പട്ന: വര്‍ഷങ്ങളോളം മറ്റുളളവരുടെ വിജയത്തിനായി തന്ത്രം മെനഞ്ഞ പ്രശാന്ത് കിഷോര്‍ ഒടുവില്‍ തനിക്കായി മെനഞ്ഞ തന്ത്രം ഫലം കണ്ടു. മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വിജയം സ്വന്തമാക്കി. ബിഹാറിലെ ബങ്കിപൂരില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നീരജ് കുമാര്‍ സിന്‍ഹയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി അധ്യക്ഷനായ നിതിന്‍ നബിന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബങ്കിപൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19,324 വോട്ടുകള്‍ക്ക് ബിജെപിക്കുമേൽ അട്ടിമറി വിജയമാണ് പ്രശാന്ത് നേടിയത്.
പികെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ ഒരു പതിറ്റാണ്ടോളം രാജ്യത്തെ പ്രമുഖ ദേശീയ- പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രാജ്യം കണ്ട പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി ഡാറ്റ അധിഷ്ഠിത തന്ത്രങ്ങള്‍ക്കും കോര്‍പ്പറേറ്റ് ശൈലിയിലുളള മാനേജ്മെന്റിനും രൂപം നല്കിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍. രൂപീകൃതമായി രണ്ടുവര്‍ഷം പോലും പൂര്‍ത്തിയാകും മുന്‍പേ ബിജെപിയുടെ കോട്ടയായ ബങ്കിപ്പൂര്‍ വിറപ്പിച്ചാണ് ജന്‍ സുരാജ് പാര്‍ട്ടി വിജയക്കൊടി പാറിച്ചിരിക്കുന്നത്.
2021-ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിക്കും തമിഴ്നാട്ടില്‍ എം കെ സ്റ്റാലിനും വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയും പ്രചാരണം നടത്തുകയും ചെയ്ത സമയത്താണ് പ്രശാന്ത് കിഷോര്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ അതിന് പിന്നാലെ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച പ്രശാന്ത് കിഷോര്‍ താന്‍ ബിഹാര്‍ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് വിരമിക്കുന്നതെന്നും പറഞ്ഞിരുന്നു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം 2024 ഒക്ടോബറില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ജന്മം നല്കി. 2022-ല്‍ ബിഹാറിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും വികസനത്തിനായുളള കര്‍മ്മ പദ്ധതി തയ്യാറാക്കാനുമായി പ്രശാന്ത് കിഷോര്‍ 'ജന്‍ സുരാജ് അഭിയാന്' എന്ന പേരില്‍ ജനകീയ പ്രസ്ഥാനം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ചമ്പാരനിലെ ഗാന്ധി ആശ്രമത്തില്‍ നിന്നും 3500 കിലോമീറ്ററിലധികം ദൈര്‍ഘ്യമുളള പദയാത്ര ആരംഭിച്ചു. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിച്ചു. ശേഷമാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
2025 നവംബറില്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് സജീവമായി രംഗത്തിറങ്ങി. 243 സീറ്റില്‍ 238 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. അന്ന് 3.44 ശതമാനം വോട്ട് വിഹിതമാണ് ജന്‍ സുരാജ് പാര്‍ട്ടിക്ക് ലഭിച്ചത്. അതിന് പിന്നാലെയാണ് ബങ്കിപൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. പ്രശാന്ത് കിഷോര്‍ തന്നെ ജന്‍ സുരാജിനായി രംഗത്തിറങ്ങുകയും ചെയ്തു. സാധാരണ നിലയില്‍ നടക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിനെ ബിജെപി സര്‍ക്കാരിനെതിരായ ഹിതപരിശോധനയാക്കി മാറ്റാന്‍ പ്രശാന്ത് കിഷോറിന് സാധിച്ചു.
1995 മുതല്‍ ബിജെപിയുടെ ഉറച്ച കോട്ടയായ ബങ്കിപൂരില്‍ നിതിന്‍ നബിന് മാറിയതോടെ താരതമ്യേന ജനപ്രീതി കുറഞ്ഞ സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി രംഗത്തിറക്കിയത്. അഭിഷേക് കുമാര്‍ സിന്‍ഹയെ മാറ്റി നീരജ് കുമാര്‍ സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപിക്കുളളിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഈ സമയം പ്രൊഫഷണലായ രീതിയില്‍ പ്രശാന്ത് കിഷോര്‍ ബൂത്ത് തലത്തില്‍ പ്രചാരണം നടത്തി. നാല് പോളിംഗ് ബൂത്തുകള്‍ക്ക് ഒരു പ്രത്യേക മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തനം വിഭജിക്കുകയും ഓരോ ദിവസത്തെയും വിവരങ്ങള്‍ വിശകലനം ചെയ്ത് തന്ത്രങ്ങള്‍ പരിഷ്കരിക്കുകയും ചെയ്തു. ഇത് പാര്‍ട്ടിയെ വലിയ തോതില്‍ സഹായിച്ചു. മണ്ഡലത്തില്‍ രേഖപ്പെടുത്തിയ കുറഞ്ഞ പോളിംഗും പ്രശാന്ത് കിഷോറിന് ഗുണം ചെയ്തു. മഹാഗഡ്ബന്ധന് സഖ്യത്തില്‍ ഭിന്നതയുണ്ടാവുകയും ആര്‍ജെഡി സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തതോടെ പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെട്ടു. ഇതും പ്രശാന്ത് കിഷോറിന് അനുകൂലമായി ഭവിച്ചു.
1977 മാര്‍ച്ച് 20-ന് ബിഹാറിലെ റോഹ്താസ് ജില്ലയിലെ കോനാര്‍ ഗ്രാമത്തിലാണ് പ്രശാന്ത് കിഷോര്‍ ജനിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീനാഥ് പാണ്ഡെയുടെയും സുശീല പാണ്ഡെയുടെയും മകനായ പ്രശാന്ത് ബക്സറില് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പട്ന സയന്‍സ് കോളേജിലാണ് ഉന്നത വിദ്യാഭ്യാസത്തിനായി ചേര്‍ന്നത്. ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ പദ്ധതികളില്‍ എട്ട് വര്‍ഷത്തോളം നയരൂപീകരണ വിദഗ്ധനായി പ്രവര്‍ത്തിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ യൂണിസെഫിന്റെ സോഷ്യല്‍ പോളിസി ആന്‍ഡ് പ്ലാനിംഗ് വിഭാഗം മേധാവിയായി. ഈ സമയം ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയും പോഷകാഹാരക്കുറവും തമ്മിലുളള വൈരുദ്ധ്യങ്ങള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെട്ട പ്രബന്ധമാണ് പ്രശാന്തിനെ ഗുജറാത്തിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതിലേക്ക് എത്തിച്ചത്.
2011-ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ഉപദേശകനായ പ്രശാന്ത് കിഷോര്‍ 2012-ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. 2013-ല്‍ സിഎജി (സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവര്ണന്സ്) എന്ന മാധ്യമ പ്രചാരണ രൂപീകരണ പ്രസ്ഥാനത്തിന് രൂപം നല്കി. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ഉറപ്പാക്കിയ പ്രചാരണത്തിന് നേതൃത്വം നല്‍കിയതോടെയാണ് പ്രശാന്ത് കിഷോര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ചായ് പേ ചര്‍ച്ച, 3ഡി ഹോളോഗ്രാം റാലികള്‍, റണ്‍ ഫോര്‍ യൂണിറ്റി തുടങ്ങിയവ പ്രശാന്തിന്റെ ബുദ്ധിയില്‍ രൂപപ്പെട്ടവയാണ്. പിന്നീട് ബിജെപിയുമായി അകന്ന പ്രശാന്ത് തന്റെ പ്രസ്ഥാനത്തെ I PAC എന്ന പേരില്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയാക്കി മാറ്റി.
തുടര്‍ന്ന് നിരവധി ദേശീയ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയും അവ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. 2021-ല്‍ മമതയ്ക്കും എം കെ സ്റ്റാലിനും വേണ്ടി പ്രവര്‍ത്തിച്ചു. ശേഷം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയില്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അതിനിടെ 2018-ല്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു. നിതീഷ് കുമാര്‍ പ്രശാന്തിനെ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമം പോലുളള കേന്ദ്ര നയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ജെഡിയുവില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്നാണ് പ്രശാന്ത് കിഷോര്‍ സ്വന്തം പാര്‍ട്ടിയെന്ന ആശയത്തിലേക്ക് എത്തുന്നത്.
Content Highlights: Discover how election strategist-turned-politician Prashant Kishor crafted a master strategy to defeat the BJP in its long-held Bihar stronghold, Bankipur.