നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്ന ഡീൽ ആരോപണങ്ങൾ 1970കളുടെ അവസാന പകുതിയിലേയ്ക്കും 1980കളിലേയ്ക്കും കേരളത്തിലെ രാഷ്ട്രീയ കുതുകികളെ കൂട്ടിക്കൊണ്ട് പോകുകയാണ്. 1977ലെ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാണിച്ച് സിപിഐഎമ്മിൻ്റെ ആർഎസ്എസ് ബന്ധമെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്. 2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ വി ഡി സതീശൻ ഉദ്ഘാടകനായി പങ്കെടുത്തതും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ വിളക്ക് കൊളുത്തിയതും ഏത് ഡീലിന്റെ ഭാഗമാണെന്നുമുള്ള ചോദ്യം മുഖ്യമന്ത്രി ഉയർത്തിയതോടെയാണ് 1977ലെ തെരഞ്ഞെടുപ്പ് കാലം വി ഡി സതീശൻ തന്നെ ചർച്ചയ്ക്ക് എടുത്തിട്ടത്. ഇതിന് പിന്നാലെയാണ് 1977ലെ തെരഞ്ഞെടുപ്പ് ഇഴകീറി പരിശോധിച്ചത് പോലെ തന്നെ 1980ൽ കേരളത്തിൽ നടന്ന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളും ചർച്ചയിലേയ്ക്ക് വരുന്നത്. അന്നത്തെ ജനതാ പാർട്ടി നേതാവായിരുന്ന ഒ രാജഗോപാൽ കോൺഗ്രസ് പിന്തുണയോടെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നിന്നും കെ ജി മാരാർ പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചതാണ് 1980ലെ തെരഞ്ഞെടുപ്പിനെ വീണ്ടും ശ്രദ്ധയിലേയ്ക്ക് എത്തിക്കുന്നത്.
1977ൽ അധികാരത്തിൽ വന്ന അവിഭക്ത ജനതാ പാർട്ടിയിൽ ഉണ്ടായിരുന്ന പഴയ ജനസംഘം നേതാക്കളുടെ ആർഎസ്എസ് ഇരട്ട അംഗത്വം സംബന്ധിച്ച വിഷയമായിരുന്നു പാർട്ടിയിലെ പിളർപ്പിന് വഴിതെളിച്ചത്. ഇരട്ട അംഗത്വം സൂക്ഷിക്കുന്നതായി പരാതി ഉയർന്ന ജനസംഘം നേതാക്കൾ ഉൾപ്പെട്ട ജനതാ പാർട്ടി വിഭാഗവുമായാണ് കോൺഗ്രസ് സഖ്യം ഉണ്ടാക്കിയതെന്ന വാദമാണ് 1980ലെ തെരഞ്ഞെടുപ്പ് ചിത്രത്തിന് സവിശേഷമായ കൗതുകമുണ്ടാക്കുന്നത്. 1977ലെ തെരഞ്ഞെടുപ്പിൽ ജനംസംഘം നേതാക്കൾ ഉൾപ്പെട്ട ജനതാ പാർട്ടി സിപിഐഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയുടെ ഭാഗമായിരുന്നു.
1977ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച അടിയന്തരാവസ്ഥ-ഇന്ദിരാ വിരുദ്ധ മുന്നണിയിൽ ഉണ്ടായ വൈരുദ്ധ്യങ്ങൾ പുതിയ പാർട്ടികൾക്കും പുതിയ സഖ്യങ്ങൾക്കും വഴിതെളിച്ച തെരഞ്ഞെടുപ്പായിരുന്നു 1980ലേത്. 1977ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ രാജ്യത്തെ ആദ്യത്തെ കോൺഗ്രസിതര സർക്കാരിലെ അന്തഛിദ്രങ്ങളും ഏറെ പ്രതീക്ഷയുണർത്തിയ ജനതാ പാർട്ടിയിലെ പിളർപ്പുമാണ് 1980ലെ തെരഞ്ഞടുപ്പിന് കളമൊരുക്കിയത്. ജഗ്ജീവൻ റാമിൻ്റെ നേതൃത്വത്തിൽ ജനതാ പാർട്ടിയിൽ നിന്ന് രാജ് നാരായണൻ്റെയും ചരൺ സിംഗിൻ്റെയും നേതൃത്വത്തിലുള്ള ജനതാ പാർട്ടി സെക്യുലറായി മാറി.
അവിഭക്ത ജനതാ പാർട്ടിയിലെ പഴയ ജനസംഘം നേതാക്കളുടെ ഇരട്ട അംഗത്വം സംബന്ധിച്ച തർക്കമായിരുന്നു രാജ് നാരായണൻ്റെയും ചരൺ സിംഗിൻ്റെയും നേതൃത്വത്തിലുള്ള വിഭാഗം പാർട്ടി വിടാനും പുതിയ പാർട്ടി രൂപീകരിക്കാനുമുള്ള പ്രധാനകാരണം. ജനതാ പാർട്ടിയിലെ ഇരട്ട മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് സിപിഐഎമ്മിലും ജനതാ പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. ആർഎസ്എസിൻ്റെ ഇരട്ട അംഗത്വത്തെ എതിർത്ത് പുതിയ പാർട്ടി ഉണ്ടാക്കിയ ചരൺ സിംഗ് വിഭാഗത്തെ പിന്തുണക്കാനായിരുന്നു സിപിഐഎം തീരുമാനം. ഈ വിഷയത്തിൽ സിപിഐഐമ്മിൽ രണ്ട് നിലപാടുകൾ ഉയർന്ന് വന്നിരുന്നു. ഔദ്യോഗിക തീരുമാനത്തിനെതിരെ നിലപാടെടുത്ത ബംഗാൾ ഘടകം പിന്നീട് അഖിലേന്ത്യാ ലൈന് കീഴ്പ്പെടുകയായിരുന്നു. അടൽ ബിഹാരി വാജ്പെയ്, എൽ കെ അദ്വാനി അടക്കമുള്ള ജനസംഘം നേതാക്കൾ അടങ്ങുന്ന ജനതാ വിഭാഗം ജഗ് ജീവൻ റാമിൻ്റെ നേതൃത്വത്തിലായിരുന്നു 1980ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ വിഭാഗവുമായി കേരളത്തിൽ കോൺഗ്രസ് മുന്നണി ബന്ധം ഉണ്ടാക്കിയിരുന്നു.
1977ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അധികാരത്തിലെത്തിയ സർക്കാരും ഈ ഘട്ടത്തിൽ കടുത്ത അന്തഛിദ്രങ്ങളെ അഭിമുഖീകരിച്ചിരുന്നു. 1977ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 111 സീറ്റ് നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നേതൃത്വത്തിലുള്ള വലത് മുന്നണിക്ക് 3 വർഷത്തിനുള്ളിൽ വിവിധങ്ങളായ കാരണങ്ങളാൽ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. കെ കരുണാകരൻ്റെ നേതൃത്വത്തിലായിരുന്നു 1977ൽ കോൺഗ്രസ് മുന്നണി അധികാരത്തിൽ എത്തിയത്. എന്നാൽ രാജൻ കേസുമായി ബന്ധപ്പെട്ട കോടതി നിലപാടിനെ തുടർന്ന് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പകരം നിയമസഭാംഗം അല്ലാതിരുന്ന എ കെ ആൻ്റണി മുഖ്യമന്ത്രിയായി. കഴക്കൂട്ടത്ത് നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് എ കെ ആൻ്റണി പിന്നീട് നിയമസഭയിലെത്തി. എന്നാൽ ചിഗ്മഗ്ലൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രതിഷേധിച്ച് 1978 ഒക്ടോബർ 27ന് എ കെ ആൻ്റണി മുഖ്യമന്ത്രി പദം രാജിവെച്ചു. പിന്നാലെ ദേശീയ തലത്തിൽ ദേവ്രാജ് അരസിൻ്റെ നേതൃത്വത്തിൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് രൂപം കൊണ്ട കോൺഗ്രസ് (യു)വിന്റെ ഭാഗമായി എ കെ ആൻ്റണി മാറി.
എ കെ ആൻ്റണി രാജിവെച്ചതിന് പിന്നാലെ സിപിഐയുടെ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി. ഈ ഘട്ടത്തിൽ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന കേരള കോൺഗ്രസിൽ അഭ്യന്തര തർക്കങ്ങൾ രൂക്ഷമായി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്, ജോസഫ് ഗ്രൂപ്പ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ഇതും പികെവി മന്ത്രിസഭയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഷ്ടദാന ബില്ലുമായി ബന്ധപ്പെട്ട തർക്കങ്ങളും അഖിലേന്ത്യാ തലത്തിൽ ഇടതുപക്ഷ ഐക്യമെന്ന ആഹ്വാനവും സിപിഐയെ മുന്നണി വിടാൻ പ്രേരിപ്പിച്ചു. 1979 ഒക്ടോബർ 7ന് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇടതുപക്ഷ ഐക്യമെന്ന നിലപാടിനെ പിന്തുടർന്ന് ആർഎസ്പിയും മുന്നണി ബന്ധം ഉപേക്ഷിച്ചു. പികെവി മന്ത്രിസഭ രാജിവെച്ചതിന് പിന്നാലെ സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. എന്നാൽ കേരള കോൺഗ്രസ് മാണി വിഭാഗവും ആൻ്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (യു) വിഭാഗവും പിന്തുണ പിൻവലിച്ചതോടെ സി എച്ച് മുഹമ്മദ് കോയ 1979 ഡിസംബർ 1ന് രാജിവെച്ചു.
ആർഎസ്എസ് ഇരട്ട അംഗത്വമുണ്ടെന്ന് ആരോപിക്കപ്പെട്ട ജനസംഘം നേതാക്കൾ ഉൾപ്പെടുന്ന ജനതാ പാർട്ടിയെ സഖ്യകക്ഷിയായി ഒപ്പം ചേർത്തായിരുന്നു കോൺഗ്രസ് 1980ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനതാ പാർട്ടി ജഗ്ജീവൻ റാം വിഭാഗത്തിന് പുറമെ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്, എൻഡിപി, പിഎസ്പി എന്നിവരായിരുന്നു കോൺഗ്രസ് നേതൃത്വം നൽകിയ വലത് മുന്നണിയിൽ ഉണ്ടായിരുന്നത്. ഇടതുപക്ഷ ഐക്യത്തിനായി കോൺഗ്രസ് മുന്നണി വിട്ടെത്തിയ സിപിഐ, ആർഎസ്പി, ആൻ്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (യു), കോൺഗ്രസ് മുന്നണി വിട്ടെത്തിയ കേരള കോൺഗ്രസ് എം എന്നിവർ കൂടി സിപിഐഎം നേതൃത്വം നൽകുന്ന ഇടതു മുന്നണിയുടെ ഭാഗമായി. നേരത്തെ മുന്നണിയുണ്ടായിരുന്ന കേരള കോൺഗ്രസ് പിള്ള ഗ്രൂപ്പ്, അഖിലേന്ത്യാ മുസ്ലിം ലീഗ് എന്നിവരും 1980ലെ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ഇടതുമുന്നണിയുടെ ഭാഗമായിരുന്നു.
1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 98 സീറ്റുകളിൽ വിജയിച്ച സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരത്തിലെത്തി. കൗതുകകരമായ രാഷ്ട്രീയ ചിത്രങ്ങൾ അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 1980ലേത്. ജനസംഘം നേതാവായിരുന്ന കെ ജി മാരാർ അന്നത്തെ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് കോൺഗ്രസ് മുന്നണിക്ക് വേണ്ടിയായിരുന്നു. പെരിങ്ങളം നിയമസഭാ മണ്ഡലത്തിലായിരുന്നു കെ ജി മാരാർ മത്സരിച്ചത്. എന്നാൽ ഇടത് മുന്നണിയുടെ ഭാഗമായിരുന്ന ആൻ്റണി വിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയായിരുന്ന എ കെ ശശീന്ദ്രൻ കെ ജി മാരാരെ പരാജയപ്പെടുത്തുകയായിരുന്നു. കെ ജി മാരാരും ഒ രാജഗോപാലുമെല്ലാം അംഗങ്ങളായിരുന്ന ജനതാപാർട്ടിയുടെ സ്ഥാനാർത്ഥിയായി കോൺഗ്രസ് മുന്നണിക്ക് വേണ്ടി മുൻ കെപിസിസി പ്രസിഡൻ്റ കെ സുധാകരൻ എടക്കാട് മണ്ഡലത്തിൽ മത്സരിച്ചിരുന്നു. പക്ഷെ ഇടത് മുന്നണിക്കൊപ്പമായിരുന്ന അഖിലേന്ത്യാ ലീഗിൻ്റെ പിപിവി മൂസയോട് കെ സുധാകരൻ പരാജയപ്പെട്ടു.
എ കെ ആൻ്റണി, ഉമ്മൻചാണ്ടി എന്നിവർ നേതൃത്വം കൊടുത്ത കോൺഗ്രസ് (യു)വിൻ്റെ സ്ഥാനാർത്ഥികൾ കോൺഗ്രസിനെതിരെ അവരുടെ പരമ്പരാഗത സീറ്റുകളിൽ മുഖാമുഖം ഏറ്റുമുട്ടി. സിപിഐഎം നേതാവ് സഖാവ് കുഞ്ഞാലി വധത്തിൽ കുറ്റാരോപിതനായ ആര്യാടൻ മുഹമ്മദ് ഇടതു മുന്നണിയുടെ പിന്തുണയോടെ നിലമ്പൂരിൽ നിന്ന് മത്സരിച്ച് ജയിച്ചതും 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സവിശേഷമായി അടയാളപ്പെടുത്തിയ ഏടായിരുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ള ആൻ്റണി വിഭാഗത്തിൻ്റെ പ്രധാനനേതാക്കളെല്ലാം 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെയായിരുന്നു നിയമസഭയിലെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന 1980ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമായി കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. എന്നാൽ സിപിഐഎമ്മിൻ്റെ രാമണ്ണ റൈ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭയിലേക്ക് കാസർകോട് അടക്കം മൂന്ന് സീറ്റിലായിരുന്നു കോൺഗ്രസ് മുന്നണിയിലുണ്ടായിരുന്ന ജനതാ പാർട്ടി മത്സരിച്ചത്. ഒ രാജഗോപാലിന് പുറമെ കോഴിക്കോട് സോഷ്യലിസ്റ്റ് നേതാവായിരുന്ന അരങ്ങിൽ ശ്രീധരൻ, ആലപ്പുഴയിൽ ഓമനാ പിള്ള എന്നിവരായിരുന്നു കോൺഗ്രസ് മുന്നണിയിൽ മത്സരിച്ച ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥികൾ. എന്നാൽ മൂന്ന് പേരും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. 1980ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം ജനതാപാർട്ടിയിലെ മുൻ ജനസംഘം നേതാക്കൾ പാർട്ടി വിടുകയും ഭാരതീയ ജനതാ പാർട്ടി രൂപീകരിക്കുകയുമായിരുന്നു.
ദേശീയ അംഗീകാരം നഷ്ടപ്പെട്ടതോടെ ദേവ്രാജ് അരസിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് (യു)വിൽ പിളർപ്പുണ്ടായി. ഈ പിളർപ്പിന് പിന്നാലെ രൂപം കൊണ്ട കോൺഗ്രസ് എസ് അഭിപ്രായ ഭിന്നതയെ തുടർന്ന് പിന്നീട് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. പിന്നീട് കേരള കോൺഗ്രസ് മാണി വിഭാഗം നായനാർ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ ഭൂരിപക്ഷം നഷ്ടമായ നായനാർ മന്ത്രിസഭ രാജിവെച്ചു. പിന്നീട് കെ കരുണാകരൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി. എന്നാൽ കോൺഗ്രസ് എസിലെ പിളർപ്പും ഒടുവിൽ ലോനപ്പൻ നമ്പാടൻ മുന്നണി മാറിയതും കരുണാകരൻ മന്ത്രിസഭ നിലംപതിക്കുന്നതിന് കാരണമായി.
Content Highlights: Discover a fascinating throwback to the 1980 Kerala Assembly elections where K G Marar and O Rajagopal contested as candidates of the Congress-led UDF front. A rare political alignment ahead of the 2026 Kerala polls