ജോലി സ്ഥലങ്ങളില് സ്ത്രീകള് ചൂഷണം നേരിടുന്നുണ്ടെന്നത് സത്യമാണെന്നും താന് അങ്ങനെയുള്ള സാഹചര്യങ്ങളില് ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി അവതാരക രഞ്ജിനി ഹരിദാസ്. തൊഴിലിടങ്ങളില് സ്ത്രീകള് ചൂഷണം നേരിടുന്നത് ദുഃഖകരമായ കാര്യമാണെന്നും എന്നാല് ഇതില് പുരുഷനെ മാത്രം കുറപ്പെടുത്താനാവില്ലായെന്നും റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തില് രഞ്ജിനി അഭിപ്രായപ്പെടുന്നു.
നിര്ഭാഗ്യവശാല് സ്ത്രീകളെ അന്നും ഇന്നും മോശമായ രീതിയില് സമീപിക്കുന്ന നിരവധിപേരുണ്ട്. അതിനെതിരെയുള്ള ചര്ച്ചകള് നടക്കണം, നിയമങ്ങള് വരണം. എല്ലാ മേഖലകളിലും ഈ പ്രശ്നം സ്ത്രീകള് അനുഭവിക്കുന്നുണ്ട്. പ്രശ്സതരായ വ്യക്തികള് പറയുമ്പോള് ഇതിന് ശ്രദ്ധ ലഭിക്കുന്നുവെന്നേ ഉള്ളൂ. എന്നാല് പുരുഷന്മാരെ മാത്രം ഇതില് കുറ്റപ്പെടുത്തുന്നില്ല. ഇത് ഉപയോഗപ്പെടുത്തുന്ന സ്ത്രീകളുമുണ്ട്. ജോലി ലഭിക്കാനായി ശരീരം ഉപയോഗിക്കുന്നതില് കംഫര്ട്ടബിളായ സ്ത്രീകളും ഉണ്ട്. അതുകൊണ്ട് തന്നെ ഇതില് ആരാണ് തെറ്റെന്നോ ശരിയെന്നോ കണ്ടെത്താന് കഴിയില്ലായെന്നും രഞ്ജിനി പറയുന്നു.
'കോര്ഡിനേറ്റേഴ്സ് ജോലിക്കെന്ന് പറഞ്ഞ് വിളിക്കും അവിടെ എത്തുമ്പോഴാണ് ജോലിക്കൊപ്പം സര്വീസും ചെയ്യണമെന്ന് പറയുക. അപ്പോള് തന്നെ ഞാന് ബഹളം ഉണ്ടാക്കും. സ്ത്രീകള് അനുഭവിക്കുന്ന വലിയ ഒരു പ്രശ്നമാണ് അത്. ഈ അന്തരീക്ഷം മാറുമോയെന്ന് അറിയില്ല. ചില വലിയ ബ്രാന്ഡുകളുടെ ഓണേഴ്സാണ് ഇങ്ങനെയുള്ള റിക്വസ്റ്റുമായി വരുന്നത്. പക്ഷെ അതിന് നോ പറയാന് കഴിയണം. മെറിറ്റില് വേണം ജോലിക്ക് കയറാന് അല്ലാതെ അവിടെ പണമോ സെക്സോ ഒരു ഘടകമാവരുത്. അതാണ് ഫെയറായിട്ടുള്ള ലോകം. പക്ഷെ ഇന്നത്തെ ലോകത്ത് ഇതെല്ലാം നടക്കുന്നു. ഫേവര് ചെയ്തു കൊടുക്കാന് ആരെങ്കിലും താത്പര്യപ്പെടുന്നുണ്ടെങ്കില് അവര്ക്ക് ചെയ്യാം. പക്ഷെ അപ്പോഴും മറ്റൊരാളുടെ അവസരമല്ലേ അവിടെ കളയുന്നത്. എന്റെ കാഴ്ചപാടില് എല്ലാവര്ക്കും നോ പറയാന് സാധിക്കും. എന്റെ ശരീരം എന്റെ മാത്രമാണ് ഞാനായിരിക്കണം അതിൽ തീരുമാനമെടുക്കേണ്ടത്. അതാണ് എന്റെ കാഴ്ചപ്പാട്. ' രഞ്ജിനി നിലപാട് വ്യക്തമാക്കി.
റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജിനിയുടെ പ്രതികരണം. ഇതുവരെയുള്ള അവതാരക ജീവിതത്തിലെ ഓര്മ്മകളും സാമൂഹിക വിഷയങ്ങളെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകളും രഞ്ജിനി അഭിമുഖത്തില് പങ്കുവെയ്ക്കുന്നു.
Content Highlights- 'Money and sex should not be a consideration, merit should be the priority in jobs'; Ranjini Haridas