എൻ്റെയരികിലെ മാതൃശക്തി: ജീവിതത്തിൽ കടന്ന് വന്ന സ്ത്രീകളുടെ ഓർമ്മകളിലൂടെ സൂര്യ കൃഷ്ണമൂർത്തി

സൂര്യകൃഷ്ണമൂർത്തിയുമായി കെ സജിമോൻ നടത്തിയ അഭിമുഖം

11 min read|27 Sep 2026, 04:37 pm

എനിക്ക് ഒരു അസുഖം വന്നാൽ ഞാൻ ആദ്യം കാണാനാഗ്രഹിക്കുന്നത് എന്റെ മകളെയാണ്. ആ സമയത്ത് എന്റെ അരികിൽ ഒരു സ്ത്രീ സാന്നിധ്യം വേണമെന്ന് ഞാനാഗ്രഹിക്കുന്നു. അവരുടെ ആശ്വാസവാക്കുകളും സാന്നിധ്യവുമാണ് എന്റെ രോഗത്തിന്റെ മരുന്ന്. അമ്മ മുതൽ മകൾ വരെ. സൂര്യ കൃഷ്ണമൂർത്തി തന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളെക്കുറിച്ച് പറയുന്നു.

എന്നും പുതിയൊരാളെ കാണുംപോലെ എന്നെ ഉമ്മറപ്പടിയിൽ കാത്തുനിൽക്കുന്ന എന്റെ അമ്മ, കുട്ടിക്കാലത്ത്, എന്നെ ഒക്കത്തിരുത്തി യാത്ര ചെയ്യുന്ന സുജാതച്ചേച്ചിയും സുഗതകുമാരിചേച്ചിയും. അസുഖക്കിടക്കയിൽ കിടക്കുമ്പോൾ ഒന്നുമറിയാതെ ഒരു നിയോഗം പോലെ വിളിക്കുന്ന ശോഭന മുതൽ സുനന്ദ വരെ, പറയാൻ ബാക്കിവച്ചുപോയ മോനിഷ, ജീവിതത്തിലേക്കെടുത്തുയർത്തിയ, നേരിൽ കാണാത്ത പെർലിൻ എന്ന കന്യാസ്ത്രീ, കൊടുത്ത വാക്കു തെറ്റിച്ചതിന് മുഖത്തടിച്ച് മടങ്ങിയ പെണ്ണ്, പിന്നെ എന്റെ മകൾ…… എന്റെ ജീവിതത്തിന് ഊർജ്ജം നൽകിയത് ഇവരാണ്. ഇതിനപ്പുറം, എന്റെ ഗുരുനാഥന്മാരായ എം ടിയും ബഷീറും മനസിലും, ചുറ്റിലും ഗണപതിയും ഉള്ളിടത്തോളം എനിക്ക് പേടിക്കാനില്ല. ഞാൻ സുരക്ഷിതനാണ്.

കൊടുത്ത വാക്കുതെറ്റിച്ചതിനു മുഖത്തടിച്ച പെൺകുട്ടി

വർഷങ്ങൾക്കു മുമ്പത്തെ അനുഭവമാണിത്. ഞാൻ വിവാഹം കഴിക്കുന്നതിനും വളരെ മുമ്പ്. ഒരു പെൺകുട്ടിക്ക് ഞാൻ വാക്കുകൊടുത്തിരുന്നു, ആരുമായും വിവാഹമില്ലെന്ന്. അവളുമായി ഞാനേറെ സംസാരിച്ചിട്ടൊന്നുമില്ലെന്നാണോർമ്മ. എങ്കിലും ഞങ്ങൾ വളരെ അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് ഒരുദിവസം അവൾ പറഞ്ഞത്, നമുക്ക് പരസ്പരം സ്‌നേഹിക്കാം, ബാധ്യതതകളില്ലാതെ. വിവാഹം കഴിച്ചാൽ പ്രേമം കടമയായിതീരും. അതുകൊണ്ട് രണ്ടുപേരും പരസ്പരമോ മറ്റാരുമായോ വിവാഹം ചെയ്യരുത്. അവളുടെ സ്‌നേഹസമവാക്യത്തോട് സമം ചേരാൻ എനിക്കായി. ഞാനവൾക്കങ്ങനെ വാക്കുനൽകി.

ഞങ്ങളുടെ സ്‌നേഹം ബാധ്യതകളില്ലാതെ വളർന്നുവരികയായിരുന്നു. അക്കാലത്ത് എനിക്ക് പല പരിപാടികളിലും ക്ഷണം കിട്ടാറുണ്ട്. ഒരുദിവസം ഒരു വുമൻസ് കോളേജിലെ ഫ്‌ളവർഷോയിൽ പങ്കെടുക്കാനെത്തിയപ്പോൾ കോളേജിൽ വച്ച് ഒരു പെൺകുട്ടി എന്റെയടുത്ത് വന്ന് അദ്ഭുതത്തോടെ നോക്കിനിന്നു. താടി, മുടി, കണ്ണാടി, തോൾസഞ്ചി…..? ഇതെല്ലാം അവൾ എന്നിൽ പരതുകയായിരുന്നു. സൂര്യകൃഷ്ണമൂർത്തി എന്ന് കേട്ടപ്പോൾ അവൾ കരുതിയത് താടിയും മുടിയും നീട്ടി, ഒരു കട്ടിക്കണ്ണടയിട്ട്, തോൾസഞ്ചിയും തൂക്കി നടക്കുന്നൊരാൾ എന്നായിരുന്നു. അവൾ അക്കാര്യം എന്നോട് നേരിട്ട് പറഞ്ഞു. ഇതിൽ നിന്ന് വ്യത്യസ്തനായ എന്നെ കണ്ടപ്പോൾ ശരിക്കും അവൾ അമ്പരന്നു. ആ പെൺകുട്ടിയുമായും എനിക്ക് നല്ല അടുപ്പമായി. അവൾ എന്നെയാണ് ഈ ലോകത്ത് മറ്റാരെക്കാളും സ്‌നേഹിക്കുന്നതെന്ന് അവൾ പലപ്പോഴും പറഞ്ഞു. ഒരു പാവം പെൺകുട്ടിയാണവൾ. സ്‌നേഹിക്കാൻ മാത്രമറിയുന്നവൾ. അതിനിടയിൽ അവൾക്ക് വീട്ടുകാർ വേറൊരു വിവാഹമുറപ്പിച്ചു. ഇതറിഞ്ഞയുടൻ അവൾ ചെറുക്കന്റെ വീട്ടിൽ പോയി വിവാഹത്തിൽ താൽപര്യമില്ലെന്ന് പറഞ്ഞുവന്നു. ഇത് വീട്ടിൽ വിഷയമായി. അവളെ എങ്ങനെയും അയാളുമായി വിവാഹം നടത്തിക്കുമെന്ന് അച്ഛനും ബന്ധുക്കളും. അവൾ എന്റടുത്ത് വന്നു, എന്നെ വിവാഹം ചെയ്യണം. ഇല്ലെങ്കിൽ എനിക്ക് മരിക്കേണ്ടിവരും. അവൾ ഉറപ്പിച്ചുപറഞ്ഞു.

എന്തുചെയ്യുമെന്നറിയാതെ ഞാൻ നിന്നു. ഞാനൊരു പെണ്ണിന് വാക്കുകൊടുത്തതാണ്. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്. ഒരുഭാഗത്ത് വിവാഹം കഴിക്കരുതെന്നു പറഞ്ഞ് അവൾ. മറുഭാഗത്ത് വിവാഹം ചെയ്തില്ലെങ്കിൽ മരിക്കുമെന്ന് പറഞ്ഞ് മറ്റൊരുവൾ. ഒടുക്കം ഞാൻ അവളെ കണ്ടു കാര്യങ്ങൾ പറയാൻ തീരുമാനിച്ചു. അവളുടെ വീട്ടിലെത്തി വാതിലിന്റെ മറവിൽ അവൾ നിൽക്കുന്നു. ഞാൻ കാര്യം പറഞ്ഞു. രണ്ടു കുടുംബത്തെ രക്ഷിക്കാനെങ്കിലും ഞാൻ നിനക്ക് തന്ന വാക്ക് തെറ്റിക്കേണ്ടിവരും. അതുകൊണ്ട് ഞാൻ ആ കുട്ടിയെ വിവാഹം ചെയ്യുകയാണ്.ഞാൻ പറഞ്ഞുതീരും മുമ്പേ വാതിൽപാളി ആഞ്ഞടിച്ചു. വാതിലുകളടഞ്ഞു. അവൾ അകത്തേക്ക് മറഞ്ഞു. ഞാൻ തിരിഞ്ഞുനടന്നു. എന്റെ മുഖത്ത് വാതിൽപാളി അടിച്ചുവീർത്ത വേദനയേക്കാളും മനോവിഷമത്തോടെ ഞാൻ നടന്നു. അവൾക്കു മുന്നിൽ അത്രത്തോളം എന്റെ ശിരസ് കുനിഞ്ഞുപോയിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതം രക്ഷിക്കാനല്ലേ എന്ന ആശ്വാസമായിരുന്നു എന്റെ മനസിലെങ്കിലും. അതിനും ആയുസുണ്ടായില്ല. വിവാഹത്തിനുള്ള വീട്ടുകാരുടെ സമ്മർദ്ദമായപ്പോൾ മറ്റേ പെൺകുട്ടി ആത്മഹത്യ ചെയ്തു.

പ്രതികരിക്കുന്ന സ്ത്രീ

സൂര്യയിൽ കഥക് നൃത്തത്തിന് നാലു പെൺകുട്ടികളെത്തിയിരുന്നു. നാലുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് നൃത്താവതരണം. അതിനിടയിൽ അവർ ടൗണിൽ ഹിന്ദി സിനിമയ്ക്കു പോകണമെന്ന് പറഞ്ഞു. ഞാൻ തന്നെ കൂടെപോയി. സിനിമ കണ്ടുകൊണ്ടിരിക്കെ പുറകിൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദവും തുടർന്ന് ബഹളവും. ഒരു കൊലുന്നനെയുള്ള പെണ്ണ്. ഒരാണിനെ തല്ലി. ഇതുകണ്ടു നിന്ന ഞാനും എന്റെ പ്രായമൊന്നും നോക്കിയില്ല. അവനിട്ട് രണ്ട് കൊടുത്തു. അവൻ കുറേ നേരമായി തീയേറ്ററിലിരുന്ന് പെൺകുട്ടികളെ ശല്യം ചെയ്യുന്നു. പലരും ക്ഷമിച്ചു. നാണക്കേട് ഭയന്ന് മിണ്ടാതിരുന്നു. ഈ പെൺകുട്ടിയുടെ അടുത്തെത്തിയപ്പോൾ അവൾ അവനിട്ട് കൊടുത്തതാണ്. ഞാനവളെ അഭിനന്ദിച്ചു, മൊത്തം സ്ത്രീത്വത്തെ രക്ഷിക്കുന്ന പ്രവർത്തിയാണ് നീ ചെയ്തത്. അതാണ് ശരി.

പുരുഷൻ ശരീരം കൊണ്ട് ബലവാനാകുമ്പോൾ സ്ത്രീ മനസ് കൊണ്ടാണ് ശക്തയാകുന്നത്. ഒരക്രമസംഭവമുണ്ടായാൽ ആദ്യം പ്രതികരിക്കുന്നത് അവളായിരിക്കും. ശബ്ദം കൊണ്ടോ, കൈ കൊണ്ടോ, ആയുധം കൊണ്ടോ അവൾ പ്രതികരിക്കും. അതുകൊണ്ട് ഒരു പെണ്ണിന്റെ മനസിൽ തൊടാതെ ശരീരത്തിൽ തൊടാൻ പറ്റില്ലെന്നു കരുതുന്നവനാണ് ഞാൻ. മനശ്ശക്തിയുള്ളവൾ ദേവതയാണ്. സൂര്യയുടെ വേദികളിൽ നൃത്തമവതരിപ്പിക്കാനെത്തുന്നവരെയെല്ലാം ഞാൻ ദേവതയായാണ് കാണുന്നത്. അത് ഒരു ചെറിയ കുട്ടിയായാൽ പോലും ഞാൻ തൊഴും. സിനിമാറ്റിക് ഡാൻസിന് എന്റെ വേദികളിൽ സ്ഥാനമില്ല. സിനിമാറ്റിക് ഡാൻസ് ഉണ്ടാക്കുന്നത് ശാരീരികമായ വികാരങ്ങളാണ്. ഒരു തലമുറയെ തകർക്കുന്നതാണ് സിനിമാറ്റിക് ഡാൻസ്. ഇതിന് അണിയിച്ചൊരുക്കി പെൺമക്കളെ നിർത്തുന്നതും പലപ്പോഴും അമ്മമാരാണ്.

ഒരു നർത്തകിയുടെ സ്‌നേഹം

മൂർത്തിച്ചേട്ടാ എന്ന അവളുടെ വിളി കേൾക്കുമ്പോൾ തന്നെ എന്റെ അസുഖത്തിന് ഒരു മരുന്ന് പുരട്ടിയതുപോലെയാണ്. ഇന്ന് ഞാൻ ബാക്‌പെയിനായി കിടന്നവേളയിലും അതൊന്നുമറിയില്ലെങ്കിലും ആ വിളി എന്റെ ഫോണിലെത്തിയിരുന്നു. ആ സ്‌നേഹത്തെ എങ്ങനെ വിളിക്കുമെന്നോ എന്ത് പറയുമെന്നോ അറിയില്ല. ദൈവികമായ സ്‌നേഹം, അതാണ് ഞാനും ശോഭനയും തമ്മിലുള്ളത്. ഒരു ഏട്ടനോടുള്ള സ്‌നേഹവും പരിഗണനയും സ്വാതന്ത്ര്യവും ഞങ്ങൾ പരസ്പരം അനുവദിച്ചു. തിരുവനന്തപുരത്ത് ശോഭനയുടെ പരിപാടി നടക്കുകയാണ്. എനിക്കാണെങ്കിൽ പരിപാടി തീരുന്നതുവരെ നിൽക്കാൻ പറ്റില്ല. കൊച്ചിയിലെത്തി ഭുവനേശ്വറിലേക്ക് ഫ്‌ളൈറ്റിന് പോകണം. പ്രോഗ്രാമിനു മുമ്പു തന്നെ ശോഭനയോട് ഞാൻ പറഞ്ഞു. ഒറ്റയ്ക്ക് കൊച്ചിവരെ കാറേടിച്ചു പോകേണ്ടതാണ്. അതോണ്ട് പരിപാടി കഴിഞ്ഞയുടൻ ഞാനങ്ങ് പോകും. മൂർത്തിച്ചേട്ടൻ ഒറ്റയ്ക്ക് പോകില്ല. ഞാനും കൂടെ വരും, ശോഭന ഉറപ്പിച്ചുപറഞ്ഞു.

എന്നെക്കുറിച്ചുള്ള ചിന്തകളായിരുന്നു ശോഭനയ്ക്ക് പിന്നീട്. നൃത്തം അവതരിപ്പിച്ചു തീർന്നതും ശോഭന മേക്കപ്പുകൾ പലതും മാറ്റിവച്ചില്ല. എന്നെയും കൊണ്ട് കാറിൽ രാത്രി തന്നെ നെടുമ്പാശേരിയിലേക്ക് യാത്ര തരിച്ചു. മണിക്കൂറോളം വേദിയിൽ ആടിയതിന്റെ ക്ഷീണത്തേക്കാളും വലുതായാണ് എന്റെ ഒറ്റയ്ക്കുള്ള യാത്രയെ ശോഭന കണ്ടത്.

ശോഭനയെപോലെ നർത്തകിമാരായ പ്രിയദർശിനി ഗോവിന്ദ്, പത്മസുബ്രഹ്‌മണ്യം, ലക്ഷ്മിഗോപാലസ്വാമി, എല്ലാവരുമായും ഞാൻ ആ ദൈവികമായ സ്‌നേഹം പുലർത്തിയിരുന്നു. ലോകം മുഴുവൻ കാത്തിരിക്കുന്ന ഡാൻസർ, പ്രിയദർശിനി ഗോവിന്ദ് മകന്റെ ഉപനയനത്തിന് പുറമെ നിന്ന് ഒരാളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അതെന്നെയായിരുന്നു. ഒരനിയനെപ്പോലെയാണ് പത്മസുബ്രഹ്‌മണ്യം എന്നെ സ്‌നേഹിക്കുന്നത്. ഗുരുനാഥനെപ്പോലെയാണ് ലക്ഷ്മി എന്നെ കാണുന്നത്. ഒന്നും പ്രതീക്ഷിക്കാതെയുള്ള എന്റെ കലാഅർപ്പണത്തെയാണ് അവർ ബഹുമാനിക്കുന്നത്, സ്‌നേഹിക്കുന്നത്. ഞാൻ ആ സ്‌നേഹത്തെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നു. സൂര്യ എന്ന പ്രസ്ഥാനം കലാകാരന്മാർക്ക് നൽകുന്ന ആദരം അതാണ്. ഇത് തകരാതെ നിൽക്കുന്നതിനുള്ള കാരണവും പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള പ്രവർത്തനമാണ്. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും മരണം സംഭവിച്ചല്ലാതെ ഒരാൾ പോലും സൂര്യയിൽ നിന്ന് കൊഴിഞ്ഞുപോയിട്ടില്ല. ആർക്കാണ് ഒരിക്കലെങ്കിലും വേദിയിൽ കയറി മുഖം കാണിക്കണമെന്ന് ആഗ്രഹമില്ലാത്തത്. എന്നാൽ ഇത്രവർഷത്തിനിടയിലും പലരും അണിയറയിൽതന്നെയായിരുന്നു. എങ്കിലും അവർ കാണിക്കുന്ന ആത്മാർത്ഥത അതാണ് സൂര്യയുടെ നിലനിൽപ്പ്.

ആ ഐസ് സ്റ്റിക്കിനോളം മധുരം….?

ഒരു സിനിമാതാരത്തെ ഇഷ്ടപ്പെടുന്നൊരാൾ അയാളുടെ ദു:ഖങ്ങൾ ഒരിക്കലും ആ താരത്തോട് പറയില്ല. എന്നാൽ എന്നെ ഇഷ്ടപ്പെടുന്നവർ എന്നോട് അവരുടെ എല്ലാ ദു:ഖങ്ങളും എന്നോട് പറയും. ഞാനത് കേൾക്കാൻ സമയം കണ്ടെത്തുകയും ചെയ്യും. അതെന്റെ ഭാഗ്യമാണ്. എന്നോട് പറയുന്നവരുടെ വലിപ്പചെറുപ്പമോ പണമോ നോക്കിയല്ല ഞാൻ ആ വാക്കുകൾക്ക് ചെവി നൽകുന്നത്. വേദനയ്ക്ക് ഞാൻ ഹൃദയമാണ് നൽകുന്നത്. നീലേശ്വരത്തെ ഐസ് വിൽപനക്കാരനും ഞാൻ നൽകിയത് ഹൃദയമായിരുന്നു.

കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിൽ സ്ത്രീപർവം എന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ നടക്കുകയായിരുന്നു. നാലുദിവസം നീളുന്ന ഷോയാണ്. ആദ്യദിവസം ഷോ കഴിഞ്ഞ് ഞാൻ താമസിക്കുന്ന ലോഡ്ജിൽ നിന്നു പുറത്തിറങ്ങിയപ്പോൾ മുന്നിൽ ഒരു ഐസുവിൽപ്പനക്കാരൻ. തലേദിവസം എന്റെ ഷോ കണ്ടിരുന്നു. അത് അയാൾക്കത്രയ്ക്കും ഇഷ്ടപ്പെട്ടിരുന്നു. അയാൾക്ക് ആ സ്‌നേഹമാണ് എന്നോട്. ഞാൻ കയറിവരാൻ പറഞ്ഞിട്ടും അകത്തേക്കുവന്നില്ല. ദേഹം അഴുക്കാണെന്ന് പറഞ്ഞ് മാറിനിന്നു. ഞാൻ അടുത്തുചെന്നു. അയാൾ ഉടൻ ഐസിന്റെ ചതുരക്കുട്ടയിൽ കയ്യിട്ട് സേമിയയും മുന്തിരിയുമിട്ട ഐസ് സ്റ്റിക്കെടുത്ത് എന്റെ നേരെ നീട്ടി. ഐസ് വെള്ളത്തിൽ കിടക്കുന്ന അയാളുടെ കൈവിരലുകൾ പുഴുത്തതുപോലെ നിന്നു. എങ്കിലും ആ കൈകൊണ്ട് രാവിലെ ഐസ് ഉണ്ടാക്കുമ്പോൾ അയാൾ എത്രമാത്രം സ്‌നേഹം അതിലിട്ടിട്ടുണ്ടാകണം. ഞാൻ ഐസ് കഴിക്കുമ്പോൾ അയാളുടെ മുഖത്തെ സന്തോഷം. അതിലറിയാം. മറ്റെന്തിനാണ് ആ ഐസ് സ്റ്റിക്കിനോളം മധുരം..?

എന്റെ പ്രതിഫലങ്ങൾ ഈ സ്‌നേഹം മാത്രമാണ്. തുകയായി കിട്ടുന്നത് ഞാൻ സ്വീകരിക്കാറില്ല. പ്രതിഫലം വാങ്ങി ചെയ്യേണ്ടതല്ല കല എന്ന് എന്നെ പഠിപ്പിച്ചത് പയ്യന്നൂരിലെ ഒരു വെളിച്ചപ്പാടും, പേരറിയാത്ത, മുഖത്തെഴുത്തിൽ മാത്രം തിരിച്ചറിയുന്ന ഒരു കൃഷ്ണനാട്ടം കലാകാരനുമാണ്. പ്രതിഫലമില്ലെങ്കിലും ഞാൻ ജീവിക്കും. എന്റെ കൂടെ എം.ടി.യും ബഷീറും എന്റെ ഗണപതിയുമുണ്ട്.

സ്‌നേഹം പ്രകടിപ്പിക്കാത്ത എം.ടി.?

എം ടി വാസുദേവൻ നായർ എന്റെ ഗുരുനാഥനാണ്. സ്‌നേഹത്തെക്കുറിച്ച് കഥയെഴുതാൻ ഇപ്പോഴും എം.ടി.യ്ക്ക് സാധിക്കുന്നു. അദ്ദേഹം സ്‌നേഹം ഒരു ചിരിയിലൂടെ പോലും പ്രകടിപ്പിക്കുന്നയാളല്ല. ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന എന്റെയടുത്തെത്തി എന്റെ കൈ നെഞ്ചോട് ചേർത്ത് ഏറെ നേരമിരുന്നതും പറയാനെന്തോ ബാക്കിവച്ച് നടന്നതും വിദേശത്തെ തണുത്ത വേദിയിൽ സ്വന്തം ഷാളുകൊണ്ടെന്നെ പുതപ്പിച്ചതും… ആ സ്‌നേഹത്തിന്റെ പ്രകടനത്തെ ഞാൻ അനുഭവിച്ചിരുന്നു.

കോഴിക്കോട് നാടകം കളിക്കുമ്പോൾ, അദ്ദേഹം തീരെ അവശനായിരുന്നു. എങ്കിലും നാടകത്തിനെത്തി. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയാണ് എം ടി ഇനി തീയേറ്ററിലേക്ക് കയറണമെങ്കിൽ സ്റ്റെപ്പ് കയറണം. ദൂരെ നിൽക്കുന്ന എന്നെ മാടിവിളിച്ചു. എന്റെ കൈ പിടിച്ച് ആ സ്റ്റെപ്പ് കയറി. ആർക്കും കൊടുക്കാതെ ആ സ്‌നേഹം പോലും എനിക്ക് നൽകുകയായിരുന്നുവെന്നേ എനിക്കതിനെ കാണാനാവൂ. അദ്ദേഹം എന്റെ വികാരമാണ്. അദ്ദേഹത്തിന്റെ രണ്ടുവരികൾ വായിച്ചാൽ തന്നെ എന്റെ കണ്ണുനിറയും. ഈറൻമിഴികളോടെമാത്രമേ തുടർന്നു വായിക്കാൻ സാധിക്കൂ. എം ടി എന്ന എഴുത്തുകാരനും ബഷീർ എന്ന മനുഷ്യനുമാണ് എന്നെ ഞാനാക്കിയത്. സ്‌നേഹം എന്ന വികാരത്തെ തൊടണമെങ്കിൽ ബഷീറിനെ തൊട്ടാൽ മതി. സ്‌നേഹത്തിനുവേണ്ടി ത്യജിക്കേണ്ടിവരും. അങ്ങനെ ഒട്ടേറെ ത്യജിക്കേണ്ടിവന്നയാളാണ് ബഷീർ. ബഷീറിന്റെ സ്‌നേഹം കിണറുപോലയാണ്. കോരിയെടുക്കുന്നതിനനുസരിച്ച് അതങ്ങനെ നിറയും. അദ്ദേഹം ജീവിതത്തിലൂടെ പഠിപ്പിച്ച ആ തത്വങ്ങൾ ഞാൻ ജീവിതത്തിൽ പകർത്തി ഗുരുദക്ഷിണ നൽകുന്നു.

വിഘ്‌നേശ്വരൻ ശരണം

സ്വാതിതിരുനാൾ മഹാരാജാവ് പൂജിച്ച ഒരു വിഘ്‌നേശ്വര വിഗ്രഹം മഹാരാജാവ് തിരുമനസ് പൂജിക്കുവാൻ നൽകി. അങ്ങനെയാണ് ആദ്യവിഘ്‌നേശ്വരൻ പടികയറിവന്നത്. അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു, ഷോകേസിൽ വയ്ക്കാനല്ല, പൂജാമുറിയിൽവയ്ക്കണമെന്ന്.ഇന്നിവിടെ 1500-ാളം ഗണപതി വിഗ്രഹങ്ങളുണ്ട്. എല്ലാം വ്യത്യസ്തങ്ങൾ. സമ്മാനമായി കിട്ടുന്നതും ഗണപതി വിഗ്രഹങ്ങളാണ്. ലക്ഷ്മി ഗോപാലസ്വാമി സ്വന്തമായി നിർമ്മിച്ചുനൽകിയ ഒരു ഗണപതി രൂപമുണ്ട്. സൂര്യ കൃഷ്ണമൂർത്തി എന്ന പേരിലെ അക്ഷരങ്ങളിൽ തീർത്ത ഗണപതിരൂപം. എല്ലാത്തിനും എന്തെങ്കിലും വ്യത്യസ്തത. ചുറ്റിലും ഗണപതിയുള്ളപ്പോൾ ഈ വീട് നിറയെ പോസിറ്റീവ് എനർജിയാണ്. ദൈവികമായ സൗഹൃദം എന്നുപറയുന്നതുപോലെ ദൈവികമായ ഒരാനന്ദമാണിവിടെ.

സുജാതയുടെ കുഞ്ഞനിയൻ

സുഗതകുമാരി ചേച്ചിയുടെ വീടിനടുത്തായിരുന്നു എന്റെ വീട്. അവരുടെ വീട്ടിലെയും ഏക ആൺതരിയാണ് ഞാനെന്ന് അവരും ഞാനും വിശ്വസിച്ചിരുന്നു. രാവിലെ മുതൽ ഞാൻ അവിടെത്തന്നെയായിരിക്കും. സുഗതകുമാരിചേച്ചിയുടെ അനുജത്തി സുജാതയാണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. എന്നെ ഒക്കത്തെടുത്ത് അവരൊക്കെ നടക്കും. കാർത്യായനിഅമ്മ എനിക്ക് കഥകൾ പറഞ്ഞുതരും, കവിതകൾ ചൊല്ലിത്തരും. കവിതകളൊന്നും മനസിലാകില്ലെങ്കിലും ഒരു കടൽ കാണുന്ന കുട്ടിയെപ്പോലെ ഞാനതെല്ലാം അദ്ഭുതത്തോടെ നോക്കിനിൽക്കും. എന്റെ സ്‌നേഹത്തിന്റെയും ഭാഷയുടെയും ആദ്യപാഠങ്ങൾതന്ന വീടാണത്. ഇന്നും ആ സൗഹൃദത്തിന്റെ കാണാച്ചരട് ഞങ്ങളെ ബന്ധിച്ചിട്ടുണ്ട്.

Content Highlights: Soorya Krishnamoorthy shares heartfelt memories and reflections on the women who have played significant roles in his life, highlighting their strength, influence and enduring presence.

To advertise here,contact us