'വെള്ളം കോരികളും വിറകുവെട്ടികളുമായ' പ്രവര്ത്തകരുടെ ഏക മൂലധനം 'ഓസിയുടെ ആളെന്ന' അഭിമാനമായിരുന്നു

കോണ്ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില് ഒരു വിഭാഗത്തിന്റെ വീറുറ്റ തേരാളിയും പോരാളിയും ആയിരുന്നു എല്ലാ കാലത്തും ഉമ്മന്ചാണ്ടി. രാഷ്ട്രീയനേതാക്കളെ അനശ്വരരാക്കുന്ന പല 'ഉത്തമഘടകങ്ങളും' ഉമ്മന്ചാണ്ടിയില് ഉണ്ടായിരുന്നില്ല

2 min read|20 Jul 2023, 12:06 am

അക്ഷരങ്ങളും വാക്കുകളും വിരല്ത്തുമ്പില് നിശ്ചലമായ നിമിഷങ്ങള് ജീവിതത്തില് ആദ്യമാണ്... ഇന്നലെ ഒരു വരി പോലും കുറിക്കാന് കഴിഞ്ഞില്ല. പേരിട്ട് വിളിക്കാന് കഴിയാത്ത സങ്കടം, ശൂന്യത ഒക്കെ നെഞ്ചിനുള്ളില് വിങ്ങിനിന്നു... കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യര് കടന്നുപോകുന്നത് ഇതേ വികാരത്തിലൂടെയാണെന്ന് അറിയാം...

ഉമ്മന്ചാണ്ടി അങ്ങനെയൊരു അപൂര്വ മനുഷ്യനായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ രാജോന്മാദങ്ങള് തീണ്ടാത്ത ഒരു സമ്പൂര്ണ്ണ ജനകീയനേതാവ്. വലതുപക്ഷമെന്ന് രാഷ്ട്രീയ എതിരാളികള് വിമര്ശിച്ചപ്പോഴൊക്കെയും, മനുഷ്യപക്ഷം മാത്രമായിരുന്നു തനിക്ക് എക്കാലത്തും പ്രിയതരമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച മനുഷ്യന്.

പ്രായോഗിക രാഷ്ട്രീയത്തിന്റെ കടുത്ത കഷായചവര്പ്പിലേക്ക്, അനുകമ്പയുടെയും, മനുഷ്യസ്നേഹത്തിന്റെയും തേന്മധുരം കലര്ത്തി ചുറ്റുമുള്ളവര്ക്കെല്ലാം പകര്ന്നുനല്കിയ ജീവന്മശായ്... അതുകൊണ്ടുതന്നെ ഉമ്മന്ചാണ്ടിയോടൊപ്പം അസ്തമിക്കുന്നത് അനന്യമായ ഒരു രാഷ്ട്രീയസംസ്കാരമാണ്. കര്ക്കടകത്തിലെ പെരുമഴയിലും വഴിയില് കാത്തുനില്ക്കുന്ന പൊതുജനങ്ങള് കണ്ണീരോടെ യാത്രയാക്കുന്നത് തിരികെ വരാനിടയില്ലാത്ത ഒരു കാലഘട്ടത്തെക്കൂടിയാണ്...

സ്വാതന്ത്ര്യസമരത്തിലൂടെയും കര്ഷകപ്രസ്ഥാനത്തിലൂടെയും കടന്നുവന്ന് കേരളരാഷ്ട്രീയത്തിലെ അതികായരായി മാറിയ നേതാക്കളുടെ പട്ടികയില് ഉമ്മന്ചാണ്ടി ഇല്ല. അദ്ദേഹം ദീര്ഘകാലം മുഖ്യമന്ത്രി ആയിരുന്നിട്ടില്ല. ഒരിക്കലും കെപിസിസി അധ്യക്ഷന് ആയിരുന്നില്ല. രാഷ്ട്രീയത്തിലെ ദാര്ശനികനും, വിപ്ലവകാരിയും ആയി വാഴ്ത്തപ്പെട്ടിട്ടില്ല. 'ആദര്ശത്തിന്റെയും അധികാരനിരാസത്തിന്റെയും പര്യായമാണ് ഉമ്മന്ചാണ്ടി' എന്ന് ഒരിക്കലും ഇടനാഴികളില് പാണന്മാര് പാടി നടന്നില്ല. തീ പാറുന്ന പ്രസംഗങ്ങളിലൂടെ അനുയായികളെ അദ്ദേഹം കോരിത്തരിപ്പിച്ചിരുന്നില്ല. കോണ്ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില് ഒരു വിഭാഗത്തിന്റെ വീറുറ്റ തേരാളിയും പോരാളിയും ആയിരുന്നു എല്ലാ കാലത്തും ഉമ്മന്ചാണ്ടി. രാഷ്ട്രീയനേതാക്കളെ അനശ്വരരാക്കുന്ന പല 'ഉത്തമഘടകങ്ങളും' ഉമ്മന്ചാണ്ടിയില് ഉണ്ടായിരുന്നില്ല.

എന്നിട്ടും, ജാതി, മത, രാഷ്ട്രീയ, ലിംഗ, പ്രായഭേദമില്ലാതെ കേരളജനത ഉമ്മന്ചാണ്ടിയെ നിരുപാധികം സ്നേഹിച്ചുവെങ്കില് അതിന് കാരണം ഉമ്മന്ചാണ്ടിക്ക് മാത്രം അവകാശപ്പെടാന് കഴിയുന്ന പൊതുപ്രവര്ത്തന ശൈലിയാണ്. ജനങ്ങളില് നിന്നും വേറിട്ടൊരു അസ്തിത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ശ്വാസമെടുത്തത് സാധാരണ ജനങ്ങളില് നിന്നായിരുന്നു. അധികാരത്തിന്റെ ഉറവിടം ജനതയാണെന്ന വസ്തുത, 'ഇന്ത്യയിലെ ജനങ്ങളായ നാം' എന്നു തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിലും, സാര്വത്രിക വോട്ടവകാശത്തിലും മാത്രം ഒതുങ്ങിനില്ക്കേണ്ട ഒന്നല്ലെന്നും, തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികള് ജനങ്ങളോടൊപ്പം ഇഴുകിചേര്ന്നുകൊണ്ടാണ് അത് സാര്ഥകമാക്കേണ്ടത് എന്നും ഉമ്മന്ചാണ്ടി സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. ദാര്ശനികഗരിമയുടെ അകമ്പടിയില്ലാതെ അദ്ദേഹം ഗാന്ധിജിയുടെ 'അന്ത്യോദയ' അതീവ ലളിതമായും അതിമനോഹരമായും പ്രയോഗവല്ക്കരിച്ചു. മുന്നിലെത്തുന്ന ഓരോ മനുഷ്യന്റെയും പ്രശ്നങ്ങളില് ഇടപെട്ട് പരിഹരിക്കാന് ശ്രമിച്ചു. 'നീതിയും അഭയവുമാണ്' രാജധര്മം എന്ന് പണ്ടെങ്ങോ പറഞ്ഞ കല്ഹണന്റെ രാജതരംഗിണി ഉമ്മന്ചാണ്ടി വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, തന്നെ സമീപിക്കുന്ന അവസാനത്തെ മനുഷ്യനും അഭയമായി, നീതിയുടെ വറ്റാത്ത ഉറവിടമായി അദ്ദേഹം സ്വയം മാറി.

കോണ്ഗ്രസ്സ് പ്രവര്ത്തകരെ ഉമ്മന്ചാണ്ടി പൂര്ണ്ണമായും വിശ്വസിച്ചു, വലിപ്പച്ചെറുപ്പമില്ലാതെ. രാഷ്ട്രീയജീവിതത്തിന്റെ അവസാനകാലത്ത് ആരോപണങ്ങളുടെ പുകമറയില് വലിച്ചിടാന് വരെ കാരണമായിട്ടും അദ്ദേഹം തന്റെ ശീലം മാറ്റിയില്ല. നാടിന്റെ വിദൂരഭാഗങ്ങളിലുള്ള ബൂത്ത്തല പ്രവര്ത്തകരെവരെ പൂര്ണമായി വിശ്വസിച്ചു. ഉമ്മന്ചാണ്ടിയെ സ്ഥിരമായി ഫോണ് ചെയുന്ന എന്റെ സഹോദരന് ഇടയ്ക്ക് എന്തെങ്കിലും കാരണത്താല് വിളിക്കാതിരുന്നാല്, ദിവസങ്ങള്ക്കകം അദ്ദേഹം ആരോടെങ്കിലും അന്വേഷിക്കുമായിരുന്നു. ഒരിക്കല്, വര്ഷങ്ങള്ക്ക് മുന്പ്, യുഡിഫ് കണ്വീനറായിരുന്ന അവസരത്തില് ആണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് കൂട്ടിക്കൊണ്ടുവരാന് എന്റെ സഹോദരനോട് ആവശ്യപ്പെട്ടത് ഓര്ക്കുന്നു. ഏതെങ്കിലും മുതലാളിയോട് കാര് അയക്കാന് പറയുന്നതായിരുന്നു എളുപ്പം. പക്ഷേ, അദ്ദേഹം അങ്ങനെ ചെയ്തില്ല. പകരം ഒരു സാധാരണ മണ്ഡലം സെക്രട്ടറിയോട് അക്കാര്യം ആവശ്യപ്പെട്ടു. അതിനുള്ള വിശ്വാസവും അടുപ്പവും ഉമ്മന്ചാണ്ടിക്ക് ഉണ്ടായിരുന്നു. കുടുംബത്തിനും പാര്ട്ടിപ്രവര്ത്തകര്ക്കും ഇടയില് അദ്ദേഹം ഒരിക്കലും മതില് കെട്ടിയില്ല. അവരുടെ പ്രശ്നങ്ങളില് അദ്ദേഹം കരുതലോടെ, കരുണയോടെ ഇടപെട്ടു. 'ഓസി' തങ്ങളുടെ സ്വന്തമാണെന്ന് അഭിമാനിക്കാന് അവര്ക്ക് ധാരാളം അവസരം നല്കി.

കോണ്ഗ്രസ്സ് പോലുള്ള ഒരു മാസ് പാര്ട്ടിയില്, മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത, 'വെള്ളം കോരികളും വിറകുവെട്ടികളുമായ' നിസ്വാര്ഥരായ പ്രവര്ത്തകരുടെ ഏക സാമൂഹ്യമൂലധനം പലപ്പോഴും 'ഓസിയുടെ ആളെന്ന' അഭിമാനം മാത്രമായിരുന്നു. അതറിയാവുന്ന ഉമ്മന്ചാണ്ടി അവരെ എല്ലായ്പ്പോഴും ചേര്ത്തുനിര്ത്തി. ഇന്ന്, പെരുമഴയില് തൊണ്ടയിടറി മുദ്രാവാക്യം വിളിക്കുന്നതും, തീവണ്ടിയിലും ബസ്സിലും കയറി അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന് കോട്ടയത്തെത്തുന്നതും ഈ മനുഷ്യരാണ്.

രാഷ്ട്രീയമാന്യതയിലൂടെ, ജനാധിപത്യമര്യാദയിലൂടെ, ആത്മസംയമനത്തിലൂടെ, അധികാരം ദുഷിപ്പിക്കാത്ത ശരീരഭാഷയിലൂടെ, കേള്വിയുടെ രാഷ്ട്രീയത്തിലൂടെ, അന്ത്യയാത്രയില്പ്പോലും അധികാരചിഹ്നങ്ങള് വേണ്ടെന്ന നിര്ബന്ധബുദ്ധിയിലൂടെ ഉമ്മന്ചാണ്ടി സഞ്ചരിച്ചത് കേരളത്തിലെ കക്ഷിരാഷ്ട്രീയമണ്ഡലത്തിലെ വേറിട്ട ഒരു വഴിയിലൂടെയായിരുന്നു. രാഷ്ട്രീയം 'തിയട്രിക്സും, മാര്ക്കറ്റിംഗും' ആയി പരിവര്ത്തനപ്പെട്ടിരിക്കുന്ന വര്ത്തമാനകാലത്ത് ആ വഴി അധികമാരും ഉപയോഗിക്കാന് ഇടയില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രവര്ത്തനത്തെ 'കാരുണ്യത്തിന്റെയും, ജനക്ഷേമത്തിന്റെയും, നീതിയുടെയും' വസന്തമായി നിര്വചിക്കുന്ന മനുഷ്യര്ക്ക് ഉമ്മന്ചാണ്ടിയുടെ വിയോഗം തീരാസങ്കടമാണ്... ഉള്ളില് എന്തോ എരിഞ്ഞടങ്ങുന്നത് പോലെ...

എത്രയും പ്രിയപ്പെട്ട ഉമ്മന്ചാണ്ടി സാര്, അങ്ങ് സമാധാനമായി യാത്രയാവുക.. അങ്ങവശേഷിപ്പിച്ച ഒരുപാട് നനുത്ത ഓര്മകള് ഞങ്ങള്ക്ക് കൂട്ടിനുണ്ട്.. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ വിട...

To advertise here,contact us