ഒരു കുഞ്ഞ് ജനിച്ചുവീഴുന്ന നിമിഷം മുതല്‍ ഓരോ ചെറിയ ചലനങ്ങളും മാതാപിതാക്കള്‍ക്ക് കൗതുകവും ആനന്ദവുമാണ്. എന്നാല്‍ ജനിച്ച് ആദ്യത്തെ 28 ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളില്‍ പ്രകടമാകുന്ന ചില സൂക്ഷ്മമായ ശാരീരിക മാറ്റങ്ങള്‍ വെറുമൊരു നിസ്സാര ഭയമോ ഉറക്കത്തിലെ ഞെട്ടലോ ആയി കരുതി തള്ളിക്കളയരുത്. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മാഞ്ഞുപോകുന്ന ഈ ലക്ഷണങ്ങള്‍ പലപ്പോഴും നിശ്ശബ്ദ അപസ്മാരം എന്ന ഗുരുതരമായൊരു അവസ്ഥയുടെ മുന്നറിയിപ്പുകളാകാം.
കുട്ടികളിലോ മുതിര്‍ന്നവരിലോ കാണുന്നതുപോലെ ശരീരം മുഴുവന്‍ ശക്തമായി വിറയ്ക്കുന്ന ലക്ഷണങ്ങള്‍ നവജാത ശിശുക്കളില്‍ വളരെ അപൂര്‍വ്വമായാണ് കാണപ്പെടാറുള്ളത്. കുഞ്ഞിന്റെ തലച്ചോറ് പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാത്തതിനാല്‍ അമിതമായ വൈദ്യുത തരംഗ വ്യതിയാനങ്ങള്‍ പുറമേ വളരെ ചെറിയ ചലനങ്ങളായാണ് പ്രകടമാകുക. അതിനാല്‍ത്തന്നെ പുറമെ കാണുന്ന നിസ്സാര ചലനങ്ങള്‍ കണ്ട് ഇവ അവഗണിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ നിശ്ശബ്ദ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വിദഗ്ദ്ധ ചികില്‍സ ഉറപ്പാക്കേണ്ടത് കുഞ്ഞിന്റെ ഭാവിയിലെ ബുദ്ധിവികാസത്തിനും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും നിര്‍ണ്ണായകമാണ്.
സാധാരണ ചലനങ്ങളുമായി ഏറെ സാമ്യമുള്ളതുകൊണ്ട് തന്നെ ഇത്തരം അപസ്മാര ലക്ഷണങ്ങള്‍ തിരിച്ചറിയുക അല്‍പ്പം ബുദ്ധിമുട്ടാണ്. താഴെ പറയുന്നവ ആവര്‍ത്തിച്ചു കാണുന്നുണ്ടെങ്കില്‍ ജാഗ്രത പാലിക്കുക:
വായയുടെയും നാവിന്റെയും വിചിത്ര ചലനങ്ങള്‍
കുഞ്ഞിന് വിശപ്പില്ലാത്തപ്പോഴും ചുണ്ടുകള്‍ ഇടയ്ക്കിടെ നുണയുക, വായ ചവയ്ക്കുന്നതുപോലെ അനക്കുക, നാവ് വെളിയിലേക്ക് നീട്ടുക അല്ലെങ്കില്‍ അമിതമായി ഉമിനീരൊഴുകുക.
കണ്ണുകളിലെ വ്യത്യാസങ്ങള്‍
കണ്ണുകള്‍ ഒരു വശത്തേക്ക് മാത്രമായി തിരിഞ്ഞിരിക്കുക, കണ്പോളകള് തുടര്‍ച്ചയായി ചിമ്മുക, അല്ലെങ്കില്‍ ശൂന്യതയിലേക്ക് തുറിച്ചു നോക്കുക.
കൈകാലുകളുടെ ചലനങ്ങള്‍
ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞ് സൈക്കിള്‍ ചവിട്ടുന്നതുപോലെ കാലുകള്‍ ചലിപ്പിക്കുകയോ, നീന്തുന്നതുപോലെ കൈകള്‍ വീശുകയോ ചെയ്യുക.
പേശികള്‍ മരവിക്കുക
കൈകാലുകള്‍ പെട്ടെന്ന് വലിഞ്ഞുമുറുകി നീണ്ടുനില്‍ക്കുകയോ, തലയും കഴുത്തും ഒരു വശത്തേക്ക് വളഞ്ഞിരിക്കുക.
ശ്വാസോച്ഛ്വാസത്തിലെ വ്യതിയാനങ്ങള്‍
ഏതാനും സെക്കന്‍ഡുകള്‍ നേരം ശ്വാസം പൂര്‍ണ്ണമായി നിന്നുപോകുക, ചുണ്ടുകള്‍ക്കും മുഖത്തിനും നീലനിറം ബാധിക്കുക.
കുഞ്ഞുങ്ങള്‍ ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴും ഞെട്ടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്:
സാധാരണ ഞെട്ടലുകള്‍
വിറയ്ക്കുന്ന കൈകാലുകളില്‍ മൃദുവായി പിടിച്ചാല്‍ വിറയല്‍ ഉടന്‍ നില്ക്കും. പെട്ടെന്നുള്ള ശബ്ദം കൊണ്ടോ സ്പര്‍ശം കൊണ്ടോ ആകും ഇത് സംഭവിക്കുക. ഈ സമയത്ത് കണ്ണുകള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാകില്ല.
അപസ്മാരം
കൈകാലുകളില്‍ പിടിച്ചു നിര്‍ത്തിയാലും ഉള്ളില്‍ പേശികളുടെ വലിവ് തുടര്‍ന്നുകൊണ്ടിരിക്കും. യാതൊരു പ്രകോപനവുമില്ലാതെ ഉറക്കത്തില്‍ പോലും ഇത് സംഭവിക്കാവുന്നതാണ്.
തലച്ചോറിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമായാണ് സാധാരണയായി ഇത് കാണപ്പെടുന്നത്.
ഇത് പൂര്‍ണ്ണമായും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഒരു അവസ്ഥയാണ്. സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു നവജാത ശിശു വിഭാഗം ഡോക്ട്ടറെയോ സമീപിക്കുക. കൂടാതെ വിദഗ്ദ്ധ അഭിപ്രായത്തിനായി പീഡിയാട്രിക് ന്യൂറോളജിസ്റ്റിനെയും കാണുക. കുഞ്ഞിന്റെ അസാധാരണ ചലനങ്ങള്‍ ഫോണില്‍ പകര്‍ത്തി ഡോക്ടറെ കാണിക്കുന്നത് കൃത്യമായ രോഗനിര്‍ണ്ണയത്തിന് ഏറെ സഹായിക്കും.
രക്തത്തിലെ പഞ്ചസാര, കാല്‍സ്യം പരിശോധനകള്‍ക്കൊപ്പം, തലച്ചോറിലെ വൈദ്യുത തരംഗങ്ങള്‍ പരിശോധിക്കുന്ന ഇ.ഇ.ജി പരിശോധനയിലൂടെ മാത്രമേ ഈ നിശ്ശബ്ദ അപസ്മാരം സ്ഥിരീകരിക്കാന്‍ സാധിക്കൂ. ആവശ്യമെങ്കില്‍ വിദഗ്ദ്ധ സ്കാനിംഗുകളും നിര്‍ദ്ദേശിക്കാറുണ്ട്.
അടിയന്തര ഘട്ടത്തില്‍ എന്തുചെയ്യണം?
കുഞ്ഞിന് അപസ്മാര ലക്ഷണങ്ങള്‍ കണ്ടാല്‍ പരിഭ്രാന്തരാകാതെ കുഞ്ഞിനെ ഒരു വശത്തേക്ക് ചരിച്ചു കിടത്തുക. വായിലേക്ക് വെള്ളമോ മരുന്നോ ഒഴിച്ചുകൊടുക്കരുത്. ശ്വാസതടസ്സമോ ശരീരത്തിന് നീലനിറമോ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.
മരുന്നുകള്‍ മുടക്കരുത്
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷവും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യസമയത്ത്, കൃത്യമായ അളവില്‍ തന്നെ കുഞ്ഞിന് നല്‍കണം.
വളര്‍ച്ചാഘട്ടങ്ങളുടെ നിരീക്ഷണം
നവജാത ശിശുവായിരിക്കെ അപസ്മാരം ഉണ്ടായ കുഞ്ഞുങ്ങളുടെ തുടര്‍ന്നുള്ള വളര്‍ച്ചാഘട്ടങ്ങള്‍ ഉദാഹരണത്തിന് കഴുത്തുറയ്ക്കുന്നത്, കമിഴ്ന്നു വീഴുന്നത്, ശബ്ദങ്ങളോട് പ്രതികരിക്കുന്ന ഘട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണിച്ച് വിലയിരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ നേരത്തെ തന്നെ ഫിസിയോതെറാപ്പി പോലുള്ള ഇടപെടലുകള്‍ നല്‍കുന്നത് കുഞ്ഞിന്റെ പൂര്‍ണ്ണമായ വളര്‍ച്ച ഉറപ്പാക്കും.
ശ്രദ്ധിക്കുക
മാതാപിതാക്കളുടെ സൂക്ഷ്മമായ നിരീക്ഷണവും കൃത്യസമയത്തുള്ള വൈദ്യസഹായവുമാണ് നവജാത ശിശുക്കളുടെ ആരോഗ്യകരമായ ഭാവിയുടെ അടിത്തറ. കുഞ്ഞിന്റെ ഏതൊരു അസാധാരണ ചലനത്തെയും സംശയത്തോടെ കാണാനും വിദഗ്ധോപദേശം തേടാനും ഒരിക്കലും മടിക്കരുത്.
Content Highlights :Subtle physical changes that appear in infants within the first 28 days of life should not be dismissed as mere groundless fear or a startle response during sleep.