എൻ്റെ അച്ഛൻ മരിച്ചു
എന്ന് പറഞ്ഞ് കരയുന്ന ഒരാളോട്,
ഞാൻ കടത്തിലാണ്
എന്ന് പറഞ്ഞ് കരയുന്ന ഒരാളോട്,
എനിക്ക് ക്യാൻസറാണെന്ന്
പറഞ്ഞ് കരയുന്ന ഒരാളോട്,
എനിക്ക് ആക്സിഡൻ്റ് പറ്റി
എന്ന് പറഞ്ഞ് കരയുന്ന ഒരാളോട്
ഇതൊക്കെ തോന്നലാണ്,
സന്തോഷമുള്ളത് ചെയ്യ് എന്ന് ആരെങ്കിലും പറയുമോ?
ശരിക്കും നിൻ്റെ പ്രശ്നമെന്താ
എന്ന് ആരെങ്കിലും ചോദിക്കുമോ?
പിന്നെന്താണ് എനിക്ക് ബൈപ്പോളാറാണ്,
ബോർഡർലൈനാണ്
എന്നൊക്കെ പറഞ്ഞ് വിഷമിക്കുന്ന
മനുഷ്യരോട് ഈ ചോദ്യം വരുന്നത്.......?
ഇതൊക്കെ തോന്നലാണ്, സന്തോഷമുള്ളത് ചെയ്യ്, ഇതൊക്കെ നമ്മുടെ കയ്യിലാണുള്ളത് എന്നൊക്കെയാണ് പറയുക. ബോർഡർലൈൻ, ബൈപ്പോളാർ, ഡിപ്രഷൻ എന്നൊക്കെ ഓരോ പേരിട്ട് വിളിക്കുന്നതല്ലേ, ഇതൊക്കെ മനസ്സല്ലേ, നമുക്ക് സ്വയം മാറ്റാമല്ലോ എന്നാണ് പറയുന്നത്.....!
ഈ കരൾ രോഗം, ഹൃദ്രോഗം, ഫ്രാക്ച്ചർ എന്നൊക്കെ ശാസ്ത്രം ഓരോ പേരിട്ട് വിളിക്കുന്നതല്ലേ, ഇതൊക്കെ ശരീരമല്ലെേ, സ്വയം മാറ്റാമല്ലോ എന്ന് പറഞ്ഞാ നിങ്ങൾ സമ്മതിക്കുമോ. നെഗറ്റീവായി ചിന്തിച്ചിട്ടാണ് ഈ രോഗമൊക്കെ നിങ്ങൾക്ക് വന്നതെന്ന് പറഞ്ഞാ അയാളുടെ ചെകിടടിച്ചു പൊട്ടിക്കാൻ തോന്നില്ലേ? അച്ഛൻ മരിച്ചത് ഒരു തോന്നലല്ലേ, ഭാര്യ ഉപേക്ഷിച്ച് പോയത് ഒരു മിഥ്യയല്ലേ എന്നൊക്കെ പറഞ്ഞാൽ എങ്ങനെയുണ്ടാവും?
നൂറ്റാണ്ടുകളായി മനുഷ്യർ നേരിടുന്ന, സാർവത്രിമായി നേരിടുന്ന പ്രശ്നങ്ങളാണ് മേൽപ്പറഞ്ഞ ശാരീരിക രോഗങ്ങൾ, കടം, വേണ്ടപ്പെട്ടവരുടെ വിയോഗം എന്നതൊക്കെ. അതിൽ മനുഷ്യർ ദുഃഖിക്കുമ്പോൾ, കേട്ടും അറിഞ്ഞും അനുഭവിച്ചും പരിചിതമായതു കൊണ്ട് അധികം പൊന്നാരം പറയാൻ മറ്റുള്ളവർ നിൽക്കാറില്ല. പക്ഷേ മെൻ്റൽ ഹെൽത്ത് റിലേറ്റഡ് പ്രശ്നങ്ങൾ ഈ പരബ്രഹ്മമായ മനസ്സിലൊന്നുമല്ല തലച്ചോറിൽ ബാധിക്കുന്ന പ്രശ്നങ്ങളാണെന്ന് പലർക്കും അറിയില്ല, അറിഞ്ഞാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. കാരണം ഈ പ്രശ്നങ്ങൾ അത്ര പോപ്പുലർ അല്ലല്ലോ - മേൽപ്പറഞ്ഞ നൂറ്റാണ്ടുകളുടെ പരിചിതത്വം ഈ പ്രശ്നങ്ങൾക്കില്ല. കേൾക്കുന്നവന് റിലേറ്റ് ചെയ്യാൻ അധികം പറ്റാത്ത പ്രശ്നങ്ങളൊക്കെ ലഘൂകരിച്ച് വിടുന്നത് നമ്മുടെയൊരു പൊതുസ്വഭാവമാണ്.
ഏറ്റവും പെയിൻഫുള്ളായ അവസ്ഥകളിലൊന്നാണ് ബോർഡർലൈൻ. അസഹനീയമായ ഇമോഷണൽ പെയിനാണ്. ഗൂഗിൾ ചെയ്ത് നോക്കാവുന്നതാണ്. സാധാരണ മനുഷ്യർ ഫീല് ചെയ്യുന്നതിൻ്റെ പത്തിരുപതിരട്ടി തലച്ചോറ് ഓരോന്നും ഫീൽ ചെയ്യുന്ന അവസ്ഥ. അത് സന്തോഷമാണെങ്കിലും, ദുഃഖമാണെങ്കിലും, വേദനയാണെങ്കിലും, പേടിയാണെങ്കിലും ദേഷ്യമാണെങ്കിലും കുറ്റബോധമാണെങ്കിലും നാണക്കേടാണെങ്കിലും അങ്ങനെയാണ്. തീപ്പൊളളലേറ്റ ഒരു മനുഷ്യൻ്റെ ഫിസിക്കൽ സെൻസിറ്റിവിറ്റി പോലെ തന്നെയാണിത്. കൂടാതെ ഇമോഷൻസ് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയും, അതിനു കാരണമായ തലച്ചോറിലെ ചില പ്രക്രിയകൾ മാറിയാവും വർക്ക് ചെയ്യുക. ഇത്രയും ഫീലിങ്ങുകളും ഇമോഷൻസും ഒരു മനുഷ്യ ശരീരം തന്നെ വഹിക്കണ്ടെ? അത് ഭയങ്കര ബുദ്ധിമുട്ടാണ്.
കഴുത്ത് വേദനയായും, നടു വേദനയായും അസഹിനീയമായ തല വേദനയായും, മുട്ട് വേദനയായുമെല്ലാം ഇത് ബോഡിയിൽ മാനിഫെസ്റ്റ് ചെയ്യും. എപ്പോഴും പെയിൻഫുള്ളായിരിക്കും. അങ്ങനെ പല കണ്ടീഷനുകളും ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയാണ്. ആങ്സൈറ്റിയുള്ളവരുടെ മനസ്സല്ല, ഹൃദയമാണ് പട പടേന്ന് ഇടിക്കുക - അത് ഒരാളെ ക്ഷീണിതനാക്കും. പഠിക്കാനും, ശ്രദ്ധിക്കാനും, ഓർക്കാനും, പെർഫോം ചെയ്യാനുമൊക്കെ ബുദ്ധിമുട്ടാവും. അതയാളുടെ ജീവിതത്തെ ബാധിക്കും, തൊഴിലിനെ ബാധിക്കും, സാമ്പത്തിക അവസ്ഥയെ ബാധിക്കും, മനുഷ്യ ബന്ധങ്ങളെ ബാധിക്കും, പേഴ്സണാലിറ്റിയെ ബാധിക്കും.
അപഹാസ്യമായ സാഹചര്യമുണ്ടായപ്പോൾ പാനിക്ക് അറ്റാക്ക് വന്ന് ക്ഷീണിച്ച് കിതച്ച് കട്ടിലിൽ കിടന്നു പോയ ഒരു മനുഷ്യൻ എങ്ങനെയാണ് അന്ന് രാവിലെ എണീറ്റ് ജോലിക്ക് പോവുക. ഉപേക്ഷിച്ച് പോയ ഒരാളെയോർത്ത് കരച്ചില് നിർത്താൻ കഴിയാതെ ആ ദിവസം പോയ ഒരാളെങ്ങനെയാണ് കമ്മിറ്റ് ചെയ്ത വർക്ക് തീർത്തു കൊടുക്കുക. ഇനി ഒരു കാരണവുമില്ലെങ്കിൽ പോലും തലച്ചോറിൽ രാസഘടന മാറുകയും ഹോപ്പ്ലെസ്സ് ആവുകയും ക്ഷീണിതനാവുകയും ചെയ്യുന്ന ഒരാളും പനി പിടിച്ച് കട്ടിലിൽ കിടക്കുന്ന, കാലോടിഞ്ഞ് കട്ടിലിൽ കിടക്കുന്ന ഒരാളും തമ്മിലെന്താ ഇത്ര വ്യത്യാസം?
ഹാർട്ട്, വാൽവ്, ബ്ലോക്ക്, സട്രോക്ക്, ലിവർ, പാൻക്രിയാസ്, എല്ല്, കാൽസ്യം, കണ്ണ്, കോർണ്ണിയ, കിഡ്ണി, ഡയാലിസിസ്, ഷുഗർ, ഇൻസുലിൻ, അലർജി എന്നൊക്കെ സാധാരക്കാർക്ക് അറിയാലോ? നല്ല കാര്യം! പക്ഷേ അമിഗ്ഡെല, ഹിപ്പോകാംപസ്, സെറോട്ടോണിൻ, ഡോപ്പമിൻ, ഓക്സിടോസിൻ എന്നൊന്നും അറിയാത്തോണ്ട് അതുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവരുടെ പ്രശ്നമൊക്കെ ആവി ആയി പോവുമോ? ഷുഗറ് നോക്കിയാലല്ലേ ഷഗറുണ്ടെന്ന് അറിയൂ എന്ന വിവരക്കേട് പറഞ്ഞ ഒരമ്മാവൻ നിങ്ങളുടെ ഓർമ്മയിൽ എവിടെയെങ്കിലും കാണും. അയാളാവാതിരിക്കുക. ഈ മനസ്സ് മനസ്സ് എന്ന് പറഞ്ഞാൽ എവിടെയിരിക്കുന്നു എന്നാണ് ? Your whole body is the mind. എല്ലാ ഓർഗൻസും, അതിൻ്റെ ആരോഗ്യപരമായ പ്രവർത്തനവും, തലച്ചോറും തന്നെയാണ് ഈ മനസ്സ്. ചില ശാരീരിക ബുദ്ധിമുട്ടുകൾ വരുമ്പോൾ മാനസികമായി നമ്മൾ തളർന്ന് പോവാറുണ്ടല്ലോ. ചിലർക്ക് പനിയാവും, ചിലർക്ക് വേറെ പ്രശ്നങ്ങളാവും. അങ്ങനെ തന്നെയിതും, ആകെ വ്യത്യാസം തലച്ചോറ് പൊളിച്ച് കാണിച്ച് കൊടുക്കാൻ പറ്റില്ല. പിന്നെ ഇതിൻ്റെ സിംപ്ട്ടംസ് മുഴയായും മുറിവായും വരുന്നതിന് മുന്ന് സ്വഭാവത്തിലാവും കാണുക എന്നതാണ്. It's hard to understand, but it's valid.
കടമുള്ളതു പോലെ, വേണ്ടപ്പെട്ടൊരാൾ മരിച്ചതു പോലെ, മറ്റു രോഗങ്ങൾ വന്നതു പോലെ തന്നെ സഫർ ചെയ്യാൻ ഒരു കാരണമാണ് ബോർഡർലൈൻ / മറ്റ് മെൻ്റൽ ഹെൽത്ത് ഇഷ്യൂസുള്ളത്. അതീന്ന് രക്ഷപ്പെടാൻ ആവില്ല. പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതോ സെൽഫ് ഹാം ചെയ്യുന്നതോ മറിച്ച് ആത്മഹത്യാ പ്രവണതയോ ഒക്കെ ഈ രോഗാവസ്ഥയുടെ പ്രധാന സിംപ്റ്റമുകളിലൊന്നാണ്. അങ്ങനെ തോന്നുക എന്നത് തന്നെയാണ് ഈ രോഗം എന്നത് എന്ന്. അതിന് മെഡിസിൻ - കെമിക്കൽ ഹെൽപ്പ്/ ബൂസ്റ്റ് വേണം, വേറെ ട്രീറ്റ്മെൻ്റ്സ് വേണം.
പിന്നെ ഈ ട്രീറ്റ്മെൻ്റ് മേഖല വികസിച്ച് വരുന്നതേയുള്ളു. അതിനാൽ ഭേദമാവുക എന്ന സാധ്യത കുറേ കൂടി ബുദ്ധിമുട്ടാണ്. അലർജിക്ക് മരുന്നുണ്ടോ? ഇല്ല ! അലർജിക്ക് റിയാക്ഷൻ തടയാനേ മരുന്നുള്ളു. തണുപ്പ്, പൊടി, ചില ഭക്ഷണങ്ങൾ, മണം ഇതൊക്കെ അലർജിയുള്ളവർ ഒഴിവാക്കുക എന്നല്ലാതെ വേറൊന്നും ചെയ്യാനില്ല. സെൻസിറ്റിവിറ്റി കുറയ്ക്കാൻ മരുന്ന് കഴിക്കാം. അതെന്താ എന്ന് ചോദിച്ചാൽ, അതിപ്പോൾ അങ്ങനെയാണ്. അതു പോലെ തന്നെയാണ് പല മെൻ്റൽ ഹെൽത്ത് കണ്ടീഷൻസും. ജനറ്റിക്ക്, എൻവയോണ്മെൻറൽ കാരണങ്ങൾ കൊണ്ട് വന്നു പോയി - അതിനെ ട്രിഗ്ഗർ ചെയ്യുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കുക എന്നല്ലാതെ അധികമൊന്നും ചെയ്യാനില്ല. അതിൽ സ്വന്തം ആഗ്രഹങ്ങൾ പോലും പെടും. ട്രിഗ്ഗറായാൽ കൂറേ കൂടി നന്നായി അതിനെ ഹാൻഡിൽ ചെയ്യാൻ പഠിക്കുക എന്നതും ചെയ്യാം. മെഡിസിൻസ് കഴിച്ച് ഈ സെൻസിറ്റിവിറ്റി കുറച്ച് കൺട്രോൽ ചെയ്ത് കൊണ്ട് പോവാം.
ഇൻസുലിൻ എടുക്കുന്നതു കൊണ്ട് പിന്നെയും മധുരം വാരി തിന്നുമോ? സിറോസിസ് ട്രീറ്റ് ചെയ്യുന്നത് കൊണ്ട് പിന്നെയും ഇറച്ചിയും മദ്യവും സാധാരണ മനുഷ്യരെ പോലെ തിന്നുമോ? അങ്ങനെയൊക്കെ തന്നെ ഇവിടെയും. ശ്രദ്ധിച്ചും ബുദ്ധിമുട്ടിയുമൊക്കെ തന്നെയാണ് പലരും ജീവിക്കുന്നത്. അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ - നിലവിലെ ശാസ്ത്ര - സാങ്കേതിക - മനുഷ്യ ശരീര അവസ്ഥയിൽ അങ്ങനെയേ പറ്റു. അവിടെ കുറേ പോസിറ്റിവിറ്റി തള്ളിക്കയറ്റി, നമ്മൾ വിചാരിച്ചാൽ മാറും എന്നൊക്കെ പറയുന്നത് വിവരക്കേടാണ്. Expecting people to tolerate your stupidity is unfair. ഇതേ ലോജിക്ക് വച്ച് നിങ്ങളുടെ മകൻ്റെ അസുഖവും ആ മുടി കൊഴിച്ചിലും അമ്മയുടെ മരണവുമൊക്കെ നിങ്ങൾ സുഖപ്പെടുത്തിയാൽ പിന്നെയും സമ്മതിച്ച് തരാം.
നോർമ്മൽ ബ്രെയിൻ കെമിസ്ട്രിയുള്ള ആളുകളോട് ജീവിതത്തെ നോക്കി കാണുന്ന പേഴ്സ്പക്റ്റീവ് മാറ്റാൻ പറഞ്ഞാൽ ചിലപ്പോൾ അവർക്ക് പല കാര്യങ്ങളിലും സൊല്യൂഷൻ കിട്ടുമായിരിക്കും. പക്ഷേ ആ തിയറികളോ ലോജിക്കോ ഒന്നും ഒരു ബോർഡർലൈനറുടെ അടുത്ത് വർക്കാവില്ല. മൂഡ് സ്വിങ് ചെയ്യുക, പെർസപ്ഷൻ മാറുക, ഇമോഷൻസ് - ചിന്തകൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുക, ഒരുപാടധികം സെൻസിറ്റീവായ തലച്ചോറുണ്ടാവുക തുടങ്ങിയ രോഗാവസ്ഥയുള്ളൊരാൾക്ക് എങ്ങനെയാണ് സാധാരണ മോട്ടിവേഷൻ വർക്കാവുക. ബയോളജിക്കൽ - കെമിക്കൽ പ്രോസസ്സുകളാണ് ലൈഫും - ചിന്തയും - പെഴ്സപ്ഷനുമൊക്കെ . അത് നിരന്തരം മാറുന്ന ഒരു കണ്ടീഷനുണ്ടാവുക എന്ന് വച്ചാൽ അതുകൊണ്ട് ഈ സമൂഹത്തിൽ ജീവിക്കാനും പാടാണ്, അത് ട്രീറ്റ് ചെയ്യാനും ബുദ്ധിമുട്ടാണ്.
പഠിക്കണമെന്നാഗ്രഹമുണ്ടായിട്ടും കട ബാധ്യത വന്ന് പ്ലസ് ടു കഴിഞ്ഞ് ജോലിക്ക് പോവേണ്ടി വന്ന മനുഷ്യന്റെ ജീവിതം പോലെ, ഏറ്റവും നല്ല ഓട്ടക്കാരനായിട്ടും, പരിശീലിച്ചിട്ടും ആക്സിഡന്റിൽ മുട്ട് ഡാമേജായ മനുഷ്യന്റെ ജീവിതം പോലെ, പടുത്തുയർത്തിയ ബിസിനസ്സ്, പാർട്ട്ണർ തട്ടിയെടുത്ത മനുഷ്യന്റെ ജീവിതം പോലെ റിയൽ തന്നെയാണ് ബോർഡർലൈൻ കൊണ്ട് ജീവിക്കുന്നത്, കുറേ കാലം നീണ്ടു നിൽക്കുന്ന ഏത് മെൻ്റൽ ഹെൽത്ത് ഇഷ്യൂവും കൊണ്ട് ജീവിക്കുന്നത്. അതേ ഇമോഷണൽ പെയിൻ തന്നെയാണ്.
ബാധ്യതകളെല്ലാം തീർത്ത്, മുടങ്ങിയ പഠനകാലം പിന്നീട് തീർത്ത മനുഷ്യന്റെ, മുട്ട് ഡാമേജായിട്ടും ഫിസിയോതെറാപ്പിയും ട്രീറ്റ്മെന്റും കൊണ്ട് പഴയ പോലെ ഓടി തുടങ്ങിയ മനുഷ്യന്റെ, നഷ്ട്ടപ്പെട്ടതെല്ലാം തിരിച്ച് പടുത്തുയർത്ത് ബിസിനസ്സിൽ സക്സ്സസായ മനുഷ്യന്റെയൊക്കെ അതെ reprisal story ആണ് borderline വന്ന് നാശമായിടത്തുനിന്ന് തെറാപ്പിയും സപ്പോർട്ടും സമയവും കൊണ്ട് ലൈഫിൽ അച്ചീവ് ചെയ്യുന്ന മനുഷ്യൻ്റേതും. ക്യാൻസർ പോലെ, പനി പോലെ, മുറിവ് പോലെ തന്നെയാണ് ബൈപോളാറും ബോർഡർലൈനും.
ഇച്ഛാശക്തി കൊണ്ടും മാനിഫെസ്റ്റേഷൻ കൊണ്ടും ചിറക് മുളപ്പിക്കാം, ക്യാൻസർ സെല്ലുകളെ കരിച്ച് കളയാം, ഒരു കോടി സമ്പാദിക്കാം എന്നതൊക്കെ തിയറിയല്ലേ? അതവിടെ ഇരിക്കട്ടെ തൽക്കാലം. ശ്വാസമെടുക്കുന്നതും, തിന്ന ബിരിയാണി ദഹിക്കുന്നതും, നൂട്രിയന്റസും വൈറ്റമിൻസും ശരീരം വലിച്ചെടുക്കുന്നതും അവനവന്റെ ബോധപൂർവ്വമായ ചോയ്സ് കൊണ്ടാണെന്ന് വിശ്വസിക്കുന്ന മനുഷ്യരുണ്ടാവും. പക്ഷേ അത് തലച്ചോറിന്റെ കമാൻഡിൽ ശരീരമങ്ങ് ചെയ്യുന്നതല്ലേ? അപ്പൊ ബ്രെയിന് കെമിസ്ട്രി റിലേറ്റഡ് രോഗങ്ങൾ നമ്മളെ തന്നെ വലിയ നിയന്ത്രണം തരാതെ മാറ്റില്ലേ എന്ന് കോമൺ സെൻസ് വച്ച് ആലോചിച്ചാൽ മതി.
ഇതൊന്നും എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല, ശരിക്കും നിൻ്റെ പ്രശ്നമെന്താ എന്നൊക്കെ ചോദിക്കുമ്പോൾ ഭയങ്കര ഒഫൻഡഡായാണ് തോന്നുന്നത്. ഇത്രയും പ്രശ്നം പോരെ നിങ്ങൾക്ക്? ഇതു കൊണ്ട് അങ്ങോട്ട് ഒരു സീരീസായി ലൈഫിലുണ്ടായ പ്രശ്നങ്ങളുടെ ഘോഷയാത്രയും വേറെയുണ്ട്. അതും കൂടി ചേർക്കണോ "ശരിക്കും ഒരു പ്രശ്നമാവാൻ "?
ഇനി ട്രീറ്റ്മെന്റിന്റെകാര്യം....രണ്ടേമുക്കാൽ മണിക്കൂർ തെറാപ്പി അറ്റൻഡ് ചെയ്തതിന് 4200 രൂപ. അതായത് മിക്ക സ്ഥലങ്ങളിലും ഒരു മണിക്കൂറിന് 1500 രൂപയാണ്, മെഡിസിൻ and psychiatry consultation വേറെ പൈസ. അതു പിന്നെ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പോവാം എന്ന് കരുതാം, എന്നാലും പല മരുന്നും പുറത്തു നിന്ന് വാങ്ങണം. നല്ല എക്സ്പൻസീവാണ്.
ലൈഫ് മുഴുവൻ കുളമായി കിടക്കുന്ന ഒരാൾക്ക് ഒരു മണിക്കൂർ മതിയാവുമോ പറഞ്ഞു തീർക്കാൻ? ആദ്യമായി കാണുമ്പോൾ ഒരാഴ്ച്ച ഇടവിട്ട് നാലഞ്ച് സെഷനൊക്കെ വേണ്ടി വരും. ഓരോ വട്ടവും രണ്ടു മണിക്കൂറൊക്കെ മിനിമം വേണ്ടി വരും. ഇത്രയും പറഞ്ഞത് എന്ത് വന്നാലും തെറാപ്പി എടുക്ക്, മെഡിസിൻ കഴിക്ക് എന്നൊക്കെ ലാഘവത്തോടെ പറയുന്ന ആളുകളൊന്ന് അറിഞ്ഞിരിക്കാനാണ്. നമ്മുടെ നാട്ടിലെ mental health service system സാധാരണക്കാരന് അഫോർഡ് ചെയ്യാൻ എളുപ്പമല്ല. നല്ല ഡോക്ടറെ കണ്ടുപിടിക്കുക എന്ന പരീക്ഷണം തന്നെ costlyയാണ്.
മാനസിക നില നശിച്ച് ജോലിയും റുട്ടീനും ഉറക്കവും സോഷ്യൽ ലൈഫും ഫുഡ് ഹാബിറ്റ്സും കുളമായ മനുഷ്യരോടൊക്കെ എണീറ്റ് തെറാപ്പിക്ക് പോവാൻ കമൻ്റ് ചെയ്യുന്ന പോലെ അത്ര എളുപ്പമല്ലെന്ന്. ജോലി ചെയ്ത് തുടങ്ങുന്ന, കരിയർ ബിൽഡ് ചെയ്ത് തുടങ്ങുന്ന, ഇരുപതിനായിരമൊക്കെ കഷ്ടി സാലറി വാങ്ങുന്ന, അല്ലെങ്കിൽ അതിലും സാധാരണക്കാരായി ജീവിക്കുന്ന മനുഷ്യർക്ക് ഇതൊക്കെ അഫോർഡ് ചെയ്യാൻ ബുദ്ധിമുട്ടുകളുണ്ട്.
ഒരു മിനിമം പ്രിവിലേജുള്ള, ഫിനാൻഷ്യലായ ഫാമിലി ബാക്ഗ്രൗണ്ടുള്ള, പാർട്ട്ണറുടെ സപ്പോർട്ടുള്ള, already നല്ല ജോലിയും സേവിങ്സുമുള്ള ആളുകൾക്ക് പിന്നെയും ഇതൊക്കെ ഓകെയാണ്. ജീവിതം ജീവിച്ച് തുടങ്ങാൻ പോവുന്ന, ഒന്നേന്ന് റീബിൾഡ് ചെയ്യേണ്ടുന്ന ആളുകൾക്ക് ഇത്തിരി കൂടി ബുദ്ധിമുട്ടാണ്. അപ്പൊ പറഞ്ഞ് വന്നത് ഇതെല്ലാം തരണം ചെയ്ത് തെറാപ്പിയും ട്രീറ്റ്മെൻ്റും എടുത്ത് ജീവനോടെ ഇരിക്കുന്ന എല്ലാ മനുഷ്യരുമെടുക്കുന്ന എഫർട്ട്, സാക്രിഫൈസ് എത്ര വലുതാണെന്ന് മനസിലാക്കണം. പ്രത്യേകിച്ച് നിങ്ങളെ കൊണ്ടുനടക്കാൻ കുറേ മനുഷ്യരൊന്നുമില്ലെങ്കിൽ, ഇത് നല്ല പണിയാണ്.
എല്ലാവരേയും പോലെ അടിച്ചു പൊളിക്കേണ്ട, ട്രിപ്പ് പോവേണ്ട , ഫുഡടിക്കേണ്ട പൈസയൊക്കെ എല്ലാ മാസവും തെറാപ്പിക്കും മരുന്നിനും മാറ്റി വയ്ക്കേണ്ടി വരുന്നതൊന്നും മറ്റുള്ളവർക്ക് മനസ്സിലാവില്ല. നിങ്ങളെ ഈ പോയിൻ്റിലെത്തിച്ച wrong paretingനോ ജീവിതത്തിലുണ്ടായ മനുഷ്യർക്കോ സാഹചര്യങ്ങൾക്കോ നിങ്ങളെ റീ ബിൽഡ് ചെയ്യാൻ സഹായിക്കാനുള്ള ഒരു റെസ്പോൻസിബിലിറ്റിയും ഉണ്ടാവില്ല. പ്രതീക്ഷിക്കേണ്ട. ഇത്രയും അൺഫെയർനസ്സിലൂടെ അടിയുണ്ടാക്കി നുഴഞ്ഞ് ചാടി എങ്ങനേലുമൊക്കെ ജീവിക്കുന്നുണ്ടെങ്കിൽ അതു തന്നെ അളിയാ SURVIVAL!!