പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലൂടെ ഹിന്ദു രാഷ്ട്ര നിര്മ്മിതിയുടെ ഏതാണ്ട് അവസാന പടവുകളില് എത്തി നില്ക്കുകയാണ് രാജ്യം. മുത്തലാഖ്, സിഎഎ മാതൃകയില് ഒരു മത വിഭാഗത്തോട് വിവേചനം ഉറപ്പാക്കുന്ന ഏകീകൃത സിവില്കോഡും, ഹിന്ദുത്വ രാഷ്ട്രത്തിന് അനുഗുണമായുള്ള രാജ്യത്തിന്റെ ഭരണഘടനാ ഭേദഗതിയുമാണ് ഇനി ബാക്കിയുളളത്. പാര്ലമെന്റിന്റെയും ഇന്ത്യന് ജനാധിപത്യത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് കേന്ദ്ര സര്ക്കാര് രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയമൂശയില് രൂപപ്പെടുത്തിയ ഹിന്ദു രാഷ്ട്രത്തിന് അടിത്തറ പാകുന്ന നിയമങ്ങള് വിരിയിച്ചെടുത്തത് എന്നതാണ് ശ്രദ്ധേയം.
രാജ്യം സ്വാതന്ത്ര്യം കൈവരിക്കുന്നതിനായുള്ള നീക്കങ്ങള് നടക്കുന്ന സമയത്തും പിന്നീട് ഭരണഘടന രൂപീകരിക്കുന്നതിനായി ഭരണഘടനാ നിര്മ്മാണ സമിതിയുടെ ചര്ച്ചകള് നടക്കുന്ന സമയത്തുമെല്ലാം ഹിന്ദു രാഷ്ട്രത്തിന് അടിത്തറയാകുന്ന വാദഗതികള് അക്കാലത്തെ രാഷ്ട്രീയ ഹിന്ദുത്വയുടെ പതാകവാഹകര് ഉയര്ത്തിക്കൊണ്ട് വന്നിരുന്നു. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിന് മുമ്പേ അത്തരം ആശയം മുന്നോട്ട് വെച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി വിഭാവനം ചെയ്ത ഒരു ആശയമണ്ഡലമായിരുന്നു മുകളില് സൂചിപ്പിച്ച ചിന്തകളുടെ പ്രഭവകേന്ദ്രം.
മൂന്ന് ആഭ്യന്തര ശത്രുക്കളെ കൃത്യമായി നിര്വചിക്കപ്പെട്ടിട്ടുള്ള രാജ്യത്തെ രാഷ്ട്രീയ 'ഹിന്ദുത്വയുടെ ബൈബിള്' ഇതിനകം ഏറെ ചര്ച്ച ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുള്ളതാണ്. ഹിറ്റ്ലറുടെ ജൂതശുദ്ധീകരണ ആശമായിരുന്നു അതിന്റെ പ്രചോദനം എന്നതും ഈ ഘട്ടത്തില് സവിശേഷമായി ഓര്മ്മിക്കേണ്ടതുണ്ട്. 'നാസി ജര്മ്മനിയിലെ ജൂതന്മാരുടെ ശുദ്ധീകരണം ഹിന്ദുസ്ഥാനിലെ ഞങ്ങള്ക്ക് പഠിക്കാനും ലാഭം നേടാനുമുള്ള ഒരു നല്ല പാഠമാണ്' എന്ന നിലപാടാണ് രാഷ്ട്രീയ ഹിന്ദുത്വയുടെ ആചാര്യന് ഉയര്ത്തിപ്പിടിച്ചിരുന്നത്.
'ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള് ഒന്നുകില് ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കുകയോ, ഹിന്ദു മതത്തെയും ഹിന്ദു വംശത്തെയും സംസ്കാരത്തെയും ബഹുമാനിക്കാന് പഠിക്കുകയോ ചെയ്യണം. അതായത് ഹിന്ദു രാഷ്ട്രത്തെ മഹത്വവല്ക്കരിക്കുന്ന ആശയങ്ങളല്ലാതെ മറ്റൊന്നും ആസ്വദിക്കരുത്, ഹിന്ദുവില് ലയിക്കാന് അവരുടെ വേറിട്ട അസ്തിത്വം നഷ്ടപ്പെടണം. പൂര്ണ്ണമായും ഹിന്ദു രാഷ്ട്രത്തിന് കീഴ്പെട്ട്, അവകാശവാദങ്ങള് ഒന്നും ഉന്നയിക്കാതെ, മുന്ഗണനാപരമായ പരിഗണന അര്ഹിക്കാതെ, ഒരു പൗരന്റെ പ്രത്യേകാവകാശങ്ങള് ഒന്നുമില്ലാതെ രാജ്യത്ത് താമസിക്കാമെന്നാണ്' രാഷ്ട്രീയ ഹിന്ദുത്വയുടെ 'ബൈബിളിള്' നമ്മുടെ രാഷ്ട്രം നിര്വചിക്കപ്പെട്ടിട്ടുളളത്.
2014ല് അധികാരത്തില് എത്തിയതിന് ശേഷം നടപ്പിലാക്കിയ 370 റദ്ദാക്കല്, മുത്തലാഖ് നിയമഭേദഗതി, പൗരത്വ ദേഭഗതി തുടങ്ങിയ നിയമനിര്മ്മാണങ്ങളുടെയെല്ലാം സത്ത രാഷ്ട്രീയ ഹിന്ദുത്വയുടെ പ്രത്യയശാസ്ത്ര പുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്ന ആശയങ്ങളുടെ പ്രയോഗമാണെന്നതില് ഇനിയൊരു തര്ക്കത്തിൻ്റെ പോലും ആവശ്യമില്ല. അടുത്തതായി നടപ്പിലാക്കാന് ലക്ഷ്യമിടുന്ന ഏകീകൃത സിവില് കോഡിലും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
2019ലെ രണ്ടാം ടേമിലായിരുന്നു ഈ ബില്ലുകളെല്ലാം പാര്ലമെന്റില് പാസാക്കപ്പെടുന്നത്. ആദ്യ ടേമില് രാജ്യസഭയില് പ്രതിപക്ഷ കടമ്പയില് തട്ടിവീണ ബില്ലുകള് രണ്ടാം ടേമില് രാജ്യസഭയില് ഭൂരിപക്ഷമില്ലെങ്കിലും പാസാക്കിയെടുക്കാന് ബിജെപിക്ക് സാധിച്ചിരുന്നു. മോദി സര്ക്കാരിന്റെ ആദ്യ ടേം പരിശോധിക്കുമ്പോള് അമിത് ഷാ ആഭ്യന്തരമന്ത്രിയായി എത്തിയ രണ്ടാം ടേമിലാണ് രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയങ്ങള് സ്വാംശീകരിച്ച നിയമനിര്മ്മാണങ്ങള് നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
മോദി സര്ക്കാര് മൂന്നാം ഊഴത്തിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഏകീകൃത സിവില് കോഡ് മൂന്നാം ഊഴത്തില് നടപ്പിലാക്കാമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനായി ലോക്സഭയിലും രാജ്യസഭയിലും പരമാവധി അംഗസംഖ്യ വര്ധിപ്പിക്കുക എന്നതും ബിജെപി ലക്ഷ്യമാണ്. നിലവില് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് ഏകീകൃത സിവില് കോഡ് നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമം കേന്ദ്ര നിയമത്തിന്റെ കരടായി പരിഗണിക്കുമെന്ന് നേരത്തെ വിശദീകരിക്കപ്പെട്ടിരുന്നു. ബിജെപി ഭരിക്കുന്ന അസമും ഏകീകൃത സിവില് കോഡ് നാപ്പിലാക്കുന്നതിലേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ്. അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷന് നിയമം 1935 അസം മന്ത്രിസഭ റദ്ദാക്കിയത് ഏക സിവില് കോഡ് കൊണ്ടുവരുന്നതിനുളള മുന്നോടിയാണെന്ന് സര്ക്കാര് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അസമില് മുസ്ലിം വിവാഹവും വിവാഹ മോചനവും ഇനി സ്പെഷ്യല് മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കുമെന്നാണ് മന്ത്രിസഭാ തീരുമാനിച്ചിരിക്കുന്നത്. ഈ നിലയില് ഏകീകൃത സിവില് കോഡ് രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന്റെ അടിത്തറ പാകപ്പെട്ടിട്ടുണ്ട്.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നതും മൂന്നാം ടേമിലെ ലക്ഷ്യമാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാന് കേന്ദ്ര-നിയമ മന്ത്രാലയം എട്ടംഗ സമിതി രൂപീകരിച്ചിട്ടുണ്ട് മുന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്. അധികാര തുടര്ച്ച കിട്ടിയാല് ഈ സമിതിയുടെ റിപ്പോര്ട്ട് പരിഗണിച്ച് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയത്തിലും തീരുമാനം ഉണ്ടായേക്കും എന്നതും ഉറപ്പാണ്. രാജ്യത്തിന്റെ ഫെഡറല് സ്വഭാവത്തെ ശക്തമായ കേന്ദ്ര ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങള് എന്ന നിലയിലേയ്ക്ക് പരിണമിപ്പിക്കുന്നതിനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് നിഗമനങ്ങളുണ്ട്. ഭരണഘടനാ ഭേദഗതി സാധ്യമാകുന്ന നിലയില് പാര്ലമെന്റിലും നിയമസഭകളിലും ഭൂരിപക്ഷം നേടിയെടുക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്ത് തന്നെയായാലും ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല് സംവിധാനത്തോട് സ്വാതന്ത്ര്യപ്രാപ്തി മുതല് രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയ പ്രചാരകര് വിയോജിക്കുന്നുണ്ട്.
ഫെഡറലിസത്തോടുള്ള രാഷ്ട്രീയ ഹിന്ദുത്വയുടെ സമീപനങ്ങളും എഴുതി വയ്ക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ ആശയ സംഹിതയില് 'ഒരു ഏകീകൃത രാഷ്ട്രം വേണം' എന്ന പേരില് ഒരു പ്രത്യേക അധ്യായം തന്നെയുണ്ട്. ഫെഡറലിസത്തോടുള്ള രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയപരമായ വിയോജിപ്പ് അതില് വ്യക്തമാക്കിയിട്ടുണ്ട്. 'നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഫെഡറല് ഘടനയെക്കുറിച്ചുള്ള എല്ലാ സംസാരങ്ങളെയും ആഴത്തില് കുഴിച്ചുമൂടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ നടപടി. ഭാരതം എന്ന ഒരു രാജ്യത്തിനുള്ളില് എല്ലാ 'സ്വയംഭരണ' അല്ലെങ്കില് അര്ദ്ധ സ്വയംഭരണ 'സംസ്ഥാന'ങ്ങളുടെയും അസ്തിത്വം ഇല്ലാതാക്കുക. ഛിന്നഭിന്നമോ, പ്രാദേശികമോ, വിഭാഗീയമോ, ഭാഷാപരമോ മറ്റ് തരത്തിലുള്ള അഭിമാനമോ ഇല്ലാതെ 'ഒരു രാജ്യം, ഒരു സംസ്ഥാനം, ഒരു നിയമസഭ, ഒരു എക്സിക്യൂട്ടീവ്' എന്ന് പ്രഖ്യാപിക്കുക' എന്ന് ആശയസംഹിതയില് വ്യക്തമായി ഫെഡറിലസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഭരണഘടന പുനഃപരിശോധിക്കട്ടെയെന്നും ആശയസംഹിത നിര്ദ്ദേശിക്കുന്നുണ്ട്.
മൂന്നാം ടേമില് ഏറ്റവും ഒടുവില് ലക്ഷ്യമിടുക ഭരണഘടനാ ഭേദഗതിയാണെന്നതിലും തര്ക്കമുണ്ടാകേണ്ട കാര്യമില്ല. ഇന്ത്യന് ഭരണഘടനയിലെ 'മതേതരത്വ സോഷ്യലിസ്റ്റ് രാജ്യം' എന്ന പ്രഖ്യാപനത്തോട് രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയങ്ങള്ക്കും ആശയ പ്രചാരകര്ക്കും ഉള്ള വിയോജിപ്പ് സുവ്യക്തമാണ്. 'ഇന്ത്യന് ഭരണഘടനാ അസംബ്ലി ഭരണഘടനയ്ക്ക് അന്തിമരൂപം നല്കിയപ്പോള് വാസ്തവത്തില്, ഈ ഭരണഘടനയെ മനുസ്മൃതി അല്ലെങ്കില് മനു നിയമങ്ങള് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണമെന്ന് ആര്എസ്എസ് ആഗ്രഹിച്ചു. ആര്എസ്എസിന് സന്തോഷമില്ലെന്ന്' 1949 നവംബര് 30-ന് ഓര്ഗനൈസര് എഡിറ്റോറിയലില് സൂചിപ്പിച്ചിരുന്നു.
ഇന്ത്യയെന്ന പേരിനോടും രാജ്യത്തിന്റെ ത്രിവര്ണ പതാകയോടും ആര്എസ്എസിനുണ്ടായിരുന്ന എതിര്പ്പും പലവട്ടം ചര്ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജനാധിപത്യ-മതേതര ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന് ആര്എസ്എസ് പ്രതിജ്ഞാബദ്ധമാണെന്ന് തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ആര്എസ്എസ് രൂപീകരണത്തിന്റെ ശതാബ്ദി വര്ഷത്തില് ഭരണത്തുടര്ച്ചയുടെ മൂന്നാം അവസരം വീണ്ടും കിട്ടിയാല് രാഷ്ട്രീയ ഹിന്ദുത്വയുടെ പരമമായ ലഷ്യത്തിലേയ്ക്ക് ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേയ്ക്ക് കാര്യങ്ങള് പോകുമെന്ന് തന്നെ വിലയിരുത്തണം. രണ്ടാം ടേമില് പാര്ലമെന്റിനെയും ജനാധിപത്യത്തിന്റെയും പഴുതുകള് ഉപയോഗിച്ച് രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയപരിസരത്തെ നട്ടുപിടിപ്പിക്കുന്ന നിയമനിര്മ്മാണം നടത്താന് സാധിച്ചവര്ക്ക് മറ്റൊന്നും അസാധ്യമല്ല.