2019 ഫെബ്രുവരി 14.ലോകം, പ്രണയദിനം കെങ്കേമമായി ആഘോഷിക്കുന്നതിടെ, ഇന്ത്യയുടെ മനസ്സില് കനല് കോരിയിട്ട് പാക് പിന്തുണയുള്ള ഭീകരര് പുല്വാമയില് 40 ഇന്ത്യന് സൈനികരുടെ ജീവനെടുത്തു. എന്നാല് 12-ാം ദിവസം തന്നെ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങളിലേക്കായിരുന്നു ഇന്ത്യന് സേനയുടെ മിന്നലാക്രമണം. പാകിസ്താന്റെ അത്യാധുനിക യുദ്ധവിമാനമായ അമേരിക്കന് നിര്മ്മിത എഫ് 16 ഉള്പ്പെടെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ പടയോട്ടം. യുദ്ധവിമാനങ്ങളുടെ നാലാം തലമുറയില്പെട്ട എഫ് 16 വിമാനത്തെ വീഴ്ത്തിയതാകട്ടെ ഇന്ത്യയുടെ പഴയ തലമുറ വിമാനമായ മിഗ് 21 ബൈസണായിരുന്നു. അഭിനന്ദന് വര്ദ്ധമാന്റെ ആ അഭിമാനപോരാട്ടം രാജ്യം നെഞ്ചേറ്റിയിരുന്നു.
അങ്ങനെ എത്രയേറെ വീരചരിതങ്ങളുണ്ട് മിഗ് 21ന് പറയാന്. ആറ് പതിറ്റാണ്ടോളം കാലം രാജ്യത്തെ സേവിച്ചതിന് ശേഷമാണ് മിഗ് 21 അനിവാര്യമായ വിടവാങ്ങലിന് ഒരുങ്ങുന്നത്. കൃത്യമായി പറഞ്ഞാല് 62 വര്ഷം നീണ്ട സേവനത്തിന് ശേഷമാണ് മിഗ് 21 വിമാനങ്ങള് ഇന്ത്യന് സൈന്യത്തില് നിന്ന് വിരമിക്കുന്നത്.
മിഗ് 21 ഇന്ത്യയിലേയ്ക്ക് വന്നതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. അമേരിക്കന് സൈനികസഖ്യത്തില് പങ്കാളിയായ പാകിസ്താന് 1960കളില് ആധുനിക യുദ്ധവിമാനങ്ങള് ലഭിക്കാന് തുടങ്ങി. തൊട്ടിപ്പുറത്ത് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധവും വഷളായിരുന്ന കാലമായിരുന്നത്. ഈ ഘട്ടത്തിലാണ് അപകടം തിരിച്ചറിഞ്ഞ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റു നമ്മുടെ അടുത്ത സുഹൃത്തായ സോവിയറ്റ് യൂണിയനെ സമീപിക്കുന്നത്. അങ്ങനെ മികച്ചതും വില കുറഞ്ഞതുമായ മിഗ് 21 സൂപ്പര്സോണിക് വിമാനങ്ങള് ഇന്ത്യക്ക് നല്കാന് സോവിയറ്റ് യൂണിയന് തയ്യാറായി. 1962ല് ആറ് വിമാനങ്ങള് കപ്പലില് മുംബൈയിലെത്തിയതോടെ ഇന്ത്യന് ചരിത്രത്തില് ഒരു ഇതിഹാസത്തിന് തുടക്കമായി. ഇന്ത്യയുടെ വ്യോമശേഷിയില് അങ്ങനെ എണ്ണംപറഞ്ഞ ശക്തിദുര്ഗ്ഗമായി അതോടെ മിഗ് 21 മാറി.
മിഖോയാന് ആന്ഡ് ഗുറേവിച്ച് എന്ന റഷ്യന് എയ്റോസ്പേസ് ആന്ഡ് ഡിഫെന്സ് കോര്പറേഷനാണ് മിഗ് വിമാനങ്ങള് ഡിസൈന് ചെയ്തത്. മിഖോയാന് ആന്ഡ് ഗുറേവിച്ച് എന്നതിന്റെ ചുരുക്കപ്പേരാണ് മിഗ്.
ഭാരം കുറഞ്ഞ ഇന്റര്സെപ്റ്റര് ഫൈറ്റര് കാറ്റഗറിയില് പെട്ടതാണ് മിഗ് 21. 1955ലെ പ്രണയദിനത്തിലാണ് മിഗ് 21 ന്റെ പ്രോട്ടോടൈപ് ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ലളിതമായ രൂപകല്പന, കുറഞ്ഞ ചെലവ്, അസാമാന്യ പ്രഹരശേഷി എന്നിവയാണ് മിഗ് 21ന്റെ ഏറ്റവും പ്രധാന മികവ്. 4 മീറ്റര് ഉയരവും 12.2 മീറ്റര് നീളവുമുള്ള മിഗ് വിമാനത്തിന്റെ ചിറകിന്റെ വലുപ്പം 7.154 മീറ്ററാണ്. 5,846 കിലോയാണ് ഈ ഫൈറ്റര് ജറ്റിന്റെ ഭാരം. ആയുധങ്ങളും വൈമാനികരും ഉള്പ്പെടെ 8,725 കിലോ ഭാരം വഹിക്കാവുന്നതാണ് ഈ യുദ്ധവിമാനങ്ങള്. മണിക്കൂറില് 2,230 കിലോമീറ്ററാണു മിഗ് 21ന്റെ പറക്കല്വേഗം. ഒറ്റക്കുതിപ്പില് 1,210 കിലോമീറ്റര് ദൂരം സഞ്ചരിക്കാനും ഈ ഫൈറ്റര് വിമാനങ്ങള്ക്ക് സാധിക്കും.
എയര് ടു എയര്, എയര് ടു സര്ഫസ് മിസൈലുകള് വിക്ഷേപിക്കാമെന്നതാണ് മിഗ് 21ന്റെ ഏറ്റവും വലിയ സവിശേഷത. എവിടെയും ഏത് സൈനിക നീക്കത്തിനും ഉപയോഗിക്കാമെന്നതും മിഗ് 21ന്റെ വലിയ പ്രത്യേകതയാണ്.1963ല് ഇന്ത്യ ആദ്യ മിഗ് 21 വിമാനങ്ങള് സ്വന്തമാക്കി. അന്നു മുതല് ഇന്നു വരെ ഇന്ത്യന് വ്യോമസേനയുടെ കരുത്തായിരുന്നു ഈ ഫൈറ്റര് വിമാനങ്ങള്. സോവിയറ്റ് യൂണിയന് പിന്നീട് ഇവയുടെ സാങ്കേതികവിദ്യ പൂര്ണമായും ഇന്ത്യയ്ക്ക് കൈമാറി. വ്യോമസേനയുടെ ഭാഗമായ 900 മിഗ് 21 വിമാനങ്ങളില് 657 എണ്ണം ഹിന്ദുസ്ഥാന് എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യയില്ത്തന്നെ നിര്മിച്ചതായിരുന്നു.
1971ല് നടന്ന ഇന്ത്യാ-പാകിസ്താന് യുദ്ധം മിഗ് വിമാനങ്ങളുടെ കരുത്ത് ലോകം അറിഞ്ഞ സമയമായിരുന്നു. 1971 ഡിസംബര് 3ന് രാത്രി ഇന്ത്യന് വ്യോമത്താവളങ്ങള് ആക്രമിച്ചുകൊണ്ട് പാകിസ്താന് യുദ്ധമാരംഭിച്ചു. ബംഗ്ലാദേശ് വിമോചനത്തിലേക്ക് നയിച്ചത് 71 ലെ ഇന്ത്യ-പാക്ക് യുദ്ധമായിരുന്നു. യുദ്ധത്തില് ഇന്ത്യയ്ക്ക് മേല്ക്കൈ ലഭിച്ച ആ ദിവസം ഇങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യന് വ്യോമസേനയുടെ മൂന്ന് മിഗ്-21 സ്ക്വാഡ്രണുകളുമായി യുദ്ധ സജ്ജരായി. നമ്പര് ഫോര് ഓറിയല്സ്, നമ്പര് 28 ഫസ്റ്റ് സൂപ്പര്സോണിക്സ്, നമ്പര് 30 ചാര്ജിംഗ് റൈനോസ് എന്നിവയായിരുന്നു അവ. പടിഞ്ഞാറന് അതിര്ത്തിയില് അഞ്ച് സ്ക്വാഡ്രണുകള് കാവല് നിന്നു. ആക്രമണം തുടങ്ങി ആദ്യ 48 മണിക്കൂറിനുള്ളില് ഇന്ത്യ കിഴക്കന് പാകിസ്താനില് വ്യോമ മേധാവിത്വം സ്ഥാപിച്ചു. 13-ാം നാള് പാക്കിസ്താന് ഇന്ത്യക്ക് മുന്നില് ആയുധം വെച്ച് കീഴടങ്ങി. പിന്നീട് കാര്ഗില് യുദ്ധത്തിന്റെ സമയത്തും ചരിത്രം ആവര്ത്തിച്ചു. 2019ലെ ബാലകോട്ട് ആക്രമണത്തിന് ശേഷം നടന്ന തിരിച്ചടിയിലും ഏറ്റവും ഒടുവിലത്തെ ഓപ്പറേഷന് സിന്ദൂരില് വരെ നിര്ണായക പങ്കാണ് മിഗ് 21 വഹിച്ചത്. ഈ നിലയില് നീണ്ട ആറു പതിറ്റാണ്ടുകാലമാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ആകാശം കാത്തത്.
ഇത്രയേറെ വ്യോമസേനയെ സംബന്ധിച്ച് പ്രാധാന്യം ഉണ്ടായിരുന്ന മിഗ് 21 ഇപ്പോള് വിരമിക്കുന്നത് എന്തിനാണെന്ന ചിന്ത ഇത്രയും വായിച്ച ആളുകളെ സംബന്ധിച്ച് സ്വഭാവികമാണ്. പക്ഷെ ഉത്തരം ലളിതമാണ്. മിഗ് 21ന് പ്രായമായി. സാങ്കേതിക തകരാറുകളും കാലഹരണപ്പെട്ട സാങ്കേതികവിദ്യയും കാരണം നിരവധി മിഗ്-21 വിമാനങ്ങള് നിരന്തരം അപകടത്തില്പ്പെട്ടുന്ന സാഹചര്യങ്ങളുണ്ടായി. ഈ അപകടങ്ങളില് ധാരാളം പൈലറ്റുമാരെയും നമുക്ക് നഷ്ടമായി. ഏതാണ്ട് 500ലധികം അപകടങ്ങളിലായി 200 പൈലറ്റുമാര് കൊല്ലപ്പെട്ടെന്നാണ് ഏകദേശ കണക്ക്. പറക്കും ശവപ്പെട്ടി, വിഡോ മേക്കര് അഥവാ വിധവകളെ സൃഷ്ടിക്കുന്ന വിമാനം എന്നീ ചീത്തപ്പേരുകള് മിഗ് 21ന് നേരിടേണ്ടി വന്നു. 1970കളിലെ സാങ്കേതികവിദ്യയാണ് മിഗിനുള്ളത്. സ്പെയര് പാര്ട്ടുകള് പോലും ലഭ്യമല്ലാത്ത സാഹചര്യം രൂപപ്പെട്ടതും പ്രതിസന്ധിയായി. അപകടങ്ങള് പതിവായതും നവീകരണവും പരിപാലനവും വലിയ വെല്ലുവിളിയായതും മിഗിനെ ഉപേക്ഷിക്കാന് വ്യോമസേനയെ നിര്ബന്ധിതരാക്കി എന്ന് വേണം കാണാന്.
മിഗ് 21 പിന്വാങ്ങുന്നതോടെ ഒരു ഇതിഹാസ യുഗത്തിന്റെ അവസാനമാണ് അടയാളപ്പെടുത്തുന്നത്. ആധുനിക വ്യോമയാന സാങ്കേതികവിദ്യയുടെ വേഗതയോടും കൃത്യതയോടും കിടപിടിക്കാന് മിഗ്21ന് ഇപ്പോള് കഴിഞ്ഞെന്ന് വരില്ല. എങ്കിലും, ഇന്ത്യയുടെ വ്യോമ പ്രതിരോധ ചരിത്രത്തില് മിഗ് 21ന്റെ സ്ഥാനം എന്നും നിലനില്ക്കും. നിരവധി യുദ്ധവിജയങ്ങള്ക്കും സേവനങ്ങള്ക്കും സാക്ഷ്യം വഹിച്ച മിഗ് 21 ഇന്ത്യന് പ്രതിരോധ ചരിത്രത്തില് എന്നുമൊരു പോരാളിയായി നിലനില്ക്കും.
മിഗ് 21 ഒഴിച്ചിടുന്ന വിടവിലേക്ക് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് പേര് വിമാനങ്ങളും പുതിയ റഫാല് വിമാനങ്ങളും ഉള്പ്പെടുത്താനാണ് സൈന്യത്തിന്റെ തീരുമാനം.
Content Highlights: India says good bye to the Mig 21