക്കും മറ്റും സുരേഷ് ഗോപിയെ കണ്ടപ്പോള് ഉണ്ടാകാതിരുന്നത്? വേടന്റെ കഴുത്തിലുള്ള പുലിപ്പല്ല് ഒന്നായിരുന്നുവെങ്കില് സുരേഷ് ഗോപിയുടെ കഴുത്തില് പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന രണ്ട് പല്ലുകളാണ് ഉണ്ടായിരുന്നത്. വേടനെതിരെ വനംവകുപ്പും പൊലീസും കാണിച്ച ശുഷ്കാന്തി എന്തുകൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ കാണിക്കാത്തത് എന്ന ചോദ്യമാണ് സോഷ്യല് മീഡിയയിലും മറ്റും ഉയരുന്നത്.
സുരേഷ് ഗോപിയുടേത് മാത്രമല്ല, നടന് ജയറാം, ബിഗ്ബോസ് വിജയി അഖില് മാരാര്, വ്ലോഗര് മുകേഷ് നായര്, തുടങ്ങി നിരവധി പേരുടെ കഴുത്തിലുള്ള പുലിപ്പല്ലുകള് സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുന്നുണ്ട്. ഇവയൊന്നും വനംവകുപ്പ് കാണുന്നില്ലേ എന്ന ചോദ്യവുമുയരുന്നുണ്ട്.
നിയമ സംവിധാനം അധികാരമുള്ളവര്ക്കും, സ്വാധീനമുള്ളവര്ക്കും മുന്പാകെ വിധേയത്വം കാണിക്കുന്നു എന്നതാണ് ഇവിടെ ഉയരുന്ന വിമര്ശനം. സോഷ്യല് മീഡിയയിലാകെ ഇവ്വിധത്തിലുള്ള ചര്ച്ചകള് സജീവമാണ്. ഒറിജിനല് ആണെന്ന് പോലും അറിയാതെ, ഒരു ആരാധകന് തന്ന സമ്മാനം ധരിച്ച വേടന് നിരന്തരം വേട്ടയാടപ്പെടുമ്പോള്, ഒരു കേന്ദ്രമന്ത്രി ആരുടേയും ശ്രദ്ധയില്പ്പെടാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യം ഉയര്ന്നുതുടങ്ങിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ടാണ് സുരേഷ് ഗോപിക്കെതിരെയുള്ള പരാതി ലഭിച്ചത്. സമയം ഇത്രയുമായിട്ടും പരാതി നല്കിയയാള്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. എന്നാല് വേടന്റെ കഴുത്തിലെ മാല കണ്ട് സംശയം തോന്നിയ പൊലീസിന് നിമിഷങ്ങള്ക്കകം അത് തെളിയിച്ച് കേസ് എടുക്കാനായി. വേഗതയ്ക്കും ഉണ്ട് ഹൈറാര്ക്കി എന്നത് ഇതിലൂടെ തെളിയുകയാണ്.
വേടനെതിരെ ഉയരുന്ന ആക്രമണങ്ങള്ക്കും മറ്റ് പ്രമുഖര്ക്ക് നേരെയുള്ള നിശ്ശബ്ദതയ്ക്കും പിന്നിലെ മനോഭാവങ്ങളുടെ രാഷ്ട്രീയ കാരണം വലിയ തോതില് ചര്ച്ച ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. 'ഈ പുലിപ്പല്ലുകളില് ഒന്നും കേസില്ലേ അല്ലെങ്കില്, അറസ്റ്റില്ലേ സാറേ' എന്നതാണ് സമൂഹമാധ്യമങ്ങളിലുയരുന്ന ചോദ്യം.
Content Highlights: Vedan and Suresh Gopi, Two sides of Justice