നീര്നിലങ്ങളിന് അടിമയാരുടമയാര്… എന്ന് തുടങ്ങുന്ന വരികളുമായി മലയാളം റാപ്പ് ലോകത്തേക്ക് കടന്നുവന്ന വേടന് എന്ന ഹിരണ്ദാസ് മുരളി വാര്ത്തകളില് നിറഞ്ഞുനില്ക്കുകയാണ്. ഭൂമിയ്ക്ക് മേല് അധികാരം കയ്യാളുന്നവരും, അടിച്ചമര്ത്തപ്പെടുന്നവരും എപ്പോഴും വേടന്റെ പാട്ടുകളില് നിറഞ്ഞുനിന്നിരുന്നു.
ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള് ഒരിക്കല് കൂടി വേടന്റെ പാട്ടുകളുടെ രാഷ്ട്രീയം ചര്ച്ചയാക്കിയിരിക്കുകയാണ്. വേടന് നേരെ നടക്കുന്നത്, സാധാരണ നിയമനടപടികള്ക്കും പ്രതികരണങ്ങള്ക്കും അപ്പുറം ഒരുതരം വേട്ടയാടലല്ലേ, അവയ്ക്ക് പിന്നില്, ജാതീയതയുടെ പുറത്തുച്ചാടലുകള് കൂടിയല്ലേ എന്ന് ചോദിക്കുന്നവര് ഏറെയാണ്.
ഏപ്രില് 28നാണ് ഫ്ളാറ്റില് നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടര്ന്ന് റാപ്പര് വേടനും, ഒപ്പമുണ്ടായിരുന്ന ഒമ്പത് പേരും അറസ്റ്റിലാകുന്നത്. നിരോധിത ലഹരി പദാര്ത്ഥമായ കഞ്ചാവിന്റെ ആറ് ഗ്രാമാണ് റൂമിലെ മേശപ്പുറത്തും മറ്റിടങ്ങളില് നിന്നുമായി കണ്ടെത്തിയത്. ഈ കേസില് ഇവര്ക്കെല്ലാം സ്റ്റേഷന് ജാമ്യം ലഭിച്ചു. എന്നാല് പരിശോധനക്കിടെ വേടന്റെ മാലയില് നിന്നും ഒരു പുലിപ്പല്ല് കണ്ടെത്തിയതോടെ വനംവകുപ്പും കേസെടുത്തു.
ഏഴ് വര്ഷം വരെ തടവ് ലഭിക്കാവുന്ന, ജാമ്യമില്ലാത്ത വകുപ്പാണ് പുലിപ്പല്ല് കേസില് വേടനെതിരെ ചുമത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടല്, അനധികൃതമായി വനംവിഭവം കൈവശം വെക്കല് തുടങ്ങിയ വകുപ്പുകളാണ് ഇവ. നിലവില് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്ന്ന് രണ്ട് ദിവസത്തേക്ക് വേടനെ കസ്റ്റഡിയിലും വിട്ടിരിക്കുകയാണ്.
രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നല്കിയത് എന്ന് വേടന് പറഞ്ഞിരിക്കുന്നതായാണ് വിവരങ്ങള്. ഇത് ഒറിജിനല് പുലിപ്പല്ലാണോ അല്ലയോ എന്ന് തനിക്ക് അറിയില്ലെന്നും ഒരു ആരാധകന് സമ്മാനമായി നല്കിയത് താന് ലോക്കറ്റാക്കി മാറ്റിയതാണെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്. രഞ്ജിത്തുമായി ഇന്സ്റ്റഗ്രാം വഴിയും മറ്റും വേടന് നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നും അതുവഴി ഇയാളെ കണ്ടെത്താനാണ് ശ്രമം എന്നുമാണ് പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങളില് നിന്നുള്ള റിപ്പോര്ട്ടുകള്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത്ത് കുമ്പിടി എന്ന വ്യക്തിയുടെയും വേടന്റെയും ശ്രീലങ്കന് പശ്ചാത്തലവും തമ്മില് ബന്ധപ്പെടുത്തി പോലും അന്വേഷണങ്ങള് നീങ്ങുന്നുണ്ട് എന്ന റിപ്പോര്ട്ടുകളും ഇപ്പോള് പുറത്തുവരുന്നുണ്ട്.
വേടനോ, ഖാലിദ് റഹ്മാനോ, അഷ്റംഫ് ഹംസയോ ആരുമായിക്കൊള്ളട്ടെ, നിരോധിത പദാര്ത്ഥങ്ങള് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്, അതുകൊണ്ട് തന്നെ കുറ്റകരവുമാണ്. വളര്ന്നുവരുന്ന തലമുറയടക്കം ഉറ്റുനോക്കുന്നവരും ആരാധനാപൂര്വം ആഘോഷിക്കുന്നവരും കൂടിയാകുമ്പോള് ഉത്തരവാദിത്തപൂര്വം പെരുമാറേണ്ടതല്ലേ എന്ന ചോദ്യവും അവരോട് ചോദിക്കാം. കഞ്ചാവിന്റെ കേസിലായാലും പുലിപ്പല്ലിന്റെ കേസിലായാലും നിയമപരമായ നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ട് എന്ന കാര്യത്തിലും രണ്ട് പക്ഷമില്ല. ലക്ഷക്കണക്കിന് ചെറുപ്പക്കാര് ആരാധകരായുള്ള ഒരാള് പരസ്യമായി മാധ്യമങ്ങളുടെ മുന്നില് വന്ന്, ഞാന് വലിക്കാറുണ്ട്, കുടിക്കാറുണ്ട് എന്ന് പറയുന്നതും പ്രശ്നവത്കരിക്കപ്പെടേണ്ടത് തന്നെയാണ്.
പക്ഷെ, കഞ്ചാവ് കേസില് പ്രതി ചേര്ക്കപ്പെട്ട ഒരാള് ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോഴേക്കും അയാള് പുലിപ്പല്ല് കൈവശം വെച്ചതിന് പിടിയിലാകുംവിധം കാര്യങ്ങള് നീങ്ങുന്നത് ഒരല്പം ആസൂത്രിതമല്ലേ എന്നാണ് ചോദ്യങ്ങളുയരുന്നത്. വന്യജീവികളും വനം വിഭവങ്ങളുമായി ബന്ധപ്പെട്ടുമുള്ള കേസുകള് തുടങ്ങി ലൈംഗികാതിക്രമ കേസുകളില് വരെ മറ്റ് പ്രമുഖരുടെയൊന്നും കേസുകളില് കാണാത്തതരം തിടുക്കം വേടന്റെ കാര്യത്തില് ഉണ്ടായി എന്നാണ് സമീപകാലത്തെ പല സംഭവങ്ങളും ഉദാഹരണമാക്കി ആളുകള് ചൂണ്ടിക്കാണിക്കുന്നത്. സമൂഹമാധ്യമങ്ങളില് ചൂടേറിയ ചര്ച്ചകള് തന്നെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.
വിദേശനാടുകളില് കറുത്ത വര്ഗക്കാര്, തങ്ങള്ക്കെതിരെ നടക്കുന്ന അടിച്ചമര്ത്തകലുകള്ക്കെതിരെ കലയിലൂടെ പ്രതികരിച്ചിരുന്ന, സ്വന്തം സ്വത്വത്തെ അഭിമാനപൂര്വം ഉയര്ത്തിപിടിച്ചിരുന്ന സംഗീതശാഖയായാണ് റാപ്പ് ഉയര്ന്നുവരുന്നത്. മലയാളം റാപ്പേഴ്സില് റാപ്പിന്റെ ആ ആത്മാവിനെ ഏറ്റവും ചേര്ത്തുപിടിക്കുന്ന സംഗീതഞ്ജന്മാരില് മുന്പന്തിയിലാണ് വേടന്. ജാതീയതയ്ക്കെതിരെ, അടിച്ചമര്ത്തലുകള്ക്കെതിരെ, തൊലി കറുത്തവര് നേരിടുന്ന അവഗണനകള്ക്കെതിരെ, അധികാരവര്ഗത്തിന്റെ അതിക്രമങ്ങള്ക്കെതിരെ എല്ലാം പാട്ടിലൂടെ നിരന്തരം കലഹിച്ചിരുന്നയാളാണ് വേടന്. അടുത്തിടെ സംഗീതവേദിയില് വെച്ച് എമ്പുരാന്റെ റീസെന്സറിങ്ങിനിടയായ സാഹചര്യത്തെ കുറിച്ച് വരെ വേടന് സംസാരിച്ചിരുന്നു.
അതുകൊണ്ട് തന്നെ വേടന്റെ വരികള് അസ്വസ്ഥമാക്കിയവരുടെ എണ്ണവും അത്ര ചെറുതല്ല. ഇന്ന് വേടനെതിരെ ഉയര്ന്നിരിക്കുന്ന കേസുകള് അയാളെ എന്നെന്നേക്കുമായി റദ്ദ് ചെയ്യാനുള്ള ആയുധമാക്കി എടുത്തിരിക്കുന്ന ഏറെ പേരെ സമൂഹമാധ്യമങ്ങളില് കാണാം. വേടന് ലഹരി ഉപയോഗിക്കുന്നത് നിര്ത്തണം എന്നതല്ല, വേടനെ തന്നെ നിര്ത്തലാക്കണം എന്നതാണ് അവര് ഉന്നയിക്കുന്ന ആവശ്യം.
വേടന് വിമര്ശനാതീതനല്ല. പൊതുരംഗത്ത് ആയിരിക്കുന്നിടത്തോളം ആ വിമര്ശനത്തിനുള്ള സാധ്യതകളും ഏറെയാണ്. പക്ഷെ അനുപാതരഹിതമായ, ക്രൂരമായ അധിക്ഷേപത്തിന് തുല്യമായ വിമര്ശനങ്ങള് വേടന് നേരിടേണ്ടി വരുന്നില്ലേ എന്നതാണ് ചോദ്യം. തിരുത്തല് എന്നതിനപ്പുറം കുഴിച്ചുമൂടല് എന്ന നിലയിലേക്ക് വളരുന്ന വാക്കുകളെ വിമര്ശനമെന്ന് ചുരുക്കി വിളിക്കാനാവില്ലല്ലോ.
വേടന് കുറ്റക്കാരാനാകാം, അല്ലാതിരിക്കാം. ആ വിവരങ്ങളും വിധിയും പുറത്തുവരുന്നതിന് മുന്പ് വേടനെ വിധിക്കാനിറങ്ങുന്നത് ഒരല്പം കടന്നുകയ്യാകുമെന്ന് മാത്രം ഇപ്പോള് പറയട്ടെ.
Content Highlights: Some Questions Before Judging Vedan