ബിഹാറില് രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വന്ന എക്സിറ്റ് പോള് ഫലങ്ങള് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സൗജന്യ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ചര്ച്ച വീണ്ടും ഉയര്ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാര് സര്ക്കാര് പ്രഖ്യാപിച്ച സൗജന്യ പ്രഖ്യാപനങ്ങള് വോട്ടര്മാരെ സ്വാധീനിച്ചു എന്നാണ് എക്സിറ്റ്പോള് ഫലങ്ങള് വ്യക്തമാക്കുന്നത്, പ്രത്യേകിച്ചും സ്ത്രീ വോട്ടര്മാരെ. എന്ഡിഎ മുന്നണിയ്ക്ക് സ്ത്രീ വോട്ടര്മാരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചുവെന്നാണ് വരുന്ന സൂചനകള്. നേരത്തെ വോട്ടെടുപ്പ് ഘട്ടത്തില് സ്ത്രീ വോട്ടര്മാര് കാണിച്ച ആവേശം എന്ഡിഎയ്ക്ക് അനുകൂലമാകുമെന്ന് വിശകലനങ്ങളുണ്ടായിരുന്നു. അതിനെ ശരിവെയ്ക്കുന്നതാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്ന എക്സിറ്റ്പോള് ഫലങ്ങള്.
പോളിംഗിന്റെ രണ്ട് ഘട്ടങ്ങളിലും സ്ത്രീ വോട്ടര്മാരുടെ പങ്കാളിത്തം നേരത്തെ ചര്ച്ചയായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന നവംബര് ആറിന് സ്ത്രീ വോട്ടര്മാരുടെ പോളിംഗ് ശതമാനം 69.04 ആയിരുന്നു. എന്നാല് 61.56 ശതമാനം പുരുഷ വോട്ടര്മാര് മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന നവംബര് 11ന് 74.03 ശതമാനം സ്ത്രീകള് വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള് വ്യക്തമാക്കുന്നത്. രണ്ടാഘട്ടത്തില് വോട്ട് ചെയ്തത് 64.1 ശതമാനം പുരുഷ വോട്ടര്മാരാണ്. രണ്ട് ഘട്ടങ്ങളിലുമായി 71.6 ശതമാനം സ്ത്രീകള് വോട്ട് രേഖപ്പെടുത്തിയപ്പോള് 62.8 ശതമാനം പുരുഷന്മാരാണ് പോളിംഗ് ബൂത്തിലെത്തിയത്.
ഇന്ത്യാ ടിവി-മാട്രിസ് എക്സിറ്റ് പോള് ഫലങ്ങള് എന്ഡിഎ മുന്നണിയെ സ്ത്രീ വോട്ടര്മാര് അകമഴിഞ്ഞ് സ്വീകരിച്ചുവെന്ന സൂചനയാണ് നല്കുന്നത്. ബിഹാറില് ഇത്തവണ എന്ഡിഎ മുന്നണിക്ക് ഭരണത്തുടര്ച്ച നല്കാന് പോകുന്നത് പ്രധാനമായും സ്ത്രീ വോട്ടര്മാരുടെ പിന്തുണയാകുമെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്. ഇന്ത്യാ ടിവി-മാട്രിസ് കണക്കുകള് പ്രകാരം 65 ശതമാനം സ്ത്രീവോട്ടര്മാരാണ് എന്ഡിഎയെ പിന്തുണച്ചത്. വെറും 27 ശതമാനം വോട്ടര്മാര് മാത്രമാണ് മഹാഖഡ്ബന്ധനെ പിന്തുണച്ചത്. 52 ശതമാനം പുരുഷ വോട്ടര്മാര് എന്ഡിഎയെ പിന്തുണച്ചപ്പോള് 36 ശതമാനം പേര് ആര്ജെഡി സഖ്യത്തിന് വോട്ട് ചെയ്തുമെന്നാണ് എക്സിറ്റ്പോള് ഫലങ്ങള് സൂചിപ്പിക്കുന്നത്.
സ്ത്രീവോട്ടര്മാര് എന്ഡിഎയ്ക്ക് പിന്നില് അണിനിരന്നതിന് പിന്നില് നിതീഷ് കുമാര് സര്ക്കാര് തെരഞ്ഞെടുപ്പ് വര്ഷത്തില് ഒന്നിന് പിന്നാലെ ഒന്നായി പ്രഖ്യാപിച്ച സൗജന്യങ്ങളാണെന്ന വിലയിരുത്തലാണ് ഇപ്പോള് പുറത്ത് വരുന്നത്. സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി ക്ഷേമപദ്ധതികള് നിതീഷ് കുമാര് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്ക്കാര് സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളില് ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകള്ക്ക് മാത്രമായി 35% സംവരണം ഏര്പ്പെടുത്തുമെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം സ്ത്രീ വോട്ടര്മാരെ സ്വാധീനിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. സര്ക്കാര് ജോലിക്ക് സവിശേഷമായ ഒരു പ്രാധാന്യം ബിഹാറിലുണ്ട് എന്നതും നിതീഷിന്റെ പ്രഖ്യാപനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്.
നിതീഷ് കുമാര് പ്രഖ്യാപിച്ച മഹിള റോസ്ഗാര് യോജനയും ബിഹാറിലെ സ്ത്രീ വോട്ടര്മാരെ സ്വാധീനിച്ചുവെന്നാണ് നിഗമനം. 75 ലക്ഷം സ്ത്രീകള്ക്ക് സ്വയംതൊഴില് മൂലധനമായി 10,000 രൂപ കൈമാറ്റം ചെയ്യുന്ന പദ്ധതിയാണ് മഹിള റോസ്ഗാര് യോജന. ചെറുകിട സംരംഭങ്ങള് ആരംഭിക്കാനോ വികസിപ്പിക്കാനോ അവരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിജയകരമായ സംരംഭങ്ങള്ക്ക് രണ്ട് ലക്ഷം രൂപ വരെ വരെ അധിക പിന്തുണയും പ്രഖ്യാപിച്ചിരുന്നു. അര്ഹരായ കുടുംബങ്ങള്ക്ക് സൗജന്യ വൈദ്യുതി എന്ന പ്രഖ്യാപനവും സ്ത്രീ വോട്ടര്മാരെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. മുതിര്ന്ന പൗരന്മാര്ക്കും വിധവകള്ക്കുമുള്ള സാമൂഹ്യ സുരക്ഷാ പെന്ഷന് വര്ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും ചലനങ്ങള് ഉണ്ടാക്കിയെന്ന് കണക്കാക്കപ്പെടുന്നു. ഇതിന് പുറമെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച നയങ്ങളും വോട്ടര്മാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നു. സ്ത്രീ വോട്ടര്മാരെ ലക്ഷ്യമിട്ട് നിതീഷ് കുമാര് നടത്തിയ പ്രഖ്യാപനങ്ങള് ഗ്രാമീണ മേഖലയില് വലിയ സ്വാധീനം ഉണ്ടാക്കുമെന്ന തെരഞ്ഞെടുപ്പിന് മുമ്പേയുള്ള നീരീക്ഷണം ശരിവെയ്ക്കുന്നതാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്ന എക്സിറ്റ് പോളുകളിലെ സൂചന.
സ്ത്രീകള്ക്ക് വോട്ടെടുപ്പില് സജീവമായി പങ്കെടുക്കാന് കഴിയുന്ന തരത്തില് നിരവധി ഇടപെടലുകളാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില് നടന്നത്. ഓരോ പോളിംഗ് സ്റ്റേഷനിലും വോട്ടര്മാരുടെ എണ്ണം 1,200ലേക്ക് പരിമിതപ്പെടുത്തി. നീണ്ടനേരം ക്യൂവില് നിന്ന് ബുദ്ധിമുട്ടാതെ, സുഗമമായി വോട്ട് ചെയ്യാനുള്ള സാഹചര്യവും കൂടുതല് പേരെ പോളിംഗ് ബൂത്തിലേക്ക് ആകര്ഷിച്ചു.
ബിജെപി എതിര്ത്ത സൗജന്യ പ്രഖ്യാപനങ്ങള്!
എന്തായാലും ഒരുകാലത്ത് ബിജെപി ശക്തമായി എതിര്ത്ത സൗജന്യ പ്രഖ്യാപനങ്ങളാണ് ഇത്തവണ ബിഹാറിലെ ഫലത്തില് നിര്ണായകമാകുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ സൗജന്യ പ്രഖ്യാപനങ്ങള്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി പ്രതികരിച്ച സാഹചര്യം ഉണ്ടായിരുന്നു. സൗജന്യ പ്രഖ്യാപനങ്ങളെ ഉത്തരേന്ത്യയിലെ പ്രസിദ്ധമായ മധുരപലഹാരമായ റെവാഡിയോടായിരുന്നു മോദി ഉപമിച്ചത്. നികുതിദായകരുടെ പണം 'റെവാഡി' വിതരണം ചെയ്യാന് ഉപയോഗിക്കുമ്പോള്, അത് അവരെ വളരെയധികം അസന്തുഷ്ടരാക്കുന്നു. നിരവധി നികുതിദായകര് ഈ ആശങ്കയെക്കുറിച്ച് തനിക്ക് കത്തെഴുതിയിട്ടുണ്ട് എന്നായിരുന്നു 2022ല് മോദിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സൗജന്യ പ്രഖ്യാപനങ്ങള് 'രാജ്യത്തിന്റെ വികസനത്തിന് വളരെ അപകടകരമാണ്' എന്ന് 2022ല് പങ്കുവെച്ച ഒരു എക്സില് പോസ്റ്റില് മോദി അഭിപ്രായപ്പെട്ടിരുന്നു.
പ്രതിപക്ഷ പാര്ട്ടികള് വാഗ്ദാനം ചെയ്യുന്ന സുസ്ഥിരമല്ലാത്ത 'സൗജന്യ' നയങ്ങള്ക്കെതിരെ ധനമന്ത്രി നിര്മ്മല സീതാരാമനും പരസ്യമായ നിലപാടുകള് സ്വീകരിച്ചിരുന്നു. ഇത്തരം സൗജന്യ പ്രഖ്യാപനങ്ങള് സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതിയ്ക്ക് ഭാരമുണ്ടാക്കുന്നുവെന്നും അടിസ്ഥാന സൗകര്യ പദ്ധതികള് പോലുള്ള ദീര്ഘകാല വികസനത്തിന് തടസ്സമാകുമെന്നുമാണ് ബിജെപിയുടെ നിലപാട്. ഇത്തരം വാഗ്ദാനങ്ങള് കാരണം പ്രതിപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള് സാമ്പത്തിക ബുദ്ധിമുട്ടുകള് നേരിടുന്നുണ്ടെന്ന് നരേന്ദ്ര മോദി എടുത്ത് പറഞ്ഞിരുന്നു. ബിജെപി വക്താവ് അശ്വിനി കുമാര് ഉപോധ്യായ സൗജന്യ പ്രഖ്യാപനങ്ങള്ക്കെതിരെ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
ഇതിനിടെ കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ച വിവിധ പദ്ധതികളെ ചൂണ്ടിക്കാണിച്ച് സൗജന്യ പ്രഖ്യാപനങ്ങള് എന്ന നിലയിലുള്ള വിമര്ശനം ഉയര്ന്നിരുന്നു. എന്നാല് സാമൂഹിക ശാക്തികരണത്തിനുള്ള ക്ഷേമ പദ്ധതികള് എന്നാണ് ഇതിനെ ബിജെപി അഭിസംബോധന ചെയ്തിരുന്നത്. അതിനെ സൗജന്യങ്ങള് എന്ന് വിളിക്കാന് കഴിയില്ല എന്നായിരുന്നു ബിജെപി നിലപാട്. പാഴായ സൗജന്യ സമ്മാനങ്ങള്ക്ക് പകരമായി ദരിദ്രര്ക്ക് അവസരങ്ങള് നല്കുകയും അവരെ ഉന്നമനത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്ന പദ്ധതികളാണ് കേന്ദ്രസര്ക്കാര് ആവിഷ്കരിക്കുന്നതെന്നുമാണ് ബിജെപിയുടെ അവകാശവാദം. പിഎം സൂര്യഘര് മുഫ്ത് ബിജ്ലി യോജന (സൗരോര്ജ്ജത്തിലൂടെ സൗജന്യ വൈദ്യുതി), പ്രധാന് മന്ത്രി ജന് ധന് യോജന, ഭവന പദ്ധതികള് (പ്രധാന് മന്ത്രി ആവാസ് യോജന) എന്നിവ സൗജന്യങ്ങളല്ല ക്ഷേമ പദ്ധതികളാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലും ഡല്ഹിയിലും ഹരിയാനയിലുമെല്ലാം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സൗജന്യങ്ങള് വാഗ്ദാനം ചെയ്തതും വിമര്ശന വിധേയമായിരുന്നു.
ക്ഷേമപദ്ധതികളെന്ന പേരില് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സൗജന്യ പ്രഖ്യാപനങ്ങള് സംസ്ഥാനങ്ങളുടെ ധനസ്ഥിതി മോശമാക്കുന്നു എന്ന വിമര്ശനങ്ങളുണ്ട്. സൗജന്യങ്ങളുടെ വിതരണത്തിനായി വിവിധ സംസ്ഥാനങ്ങളില് മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പ്പാദനത്തിന്റെ (GSDP) 0.1% മുതല് 2.7% വരെ ചെലവാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആന്ധ്രാപ്രദേശ്, പഞ്ചാബ് തുടങ്ങിയ ചില സംസ്ഥാനങ്ങള് അവരുടെ വരുമാനത്തിന്റെ 10%-ത്തിലധികം സബ്സിഡികള്ക്കായി നീക്കിവയ്ക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പൊതു ഫണ്ടുകളില് നിന്നുള്ള യുക്തിരഹിതമായ സൗജന്യ വാഗ്ദാനങ്ങള് വോട്ടര്മാരെ അനാവശ്യമായി സ്വാധീനിക്കുകയും പ്രതിപക്ഷത്തിന്റെ സാധ്യതയെ ദുര്ബലപ്പെടുത്തുന്നുവെന്നും വിമര്ശനമുണ്ട്. വോട്ടര്മാര്ക്ക് കൈക്കൂലി നല്കുന്നതിന് സമാനമായ ഒരു അധാര്മ്മിക നടപടിയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സൗജന്യ പ്രഖ്യാപനങ്ങള് ഉത്പാദന മേഖലകളില് നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിടുന്നതിന് കാരണമാകുന്നു എന്നാണ് മറ്റൊരു വിമര്ശനം. ഇത് സാമ്പത്തിക വളര്ച്ചയ്ക്കും അവശ്യ അടിസ്ഥാന സൗകര്യ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്നും സൗജന്യങ്ങള്ക്കായി വിഭവങ്ങള് തെറ്റായി വിനിയോഗിക്കാന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തര്പ്രദേശില് ലാപ്ടോപ്പ് പോലുള്ള സബ്സിഡികള് വിദ്യാഭ്യാസ മേഖലയിലെ അടിയന്തര ആവശ്യങ്ങളെ മറച്ച് വെയ്ക്കുന്നുവെന്ന് നീതി ആയോഗ് തന്നെ വിമര്ശനം ഉന്നയിച്ചിട്ടുണ്ട്. സുസ്ഥിര സാമ്പത്തിക വളര്ച്ചയ്ക്ക് അത്യന്താപേക്ഷിതമായ സ്വാശ്രയത്വത്തെയും സംരംഭകത്വത്തെയും സൗജന്യ പ്രഖ്യാപനങ്ങള് നിരുത്സാഹപ്പെടുത്തുന്നു എന്ന വിമര്ശനവും ഉയരുന്നുണ്ട്. ആശ്രിതത്വ സംസ്കാരം രൂപപ്പെടുത്താന് സൗജന്യങ്ങള് കാരണമായേക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വ്യവസ്ഥാപരമായ പ്രശ്നങ്ങളില് നിന്നും പൊതു സേവന വിതരണത്തിലെ പരാജയങ്ങളില് നിന്നും ശ്രദ്ധ തിരിക്കാന് ഭരിക്കുന്നവര് സൗജന്യങ്ങളെ ഉപയോഗിച്ചേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു കാര്യം. ഭരണത്തിലെ ഉത്തരവാദിത്തമില്ലായ്മയും വീഴ്ചയും മറയ്ക്കാന് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്ട്ടികള് സൗജന്യങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും വിമര്ശനമുണ്ട്.പലപ്പോഴും സൗജന്യ പ്രഖ്യാപനങ്ങള് പാരിസ്ഥിതിക ആഘാതത്തിന് പോലും കാരണമായേക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പലപ്പോഴും വാഗ്ദാനം ചെയ്യപ്പെടുന്ന സൗജന്യങ്ങള് വെള്ളം, വൈദ്യുതി തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗത്തിലേക്ക് നയിച്ചേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന വിമര്ശനം.
Content Highlights: Did thePolitical Freebies that Modi once opposed help in Bihar? Exit poll says women are with Nitish Kumar