മോനല്ല മോളാ; കഷ്ടപ്പാടുകളോട് ബൈ പറഞ്ഞ് ഓട്ടോയുമായി സ്വപ്നങ്ങളെ ചെയ്സ് ചെയ്ത് മഞ്ഞുമ്മല്‍ ഗേള്‍

18 വയസുകാരിയായ ഈ പെണ്‍കുട്ടി എങ്ങനെയാണ് ചെറുപ്രായത്തില്‍ ഓട്ടോ ഡ്രൈവറായത്. അറിയാം മഞ്ഞുമ്മല്‍ ഗേള്‍ എന്ന അലീഷ ജിന്‍സനെക്കുറിച്ച്...

1 min read|12 Aug 2025, 10:40 am

ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ചേട്ടന്‍..എടാ..മോനേ ഒരു ഓട്ടം പോയാലോ…വണ്ടിയില്‍ കയറി ഇരുന്നതും അയാള്‍ മുന്നിലേക്കൊന്ന് നോക്കി. കൊച്ച് പയ്യനാണല്ലോടാ നീ. ലൈസന്‍സ് ഒക്കെ ഉണ്ടോ? അപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ മെല്ലെ പിറകിലേക്ക് തിരിഞ്ഞത്. മോനല്ല ചേട്ടാ..ഞാന്‍ മോളാണ് .എന്റെ പേര് അലീഷ ജിന്‍സണ്‍. വയസ് 18 കഴിയാറായി.ലൈസന്‍സും ഉണ്ട് ചേട്ടന്‍ പേടിക്കണ്ട. ധൈര്യമായിട്ടിരുന്നോ.

ആ ഓട്ടോ ഡ്രൈവറാണ് കൊച്ചി മഞ്ഞുമ്മല്‍ സ്വദേശിയായ അലീഷ. മഞ്ഞുമ്മല്‍കാരുടെ സ്വന്തം മഞ്ഞുമ്മല്‍ ഗേള്‍. കൂട്ടുകാരൊക്കെ ക്ലാസ്മുറികളില്‍ ഇരുന്ന് പഠിക്കുമ്പോഴും കുടുംബം പുലര്‍ത്താനായി ഓട്ടോ ഓടിച്ച് വരുമാനം കണ്ടെത്തുകയാണ് ഈ മിടുക്കി പെണ്‍കുട്ടി.

വീടും ഫ്‌ളാറ്റും ഒക്കെ ക്ലീന്‍ ചെയ്തു കൊടുക്കുന്ന 'ക്ലീന്‍ ട്രെസ്റ്റ്' എന്ന സ്ഥാപനം നടത്തുകയായിരുന്നു അലീഷയുടെ അച്ഛന്‍ ജിന്‍സന്‍. മാതാപിതാക്കളും രണ്ട് മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബം. പെട്ടെന്നാരു ദിവസമാണ് അവരുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ക്ലീനിംഗ് ജോലിക്കായി സ്‌കൂട്ടറില്‍ മകന്റെ ഒപ്പം പോവുകയായിരുന്ന ജിന്‍സന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നട്ടെല്ലിനും ഷോള്‍ഡറിനും കയ്യിനും പരിക്കേറ്റ ജിന്‍സണ് പിന്നീട് വണ്ടി ഓടിക്കാനോ ജോലി ചെയ്യാനോ കഴിയാതായി. അധികം വൈകാതെ തന്നെ ഭാര്യയും അസുഖബാധിതയായതോടെ കുടുംബത്തിന്റെ നില ആകെ കഷ്ടത്തിലായി. ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാത്ത അവസ്ഥ. അലീഷയുടെ പ്ലസ്ടു പഠനവും അവസാനിച്ചു. അന്യനാട്ടില്‍ പഠിക്കുകയായിരുന്ന സഹോദരനും പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നു.

കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അലീഷ

ഡ്രൈവിംഗ് ഇഷ്ടമായിരുന്ന അലീഷയുടെ മനസില്‍ ഒരു ആഗ്രഹം കയറിക്കൂടി. ഓട്ടോ ഓടിച്ച് വരുമാനം കണ്ടെത്തിയാലോ എന്ന്. അതിനുള്ള ശ്രമങ്ങളായി പീന്നീട്. ലേണേഴ്‌സ് എടുത്ത് പപ്പയെ കൂടെയിരുത്തി ഓട്ടോ ഓടിച്ച് അവള്‍ പരിശീലനം തുടങ്ങി. പഠനം കഴിഞ്ഞപ്പോള്‍ ലോണ്‍ എടുത്ത് ഒരു ഇലക്ട്രിക് ഓട്ടോയും വാങ്ങി. വണ്ടിയെടുത്ത് എവിടേക്ക് ഓട്ടം പോകും എന്ന് ചിന്തിച്ച് നിന്നപ്പോഴാണ് അടുത്ത വീട്ടിലെ ചേച്ചി റയില്‍വേ സ്‌റ്റേഷനിലേക്ക് ഓട്ടംവിളിക്കുന്നത്. അങ്ങനെ ആദ്യമായി അലീഷ ഓട്ടോ ഡ്രൈവറുടെ കുപ്പായം അണിഞ്ഞു. അദ്യം ഓട്ടം കഴിഞ്ഞ് തിരികെ പോന്ന അലീഷയ്ക്ക് പിന്നെയും കിട്ടി രണ്ട് ഓട്ടം കൂടി. അന്ന് 600 രൂപ വരുമാനം കിട്ടിയപ്പോള്‍ അവള്‍ക്ക് ധൈര്യമായി. പിന്നെ തിരിഞ്ഞു നോക്കിയില്ല. തന്റെ ഓട്ടോയുമായി അവള്‍ പറന്നു.

മുടങ്ങി കിടന്ന പ്ലസ്ടു പഠനത്തിനുള്ള പണം, വീട്ടിലെ ചെലവുകള്‍, ഓട്ടോയുടെ ലോണ്‍ അങ്ങനെ ആ 18 വയസുകാരി ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി. പിന്നീട് അച്ഛന്‍ നടത്തിയിരുന്ന ക്ലീനിംഗ് ബിസിനസ് സഹോദരന്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി അലീഷയും ഒപ്പം കൂടി. സാധനങ്ങള്‍ എത്തിക്കാനും മറ്റ് സഹായത്തിനുമായി അലീഷ ഓട്ടോ ഓടിച്ചുതുടങ്ങി. ഊബര്‍ ഓട്ടത്തിനും പോയിത്തുടങ്ങി. പകല്‍ ക്ലാസില്‍ പോയും രാത്രിയിലും അവധി ദിവസങ്ങളിലും തന്റെ ഇലക്ട്രിക് ഓട്ടോ ഓടിച്ചും അവള്‍ വരുമാനം കണ്ടെത്തി.

പട്ടിണി മാറ്റിയ ' മഞ്ഞുമ്മല്‍ ഗേള്‍'

അലീഷയുടെ ഇലക്ട്രിക് ഓട്ടോ റോഡിലൂടെ പോകുമ്പോള്‍ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. ദേ നമ്മുടെ കൊച്ച് പെങ്കൊച്ച് ഓട്ടോ ഓടിച്ച് പോകുന്നു. കാഴ്ചയില്‍ കുട്ടിത്തം മാറാത്തയാള്‍ ഡ്രൈവിംങ് സീറ്റില്‍ ഇരുന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും കൗതുകം. അങ്ങനെയിരിക്കെയാണ് അലീഷ ഓട്ടോ ഓടിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. അതോടുകൂടി അലീഷയും അവളുടെ ഓട്ടോയും നാടും നഗരവും അറിഞ്ഞുതുടങ്ങി. അങ്ങനെയിരിക്കെ ഓട്ടോയ്ക്ക് എന്ത് പേരിടുമെന്ന ആലോചനയില്‍ ഇരിക്കുമ്പോഴാണ് മഞ്ഞുമ്മല്‍ ഗേള്‍ എന്ന് പേരിടാന്‍ തീരുമാനിക്കുന്നത്.

പലപ്പോഴും ലൈസന്‍സ് കാണിക്കേണ്ട അവസ്ഥ

ഒരിക്കല്‍ അലീഷയും കുടുംബവും കൂടി ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത് ഓട്ടോയിലാണ്. ഡ്രൈവിങ് സീറ്റില്‍ അലീഷയും. പോകുന്ന വഴിയില്‍ എവിടെയോ നിര്‍ത്തി വീണ്ടും ഓട്ടോയില്‍ കയറി ഇരുന്നപ്പോഴാണ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന അലീഷയെ കണ്ടതും ഒരു നാട്ടുകാരന്‍ അവളുടെ അച്ഛനോട് ദേഷ്യപ്പെടുന്നത്. ' താന്‍ ഇത് എന്ത് ഭാവിച്ചാണ്. ഇത്രയും ചെറിയ കുട്ടിക്കാണോ വണ്ടി ഓടിക്കാന്‍ കൊടുക്കുന്നതെന്ന് ചോദിച്ച് അയാള്‍ അലീഷയുടെ പപ്പയോട് ദേഷ്യപ്പെട്ടു. ഒടുവില്‍ ലൈസന്‍സ് കാണിക്കേണ്ടി വന്നു രക്ഷപെടാനെന്ന് അലീഷ പറയുന്നു.

മുടിവെട്ടി കമ്മലിടാതെ പാന്റു ഷര്‍ട്ടും ധരിച്ച മഞ്ഞുമ്മല്‍ ഗേള്‍

രാത്രി സമയത്ത് ഓട്ടം പോകാന്‍ പേടിയുണ്ടോ എന്ന് ചോദിച്ചാല്‍ അലീഷ പറയും എന്തിന് പേടിക്കണം. എല്ലാ ജോലിയും ആണിനും പെണ്ണുനും ചെയ്യാമല്ലോ എന്ന്. പിന്നെ എത്രയായാലും നമ്മള്‍ നമ്മുടെ സേഫ്റ്റി നോക്കണ്ടേ അതിനാണ് മുടി വെട്ടി പാന്റും ഷര്‍ട്ടും ഒക്കെ ഇട്ട് ആണ്‍കുട്ടികളെ പോലെയുള്ള ഗെറ്റപ്പ്. പക്ഷേ തനിക്ക് ഒരിക്കലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് അലീഷ പറഞ്ഞു.

കേരള സവാരിയുടെ ബ്രാന്‍ഡ് അംബാസിഡര്‍

അലീഷയെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷവാര്‍ത്ത കൂടിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ കേരള സവാരിയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തിരിക്കുന്നത് അലീഷയെ ആണ്. അലീഷയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം തേടിയെത്തിയത്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റില്‍ പോയി മന്ത്രി ശിവന്‍കുട്ടിയെ കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. മിനിസ്റ്ററുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും സംസാരിക്കാനും ഒക്കെ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് ഈ പെണ്‍കുട്ടി കാണുന്നത്.

ട്രക്ക് ഓടിക്കണം എന്ന ആഗ്രഹം

21 വയസാകാന്‍ കാത്തിരിക്കുകയാണ് നമ്മുടെ മഞ്ഞുമ്മല്‍ ഗേള്‍. അതിന് ഒരു കാരണം ഉണ്ട്. അലീഷയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ട്രക്ക് ഓടിക്കണം എന്നുളളത്. 21 വയസായാല്‍ മാത്രമേ ഹെവി ലൈസന്‍സ് എടുക്കാന്‍ പറ്റൂ. അതിനായി രണ്ടര വര്‍ഷം കൂടി കാത്തിരിക്കണം. അതാണ് അലീഷയുടെ ഏറ്റവും വലിയ ആഗ്രഹം. അതുപോലെ പ്ലസ്ടു പഠനത്തിന് ശേഷം ഇപ്പോള്‍ ഡിസ്റ്റന്റ് എഡ്യുക്കേഷന്‍ വഴി തുടര്‍ പഠനം കൂടി നടത്തുന്നുണ്ട് അലീഷ. ജര്‍മനിയില്‍ പോകാന്‍ ആഗ്രഹിച്ച് ബി വണ്‍ പാസായതാണ്. സാമ്പത്തികം ഇല്ലാതായപ്പോള്‍ അതും മുടങ്ങി. പണമൊക്കെ ആയിട്ട് വേണം ജര്‍മന്‍ പഠനം പൂര്‍ത്തിയാക്കി അലീഷക്ക് ജര്‍മനിയിലേക്ക് പറക്കാന്‍.

Content Highlights :How this 18-year-old girl became an auto driver at a young age. Find out about Alisha Jinson, aka the Manjummal Girl

To advertise here,contact us