സ്വന്തം കുഞ്ഞിന് പേരിടുന്നത് ലക്ഷങ്ങള് ചിലവഴിക്കേണ്ടി വരുന്ന കാര്യമാണെന്ന് പറഞ്ഞാല് നമ്മള് ആശ്ചര്യപ്പെടുമല്ലേ..? ഒരു പേര് ആലോചിച്ച് അത് ചൊല്ലി കുഞ്ഞിനെ വിളിക്കുന്നതിന് ലക്ഷങ്ങള് കൊടുക്കേണ്ടി വരുന്നത് ആര്ക്കാണെന്നാകും ആദ്യം മനസില് വരുന്ന ചോദ്യം. ആഡംബരത്തിന് ഒട്ടും കുറവുവരരുത് എന്ന് ചിന്തിക്കുന്നവരാണെങ്കില് സ്വന്തം കുഞ്ഞിന് പേരിടുന്ന ചടങ്ങ് കൂടുതല് ലാവിഷാക്കാം. പേരിടാന് ടെയിലര് എ ഹംപ്രേ എന്ന യുവതിയെ ഏല്പ്പിച്ചാല് മതി. ആരാണ് ഇവര് എന്നറിയണ്ടേ? പറഞ്ഞുതരാം…
അമേരിക്കയിലെ സാന് ഫ്രാന്സിസ്ക്കോ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ബേബി നെയിം കണ്സള്ട്ടന്റാണ് ടെയ്ലര്. ഈ തൊഴിലൊരു ലക്ഷ്വറി ബിസിനസാക്കി മാറ്റിയിരിക്കുകയാണവര്. പത്താം വയസിലാണ് കുഞ്ഞുങ്ങള്ക്ക് പേരിടുന്നത് ഒരു ഹോബിയായി ടെയ്ലര് ആരംഭിച്ചത്. പേരുകളോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്ന ടെയ്ലര് തന്റെ ഈ ഇഷ്ടത്തെ കുറിച്ച് സോഷ്യല് മീഡിയയില് പങ്കുവച്ചിരുന്നു. പതുക്കെ പതുക്കെ ഇതേകുറിച്ച് അന്വേഷണങ്ങള് വന്നുതുടങ്ങി. മാതാപിതാക്കള് മക്കള്ക്കായി നല്ല പേരുകള് വേണമെന്ന ആഗ്രഹത്തോടെ ടെയ്ലറിനെ സമീപിച്ചു. ടിക്ക്ടോക്കിലും ഇന്സ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സാണ് ടെയ്ലറിനുള്ളത്. അഞ്ഞൂറിലധികം കുട്ടികള്ക്ക് ഇതുവരെ ടയ്ലര് പേര് നിര്ദ്ദേശിച്ചു കഴിഞ്ഞു.
പേരിടുന്നതിനുള്ള ബേസിക്ക് പാക്കേജ് ഇരുന്നൂറ് ഡോളറാണ്. അതായത് 16,000 രൂപ. ഈ പാക്കേജില് മെയില് വഴി പേരുകളുടെ ലിസ്റ്റ് അയച്ചു കൊടുക്കുകയും ചെയ്യും. എന്നാല് പ്രീമിയം പാക്കേജിന് ഈടാക്കുന്നത് 30,000 ഡോളറാണ്. അതായത് 26.6ലക്ഷം രൂപ. ഇതില് പേരുമാത്രമല്ല കുടുംബത്തിന്റെ വംശപാരമ്പര്യം ഉള്പ്പെടെ ആഴത്തിലുള്ള പഠനം നടത്തിയാവും ഇത്രയും പണം ചിലവാക്കുന്നവരുടെ കുഞ്ഞിനുള്ള പേരുകള് തയ്യാറാക്കുക.
ഏതെങ്കിലും രക്ഷിതാക്കള്ക്ക് പേരുകളുടെ കാര്യത്തില് എതിര് അഭിപ്രായമുണ്ടായാല് മീഡിയേറ്ററായും കൗണ്സിലറായുംപ്രവര്ത്തിക്കാനും ഇവർ റെഡിയാണ്. ചിലയാളുകള് മക്കളുടെ പേരുമായി ബന്ധപ്പെട്ട് വളരെ ഇമോഷണലാണത്രേ. പേരുകള് മക്കളുടെ ഐഡന്റിറ്റിയെയും ഭാവിയെയും സ്വാധീനിക്കുമെന്നാണ് ഇത്തരക്കാര് വിശ്വസിക്കുന്നത്. അതിനാല് വലിയ പ്രാധാന്യമാണ് ടെയിലറിന്റെ ബിസിനസിന് ഇത്തരക്കാർ നല്കുന്നതും.
സാധാരണക്കാരും സെലിബ്രിറ്റികളുമടക്കം നിരവധിപേരാണ് ഇവരുടെ ക്ലൈന്റായിട്ടുള്ളത്. മക്കളുടെ പേര് വ്യത്യസ്തമാവണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും ടെയ്ലറിനെ സമീപിക്കുന്നത്. 2021ല് ഇവരെ കുറിച്ച് പുറത്തുവന്ന ഒരു ആര്ട്ടിക്കിളിന് പിന്നാലെയാണ് ഇവരുടെ വേതനം കുത്തനെ ഉയര്ന്നത്. ഒരു പേരിടുന്നതിന് ഇത്രയും പണം വാങ്ങുന്നത് എന്തിനാണെന്ന് ചോദിച്ച് ഓണ്ലൈനായും അല്ലാതെയും തനിക്ക് വലിയ വിമര്ശനം നേരിടേണ്ടി വരുന്നുണ്ടെന്നും ടെയ്ലര് പറയുന്നു. പക്ഷേ മാതാപിതാക്കള്ക്ക് അവരുടെ മക്കള്ക്കിടാന് നല്ലതും മികച്ചതുമായ പേരുകള് നിര്ദേശിക്കുന്നതിനാല് തന്റെ ജോലിയെ മഹത്തരമായാണ് കാണുന്നതെന്നാണ് ടെയ്ലര് പറയുന്നു.Content Highlights: Meet Taylor from USA who charges lakhs of rupees to name a child