ആ ഫണ്ടുകള്‍ താഴേക്ക് എത്തിയിട്ടുണ്ടോ; വനം വകുപ്പ് സിപിഐഎം ഏറ്റെടുക്കുകയല്ലേ വേണ്ടത്?

ഭരണത്തിലിരുന്ന് ഇത്തരം വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനായി എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യതയും സിപിഐഎമ്മിനുണ്ട്

വെറും 72 മണിക്കൂറിന്റെ മാത്രം ഇടവേളയില്‍ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന രണ്ട് യുവാക്കളാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 12 പേരാണ് കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ മാത്രം കൊല്ലപ്പെട്ടത്. കഴിഞ്ഞ പതിനഞ്ച് കൊല്ലത്തെ കണക്കെടുത്ത് പരിശോധിച്ചാല്‍ വയനാട്ടില്‍ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതിലേറെ വരും. അടുത്തകാലത്തായി വയനാട്ടില്‍ അടക്കം മലയോര മേഖലയില്‍ വന്യജീവി ആക്രമണങ്ങള്‍ അതിന്റെ ഏറ്റവും ഭയനാകമായ നിലയിലേയ്ക്ക് മാറിയിട്ടുണ്ട്. കടുവയും പുലിയും കാട്ടാനയും വനാതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല ഇപ്പോള്‍ മനുഷ്യജീവന് ഭീഷണിയാകുന്നത്. വന്യമൃഗ ആക്രമണം തുടര്‍ക്കഥയാകുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയാണ്.

സര്‍വ്വ മേഖലയിലും കേരളത്തെ അവഗണിക്കുന്നത് പോലെ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്ന വിഷയത്തിലും കേന്ദ്രത്തിന്റെ അവഗണന പ്രതിബന്ധമാകുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ചില വിഷയങ്ങളില്‍ ഇത് ഒരുപരിധിവരെ യാഥാര്‍ത്ഥ്യവുമാണ്. മലയോര ജനതയുടെ കാര്‍ഷിക വിളകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും ഭീഷണിയായ കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളോടൊന്നും അതേ അര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോടും കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചിരുന്നു.

വന്യജീവി ആക്രമണങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കായി 1000 കോടി രൂപ 2025 -26 ലെ കേന്ദ്ര ബജറ്റില്‍ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനോടും കേന്ദ്രം മുഖംതിരിക്കുകയായിരുന്നു. വന്യജീവി ആക്രമണം ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ 1972-ലെ വനം- വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കണം എന്ന ആവശ്യവും കേരളം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ 1972-ലെ വനം- വന്യജീവി സംരക്ഷണനിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. വന്യജീവികളുടെ സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയമാണെന്ന നിലപാടാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വന്യമൃഗ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ധനസഹായം നല്‍കുന്നുണ്ട് എന്ന ന്യായമാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പദ്ധതികള്‍ക്ക് വേണ്ടത്ര കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഇതെല്ലാം പരിഗണിക്കുമ്പോള്‍ മുഖവിലയ്ക്ക് എടുക്കാവുന്നതാണ്. എന്നാല്‍ വന്യജീവി ആക്രമണങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ടുവെച്ച പദ്ധതികളും ആലോചനകളും തീരുമാനങ്ങളും എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കേണ്ട സാഹചര്യം നിലവിലുണ്ട്.

നാട്ടിലെ മനുഷ്യരെ നിഷ്‌കരുണം വന്യമൃഗങ്ങള്‍ ചവിട്ടികൊല്ലുകയും തിന്നുതീര്‍ക്കുകയും ചെയ്യുമ്പോള്‍ ഇതുവരെ കൈക്കൊണ്ട പ്രതിരോധ നടപടികള്‍ ജനങ്ങളെ സംരക്ഷിക്കുന്ന നിലയില്‍ താഴെതട്ടില്‍ ഏതുനിലയില്‍ പ്രാവര്‍ത്തികമായി എന്ന പരിശോധനയ്ക്ക് നിലവില്‍ പ്രയോഗികമായി സംവിധാനമില്ല. എല്ലാം ഭദ്രമെന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ കൈമാറുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഈ വിഷയത്തില്‍ ഭരണകര്‍ത്താക്കളായി ജനപ്രതിനിധികള്‍ എന്നതാണ് യാഥാർത്ഥ്യം.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളും ആലോചനകളും കാട്ടാനകളേക്കാള്‍ ഭീഷണിയായ വെള്ളാനകള്‍ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം പലവിഷയത്തിലും ശക്തമാണ്. അതിനാല്‍ തന്നെ കേവലം യാന്ത്രികമായ സാങ്കേതിക ഓഡിറ്റിങ്ങിന് പകരം വളരെ ജൈവികവും ജനകീയവുമായ ഒരു സോഷ്യല്‍ ഓഡിറ്റിന് ഈ വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

പേപ്പറിലെ കോടികള്‍ അതേപടി നാട്ടിലിറങ്ങുന്നുണ്ടോ?

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തും രണ്ടാം പിണറായി സര്‍ക്കാറിന്റെ തുടക്ക കാലത്തും വന്യമൃഗ ആക്രമണങ്ങളും പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച വളരെ പ്രസക്തമായ നടപടികള്‍ നിയമസഭാ രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ പ്രഖ്യാപനങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങള്‍ വ്യക്തമാകും. കാട്ടാനകളെ തുരത്തുന്നതിലും അടിയന്തര സ്വഭാവത്തോടെ തുരത്തേണ്ട വെള്ളാനകളുണ്ടോ എന്ന ഗൗരവകരമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് പ്രഖ്യാപനവും പ്രയോഗവും യാഥാര്‍ത്ഥ്യ ബോധ്യത്തോടെ വിലയിരുത്തിയാല്‍ വ്യക്തമാകുമെന്ന് തീര്‍ച്ചയാണ്.

Also Read:

DEEP REPORT
വിവാദമായ 'അനാവശ്യ റിയാലിറ്റി ഷോ'; ആരാണ് അംബാനി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും 60 കോടി ആസ്തിയുമുള്ള രണ്‍വീര്‍

നിലവിലെ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയും മാനന്തവാടി എംഎല്‍എയുമായ ഒആര്‍ കേളു പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യത്തിന് 2019 ഒക്ടോബര്‍ 30 അന്നത്തെ വനം വകുപ്പ് മന്ത്രി കെ രാജു നല്‍കിയ സുദീര്‍ഘമായ മറുപടി ഈ ഘട്ടത്തില്‍ ഒരു സ്‌പെസിമെനായെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. വയനാട് ജില്ലയിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി ചുമതല ഏറ്റെടുക്കുന്നത് വരെയും ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച നിയമസഭാ സാമാജികന്‍ ഒരുപക്ഷെ ഒ ആര്‍ കേളു ആയിരിക്കും. ജനകീയമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് തന്നെയായിരുന്നു ഈ ചോദ്യങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധി എന്ന നിലയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഒആര്‍ കേളു നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളും അതിന് നല്‍കിയ മറുപടികളും പ്രത്യേകം പ്രത്യേകം എടുത്ത് പരിശോധിച്ചാല്‍ നിയമസഭയിലെ പ്രഖ്യാപനവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ തേടി സര്‍ക്കാരിന് മറ്റെവിടെയും പോകേണ്ടി വരില്ല.

Also Read:

Opinion
കുളംകലക്കി ഒടുവില്‍ പുറത്തായി, പി സി ചാക്കോയുടെ ഭാവിയെന്ത്?

പതിനാറാം സമ്മേളനത്തില്‍ ഒ ആര്‍ കേളു ഉന്നയിച്ച ചോദ്യത്തിന് വനം വകുപ്പ് മന്ത്രി നല്‍കിയ ഉത്തരത്തിലേക്ക് വരാം. 'ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വയനാട് ജില്ലയില്‍ വന്യമൃഗ പ്രതിരോധത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ' എന്നായിരുന്ന അന്ന് എംഎല്‍എ ആയിരുന്ന ഒ ആര്‍ കേളുവിന്റെ ഒരു ചോദ്യം. 'ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വയനാട് ജില്ലയില്‍ വന്യമൃഗശല്യ പ്രതിരോധത്തിനായി സൗരോര്‍ജ്ജ വേലി, ആന പ്രതിരോധ കിടങ്ങ്, ആന പ്രതിരോധ മതില്‍, റെയില്‍ ഫെന്‍സിംഗ് എന്നിവ നിര്‍മ്മിക്കുകയും മുന്‍പുണ്ടായിരുന്നവ അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കുകയും പുതിയവ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുയും ചെയ്യും. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ മുഴുവന്‍ സമയ പട്രോളിംഗ് നടത്തി വന്യമൃഗ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരുന്നു' എന്നായിരുന്നു അന്നത്തെ വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ മറുപടി.

'ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വയനാട് ജില്ലയില്‍ വന്യമൃഗ പ്രതിരോധത്തിനായി എത്ര തുക ചെലവഴിച്ചെന്നും ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ ചെയ്തുവെന്നുമുള്ള' മറ്റൊരു ചോദ്യവും ഇതിനോട് അനുബന്ധമായി ഒആര്‍ കേളു ചോദിച്ചിരുന്നു. ഇതിന് മറുപടിയായി വിവിധ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനം തിരിച്ച് ചെലവാക്കിയ തുകയുടെ പട്ടിക അടക്കമായിരുന്നു മന്ത്രി കെ രാജുവിന്റെ മറുപടി.

മേപ്പാടി റെയ്ഞ്ചില്‍ പവര്‍ ഫെന്‍സിംഗിനായി ആകെ 14,25,066 രൂപ, ചെലവഴിച്ചെന്നാണ് പട്ടികയിലുള്ളത്. മേപ്പാടിയില്‍ സോളാര്‍ പവര്‍ ഫെന്‍സിംഗിനായി 27,390 രൂപ ചെലവഴിച്ചു. ചെതലയത്ത് ആന പ്രതിരോധ കിടങ്ങിനായി 63,12,670 രൂപയും, ആന പ്രതിരോധ മതിലിനായി 10,54,97,181 രൂപയും പവര്‍ ഫെന്‍സിംഗിനായി 80,78,374 രൂപയും ആന പ്രതിരോധ ഗെയ്റ്റിനായി 9,31,222 രൂപയും ചെലവഴിച്ചു. കല്‍പ്പറ്റ റെയ്ഞ്ചില്‍ പവര്‍ ഫെന്‍സിംഗിനായി 13,23,360 രൂപയാണ് ചെലവഴിച്ചത്. തിരുനെല്ലി, വെള്ളമുണ്ട, തൊണ്ടര്‍നാട് എന്നിവിടങ്ങളിലായി 16,09,000 രൂപയാണ് ചെലവഴിച്ചത്.

മാനന്തവാടിയില്‍ വാച്ചര്‍മാരെ വിന്യസിക്കുന്നതിന് 1,40,17,000 രൂപയും ആനകളെ തുരത്തുന്നതിന് 47,01,000 രൂപയുമാണ് ചെലവഴിച്ചത്. തോല്‍പ്പെട്ടി കുറിച്യാട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ സോളാര്‍ പവര്‍ഫെന്‍സിംഗിന് 82,97,000 രൂപയും ആന പ്രതിരോധ കിടങ്ങിന് 54,46,000 രൂപയും ആന പ്രതിരോധ കിടങ്ങ് അറ്റകുറ്റപ്പണിക്ക് 5,78,000 രൂപയും ചെലവഴിച്ചതായാണ് മറുപടിയിലുള്ളത്. ഇതിന് പുറമെ കിഫ്ബി ഫേസ് 1ല്‍ പെടുത്തി സത്രംകുന്ന് മുതല്‍ മൂടക്കൊല്ലി വരെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം പുരോഗമിച്ച് വരുന്നുവെന്നും മറുപടി സൂചിപ്പിക്കുന്നു.

വന്യമൃഗ പ്രതിരോധത്തിനായി വയനാട് ജില്ലയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നതെന്നും ഏതെല്ലാം സ്ഥലങ്ങളില്‍ എത്ര തുക ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തികളെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ഒ ആര്‍ കേളു എംഎല്‍എയുടെ അവസാനത്തെ ചോദ്യം.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ചെതലയം റെയ്ഞ്ചില്‍ ദാസനക്കര, പാതിരിയമ്പലം, പാത്രമൂല, കക്കോടന്‍ ബ്ലോക്ക് പ്രദേശങ്ങളില്‍ 14.5 കിലോമീറ്റര്‍ ദൂരത്തിലും കല്‍പ്പറ്റ റെയ്ഞ്ചില്‍ കുന്നുംപുറം-പത്താംമൈല്‍ പ്രദേശങ്ങളില്‍ 3.2 കിലോമീറ്റര്‍ ദൂരത്തിലും മേപ്പാടി റെയ്ഞ്ചില്‍ വെങ്ങക്കോട്-ചേമ്പ്ര പ്രദേശങ്ങളില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുമായി ആകെ 25.7 കിലോമീറ്റര്‍ ദൂരത്തില്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് നടപ്പിലാക്കുന്നതിന് കിഫ്ബി രണ്ടാം ഘട്ട പ്രൊജക്ട് മുഖേന 13.90 കോടി രൂപയുടെ പദ്ധതിയ്ക്ക് നടപടി സ്വീകരിച്ചു വരുന്നു. കൂടാതെ 12 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ്ജ കമ്പിവേലിയും 2 കിലോമീറ്റര്‍ ആന പ്രതിരോധ കിടങ്ങും 30 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ്ജ കമ്പിവേലിയുടെ അറ്റകുറ്റപണികളും തീര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിന്റെ പരിധിയിലുള്ള കൊള്ളിവയല്‍, മണല്‍വയല്‍, ചുള്ളിക്കാട്, മാടാപ്പറമ്പ് എന്നീ പ്രദേശങ്ങളിലെ (മറുപടി രേഖയില്‍ അക്കം വ്യക്തമല്ല) കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ തോല്‍പ്പെട്ടി, കുറിച്യാട്, സുല്‍ത്താന്‍ബത്തേരി റെയ്ഞ്ചുകളിലായി 410 കിലോമീറ്റര്‍ ദൂരത്തില്‍ ആന പ്രതിരോധ മതില്‍ കിഫ്ബി ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചതില്‍ 190 മീറ്റര്‍ നിര്‍മ്മാണം പുരോഗമിച്ച് വരുന്നു. അതോടൊപ്പം കിഫ്ബി രണ്ടാം ഘട്ട പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കനാല്‍ മുതല്‍ പഴൂര്‍ വരെ 6.30 കിലോമീറ്റര്‍ നീളത്തില്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് 5.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുമുണ്ട്. ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്നു എന്നായിരുന്നു കെ രാജുവിന്റെ മറുപടി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തോമസ് കെ തോമസിന്റെ ചോദ്യത്തിന് 2021 ജൂണ്‍ 9ന് മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കിയ മറുപടിയും ചൂണ്ടിക്കാണിച്ച് പോകേണ്ടതുണ്ട്. വന്യമൃഗ ശല്യം നേരിടുന്നതിനായി എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നായിരുന്നു ചോദ്യം. വനത്തിനകത്ത് വന്യമൃഗങ്ങള്‍ക്ക് ജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മ്മിക്കുകയും അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

നാട്ടിലേയ്ക്ക് ഇറങ്ങുന്ന വന്യജീവികളെ തുരത്തുന്നതിനായി കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം(നിലമ്പൂര്‍), കോഴിക്കോട്, പാലക്കാട് (മണ്ണാര്‍ക്കാട്), തിരുവന്തപുരം (പേപ്പാറ), റാന്നി, എറണാകുളം (കോടനാട്) എന്നിവിടങ്ങളിലായി 13 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇതിന് പുറമെ കാട്ടാന പ്രശ്‌നം രൂക്ഷമായിട്ടുള്ള പാലക്കാട്, വയനാട് ജില്ലകളില്‍ കുങ്കിയാനകളെ ഉപയോഗിച്ച് പ്രശ്‌നക്കാരായ കാട്ടാനകളെ തിരിച്ച് കാട്ടിലേയ്ക്ക് തുരത്തുന്നതിനായി കുങ്കി സ്‌ക്വാഡുകളും പ്രവര്‍ത്തിച്ച് വരുന്നു, പുതുതായി വനാതിര്‍ത്തികളില്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ്, ജൈവവേലി നിര്‍മ്മാണം, എന്നീ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കി വരുന്നുമുണ്ട്. വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങുന്ന സന്ദര്‍ഭങ്ങളില്‍ പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി എസ്എംഎസ് സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നു, വന്യമൃഗശല്യം രൂക്ഷമായ സെറ്റില്‍മെന്റുകളിലെ താമസക്കാരെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം കിഫ്ബിയുടെ ധനസഹായത്തോടെ വനത്തിന് പുറത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നുണ്ട് എന്നായിരുന്നു മറുപടി.

2021 ഒക്ടോബര്‍ ആറിന് ഒആര്‍ കേളു എംഎല്‍എയ്ക്ക് നല്‍കിയ മറുപടിയില്‍ മാനന്തവാടിയില്‍ 221.72 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗും 64.366 കിലോമീറ്റര്‍ ആനപ്രതിരോധ കിടങ്ങുകളും 2.87 കിലോമീറ്റര്‍ ആന പ്രതിരോധ മതിലും നിര്‍മ്മിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരം ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു എന്നും എ കെ ശശീന്ദ്രന്‍ മറുപടി നല്‍കിയിരുന്നു.

മുകളില്‍ സൂചിപ്പിച്ചത് വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ച പദ്ധതികളെയോ തീരുമാനങ്ങളെയോ ആലോചനകളെയോ മുന്‍നിര്‍ത്തി നിയമസഭയില്‍ നല്‍കിയ മറുപടികളാണ്. ഈ നിലയില്‍ നിയമസഭാ രേഖകള്‍ പൂര്‍ണ്ണമായി പരിശോധിച്ചാല്‍ വന്യമൃഗ ശല്യം നേരിടാനായി കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച പദ്ധതികളുടെയോ ആലോചനകളുടെയോ വിപുലമായ വിവരങ്ങള്‍ ലഭ്യമാകും.

മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന സാമ്പിളുകളില്‍ മാത്രം പറഞ്ഞിരിക്കുന്നത് വെച്ച് നോക്കിയാല്‍ വിപുലമായ വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വയനാട്ടിലെങ്കിലും നടന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വ്യക്തമാക്കപ്പെട്ട ഈ പദ്ധതികളും പരിഹാര നിര്‍ദ്ദേശങ്ങളും എത്രമാത്രം പാലിക്കപ്പെട്ടു, നടപ്പിലാക്കപ്പെട്ടു എന്നത് വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ട് വരുന്ന കണക്കുകള്‍ നിയമസഭയില്‍ വായിക്കുക എന്നത് കൊണ്ട് വകുപ്പ് മന്ത്രിയുടെ കടമ തീരുന്നില്ല. സ്വന്തം നാവ് കൊണ്ട് നിയമസഭയില്‍ പറഞ്ഞതെല്ലാം പ്രായോഗികവും സമയബന്ധിതവുമായി നടപ്പിലാക്കപ്പെടുകയോ പുരോഗമിക്കുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല കൂടി വകുപ്പ് മന്ത്രിക്കുണ്ട്.

വളരെ പിന്നാക്കം നില്‍ക്കുന്ന, കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിക്കുന്ന ഇത്തരം വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്ന ജനതയ്ക്ക് എത്രമാത്രം പ്രയോജനകരമാണ് എന്ന് ജനപ്രതിനിധികള്‍ നേരിട്ട് ബോധ്യപ്പെടാനുള്ള ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. കാട്ടാനകളെ തുരത്താനുള്ള സര്‍ക്കാര്‍ പദ്ധതികളെ വെള്ളാനകള്‍ അവരുടെ ഇഷ്ടത്തിന് തെളിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിലവില്‍ സാധ്യതകളില്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഒരുകൂട്ടം വെള്ളാനകള്‍ക്ക് തടിച്ച് കൊഴുക്കാനുള്ള ഉപാധിയായി വന്യമൃഗ പ്രതിരോധ പദ്ധതികളും ഇടപെടലും മാറുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഗൗരവത്തില്‍ പരിശോധിക്കാന്‍ ഇനിയും അമാന്തിച്ച് കൂടാ. അതിനായി ജനങ്ങളെ അടക്കം പങ്കാളികളാക്കിയുള്ള ഒരു ജനകീയ ബദല്‍ ഓഡിറ്റിംഗിന് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

വളരെ ഗൗരവത്തോടെ ഫലപ്രാപ്തി കൃത്യമായി ഉറപ്പ് വരുത്തി വളരെ സൂക്ഷ്മതയോടെ പദ്ധതി ആസൂത്രണവും നിര്‍വ്വഹണവും നടക്കേണ്ട ഒന്നായി വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ കാര്‍ക്കശ്യ സ്വഭാവത്തോടെ വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ആവിഷ്‌കരിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സവിശേഷമായ മേല്‍നോട്ടത്തില്‍ വനംവകുപ്പ് സിപിഐഎം ഏറ്റെടുക്കേണ്ട അടിയന്തര സാഹചര്യമുണ്ട്. ഘടക കക്ഷികളെ ആ വകുപ്പ് ഏല്‍പ്പിച്ച് വെളളാനകള്‍ക്ക് കറവപ്പശുവാക്കാന്‍ വിട്ടുകൊടുക്കണമോ എന്ന ഗൗരവമായ ആലോചന നടക്കേണ്ടതുണ്ട്. സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമായി ആലോചിക്കാന്‍ സിപിഐഎം നേതൃത്വം തയ്യാറാകേണ്ടതുണ്ട്.

വന്യമൃഗ ശല്യം നേരിടുന്ന മലയോര മേഖലയില്‍ കേന്ദ്രീകരിച്ച് ആ ചുമതലമാത്രമുള്ള ഒരു മന്ത്രി എന്ന നിലയിലുള്ള ആലോചനയും ജനങ്ങളെ സംബന്ധിച്ച് അനിവാര്യമാണ്. വന്യമൃഗശല്യത്തിന്റെ ഏറ്റവും വലിയ ഇരകളായവരില്‍ ഭൂരിപക്ഷം വരുന്ന ആദിവാസി, ദളിത്, തോട്ടം തൊഴിലാളി, കര്‍ഷകരും-കര്‍ഷക തൊഴിലാളികൾ ഉള്‍പ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ സിപിഐഎമ്മിന്റെ ജനകീയ അടിത്തറയില്‍ പ്രധാനപ്പെട്ട വിഭാഗമാണ്. അതിനാല്‍ തന്നെ ഭരണത്തിലിരുന്ന് ഇത്തരം വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനായി എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യതയും സിപിഐഎമ്മിനുണ്ട്.

Content Highlights: Have those funds bottomed out Shouldn't the forest department be taken over by the CPIM

To advertise here,contact us