രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസനീയവുമായ ഭരണഘടനാ സ്ഥാപനങ്ങളിൽ പ്രഥമഗണനീയമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ 2025 ഫെബ്രുവരി മുതൽ ആ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇപ്പോൾ ഉയരുന്ന പരാതികളും വിമർശനങ്ങളും ആ വിശ്വാസത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് മാറുകയാണ്. അദ്ദേഹത്തിൻ്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ മുതൽ വോട്ടർപട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായ ഭിന്നതകൾ വരെ ഇപ്പോൾ ഗ്യാനേഷ് കുമാറിൻ്റെ വിശ്യാസ്വത ചോദ്യം ചെയ്യുന്ന നിലയിലാണ് ഉയർന്ന് വരുന്നത്.
2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് ഇലക്ഷൻ കമ്മീഷണർമാരും എന്ന പുതിയ നിയമപ്രകാരമാണ് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകുന്നത്. 2023ൽ സുപ്രീം കോടതിയുടെ ഇടക്കാല വിധിപ്രകാരം നിർദ്ദേശിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സെലക്ഷൻ പാനലിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2023ലെ പുതിയ നിയമപ്രകാരം ഈ സെലക്ഷൻ പാനലിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയായുമായിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിൽ അദ്ദേഹം തന്നെ നാമനിർദേശം ചെയ്യുന്ന സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി അംഗമാകുമ്പോൾ ആ മന്ത്രിയിൽനിന്ന് സ്വതന്ത്രമായ നിലപാട് പ്രതീക്ഷിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. ഇത്തരം ചോദ്യങ്ങളുടെ ധാർമ്മിക പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ മൂന്നംഗ സെലക്ഷൻ പാനലിൽ ഭരണകക്ഷിക്ക് രണ്ട് പേരുടെ ഉറച്ച ഭൂരിപക്ഷം ലഭിക്കുന്ന നിലയിലാണ് പുതിയ നിയമം ഉണ്ടാക്കിയത്. പുതിയ നിമയത്തിൻ്റ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട സെലക്ഷൻ പാനൽ ആദ്യം തെരഞ്ഞെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാർ.
ആ ഘട്ടത്തിൽ തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ വിയോജിപ്പുമായി രംഗത്ത് വന്നിരുന്നു. പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജികൾ നിലനിൽക്കുമ്പോൾ നിയമനം നടത്തരുതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജികൾ വിശാല ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 'ബാറ്റ് ചെയ്യുന്ന ടീം തന്നെയാണ് അമ്പയറിനെ തെരഞ്ഞെടുത്തതെങ്കിൽ, അമ്പയർ ശരിയായ തീരുമാനമെടുത്താലും അദ്ദേഹത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ഉയരാൻ സാധ്യതയുണ്ടാകും. അമ്പയർ ആ ടീമിനോട് പക്ഷപാതം കാണിച്ചേക്കുമെന്ന ധാരണ നിലനിൽക്കാമെന്നും' കേസ് പരിഗണിച്ച ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ദീപാങ്കർ ദത്ത അഭിപ്രായപ്പെട്ടിരുന്നു. കാബിനറ്റ് മന്ത്രിയെ പാനലിൽ ഇട്ടത് അപകടം മൂൻകൂട്ടി കാണാനുള്ള ശേഷി പാഴാക്കുന്നതാണെന്നും സർക്കാരിന് ഫലപ്രദമായ വീറ്റോ അധികാരം നൽകുന്നുവെന്നം ജസ്റ്റിസ് ദത്ത അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ യഥാർഥത്തിൽ സ്വതന്ത്രമായിരിക്കണം എന്നതുമാത്രമല്ല അത് സ്വതന്ത്രമാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണമെന്നും ജസ്റ്റിസ് ദത്ത വ്യക്തമാക്കിയിരുന്നു. ഭിന്നാഭിപ്രായത്തെ തുടർന്ന് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതിൽ തീരുമാനം എടുക്കാനായി ഡിവിഷൻ ബെഞ്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
2025 ജൂണിൽ ബിഹാറിൽ തുടങ്ങി രാജ്യവ്യാപകമായി വ്യാപിച്ച തീവ്രവോട്ടർ പട്ടികാ പരിഷ്കരണമാണ് ഗ്യാനേഷ് കുമാറിന്റെ കാലത്തെ ഏറ്റവും വലിയ തർക്കവിഷയമായി മാറിയത്. 2002-ന് ശേഷം ഇത്ര വലിയ തോതിലുള്ള വോട്ടർപട്ടിക പരിഷ്കരണം രാജ്യത്ത് നടന്നിട്ടില്ല. മരിച്ചവർ, മാറിത്താമസിച്ചവർ, ഇരട്ട എൻട്രി, ഹാജരില്ലാത്തവർ എന്നിവരെ വോട്ടർ പട്ടികയിൽ നിന്ന് മാറ്റാനാണ് എസ്ഐആർ എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സുതാര്യതയില്ലെന്നും നടപടി ക്രമങ്ങൾ ഏകപക്ഷീയമാണെന്നുമാണ് തുടക്കം മുതൽ ഉയരുന്ന ആക്ഷേപം.
ആദ്യ ഘട്ടങ്ങളിൽ 12 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി നടപ്പിലാക്കിയ എസ്ഐആർ നടപടി ക്രമങ്ങളുടെ ഭാഗമായി മൊത്തം വോട്ടർപട്ടികയിൽ നിന്ന് ഏതാണ്ട് പത്ത് ശതമാനത്തോളം ആളുകളെ ഒഴിവാക്കിയെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.ആകെ ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണം 5.2 കോടിക്ക് മുകളിലാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബംഗാളിൽ ഏകദേശം 91 ലക്ഷം പേരുകൾ നീക്കം ചെയ്തെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ 82 ശതമാനം പേരും പിന്നീട് അപ്പീലുമായി വന്നിരുന്നു. നീക്കം ചെയ്തവരിൽ പലരും യഥാർഥ വോട്ടർമാരായിരുന്നു എന്നായിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം. ഡൽഹിയിൽ എസ്ഐആർ തുടങ്ങുന്നതിന് മുമ്പുതന്നെ ഏകദേശം 11 ലക്ഷം പേരുകൾ പതിവ് മാസാന്ത്യ പരിഷ്കരണത്തിൻ്റെ ഭാഗമായി ഒഴിവാക്കിയെന്നാണ് പരാതി ഉയരുന്നത്. എസ്ഐആറിന് ശേഷം ഡിലീഷൻ/റിസ്ക് ഓഫ് ഡിലീഷൻ നിരക്ക് ചില മണ്ഡലങ്ങളിൽ 40 ശതമാനത്തിന് മുകളിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ ഇതുവരെ 12–13 കോടി വരെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ദരിദ്രർ, കുടിയേറ്റ തൊഴിലാളികൾ, ന്യൂനപക്ഷങ്ങൾ, വയോധികർ എന്നിവരെ ഡോക്യുമെന്റ് ആവശ്യപ്പെടുന്ന രീതി അനുപാതരഹിതമായി ബാധിക്കുന്നുവെന്നാണ് പ്രതിപക്ഷം പ്രധാനമായും വാദിക്കുന്നത്. ബംഗാൾ, ബിഹാർ, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ഭൂരിപക്ഷത്തെക്കാൾ വലിയ ഒഴിവാക്കൽ ഉണ്ടായി എന്നാണ് ആരോപണം. എസ്ഐആർ പ്രക്രിയ ശുദ്ധീകരണമല്ല വോട്ട് ചോരിയാണെന്നാണ് തുടക്കം മുതൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് ഗ്യാനേഷ് കുമാർ സ്വീകരിച്ച സമീപനവും വിമർശിക്കപ്പെട്ടു. സത്യവാങ്മൂലം നൽകാനോ അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയാനോ ആയിരുന്നു രാഹുൽ ഗാന്ധിയോടുള്ള ഗ്യാനേഷ് കുമാറിൻ്റെ ആവശ്യം. എന്നാൽ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ് വൈ ഖുറേഷി, ഒ പി റാവത്ത് എന്നിവർ ഗ്യാനേഷ് കുമാറിൻ്റെ നിലപാടിനെ വിമർശിച്ചിരുന്നു. ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ തലവൻ പ്രതിപക്ഷ നേതാവിനോട് ഇങ്ങനെ സംസാരിക്കുന്നത് സ്ഥാപനത്തിന്റെ നിഷ്പക്ഷതയെ തകർക്കുമെന്നായിരുന്നു അവരുടെ നിലപാട്. ഇതിൻ്റെയെല്ലാം തുടർച്ചയായിട്ടായിരുന്നു 130 ലോക്സഭാ എംപിമാരും 63 രാജ്യസഭാ എംപിമാരും ചേർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 2026 മാർച്ചിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഏപ്രിലിൽ 6ന് ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും ഇത് തള്ളിയിരുന്നു. പിന്നീട് ഏപ്രിൽ 24ന് 73 രാജ്യസഭാ എം പിമാർ വീണ്ടും ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകിയിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇത്തരത്തിൽ ഒരു ഇംപീച്ച്മെൻ്റ് നോട്ടീസ് ഔദ്യോഗികമായി നൽകുന്നത്. പക്ഷപാതിത്വം, വൻതോതിലുള്ള വോട്ടവകാശ നഷ്ടം, അന്വേഷണം തടയൽ എന്നിവയായിരുന്നു പ്രതിപക്ഷം ഇംപീച്ച്മെൻ്റ് നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരുന്ന പ്രധാന കുറ്റങ്ങൾ.
പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ഗ്യാനേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളിലും അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ സെപ്റ്റംബർ 23ന് പുറത്തുവരുന്നത്. മൂന്നംഗ കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ ഗ്യാനേഷ് കുമാരിൻ്റെ നടപടികൾക്കെതിരെ രേഖാമൂലം എതിർപ്പ് രേഖപ്പെടുത്തിയെന്നാന്നായിരുന്നു റിപ്പോർട്ട്. ഇതിൽ നാല് എതിർപ്പുകൾ ഒരേ ദിവസം തന്നെയാണ് രേഖപ്പെടുത്തിത്. ഇത് സംബന്ധിച്ച രണ്ട് കത്തുകൾ കാബിനറ്റ് സെക്രട്ടറിക്ക് വരെ പോയി എന്നും വാർത്ത പുറത്തുവിട്ട് കൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.
ഫോം 6ലെ മാറ്റമായിരുന്നു പ്രധാമായും തെരഞ്ഞെടുപ്പിന് കമ്മീഷനുള്ളിൽ എതിർപ്പുയർന്ന പ്രധാനവിഷയം. പുതിയ വോട്ടർമാർക്കുള്ള ഫോമിൽ നേരത്തെ നടന്ന എസ്ഐആറിൽ സ്വന്തം പേരോ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേര് ഉണ്ടോ എന്ന ചോദ്യം ചേർത്തിരുന്നു. ഇതിനെ അനുവാദമില്ലാത്തതും നിയമവിരുദ്ധവും എന്നായിരുന്നു സുഖ്ബീർ സിങ് സന്ധു വിശേഷിപ്പിച്ചത്. 1960-ലെ രജിസ്ട്രേഷൻ ഓഫ് വോട്ടേഴ്സ് റൂൾസ് ഭേദഗതി ചെയ്യാതെ സ്റ്റാറ്റ്യൂട്ടറി ഫോം മാറ്റാനാവില്ലെന്ന് വിവേക് ജോഷി മെയ് മാസത്തിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വോട്ടർമാരെ ചേർക്കൽ, നീക്കം ചെയ്യൽ, റീസ്റ്റോർ, അപ്പീൽ ഇവയിൽ പല ഉത്തരവുകളും മറ്റ് രണ്ട് കമ്മീഷണർമാരെ അറിയിക്കാതെ ഗ്യാനേഷ് കുമാർ പുറപ്പെടുവിച്ചു എന്നാതാണ് മറ്റൊരു പരാതി. വോട്ടർ ലിസ്റ്റ് സോഫ്റ്റ്വെയറിലേക്കുള്ള ആക്സസ് ഡൽഹിയിൽ കേന്ദ്രീകരിച്ചുവെന്നും സംസ്ഥാനതല ഇലക് ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പൂർണ ആക്സസ് ഇല്ലെന്നും സുഖ്ബീർ സിങ് സന്ധു ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരുന്നു. ഐടി ഡയറക്ടർ ജനറലിന് നിയമപ്രകാരമുള്ള അധികാരികളുടെ ആക്സസ് നിയന്ത്രിക്കാൻ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബംഗാളിലെ അപ്പീലുകൾ. ലോക്കൽ EROകൾ ചേർത്ത വോട്ടർമാർക്കെതിരെ കമ്മീഷന്റെ പേരിൽ വൻതോതിൽ അപ്പീൽ നൽകിയത് ആരുടെ അധികാരത്തിലാണെന്ന ചോദ്യവും ഉയർന്നു. ഈ വിഷയത്തിൽ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഇതുവരെ പരസ്യമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് എക്സ്പ്രസ് റിപ്പോർട്ടിലെ ഉള്ളടക്കം തന്നെയാണ് ഇപ്പോൾ പൊതുചർച്ചയുടെ അടിസ്ഥാനം
1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിന്റെ കരിയറിൽ നിർണ്ണായകമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേയ്ക്കുള്ള മാറ്റം. ജമ്മു-കശ്മീർ റീഓർഗനൈസേഷൻ ബിൽ തയ്യാറാക്കുന്നതിലും ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ഭരണനിർവഹണത്തിലും ഗ്യാനേഷ് കുമാറിന് പങ്കുണ്ടായിരുന്നു. സുപ്രീംകോടതി വിധിക്ക് ശേഷം രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടും ഗ്യാനേഷ് കുമാർ പ്രവർത്തിച്ചരുന്നു. പിന്നീട് പാർലമെന്ററി അഫയേഴ്സ് സെക്രട്ടറിയും കോ-ഓപ്പറേഷൻ മന്ത്രാലയ സെക്രട്ടറിയുമായി പ്രവർത്തിച്ച ഗ്യാനേഷ് കുമാർ 2024 ജനുവരി 31നാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. എന്നാൽ രണ്ട് മാസത്തിനകം 2024 മാർച്ച് 15-ന് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 2025 ഫെബ്രുവരി 19ന് രാജ്യത്തിൻ്റെ ഇരുപത്തിയാറാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായും ഗ്യാനേഷ് കുമാറിനെ നിയമിച്ചു. 2029 ജനുവരി 26 വരെയാണ് ഈ പദവിയിൽ ഗ്യാനേഷ് കുമാറിൻ്റെ കാലാവധി. ആഭ്യന്തര മന്ത്രാലയത്തിലും സഹകരണ മന്ത്രാലയത്തിലും അമിത് ഷായോട് അടുത്ത് പ്രവർത്തിച്ച വ്യക്തിയാണെന്നും അതുകൊണ്ട് സ്വതന്ത്ര സ്ഥാപനത്തിന്റെ തലവനായി വരുമ്പോൾ ഗ്യാനേഷ് കുമാറിൻ്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമെന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ തന്നെ ഗ്യാനേഷ് കുമാറിനെതിരെ ആരോപണം ഉയർന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിൻ്റെ കൈക്കോടാലിയായാണോ ഭരണഘടനാ പദവി വഹിച്ചതെന്ന ചോദ്യം കൂടിയാണ് ഉയരുന്നത്.
Content Highlights: Election Commissioner Gyanesh Kumar faces questions over the neutrality of the Election Commission, with concerns emerging from his appointment to the implementation of the Special Intensive Revision (SIR)