നാലാം ഘട്ട ക്യാന്‍സറിനെയും വരുതിയിലാക്കാം: ഈ ആധുനിക ചികിത്സയിലൂടെ

നാലാം ഘട്ട ക്യാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല. ദീര്‍ഘകാല രോഗമായി ക്യാന്‍സറിനെയും മാറ്റാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്ന് സാധിക്കുന്നുണ്ട്.

സ്റ്റേജ് 4 ക്യാന്‍സര്‍ എന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ രോഗികളും ബന്ധുക്കളും ഒരുപോലെ ആകെ തകര്‍ന്നുപോകുന്ന കാഴ്ചയാണ് നാം സാധാരണയായി കാണാറുള്ളത്. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞു എന്നതിനാല്‍ ഇനി ചികിത്സയില്ലെന്നും ജീവിതം അവസാനിച്ചു എന്നും വിലയിരുത്തുന്ന രീതി ഇന്നും സമൂഹത്തിലുണ്ട്. എന്നാല്‍ ആധുനിക അര്‍ബുദ ചികിത്സാ രംഗത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ഈ ധാരണകളെ പാടെ തിരുത്തിക്കുറിക്കുകയാണ്.ഇന്ന് നാലാം ഘട്ട ക്യാന്‍സര്‍ എന്നാല്‍ ജീവിതത്തിന്റെ അവസാനമല്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പോലെ കൃത്യമായ ചികിത്സയിലൂടെ വര്‍ഷങ്ങളോളം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒരു ദീര്‍ഘകാല രോഗമായി ക്യാന്‍സറിനെയും മാറ്റാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്ന് സാധിക്കുന്നുണ്ട്.

എന്താണ് നാലാം ഘട്ട ക്യാന്‍സര്‍?

ക്യാന്‍സര്‍ കോശങ്ങള്‍ ആദ്യം രൂപപ്പെട്ട അവയവത്തില്‍ നിന്ന് രക്ത ഓട്ടത്തിലൂടെയോ ലിംഫ് വ്യവസ്ഥയിലൂടെയോ ശ്വാസകോശം, കരള്‍, അസ്ഥികള്‍, തലച്ചോറ് തുടങ്ങിയ ശരീരത്തിലെ മറ്റ് ദൂരസ്ഥ ഭാഗങ്ങളിലേക്ക് പടരുന്ന ഘട്ടമാണിത്. വൈദ്യശാസ്ത്രത്തില്‍ ഇതിനെ മെറ്റാസ്റ്റാറ്റിക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നു. പണ്ട് ഈ ഘട്ടത്തില്‍ നല്‍കിയിരുന്ന ചികിത്സകള്‍ രോഗിയുടെ വേദന കുറയ്ക്കാന്‍ മാത്രമായി ചുരുങ്ങിയിരുന്നുവെങ്കില്‍ ഇന്ന് രോഗബാധയെ ദീര്‍ഘകാലം നിയന്ത്രിക്കാനും ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നുണ്ട്.

ചികിത്സാരീതികളിലെ വിപ്ലവകരമായ മാറ്റം

പഴയകാലങ്ങളില്‍ കീമോതെറാപ്പിയും റേഡിയേഷനുമായിരുന്നു ക്യാന്‍സറുകള്‍ക്കുള്ള പ്രധാന ആശ്രയം. കീമോതെറാപ്പി മരുന്നുകള്‍ ക്യാന്‍സര്‍ കോശങ്ങളോടൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും നശിപ്പിച്ചിരുന്നതിനാല്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്നു ലഭ്യമായ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ചികിത്സയെ കൂടുതല്‍ കൃത്യതയുള്ളതാക്കി:

ടാര്‍ഗെറ്റഡ് തെറാപ്പി

ക്യാന്‍സര്‍ കോശങ്ങള്‍ വളരാനും വിഭജിക്കാനും സഹായിക്കുന്ന പ്രത്യേക ജനിതക വ്യതിയാനങ്ങളെയും പ്രോട്ടീനുകളെയും മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മരുന്നുകളാണിത്. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് വലിയ തകരാര്‍ വരുത്താതെ ക്യാന്‍സര്‍ കോശങ്ങളെ മാത്രം ഇവ കൃത്യമായി നശിപ്പിക്കുന്നു.

ഇമ്മ്യൂണോതെറാപ്പി

ക്യാന്‍സര്‍ കോശങ്ങള്‍ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയില്‍ നിന്ന് ഒളിച്ചിരിക്കാറുണ്ട്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ കോശങ്ങളെ (ടി-സെല്‍സ്) ഉത്തേജിപ്പിച്ച് ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ പ്രാപ്തമാക്കുന്ന രീതിയാണിത്.

ക്യാന്‍സര്‍ ഇനി ഒരു ക്രോണിക് രോഗം

ഒരു വ്യക്തിക്ക് പ്രമേഹമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ പിടിപെട്ടാല്‍, ദിനചര്യകളുടെ ഭാഗമായി മരുന്നുകള്‍ കഴിച്ച് രോഗത്തെ നിയാന്ത്രിച്ച് നിര്‍ത്തി വര്‍ഷങ്ങളോളം സാധാരണ ജീവിതം നയിക്കുന്നു. സമാനമായ രീതിയില്‍ ക്യാന്‍സറുകളെയും നിയന്ത്രണത്തിലാക്കാന്‍ ആധുനിക മരുന്നുകള്‍ക്ക് സാധിക്കുന്നുണ്ട്.

ശ്വാസകോശ അര്‍ബുദം

EGFR, ALK, ROS 1 തുടങ്ങിയ ജനിതക മാറ്റങ്ങളുള്ള നാലാം ഘട്ട ശ്വാസകോശ ക്യാന്‍സര്‍ രോഗികള്‍ക്ക് ടാര്‍ഗെറ്റഡ് ഗുളികകള്‍ നല്‍കുന്നതിലൂടെ രോഗം വര്‍ഷങ്ങളോളം പൂര്‍ണ്ണമായി നിയന്ത്രിച്ചു നിര്‍ത്താനാകുന്നു.

സ്തനാര്‍ബുദം

HER2-Positive അല്ലെങ്കില്‍ ഹോര്‍മോണ്‍ റിസെപ്റ്റര്‍ പോസിറ്റീവ് വിഭാഗത്തില്‍പ്പെടുന്ന സ്തനാര്‍ബുദ രോഗികള്‍ക്ക് ടാര്‍ഗെറ്റഡ് മരുന്നുകളും ഹോര്‍മോണ്‍ തെറാപ്പികളും വഴി ദീര്‍ഘകാലം മെച്ചപ്പെട്ട ആയുസ്സും ജീവിതസൗകര്യവും ഉറപ്പാക്കുന്നു.

രക്താര്‍ബുദങ്ങള്‍ (ക്രോണിക് മെലോയ്ഡ് ലുക്കീമിയ)

ഒരു കാലത്ത് മരണകാരണമായിരുന്ന സി.എം.എല്‍ പോലെയുള്ള ക്യാന്‍സറുകള്‍ ഒരു ചെറിയ ഗുളികയിലൂടെ ഇന്ന് പ്രമേഹം പോലെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

മെലനോമയും വൃക്കയിലെ ക്യാന്‍സറും

ഇമ്മ്യൂണോതെറാപ്പിയുടെ വരവോടെ നാലാം ഘട്ടത്തിലുള്ള ചര്‍മ്മ അര്‍ബുദം (ങലഹമിീാമ), വൃക്കയിലെ ക്യാന്‍സര്‍ (റീനല്‍ സെല്‍ കാര്‍സിനോമ) എന്നിവ ബാധിച്ച പല രോഗികളിലും ദീര്‍ഘകാല രോഗമുക്തി സാധ്യമാകുന്നുണ്ട്.

പ്രസിഷന്‍ മെഡിസിനും ജനിതക പരിശോധനകളും

എല്ലാ രോഗികള്‍ക്കും ഒരേ മരുന്ന് നല്‍കുന്ന രീതിക്ക് പകരം, ഓരോ രോഗിയുടെയും ക്യാന്‍സര്‍ കോശങ്ങളുടെ ഡി.എന്‍.എ ഘടന പരിശോധിച്ച് നല്‍കുന്ന വ്യക്തിഗത ചികിത്സയാണ് പ്രസിഷന്‍ മെഡിസിന്‍.

നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിങ് (എന്‍.ജി.എസ്)

ക്യാന്‍സര്‍ കോശങ്ങളോ രക്തമോ ഉപയോഗിച്ച് നടത്തുന്ന ഈ പരിശോധന വഴി ക്യാന്‍സറിന് കാരണമായ കൃത്യമായ ജനിതക തകരാറുകള്‍ കണ്ടെത്താന്‍ സാധിക്കും.

ഈ ജനിതക മാപ്പിംഗിലൂടെ രോഗിക്ക് ഏറ്റവും ഫലപ്രദമായ ടാര്‍ഗെറ്റഡ് മരുന്ന് ഏതാണെന്ന് മുന്‍കൂട്ടി തീരുമാനിക്കാന്‍ ഓങ്കോളജിസ്റ്റിന് സാധിക്കുന്നു.

മികച്ച ജീവിതനിലവാരം

പരമ്പരാഗത കീമോതെറാപ്പിയുടെ കാഠിന്യമേറിയ പാര്‍ശ്വഫലങ്ങളായ കടുത്ത മുടികൊഴിച്ചില്‍, ക്ഷീണം, അണുബാധയ്ക്കുള്ള സാധ്യത എന്നിവ ടാര്‍ഗെറ്റഡ് തെറാപ്പികളില്‍ വളരെ കുറവാണ്. പല മരുന്നുകളും ഗുളികകളുടെ രൂപത്തിലാണ് ലഭ്യമാകുന്നത്. അതിനാല്‍ രോഗികള്‍ക്ക് ആശുപത്രിവാസം ഒഴിവാക്കി സ്വന്തം വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ചികിത്സ തുടരാനും കരിയറിലും കുടുംബ ജീവിതത്തിലും സജീവമായി ഇടപെടാനും സാധിക്കുന്നു.

നാലാം ഘട്ട ക്യാന്‍സര്‍ എന്നത് ഒന്നിന്റെയും അവസാനമല്ല മറിച്ച് വ്യത്യസ്തമായൊരു ചികിത്സാ ഘട്ടത്തിന്റെ തുടക്കം മാത്രമാണ്. ആധുനിക വൈദ്യശാസ്ത്രം ദിനംപ്രതി കൈവരിക്കുന്ന ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ക്യാന്‍സറിനെ ഒരു സാധാരണ ദീര്‍ഘകാല രോഗം പോലെ നിയന്ത്രിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. കൃത്യമായ ജനിതക പരിശോധനകളും തക്കസമയത്തുള്ള ടാര്‍ഗെറ്റഡ് ചികിത്സകളും വഴി പ്രതീക്ഷയോടെയും ഉയര്‍ന്ന ആത്മവിശ്വാസത്തോടെയും ക്യാന്‍സറിനെ നമുക്ക് അതിജീവിക്കാം.

Content Highlights :Stage 4 cancer is not the end of life. Modern medicine is now capable of transforming cancer into a long-term, manageable condition.

To advertise here,contact us