കുട്ടികളിലെ പ്രമേഹ സാധ്യത; മുൻകരുതലും പരിഹാരവും

കുട്ടികളിൽ പ്രമേഹ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല. വൈകിയുള്ള തിരിച്ചറിവ് രോഗത്തിന്റെയും, രോഗാവസ്ഥയുടെ സങ്കീര്‍ ണതകളും കൂടുന്നതിനൊപ്പം രോഗം പൂര്‍ണമായും ചികിത്സിച്ച് മാറ്റാൻ കഴിയാത്ത അവസ്ഥയിലേയ്ക്കും മാറും

4 min read|14 Nov 2024, 04:20 pm

ലോക പ്രമേഹ ദിനവും ശിശുദിനവും ഒരേ ദിവസം നമുക്ക് മുന്നിലെത്തിയിരിക്കുകയാണ്. അതിനാൽ തന്നെ കുട്ടികളിലെ പ്രമേഹ സാധ്യതകളെ കുറിച്ച് ഈ ദിവസം നമുക്കൊന്ന് പരിശോധിച്ച് പോകാം.പ്രമേഹം എത്രത്തോളം സങ്കീര്‍ണതകള്‍ ഉയര്‍ത്തുന്ന രോഗാവസ്ഥാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. മുതിര്‍ന്നവരില്‍ പ്രമേഹം മൂലം ഉണ്ടാകുന്ന ഗുരുതരാവസ്ഥയ്ക്ക് നാമെല്ലാവരും നേർസക്ഷികളുമാണ്. എന്നാൽ കുട്ടികളിൽ പ്രമേഹ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല. വൈകിയുള്ള തിരിച്ചറിവ് രോഗത്തിന്റെയും, രോഗാവസ്ഥയുടെ സങ്കീര്‍ ണതകളും കൂടുന്നതിനൊപ്പം രോഗം പൂര്‍ണമായും ചികിത്സിച്ച് മാറ്റാൻ കഴിയാത്ത അവസ്ഥയിലേയ്ക്കും മാറും. മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും, ഭക്ഷണരീതിയും, കൃത്രിമ മധുര പാനീയങ്ങളുടെയും ഉപയോഗവും നമ്മുടെ ആരോഗ്യത്തിന് ഓരോദിനവും വെല്ലുവിളികൾ ഉയ‍ർത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അശ്രദ്ധമൂലവും നിത്യേനയുള്ള ജീവിതശൈലിയുടെ ഭാഗമായും ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കേണ്ട രോഗാവസ്ഥയാണ് പ്രമേഹം.

ഇന്നത്തെ കാലത്ത് മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളി തന്നെയാണ്. കുട്ടികളിൽ രണ്ടു തരത്തിലുള്ള (ടൈപ്പ്1& ടൈപ്പ്2) പ്രമേഹമാണ് സാധാരണ രീതിയിൽ കണ്ടുവരുന്നത് . ആധുനിക കാലത്തെ ജീവിതശലിയിലെ മാറ്റത്തിനനുസരിച്ച് കാണപ്പെടുന്ന ടൈപ്പ് 2 പ്രമേഹം കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് 10 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ട് വരുന്നത്. കുട്ടികളില്‍ പ്രായത്തിനേക്കാള്‍ ശരീരഭാരം, അവരുടെ ബോഡി മാസ് ഇന്‍ഡക്‌സ് അതിനനുസരിച്ച് വര്‍ദ്ധിക്കുന്നത് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ശരീരഭാരം കൂടുന്നത് മാത്രമല്ല അകാരണമായി കുറയുന്നതും അപകടം ഉണ്ടാക്കുന്നതാണ്. ആവശ്യത്തിന് ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്തതിന്റെ ഫലമായി ശരീരത്തിലെ ഊര്‍ജ്ജത്തിന് വേണ്ട കൊഴുപ്പ് ഇല്ലാതാവുന്ന സാഹചര്യമുണ്ടാകും. ഇത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരമാക്കി കണക്കാകരുത്. നമ്മുടെ അലംഭാവം ശരീരത്തെ അപകടകരമായ അവസ്ഥയിലെത്തിക്കും.

Also Read:

Tech
നിങ്ങളുടെ ഫോണ്‍ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ!! അറിയാന്‍ വഴിയുണ്ട്

കുട്ടികളാണല്ലോ അവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ വരില്ല എന്ന ധാരണയാണ് ആദ്യം മാറ്റി നിർത്തേണ്ടത്. മുകളിൽ പറഞ്ഞത് പോലെ പ്രമേഹം ഏത് പ്രായക്കാര്‍ക്കും ഉണ്ടാകാവുന്നതാണ്. അത് തടയുന്നതിന് വേണ്ടി കൃത്യമായ ഭക്ഷണ ശീലങ്ങളും വ്യായാമവും അത്യാവശ്യം തന്നെയാണ്. ജീവിതശൈലിയിലെ നിയന്ത്രണം ടൈപ്പ് ടു പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ സഹായകരമാകും.

വ്യായാമം എത്ര സമയം?

വ്യായാമം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അത്യാവശ്യമുള്ളതാണ്. ദിവസേനയുള്ള ആരോഗ്യകരമായ വ്യായാമവും ഭക്ഷണരീതിയും കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഒരു മണിക്കൂറെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. യോഗ പോലുള്ള വ്യായാമ മുറകളും ശീലിക്കുന്നത് നല്ലതാണ്. ഇത്തരം ശീലങ്ങൾ കുട്ടികൾ സ്മാര്‍ട്ടാവുന്നതിനും ആക്റ്റീവ് ആയി ഇരിക്കുന്നതിനും സഹായിക്കുന്നതോടൊപ്പം പ്രമേഹ സാധ്യതകൾ കുറക്കുകയും ചെയ്യുന്നു.

Also Read:

Business
ഇടിഞ്ഞ് താഴോട്ട്; റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് രൂപയുടെ മൂല്യം

കൂടാതെ കുട്ടികളിൽ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠനവും കളിയും എല്ലാം സ്‌ക്രീനില്‍ ഒതുങ്ങുന്ന അവസ്ഥയിലായിരുന്നെല്ലോ. ഇതിൻ്റെ ഫലമായി ഇപ്പോൾ കുട്ടികളില്‍ സ്‌ക്രീന്‍ സമയം മുൻപെത്തേക്കാൾ വര്‍ദ്ധിച്ചു എന്നതാണ് സത്യം. കുട്ടികളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി നമുക്ക് ഇതിനെ കണക്കാക്കാവുന്നതാണ്. കാരണം ഒരേ ഇരിപ്പ് നിങ്ങളുടെ കുഞ്ഞിന്റെ സ്മാര്‍ട്‌നസിനെ ഇല്ലാതാക്കുന്നതിനോടൊപ്പം അനാരോഗ്യകരമായ ശരീരഭാരം ഉയര്‍ത്തുകയും അത് മൂലം പ്രമേഹ സാദ്ധ്യത വ‍ർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതോടൊപ്പം ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് പരിമിതപ്പെടുത്തുന്നതിനും ശ്രദ്ധവേണം. കൂടാതെ ടിവി, മറ്റ് ഇലക്ടോണിക് ഉപകരണങ്ങള്‍, എന്നിവയ്ക്ക് പ്രത്യേക സമയം അനുവദിക്കാനും ശ്രദ്ധിക്കണം. കൃത്രിമ നിറങ്ങളും പഞ്ചസാര ലായനികളും അടങ്ങിയ പാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. പഞ്ചസാര ഉൽപ്പന്നങ്ങൾ നൽകുന്നതിലും നിയന്ത്രണം വേണ്ടതുണ്ട്. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പതിവായി വ്യായാമം ചെയ്യുന്ന ശീലം കുട്ടികളിൽ വള‍ർത്തിയെടുക്കുന്നത് നല്ലതാണ്. ആറ് മണിക്കൂറെങ്കിലും കുട്ടികൾ സുഖമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കുട്ടികളിലെ പ്രമേഹ സാധ്യത ഒഴിവാക്കാം.

Content Highlights: Risk of diabetes in children Prevention and Remediation

To advertise here,contact us