പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീ പങ്കാളിത്തം ഉയര്‍ന്നു; സ്ത്രീ കേന്ദ്രീകൃത പദ്ധതികൾ തുണച്ചെന്ന് റിപ്പോർട്ട്

സ്ത്രീവോട്ടർ‌മാരുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരേ നിലയിലല്ല പ്രതിഫലിച്ചിരിക്കുന്നതെന്നും റിപ്പോർ‌ട്ട് വ്യക്തമാക്കുന്നു

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിൽ അസാധാരണ വർധനവ് ഉണ്ടായെന്ന് റിപ്പോർട്ട്. സാമ്പത്തിക ശാക്തീകരണവും സ്ത്രീ കേന്ദ്രീകൃത ക്ഷേമ പദ്ധതികളുമാണ് ഇതിൻ്റെ കാരണമെന്നാണ് വിലയിരുത്തൽ. 18 മില്യൺ സ്ത്രീ വോട്ടർമാരാണ് 2019ലെ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 2024 അധികമായി തിരഞ്ഞെടുപ്പിൽ പങ്കാളിയായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം പുറത്ത് വിട്ട ​ഗവേഷണ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

2014ന് ശേഷം പുതിയതായി ചേർക്കപ്പെട്ട 92 മില്യൺ വോട്ടർമാരിൽ 58 ശതമാനവും സ്ത്രീ വോട്ടർമാരായിരുന്നു. സ്ത്രീ കേന്ദ്രീകൃത പദ്ധതികളും സ്ത്രീ സാക്ഷരതാ നിരക്കിലെ വർധനവും ഉയര്‍ന്ന തൊഴിൽ സാധ്യതകളുമാണ് വർധനവിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ത്രീവോട്ടർ‌മാരുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരേ നിലയിലല്ല പ്രതിഫലിച്ചിരിക്കുന്നതെന്നും റിപ്പോർ‌ട്ട് വ്യക്തമാക്കുന്നു.

Also Read:

Kerala
ഭസ്മംകൊണ്ട് മൂടിയിരുന്നതിനാൽ അധികം ദുർഗന്ധം ഉണ്ടായിരുന്നില്ല, മണ്ണിട്ട് മൂടിയിരുന്നില്ല; സമാധി പൊളിച്ച രതീഷ്

വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മധ്യപ്രദേശാണ് തിരഞ്ഞെടുപ്പിലെ സ്ത്രീ വോട്ട‍ർമാരുടെ പങ്കാളിത്തത്തിൽ മുന്നിൽ. 2024നും 2024നും ഇടയിൽ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിൽ 5.4 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായത്. തൊട്ടുപിന്നിലുള്ള കർണാടകയിൽ 3.7 ശതമാനത്തിൻ്റെയും ഛത്തീസ്​ഗഡിൽ മൂന്ന് ശതമാനത്തിൻ്റെയും ഒഡീഷയിൽ ഒരു ശതമാനത്തിൻ്റെയും വ‍ർധനവാണ് ഉണ്ടായത്.

ബിഹാ​ർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബം​​ഗാൾ എന്നീ ആറ് സംസ്ഥാനങ്ങളിലാണ് പുതിയ വനിതാ വോട്ടർമാരുടെ 54 ശതമാനവും. ഈ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ സ്ത്രീ കേന്ദ്രീകൃത പ​ദ്ധതികൾ സ്ത്രീ വോട്ടർമാരുടെ വർധനവിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കർണാടക നടപ്പിലാക്കിയ ​ഗൃഹലക്ഷ്മി പദ്ധതി, മധ്യപ്രദേശിലെ ലാ‍ഡ്ലി ബഹ്ന യോജന, പശ്ചിമ ബം​ഗാളിലെ ലക്ഷ്മി ബന്ദാ‍ർ പദ്ധതി, മഹാരാഷ്ട്രയിലെ മജ്ഹി ലഡ്കി ബഹൻ യോജന തുടങ്ങിയ പദ്ധതികൾ ഇവിടങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വത്തിലും ജീവിതനിലവാരത്തിലും നേരിട്ട് പ്രതിഫലിച്ചിരുന്നു.

താരതമ്യേന ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിലുണ്ടായ വർധനവിൽ മേഘാലയ ആണ് മുന്നിൽ. എട്ട് ശതമാനം വർധനവാണ് മേഘാലയയിൽ ഉണ്ടായത്. രണ്ടാമത് ഹിമാചൽ പ്രദേശാണ്. ഏഴ് ശതമാനം വർധനവാണ് സ്ത്രീ വോട്ടർമാരുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിൽ ഹിമാചലിലുണ്ടായത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്ത്രീ വോട്ടർമാരുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിൽ ഒൻപത് ശതമാനത്തോടെ ജമ്മു കശ്മീരാണ് മുന്നിൽ.

Also Read:

Kerala
'കുട്ടികള്‍ തമ്മില്‍ ചെറിയ തര്‍ക്കം ഉണ്ടായിരുന്നു, ആ ദേഷ്യത്തിലാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്';തൃശൂർ കളക്ടർ

തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തത്തിൽ ഇടിവുണ്ടായ സംസ്ഥാനങ്ങളുമുണ്ട്. പഞ്ചാബിലാണ് തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തത്തിൽ ഏറ്റവും പ്രകടമായ ഇടിവുണ്ടായത്. പഞ്ചാബിൽ സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിൽ -6.7 ശതമാനം ഇടിവാണ് ഉണ്ടായത്. ഡൽഹിയിൽ അത് -6.3 ശതമാനവും തമിഴ്നാട്ടിൽ -3.6 ശതമാനവും ​ഗുജറാത്തിൽ -2.9 ശതമാനവും ബം​ഗാളിൽ -2.7 ശതമാനവുമാണ് തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തത്തിൽ ഇടിവ് വന്നത്. ഉത്തർപ്രദേശിലും രാജസ്ഥനിലും കേരളത്തിലും സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2019ന് ശേഷം സ്ത്രീ കേന്ദ്രീകൃത പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 7.8 ലക്ഷം സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിച്ചപ്പോൾ ഇത്തരം പദ്ധതികൾ നടപ്പിലാകാത്ത സംസ്ഥാനങ്ങളിലെ സ്ത്രീ പങ്കാളിത്തം 2.50 ലക്ഷം മാത്രമായിരുന്നുവെന്നും എസ്ബിഐയുടെ ​ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെയാണെങ്കിലും ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യത്തിൽ ഇന്ത്യ വളരെ പിന്നിലാണ്. മുന്നിൽ നിൽക്കുന്ന മെക്‌സിക്കോയിലെ 50.2 ശതമാനമായും യുകെയിലെ 40.5 ശതമാനവുമായും താരതമ്യം ചെയ്യുമ്പോൾ വെറും 13.6 ശതമാനം വനിതാ എംപിമാരാണ് ഇന്ത്യയിലുള്ളത്.

Content Highlights: 2024 LokSabha elections showcased an extraordinary transformation in women’s electoral participation

To advertise here,contact us