ട്രംപ് മോശം സ്ഥാനാർത്ഥിയായിരുന്നു, എന്നിട്ടും എങ്ങനെ വിജയിച്ചു? അമേരിക്കയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി?

ട്രംപ് ഒരു മോശം സ്ഥാനാർത്ഥിയും, ഫസ്റ്റ് ടേം വെച്ച് മോശം പ്രസിഡന്റുമാണ്. എന്നിട്ടും എന്തുകൊണ്ട് ജനം അയാളെ വീണ്ടും തെരഞ്ഞെടുത്തു?

5 min read|07 Nov 2024, 01:26 pm

"It's the economy, stupid"- James Carville (Bill Clinton's political advisor)അമേരിക്കയിലെ മീഡിയൻ വാർഷിക കുടുംബവരുമാനം 80,610 ഡോളറാണ്. 2019-ൽ ഇത് 81,210 ഡോളറായിരുന്നു. അതിനിടയിൽ 2022-ൽ ഇത് 77,540 വരെ താഴ്‌‌ന്നു. 80,000 ഡോളർ എന്നുവെച്ചാൽ ഏതാണ്ട് 5000 ഡോളർ മാസം കൈയിൽ കിട്ടും. ( സോഷ്യൽ സെക്യൂരിറ്റി, ഹെൽത്ത് ഇൻഷൂറൻസ്, ടാക്സ് ഒക്കെയായി പിടിച്ച് കഴിഞ്ഞ്). 2019-ൽ ഇത്രയും വരുമാനമുള്ള ഒരു കുടുംബത്തിന് ആവറേജ് ചെലവുകൾ കഴിഞ്ഞ് ഏതാണ്ട് ആയിരം ഡോളർ അടുത്ത് മിച്ചം വെക്കാമായിരുന്നു. കഴിഞ്ഞ നാല് വർഷം കൊണ്ട് വിലക്കയറ്റം ഏതാണ്ട് 30% ആയി. അതായത് 4000 ഡോളർ മാസം ചെലവാക്കിയിരുന്ന ഒരു കുടുംബത്തിന് അതേ ബില്ലുകൾ പേ ചെയ്ത് കാര്യങ്ങൾ നടത്താൻ 5000 ഡോളർ (മാസശമ്പളം) പോരെന്ന് വരുന്നു.

ഇതിന്റെ പുറമെ പാൻഡെമിക് കൊണ്ടുവന്ന ബിഹേവിയറൽ ചേഞ്ചുകൾ, അതിന്റെ എഫക്ട്സ്, കൂടിയ ചെലവ്, അതിനെ സപ്പോർട്ട് ചെയ്യുന്ന കുറഞ്ഞ പലിശനിരക്ക് ഒക്കെയായിരുന്നു 2022 വരെ. 2022 മുതൽ പലിശനിരക്ക് കൂട്ടി. കടം ലഭിക്കുന്നത് കൂടുതൽ പ്രയാസമായി. അഗ്രിഗേറ്റ് ക്രെഡിറ്റ് കാർഡ് കടം റെക്കോഡ് ലെവലിലായി (ഇപ്പോൾ 1.3 ട്രില്യൺ).എന്റെ കാഴ്ചപ്പാടിൽ ഇലക്ഷൻ നിശ്ചയിച്ച പ്രധാനവിഷയം ഇതാണ്.

Also Read:

DEEP REPORT
ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി ലാഹോറിലെ 'പുക'; പാകിസ്ഥാന്‍ ഉന്നംവെക്കുന്നത് യുദ്ധമോ സമാധാനമോ?

അതിന്റെ കൂടെ, ഇല്ലീഗൽ ഇമിഗ്രേഷൻ വഴി 10 മില്യൺ കൂടുതലാളുകൾ അമേരിക്കയിലെത്തി. (ഞാനൊരു ഇമിഗ്രന്റാണ്, ഇമിഗ്രേഷനില്ലാതെ ഇനിയുള്ള കാലത്ത് അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ, ഓസ്‌‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. പോപ്പുലേഷൻ ഡിക്ലൈൻ കാരണം ജപ്പാൻ കഴിഞ്ഞ 30 കൊല്ലമായി വളർച്ചയില്ലാതെ നിൽക്കുന്നു, ചൈനയും അതേ റൂട്ടിലാണ്. സാംസ്‌‌കാരികമായി ഇമിഗ്രേഷൻ അനുവദിക്കാത്ത രാജ്യങ്ങളാണ് അത് രണ്ടും). ഇമിഗ്രേഷൻ ആവശ്യമാണ്, പക്ഷേ അത് ഒറ്റയടിക്ക് ചെയ്താൽ സമൂഹം ക്രൈസിസിലേക്ക് പോകും. റിസോഴ്സസ് തെകയാതെ വരും. തെരുവിൽ പാർപ്പിടമില്ലാത്ത, ഭിക്ഷ യാചിക്കുന്ന ആളുകൾ 15 കൊല്ലം മുൻപ് അമേരിക്കയിൽ സാധാരണമല്ലായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ വേറെയാണ്. (ഇതിന് ഇമിഗ്രേഷൻ മാത്രമല്ല കാരണം, സാമ്പത്തിക അസമത്വം വലിയൊരു വിഷയമാണ്. എന്നാലും ഇലക്ഷൻ റെട്ടറിക്ക് ആകുമ്പോൾ ഇത് ഇമിഗ്രേഷന്റെ പെടലിക്ക് വെക്കാനെളുപ്പമാണ്) ഇത് ഇലക്ഷനിൽ പ്രതിഫലിച്ച ഒരു സംഗതിയാണ്.

ആകെ രണ്ട് ഓപ്ഷൻ മാത്രമുള്ള അവസ്ഥയിൽ, നിലവിലെ പോളിസി ശരിയല്ല എന്ന് തോന്നുന്നെങ്കിൽ, മറ്റേത് എത്ര മോശമായാലും ആളുകൾ അത് തെരഞ്ഞെടുക്കും. കാരണം, മാറ്റം വേണം. ഇപ്പോഴുള്ള അവസ്ഥ തുടരാനാകില്ല. ഇതിന്റെ കൂടെ കൾച്ചറൽ വിഷയങ്ങളുണ്ട്, അതുപക്ഷേ ഇലക്ഷൻ സ്വിംഗ് ചെയ്യിക്കാനും മാത്രം സൈസബിൾ അല്ല. കൂനിന്മേൽ കുരു പോലെ വർക്ക് ചെയ്യും.

2016 മുതൽ കാണുന്ന ട്രെൻഡ് ഒരു പൊളിറ്റിക്കൽ റീ-അലൈൻമെന്റ് നടക്കുന്നു എന്നതാണ്. ഇത് കാലാകാലങ്ങളിൽ അമേരിക്കയിൽ നടക്കുന്നതാണ്. ക്ലിന്റൺ, ഒബാമ എഫക്ട്, knowedge economy, trade, low interest rates and booming equity markets അങ്ങനെ പല കാരണങ്ങൾക്കൊണ്ട് എക്കണോമി വളരുകയും, സമൂഹത്തിലെ ഒരു സെക്ഷൻ ആളുകൾ (college educated, knowledge workers) ഈ വളർച്ചയുടെ ഗുണഫലം അനുഭവിക്കുകയും ചെയ്തു. ഇത് വലിയൊരു സാമ്പത്തിക അസമത്വം അമേരിക്കയിൽ ഉണ്ടാക്കി. അതിന്റെ ഫലമായി കോളജ് വിദ്യാഭ്യാസമില്ലാത്ത ആളുകൾ ലോവർ മിഡിൽ ക്ലാസ് ആയി, ചിലപ്പോൾ മിഡിൽ ക്ലാസിൽ നിന്നും പുറത്തായി. ഇങ്ങനെ 'വർക്കിംഗ് ക്ലാസ്' ആളുകളെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ആകർഷിച്ചു എന്നതാണ് ട്രംപ് ചെയ്തത്. ബൈഡന്റെ വർക്കിംഗ് ക്ലാസ്, റീജ്യണൽ ബാക്ക്‌‌ഗ്രൌണ്ട് കാരണം 2020-ൽ ചിലർ തിരിച്ച് ഡെമോക്രാറ്റുകൾക്ക് കുത്തിനോക്കി. പക്ഷേ ബൈഡന്റെ പോളിസികൾ അവരെ ഹെൽപ് ചെയ്തില്ല. ബൈഡൻ ചെയ്തത് അവർ കൊടുക്കുന്ന ടാക്സ് എടുത്ത്, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ആളുകൾക്ക് (college educated) സ്റ്റുഡന്റ് ലോൺ ഫോർഗിവ്‌‌നെസ് എന്ന പേരിൽ പാരിതോഷികമായി നല്കി. ഡെമോക്രാറ്റുകളെ സംബന്ധിച്ച്, അവരുടെ വോട്ടർ ബെയ്സിന് ചെയ്യുന്ന ഒരു സ്പെഷൽ ഫേവർ. (ഇതിന്റെ ഗുണഫലം അനുഭവിക്കുന്ന വ്യക്തികളുണ്ട്, പക്ഷേ ബിഗ് പിക്ചർ നോക്കിയാൽ, ഇല്ലാത്തവരിൽ നിന്നെടുത്ത് ഉള്ളവന് കൊടുക്കുന്ന, സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുന്ന പോളിസിയാണ്). കോളജ് വിദ്യാഭ്യാസമുള്ള പ്രോഗ്രസീവുകളുടെ പാർട്ടിയായ ഡെമോക്രാറ്റുകൾക്ക് ഇതിലെ അനീതി പെട്ടെന്ന് മനസ്സിലാകില്ല. ഇതിലെ അനീതി മനസ്സിലാകുന്നവരെയും മനസ്സിലാകില്ല.

Also Read:

DEEP REPORT
പകുതിയിലധികം ഇതിനകം തന്നെ കടലെടുത്തതാണ്; ബാക്കി മണ്ണ് കൂടി വഖഫ് ബോർഡെടുത്താൽ മുനമ്പത്തുകാർ എന്ത് ചെയ്യും?

അമേരിക്കയിലെ കോളജ് വിദ്യാഭ്യാസം വേറൊരു വലിയ വിഷയമാണ്. knowledge economy-യിൽ ഉള്ളവരും ഇല്ലാത്തവരുമുണ്ട്, അവർ തമ്മിലുള്ള വ്യത്യാസം കോളജ് ഡിഗ്രിയാണ്. ഒരു പാർട്ടി വിദ്യാഭ്യാസത്തിന്റെ അടങ്കലെടുക്കുന്നത് മോറൽ ഹൈ ഗ്രൌണ്ട് ക്ലെയിം ചെയ്യാൻ സഹായിക്കും, പക്ഷേ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ആത്മഹത്യാപരമാണ്. പ്രത്യേകിച്ചും അവരുടെ ഭരണം കോളജ് വിദ്യാഭ്യാസമില്ലാത്തവരെ ശിക്ഷിക്കുന്നതാണെങ്കിൽ. കാരണം കോളജ് ഡിഗ്രിയില്ലാത്തവരാണ് ഭൂരിപക്ഷവും. അതുകൊണ്ടാണ് കോളജ് വിദ്യാഭ്യാസമില്ലാത്ത ഇതരവംശജരും ട്രംപിനെ തെരഞ്ഞെടുക്കുന്നത്.

1980-ലെ പോലെ ജെൻഡർ ഡിവൈഡ് വർക്ക് ചെയ്ത ഒരു ഇലക്ഷനാണിത് എന്നും തോന്നുന്നു, തീർച്ചയാക്കാൻ വിശദമായ ഡേറ്റ നോക്കണം.ചുരുക്കത്തിൽ പറഞ്ഞാൽ, വർക്കിംഗ് ക്ലാസ് ആളുകളുടെ പാർട്ടി ജയിച്ചു. വിദ്യാഭ്യാസമുള്ള പുരോഗമനക്കാരുടെ പാർട്ടി തോറ്റു. ഞാനൊരു വിദ്യാഭ്യാസമുള്ള പുരോഗമനവാദിയാണ്, പക്ഷേ കുറഞ്ഞപക്ഷം എന്നെപ്പോലെയല്ലാത്തവരെ മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. I think that opnness is missing from many democrats.

പ്രെഡിക്ഷനുകൾ എന്റെ പണിയല്ല, എന്നാലും…അടുത്ത നാല് വർഷത്തിൽ അമേരിക്ക വലിയൊരു ക്രൈസിസിലൂടെ കടന്നുപോകുമെന്ന് കരുതുന്നു. ഗ്രേറ്റസ്റ്റ് ജെനറേഷനുണ്ടാക്കിയ സ്ഥാപനങ്ങൾ ബൂമർമാർ നെരപ്പാക്കും. ഞാൻ പ്രതീക്ഷിക്കുന്നത് അടുത്ത ഇലക്ഷനിൽ ഒരു കോമൺസെൻസ്, യൂണിറ്റി കാൻഡിഡേറ്റ് ഉയർന്ന് വരുമെന്നാണ്. മിക്കവാറും ഒരു മില്ലേനിയൽ. ആ ജെനറേഷനാകും തകർച്ചയിലുള്ള ഇപ്പോഴുള്ള സിസ്റ്റത്തെ പുനർനിർമ്മിക്കുന്നത്.

*ലേഖകന്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹം ഫേസ്ബുക്കിലെഴുതിയ ലേഖനം

To advertise here,contact us