പ്രമേഹം ഇന്ന് കേവലം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമല്ല. മാറിയ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണക്രമവും, മാനസിക സമ്മര്‍ദ്ദവും കാരണം ഇരുപതുകളിലും മുപ്പതുകളിലും എത്തിയ യുവാക്കളില്‍ പോലും പ്രമേഹം വ്യാപകമാവുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതിനപ്പുറം ഹൃദയം, വൃക്കകള്‍, നാഡീവ്യൂഹം എന്നീ അവയവങ്ങളെ സംരക്ഷിക്കുക എന്നതാണ് ആധുനിക പ്രമേഹചികിത്സയുടെ പ്രധാന ലക്ഷ്യം. പ്രമേഹത്തിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും അവ ശരീരത്തിലെ നാഡികളെയും (ഡയബറ്റിക് ന്യൂറോപ്പതി) വൃക്കകളെയും (ഡയബറ്റിക് നെഫ്രോപതി) എങ്ങനെ ബാധിക്കുന്നുവെന്നും കൃത്യമായി മനസ്സിലാക്കുന്നത് ആരോഗ്യകരമായ ദീര്‍ഘായുസ്സിന് അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമേഹ പരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്:
ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍
ദിവസവും വിരലില്‍ സൂചി കുത്തി രക്തം പരിശോധിക്കുന്ന പരിശോധനാ രീതിക്ക് പകരം ചര്‍മ്മത്തില്‍ ഒട്ടിച്ചുവെക്കുന്ന സെന്‍സറുകളിലൂടെ 24 മണിക്കൂറും ഷുഗര്‍ നില അറിയാന്‍ സാധിക്കുന്ന കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സി.ജി.എം) സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്.
അവയവ സംരക്ഷണം നല്കുന്ന മരുന്നുകള്‍
പഞ്ചസാര കുറയ്ക്കുന്നതോടൊപ്പം വൃക്കകളുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കുന്ന നൂതന മരുന്നുകള്‍ ചികിത്സാരംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് ഇന്‍സുലിന്‍ പമ്പുകള്‍
ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് സ്വയം ഇന്‍സുലിന്‍ നല്കുന്ന ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ് സാങ്കേതികവിദ്യയും ലഭ്യമാണ്.
ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും വ്യത്യാസങ്ങള്‍ എന്തെല്ലാം?
പ്രമേഹം എന്ന് പൊതുവായി പറയുമെങ്കിലും, രോഗകാരണത്തിലും ചികിത്സയിലും ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും തികച്ചും വ്യത്യസ്തമാണ്.
ഇതൊരു സ്വയംപ്രതിരോധ രോഗമാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നു. തല്‍ഫലമായി ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം പൂര്‍ണ്ണമായും നിലയ്ക്കുന്നു. മധുരം കൂടുതല്‍ കഴിച്ചതുകൊണ്ടോ വ്യായാമം കുറഞ്ഞതുകൊണ്ടോ ഉണ്ടാകുന്നതല്ല ടൈപ്പ്-1 പ്രമേഹം. സാധാരണയായി കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇവര്‍ക്ക് ജീവന് നിലനിര്‍ത്താന്‍ ജീവിതകാലം മുഴുവന്‍ പുറത്തുനിന്ന് ഇന്‍സുലിന്‍ എടുക്കേണ്ടതുണ്ട്.
ലോകത്തുള്ള ആകെ പ്രമേഹരോഗികളില്‍ 90 മുതല്‍ 95 ശതമാനം വരെയും ടൈപ്പ്-2 വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇവിടെ പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശരീരകോശങ്ങള്‍ക്ക് ആ ഇന്‍സുലിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. ഇതിനെ ഇന്‍സുലിന്‍ പ്രതിരോധം എന്ന് വിളിക്കുന്നു. പാരമ്പര്യം, അമിതവണ്ണം, വ്യായാമമില്ലായ്മ, അമിതമായ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപയോഗം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ജീവിതശൈലിയിലെ മാറ്റങ്ങളും ചികിത്സകളും മുഖേന ഇത് നിയന്ത്രിക്കാനാകും.
രോഗം ആരംഭിക്കുന്ന പ്രായത്തിലും ലക്ഷണങ്ങള്‍ പ്രകടമാകുന്ന രീതിയിലും ഇവ തമ്മില്‍ വ്യക്തമായ അന്തരമുണ്ട്. ടൈപ്പ്-1 പ്രമേഹം പ്രധാനമായും കുട്ടികളിലും യുവാക്കളിലുമാണ് കണ്ടുവരുന്നത്. അമിത ദാഹം, ശരീരഭാരം കുറയല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഇവരില്‍ വളരെ പെട്ടെന്ന് തന്നെ പ്രകടമാകുന്നു. മറുവശത്ത് ടൈപ്പ്-2 പ്രമേഹം സാധാരണയായി മുതിര്‍ന്നവരിലാണ് കണ്ടുവരുന്നതെങ്കിലും മാറിയ ജീവിതശൈലി കാരണം ഇന്ന് യുവാക്കളിലും ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ വളരെ സാവധാനത്തില്‍ മാത്രമാണ് പ്രകടമാകുന്നത്. പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ യാതൊരുവിധ രോഗലക്ഷണങ്ങളും അനുഭവപ്പെടാറുമില്ല.
ചികിത്സാരീതിയില്‍ ഇരു രോഗങ്ങള്‍ക്കും വ്യത്യസ്തമായ സമീപനമാണ് ആവശ്യമുള്ളത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം നിലയ്ക്കുന്നതിനാല്‍ ടൈപ്പ്-1 പ്രമേഹബാധിതര്‍ക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. എന്നാല്‍ ടൈപ്പ്-2 പ്രമേഹം കൃത്യമായ ഭക്ഷണക്രമീകരണം, ചിട്ടയായ വ്യായാമം, ഗുളികകള്‍ എന്നിവയിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ രോഗാവസ്ഥയ്ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാത്രമാണ് ഇവര്‍ക്ക് ഇന്‍സുലിന്‍ ചികിത്സ വേണ്ടിവരുന്നത്.
ദീര്‍ഘകാലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമല്ലാതെ തുടരുമ്പോള്‍, നാഡികളിലേക്ക് രക്തമെത്തിക്കുന്ന സൂക്ഷ്മ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. തുടര്‍ന്ന് ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ നശിപ്പിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി.
കാല്പാദങ്ങളിലെ മരവിപ്പും തരിപ്പും
കാലുകളിലും കൈകളിലും സൂചി കുത്തുന്നതുപോലുള്ള തരിപ്പ്, മരവിപ്പ്, ഉറുമ്പരിക്കുന്നതുപോലുള്ള തോന്നല്‍ എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍ (പെരിഫെറല്‍ ന്യൂറോപ്പതി).
കഠിനമായ പുകച്ചില്‍
പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ കാല്പാദങ്ങളില് തീ പിടിക്കുന്നതുപോലുള്ള പുകച്ചിലും വേദനയും അനുഭവപ്പെടുക.
സ്പര്‍ശനശേഷി നഷ്ടപ്പെടുക
കാലില്‍ ചെറിയ മുറിവുകളോ, കല്ലുകൊണ്ടുള്ള ചതവുകളോ, ചൂടോ തണുപ്പോ അറിയാതെ പോകുക.
ആന്തരിക അവയവങ്ങളെ ബാധിക്കുക
ദഹനപ്രശ്നങ്ങള്‍, മലബന്ധം അഥവാ വയറിളക്കം, എഴുന്നേല്ക്കുമ്പോള് തലകറക്കം, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടല്‍ എന്നിവയും നാഡീതകരാറുകളുടെ ഭാഗമായി ഉണ്ടാകാം.
വൃക്കരോഗങ്ങള്‍ക്ക് പിന്നിലെ ഏറ്റവും പ്രധാന കാരണം പ്രമേഹമാണ്. രക്തത്തിലെ അമിതമായ ഗ്ലൂക്കോസ്, വൃക്കകളിലെ രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ദശലക്ഷക്കണക്കിന് സൂക്ഷ്മ അരിപ്പകളെ സാവധാനം നശിപ്പിക്കുന്ന അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തില്‍ ഡയബറ്റിക് നെഫ്രോപ്പതി എന്ന് വിളിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങളൊന്നും പ്രകടമാകാതെ വൃക്കകളുടെ പ്രവര്‍ത്തനക്ഷമതയെ സാരമായി ബാധിക്കുന്നതിനാലാണ് ഇതിനെ നിശ്ശബ്ദ ശത്രു എന്ന് വിശേഷിപ്പിക്കുന്നത്.
പ്രാരംഭ ഘട്ടത്തില്‍ ഡയബറ്റിക് നെഫ്രോപ്പതി യാതൊരുവിധ രോഗലക്ഷണങ്ങളും കാണിക്കാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം 70 മുതല്‍ 80 ശതമാനം വരെ തകരാറിലായ ശേഷമായിരിക്കും പലപ്പോഴും ലക്ഷണങ്ങള്‍ പുറത്തുവരുന്നത്.
പ്രമേഹം എന്നത് ഭയപ്പെടേണ്ട ഒന്നല്ല മറിച്ച് ചിട്ടയായ ജീവിതശൈലിയിലൂടെ സങ്കീര്‍ണ്ണതകളില്ലാത്ത ജീവിതത്തിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശീലമാക്കുക:
എ.ബി.സി നിയന്ത്രണം: നിങ്ങളുടെ മൂന്ന് മാസത്തെ ശരാശരി ഷുഗര്‍ നില 7%-ല്‍ താഴെ നിയന്ത്രിക്കുക, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ എപ്പോഴും സുരക്ഷിത പരിധിയില്‍ നിലനിര്‍ത്തുക.
സമീകൃതാഹാരം: അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും, പ്രോട്ടീന്‍ അടങ്ങുന്ന പയര്‍വര്‍ഗ്ഗങ്ങള്‍, മത്സ്യം, മുട്ട, തൈര് എന്നിവ കഴിക്കുക.
കൃത്യമായ വ്യായാമം: ദിവസേന മിതമായ വ്യായാമം ശീലമാക്കുക.
കൃത്യമായ ഇടവേളകളില്‍ പരിശോധന: പ്രമേഹവും മറ്റു അനുബന്ധ പരിശോധനകളും മുടങ്ങാതെ നടത്തുക.
മരുന്നുകളില്‍ വിട്ടുവീഴ്ച അരുത്: ഷുഗര്‍ നില സാധാരണയായെന്ന് കരുതി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകളോ ഇന്‍സുലിനോ നിര്‍ത്തരുത്.
അറിവാണ് പ്രമേഹത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം. രോഗത്തെ നേരത്തെ തിരിച്ചറിയുകയും ആധുനിക ചികിത്സാരീതികളും ആരോഗ്യകരമായ ജീവിതശൈലിയും ഒന്നിച്ച് കൊണ്ടുപോകുകയും ചെയ്താല്‍ നാഡികളെയും വൃക്കകളെയും പൂര്‍ണ്ണ ആരോഗ്യത്തോടെ സംരക്ഷിക്കാനും സാധാരണ ജീവിതത്തിലേക്ക് ഊര്‍ജ്ജസ്വലമായി മടങ്ങാനും ഓരോ പ്രമേഹബാധിതനും സാധിക്കും.
Content Highlights : Diabetes is no longer a condition that affects only the elderly. Due to changing lifestyles, unhealthy dietary habits, and mental stress, it is becoming increasingly prevalent even among young people in their twenties and thirties.