3 Idiots ലെ റിയല്‍ ഹീറോ ! കേന്ദ്രം ജയിലിലടച്ച സോനം വാങ്ചുക് ആരാണ് ? | Sonam Wangchuck

ഒന്നിനും കൊള്ളാത്തവനെന്ന് അധ്യാപകര്‍ മുദ്ര കുത്തിയ സോനം വാങ്ചുക് പിന്നീട് ലോകം ആദരിക്കുന്ന ഇന്നോവേറ്ററായി മാറി. ജമ്മു കശ്മീരിന്റെ വിദ്യാഭ്യാസ രംഗത്തെ മാറ്റിമറിച്ചു. പക്ഷെ ഇന്ന് അയാള്‍ ജയിലിലാണ്...

ത്രീ ഇഡിയറ്റ്‌സിലെ ആമിര്‍ ഖാന്റെ നായക കഥാപാത്രത്തെ സൃഷ്ടിക്കാന്‍ കാരണക്കാരനായ ദ റിയല്‍ ഹീറോ. ഔട്ട് ഓഫ് ദ ബോക്സ് ക്രിയേറ്റീവായ ചിന്തകള്‍ കൊണ്ട് ലഡാക്കിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ഊര്‍ജമേഖലയെയും പരിസ്ഥിതി സംരക്ഷണത്തെയും മാറ്റിമറിച്ച ഇന്നോവേറ്റര്‍. പക്ഷെ ഇന്ന് അയാള്‍ ജയിലിലാണ്. ലഡാക്കില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിലെ അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണ് കേന്ദ്ര സര്‍ക്കാര്‍ ജയിലലടച്ച ക്രിയേറ്റീവ് ജീനിയസ് സോനം വാങ്ചുക് ?

വിദ്യാഭ്യാസ രംഗത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സോനം വാങ്ചുക് പ്രശ്സതനാകുന്നത്. തന്റെ കുട്ടിക്കാലത്ത് സ്‌കൂളുകളില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ തന്നെയായിരുന്ന വാങ്ചുകിനെ സ്‌കൂള്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചത്. ജനിച്ച ഗ്രാമത്തില്‍ സ്‌കൂളുകള്‍ ഇല്ലാതിരുന്നുകൊണ്ട് ഒന്‍പതാം വയസ് വരെ ഹോം സ്‌കൂളിങ്ങിലായിരുന്നു വാങ്ചുക്. പിന്നീട് അച്ഛന്‍ സോനം വാങ്യാല്‍ ജമ്മു-കശ്മീര്‍ സര്‍ക്കാരിലെ മന്ത്രിയായതോടെ വാങ്ചുക്കിന്റെ കുടുംബം ശ്രീനഗറിലേക്ക് കുടിയേറി. വാങ്ചുക് ആദ്യമായി സ്‌കൂളിലും പോയി.

പക്ഷെ, അവിടുത്തെ സ്‌കൂളിലെ പഠനരീതികളും പാഠ്യഭാഷകളായ ഹിന്ദിയും ഇംഗ്ലീഷും ഉര്‍ദുവും വാങ്ചുക്കിന് വില്ലനായി. ഒന്നിനും കൊള്ളാത്തവനായി മുദ്ര കുത്തപ്പെട്ട് തുടങ്ങിയതോടെ ആ കുട്ടിയുടെ മനസ് മടുത്തു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്നാണ് ഇക്കാലത്തെ കുറിച്ച് പിന്നീട് വാങ്ചുക് പറഞ്ഞത്. പക്ഷെ തോറ്റുക്കൊടുക്കാന്‍ ആ കൗമാരക്കാരന്‍ തയ്യാറായില്ല. ഡല്‍ഹിയിലേക്ക് തനിയെ വണ്ടി കയറി. അവിടുത്തെ കേന്ദ്രീയ വിദ്യാലയത്തിലെത്തി പ്രിന്‍സിപ്പലുമായി സംവദിച്ച് അഡ്മിഷന്‍ നേടിയെടുത്തു.

അവിടെ നിന്നും എക്സലെന്റ് സ്റ്റുഡന്റായി സോനം വാങ്ചുക് മാറി. എഞ്ചിനീയറിങ്ങിനായാണ് ശ്രീനഗറിലേക്ക് വാങ്ചുക് പിന്നീട് തിരിച്ചെത്തുന്നത്. വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ തന്റെ പ്രവര്‍ത്തന മേഖല ഏതാണെന്ന കാര്യത്തില്‍ വാങ്ചുക്കിന് ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കിയതും ഒട്ടും സമയം പാഴാക്കാതെ വാങ്ചുക് ലഡാക്കിലേക്ക് എത്തി. അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റുഡന്റസ് എജ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) സ്ഥാപിച്ചു. പഠിക്കുന്നതും പഠിപ്പിക്കുന്നതും രസകരമായ പ്രവര്‍ത്തിയാകണം എന്നായിരുന്നു ഈ മുന്നേറ്റത്തിന്റെ ഉദ്ദേശം. ഇത് ലഡാക്കിലെ സ്‌കൂളുകളിലെ കരിക്കുലത്തില്‍ മാറ്റങ്ങള്‍ വരുത്തി. ലഡാക്കി ഭാഷകള്‍ക്കും ഇംഗ്ലീഷിനും പ്രധാന്യം നല്‍കി. ആക്ടീവിറ്റീസ് അടിസ്ഥാനമാക്കിയ പാഠ്യരീതികള്‍ കൊണ്ടുവന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലഡാക്കിലെ മാത്രമല്ല, ജമ്മു കശ്മീരിലെ മൊത്തം വിദ്യാഭ്യാസ സമ്പ്രദായത്തെയും സ്വാധീനിച്ചു.

വിദ്യാഭ്യാസരംഗത്തിന് പുറത്തേക്കും സോനം വാങ്ചുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു. ഊര്‍ജപ്രതിസന്ധി പരിഹരിക്കാനായി മികച്ച സോളാര്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി. ലഡാക്കിലെ ജലക്ഷാമം പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഗ്ലേഷിയര്‍ പ്രോജക്ടില്‍ ഐസ് സ്റ്റൂപ മെത്തേഡും അവതരിപ്പിച്ചു. ഇവ ലോകമെമ്പാടും ശ്രദ്ധ നേടി. ഇവ മറ്റ് രാജ്യങ്ങളില്‍ നടപ്പാക്കാനുള്ള ആവശ്യവുമായി യുഎന്നും വാങ്ചുക്കിനെ തേടിയെത്തിയിരുന്നു. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് ലഡാക്ക് അഥവാ HIAL സ്ഥാപിച്ചതാണ് വാങ്ചുകിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല്. ഗീതാഞ്ജലി ജെ അഗ്മോയ്ക്കൊപ്പം ചേര്‍ന്നായിരുന്നു വാങ്ചുക് ഇത് സ്ഥാപിച്ചത്.

ഈ പ്രവര്‍ത്തനങ്ങളെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു 2018ല്‍ മഗ്സസെ പുരസ്‌കാരം സോനം വാങ്ചുക്കിനെ തേടിയെത്തിയത്. അതിനു മുന്‍പ് സംരംഭമേഖല, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം എന്നിങ്ങനെ പല മേഖലകളില്‍ നിരവധി അംഗീകാരങ്ങള്‍ വാങ്ചുക്ക് നേടിയിരുന്നു.

തുടക്കം മുതലേ സോനം വാങ്ചുക്ക് നിലകൊണ്ടത് ലഡാക്കിലെ ജനങ്ങളുടെ, പ്രത്യേകിച്ച് ഭാവിതലമുറയുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ടായിരുന്നു. പലപ്പോഴും അത് ആക്ടിവിസ്റ്റ് സ്വഭാവത്തിലേക്കും നീങ്ങിയിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്ന, അറസ്റ്റിലേക്ക് വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്ന സംഭവങ്ങളുടെ തുടക്കം 2023ല്‍ ആണെന്ന് പറയാം.

2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്ത് കളഞ്ഞ് രണ്ടായി വിഭജിച്ച്, ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തവരിലെ പ്രധാനിയായിരുന്നു സോനം വാങ്ചുക്. ലഡാക്കില്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ കീഴില്‍ പിന്നീട് ഇവിടെ നിലവില്‍ വന്ന ഭരണസംവിധാനങ്ങളോട് ജനങ്ങള്‍ അതൃപ്തരാവുകയായിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണം രാഷ്ട്രീയ ശൂന്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുവെന്ന വികാരം ഇവിടെ ഉയരാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ലഡാക്കിനെ സംസ്ഥാനമായി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതും അതിന്റെ പേരില്‍ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും ആരംഭിക്കുന്നതും.

2023ല്‍ നിരാഹാര സമരവുമായി സോനം വാങ്ചുക് മുന്നോട്ടു വന്നു. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഇവിടുത്തെ പരിസ്ഥിതി ലോല ഭൂപ്രദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നായിരുന്നു വാങ്ചുക്കിന്റെ പ്രധാന ആവശ്യം. സ്വയംഭരണ ജില്ലാ കൗണ്‍സിലുകളും (എഡിസി) പ്രാദേശിക കൗണ്‍സിലുകളും സൃഷ്ടിക്കുന്നതിലൂടെ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ആദിവാസി മേഖലകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതാണ് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പറയുന്നത്. ഇതേ പരിഗണന ലഡാക്കിലെ ഗോത്രവിഭാഗങ്ങളുടെ സംരക്ഷണത്തിന് ആവശ്യമാണെന്ന് സോനം വാങ്ചുക്കും അനുയായികളും മുന്നോട്ടുവെച്ച, ഇപ്പോഴും തുടരുന്ന സമരങ്ങളില്‍ പറയുന്നു.

സോനം വാങ്ചുക്കിന്റെ ആദ്യ നിരാഹാര സമരത്തെ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി കൊണ്ടാണ് സര്‍ക്കാര്‍ തടഞ്ഞത്. 2024 മാര്‍ച്ചില്‍ വാങ്ചുക് വീണ്ടും സമരം ഇരുന്നു. പിന്നീട് അദ്ദേഹം അനുയായികളും ദല്‍ഹിയിലേക്ക് പദയാത്രയുമായി എത്തി. അന്ന് വാങ്ചുക്ക് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുക എന്ന നയമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനിടെ ചിലപ്പോഴെല്ലാം

കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകുമായിരുന്നെങ്കിലും അവയൊന്നും ഫലവത്തായ നടപടികളിലേക്ക് നീങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് 35 ദിവസം നീളുന്ന നിരാഹാര സമരം വാങ്ചുക്ക് ആരംഭിക്കുന്നത്. ലഡാക്കിലെ പല സംഘടനകളും സമാനമായ ആവശ്യവുമായി സമരം നടത്തി വരുന്നുണ്ട്.

ഈ നിരാഹാരസമരം തുടങ്ങി 15-ാം ദിവസം, സെപ്റ്റംബര്‍ 24 ബുധനാഴ്ചയായിരുന്നു ലഡാക്കില്‍ തുടര്‍ന്നുവന്നിരുന്ന പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകുന്നത്. കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ) യുടെയും ലേ അപെക്‌സ് ബോഡിയുടെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിനിടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. പ്രക്ഷോഭം അക്രമാസക്തമായതോടെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ബിജെപിയുടെ ഓഫീസുകളും പൊലീസ് വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.

അക്രമസംഭവങ്ങള്‍ ഖേദകരമാണെന്നും ഇവ സമാധാനപൂര്‍വമായ ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും സോനം വാങ്ചുക് ഉടന്‍ തന്നെ പ്രതികരിക്കുകയും നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു. അക്രമസംഭവങ്ങള്‍ക്ക് സോനം വാങ്ചുക്കുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷെ സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് സമരത്തിനെത്തിയ യുവജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. നാഷണണല്‍ സെക്യുരിറ്റി ആക്ട് അടക്കം ചുമത്തിയാണ് സോനം വാങ്ചുക്കിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

VERY SAD EVENTS IN LEHMy message of peaceful path failed today. I appeal to youth to please stop this nonsense. This only damages our cause.#LadakhAnshan pic.twitter.com/CzTNHoUkoC

അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ്, തന്നെ ബലിയാടാക്കുകയാണ് എന്ന് വ്യക്തമായി അറിയാമെന്നും സോനം വാങ്ചുക്ക് പറഞ്ഞിരുന്നു. 'എനിക്കെതിരെ കേസുകള്‍ അവര്‍ കെട്ടിപ്പൊക്കുകയാണ് എന്ന് എനിക്കറിയാം. പൊതുസുരക്ഷാ നിയമത്തിന്റെ പേര് പറഞ്ഞ് അവര്‍ എന്നെ ജയിലിലും ആക്കിയേക്കാം. പക്ഷെ പുറത്തുള്ള സോനം വാങ്ചുക്കിനേക്കാള്‍ പ്രശ്നം ജയിലിലായ സോനം വാങ്ചുക് ആയിരിക്കും. ലഡാക്കിലെ പ്രക്ഷോഭത്തിനും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്കും കാരണം ഞാനോ കോണ്‍ഗ്രസോ ആണെന്ന് പറയുന്നത് ബലിയാടക്കല്‍ മാത്രമാണ്. പക്ഷെ ഈ കുതന്ത്രം കൊണ്ടൊന്നും കേന്ദ്ര സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല. കാരണം ലഡാക്കിലെ യുവാക്കള്‍ അത്രമേല്‍ അസ്വസ്ഥരാണ്,' എന്നായിരുന്നു സോനം വാങ്ചുക്കിന്റെ വാക്കുകള്‍.

രാജ്യത്ത് ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍, അതിന് നേതൃത്വം കൊടുത്തവരെയും ആക്ടിവിസ്റ്റുകളെയും പങ്കെടുത്തവരെയുമെല്ലാം ജയിലലടക്കുന്നത് നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട്. തുടര്‍ന്ന് വിചാരണ പോലുമില്ലാതെ വര്‍ഷങ്ങള്‍ ജയിലില്‍ കഴിയുന്നവരും നമുക്ക് മുന്‍പിലുണ്ട്. ഇപ്പോള്‍ സോനം വാങ്ചുക്കിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ സമരം ശക്തമാകുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തിരുത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Content Highlights: Who is Sonam Wangchuck arrested in connection with Ladakh Gen Z protest

To advertise here,contact us