ഓപ്പറേഷന് സിന്ദൂറിന് ശേഷമാണ് കാര്യങ്ങള് എല്ലാം മാറിമറിഞ്ഞത്. പാക് ഭീകരാകേന്ദ്രങ്ങള് ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ദൗത്യം വിജകരമായിരുന്നു എന്ന് ഇന്ത്യ അവകാശപ്പെട്ടപ്പോഴും സാമ്പത്തികമായി തകര്ന്നടിഞ്ഞ പാക് ജനത വിശ്വസിച്ചത് അത് പാകിസ്താന്റെ വിജയമായിട്ടാണ്. അതുകൊണ്ടായിരിക്കണമല്ലോ പാക് പട്ടാളമേധാവി അസിം മുനീറിനെ ഫീല്ഡ് മാര്ഷലാക്കിക്കൊണ്ട് സ്ഥാനക്കയറ്റം നല്കിയതെന്ന് അവര് ചിന്തിച്ചു. ഒരു സൈനിക ദൗത്യത്തില് വിജയിക്കാത്ത ഒരാള്ക്ക് ഒരു രാജ്യം സ്ഥാനക്കയറ്റം നല്കുന്നത് എങ്ങനെയാണെന്ന സാമാന്യ ബോധം. തീര്ന്നില്ല, അതേ സൈനിക ദൗത്യത്തിന് ശേഷം അമേരിക്ക പാകിസ്താനെ പരസ്യമായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. അസിം മുനീറിനെ വിരുന്നിന് ക്ഷണിച്ചും പാക് ജനതയുടെ വികാരത്തെ തൃപ്തിപ്പെടുത്തുന്ന രീതിയില് ഇന്ത്യക്കെതിരെ പരോക്ഷ വിമര്ശനങ്ങള് ഉന്നയിച്ചും മാത്രമല്ല യുഎസ് പാകിസ്താനെ പ്രോത്സാഹിപ്പിച്ചത്. പാക് സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്വേകുന്ന തരത്തിലുള്ള വ്യാപാര വികസന കരാറുകളിലൂടെ സാമ്പത്തിക പിന്തുണയും അമേരിക്ക വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയാണെങ്കില് പാക് ആക്രമണത്തിന്റെ വിശദചിത്രം പൊതുജനങ്ങള്ക്ക് മുന്നില് കൃത്യമായി അവതരിപ്പിക്കുക പോലും ചെയ്തില്ല. പാകിസ്താനുമായി നടത്തിയത് ഒരു ചതുരംഗക്കളിയായിരുന്നുവെന്നും ചെക്കമേറ്റ് നല്കി പാകിസ്താനെതിരെ വിജയം ഉറപ്പാക്കിയെന്നും കരസേന മേധാവി ജനറല് ഉപേന്ദ്ര ദ്വിവേദി പറഞ്ഞതും കഴിഞ്ഞ ദിവസമാണ്. 5 യുദ്ധ വിമാനങ്ങള് ഉള്പ്പെടെ പാകിസ്താന്റെ ആറ് യുദ്ധവിമാനങ്ങള് തകര്ത്തതായി ഇന്ത്യ വ്യക്തമാക്കുന്നതും സൈനിക നടപടിയില് വിജയം വരിച്ചത് തങ്ങളാണെന്ന് ജനങ്ങളെ പറ്റിക്കുന്നതിനായാണ് അസിം മുനീറിന് സ്ഥാനക്കയറ്റം നല്കിയതെന്ന് കരസേന മേധാവി പറയുന്നതും എല്ലാം. പക്ഷെ ഇന്ത്യയെ എന്ഡോഴ്സ് ചെയ്യാന് യുഎസ് മുതിരുന്നില്ല. തന്നെയുമല്ല പിഴത്തീരുവ ചുമത്തി ഇന്ത്യയെ വശംകെടുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യ-പാക് സംഘര്ഷത്തില് മധ്യസ്ഥത വഹിച്ച് വെടിനിര്ത്തല് പ്രഖ്യാപിച്ചത് താനാണെന്ന അമേരിക്കന് പ്രസിഡന്റിന്റെ അവകാശവാദത്തെ ഇന്ത്യ പലവുരു തള്ളിയതോടെയാണ് ട്രംപിന് നീരസം മൊട്ടിട്ടത്. പാക് ആകട്ടെ ട്രംപിന്റെ അവകാശവാദത്തെ ശരിയെന്ന് വയ്ക്കുകയും മധ്യസ്ഥത വഹിച്ച സമാധാന ദൂതന് സമാധാനത്തിനുള്ള നൊബേല് സമ്മാനത്തിനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്താനുമായുള്ള ബന്ധത്തില് മഞ്ഞുരുകിയപ്പോള് ഇന്ത്യയുടെ ഫ്രണ്ട് ഇന്ത്യയോട് പിണങ്ങി. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടാണ് പിന്നെ യുഎസ് കൈക്കൊണ്ടത്. ആ നീരസം പ്രകടിപ്പിക്കാന് ഇന്ത്യക്ക് മേല് 50 ശതമാനം തീരുവയും ചുമത്തി.
ഏറ്റവും ഒടുവില് യുഎസ് ജനറല് മൈക്കല് കുറില്ലയുടെ വിരമിക്കല് ചടങ്ങില് അതിഥിയായെത്തിയ പാക് പട്ടാള മേധാവി അസിം മുനീര് ആ മൂന്നാംരാജ്യത്തുവച്ചും ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുകയാണ്. കുറില്ല ചില്ലറക്കാരനല്ല, ഐഎസ്ഐഎസ്-ഖൊരാസനെ നേരിടുന്നതില് പാകിസ്താനെ ഒരിക്കല് പ്രശംസിച്ചിട്ടുള്ള വ്യക്തിയാണ്, അസിം മുനീറിനെ പ്രത്യേകിച്ചും. 'ഇന്ത്യ ഒരു അണക്കെട്ട് നിര്മിക്കാന് ഞങ്ങള് കാത്തിരിക്കുകയാണ്. പത്ത് മിസൈലുകള് ഉപയോഗിച്ച് അത് തകര്ക്കും. സിന്ധു ഇന്ത്യയുടെ കുടുംബ സ്വത്തല്ല, ഞങ്ങള്ക്ക് മിസൈലുകള്ക്ക് കുറവില്ല, ഞങ്ങള് ആണവ രാഷ്ട്രമാണ്, ഇല്ലാതാകുമെന്ന് തോന്നിയാല് ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള് കൂടെ കൊണ്ടുപോകും' തുടങ്ങി ഇന്ത്യയെ മാത്രമല്ല ലോകത്തെ തന്നെ തങ്ങള്ക്ക് ആണവക്കരുത്തുണ്ടെന്ന് വിളിച്ചുപറഞ്ഞ് വെല്ലുവിളിക്കുകയായിരുന്നു അസിം മുനീര്. ഇടയില് ഇന്ത്യയെ 'തിളങ്ങുന്ന മെഴ്സിഡസ് ബെന്സി'നോടും പാകിസ്താനെ 'ഡംപ് ട്രക്കി'നോടും ഉപമിച്ച് ട്രോളുകള് ഏറ്റുവാങ്ങുകയും ചെയ്തു. പിഴത്തീരുവ വിവാദത്തില് വാഷിങ്ടണും ന്യൂഡല്ഹിയും തമ്മിലുള്ള ബന്ധമെല്ലാം ഉലഞ്ഞിരിക്കുന്ന സമയത്താണ് പാകിസ്താന് ഇന്ത്യയെ വെല്ലുവിളിക്കാന് യുഎസ് വേദി ഒരുക്കിക്കൊടുത്തിരിക്കുന്നത്. ഇത് യുഎസ്-സൗഹൃദ ബന്ധത്തിലുണ്ടാക്കാന് പോകുന്ന വിള്ളലുകള് അല്പം കൂടി കഠിനമാക്കുകയേയുള്ളൂവെന്ന് യുഎസിന് അറിയാതിരിക്കാന് വഴിയില്ല. പക്ഷെ യുഎസിനെ സംബന്ധിച്ച്, കൃത്യമായി പറഞ്ഞാല് ട്രംപിനെ സംബന്ധിച്ച് ഒരു ദീര്ഘകാല ബന്ധത്തിന് മുതിരുന്ന ഒരാളല്ല ട്രംപ്. അവസരവാദിയെന്ന് വിളിച്ചാല്പോലും തെറ്റുപറയാനും പറ്റില്ല.
കശ്മീര് പ്രശ്നത്തില് ഇടപെടാനുള്ള താല്പര്യവും ട്രംപ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനെയും ഇന്ത്യ പ്രതിരോധിക്കുക തന്നെയായിരുന്നു. കശ്മീര് പ്രശ്നം മധ്യസ്ഥത വഹിച്ച് പരിഹരിച്ചതിന്റെ ക്രെഡിറ്റ്, പഹല്ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യ-പാക് സംഘര്ഷം അവസാനിപ്പിക്കാന് മധ്യസ്ഥത വഹിച്ച ക്രെഡിറ്റ് മൊത്തത്തില് നൊബേലിലേക്കുള്ള ദൂരം കുറയ്ക്കുന്ന ഈ നടപടികളിലേക്കെല്ലാമുള്ള ഒരു ആക്സസാണ് ഇന്ത്യയുടെ നിര്ബന്ധബുദ്ധിയില് ട്രംപിന് നഷ്ടപ്പെടുന്നത്. സ്വഭാവികമായും ട്രംപിന് നീരസം കൂടി. അതിനുള്ള മറുപടിയായാണ് ഇന്ത്യയെ പ്രകോപിതരാക്കാന് വേണ്ടി പാകിസ്താനോട് കാണിക്കുന്ന അടുപ്പം. പക്ഷെ അപ്പോഴും പാകിസ്താന് ഓര്ക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയുടെ തോളില് കയ്യിട്ട് നടന്ന് മൈ ഫ്രണ്ട്, മൈ ഫ്രണ്ട് എന്ന് ആവര്ത്തിച്ച ട്രംപിന് കിട്ടുമെന്ന് ഉറപ്പില്ലാക്ക ഒരു നൊബേല് കൊതിയുടെ പേരില് ഇന്ത്യയുമായുള്ള ബന്ധം മേല്കീഴ് ആലോചിക്കാതെ തള്ളിക്കളയാമെങ്കില്, തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് നില്ക്കാതെ വരുന്ന ഘട്ടത്തില് പാകിസ്താനെയും തള്ളിപ്പറയാന് മടികാണില്ല. പാകിസ്താനോട് ട്രംപ് കാണിക്കുന്ന മമത ഇന്ത്യയോടുള്ള അനിഷ്ടത്തിന്റെ പുറത്ത് പാകിസ്താനെ കരുവാക്കിക്കൊണ്ടുള്ള താല്ക്കാലിക താല്പര്യം മാത്രമായിരിക്കാമെന്നുള്ളത് മറന്നുകൊണ്ടാണ് പാക് ആവേശം കൊള്ളുന്നത്.
പാകിസ്താന്റെ ഈ അമിതാവേശത്തെ ഇന്ത്യ വിലയ്ക്കെടുക്കണോ എന്ന് ചോദിച്ചാല് പാകിസ്താന് സൈനിക മേധാവി പറഞ്ഞപോലെ ലോകത്തിന്റെ പകുതിയെ ഭീഷണിപ്പെടുത്താനുള്ള ആയുധങ്ങളൊന്നും പാകിസ്താന്റെ കൈവശം നിലവിലില്ല. പാകിസ്താനില് 170 ആണവ പോര്മുനകളുണ്ട്, ഇന്ത്യക്കുള്ളത് 172 ആണവ പോര്മുനകളാണ്. പക്ഷെ പാകിസ്താന്റെ ആണവനയം തീരുമാനിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനായുള്ള നാഷണല് കമാന്ഡ് അതോറിറ്റിയാണെങ്കിലും പ്രതിസന്ധി ഘട്ടത്തില് പാകിസ്താന് കരസേന മേധാവിക്കാണ് ഇക്കാര്യത്തില് നിര്ണായക നീക്കങ്ങള് നടത്താനാകുമെന്നാണ് ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് സ്ട്രാറ്റജിക് സ്റ്റഡീസിലെ വിദഗ്ധരുടെ അഭിപ്രായം. അത് ആശങ്ക വര്ധിപ്പിക്കുന്നത് തന്നെയാണ്.
പാക് അടുപ്പത്തിന് പിന്നില് ഇന്ത്യ മാത്രമല്ല എന്ന് വിശ്വസിക്കുന്ന നയതന്ത്ര വിദഗ്ധരുമുണ്ട്. ഇറാനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് പാക് പിന്തുണ ഗുണം ചെയ്യുന്ന വിശ്വാസം കൂടിയാണ് ട്രംപിനെകൊണ്ട് ചുടുചോറ് വാരിക്കുന്നതെന്ന് കരുതുന്നവരാണ് അവര്. ദക്ഷിണേഷ്യയില് തങ്ങളുടെ ചായവ് അവര് പാകിസ്താനിലേക്ക് പുനക്രമീകരിക്കുന്നു. ലോകത്തെ തങ്ങള്ക്ക് ഇടപെടാന് സാധിക്കുന്ന രീതിയില് പലതായി വിഭജിക്കുക എന്നുള്ളത് എല്ലാക്കാലത്തും യുഎസിന്റെ ഒരു രീതിയാണ്. അങ്ങനെ നോക്കു്മ്പോള് പാകിസ്താന് വരുന്നത് സെന്റ്കോമിലാണ്, യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇറാന് അഫ്ഗാന് മേഖലയില്. ഇന്ത്യയാകട്ടെ ഇന്തോ-പസഫിക് മേഖലയിലും. അവിടെ യുഎസ് ശ്രദ്ധപൂര്വം വീക്ഷിക്കുന്നത് ചൈനയെയാണ്.
എന്തൊക്കെയായാലും ഇന്ത്യക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. യുഎസുമായുള്ള ചര്ച്ചകള് ഫലം കണ്ടാല്, ട്രംപിനെ നൊബേലിന് ശുപാര്ശ ചെയ്ത് ഇന്ത്യ നിലപാടെടുത്താല് യുഎസ് തന്നെ കൂട്ടിയ തീരുവ ചിലപ്പോള് കുറച്ചേക്കും. പക്ഷെ അപ്പോഴും പാകിസ്താനോട് കാണിച്ച അടുപ്പം ഇന്ത്യ മറക്കില്ല, മൈ ഫ്രണ്ട് എന്ന് ആത്മാര്ഥമായി പറയാന് ഇന്ത്യക്ക് സാധിക്കില്ല. ഇന്ത്യയുടെ കണ്ണില് നിങ്ങള് വിശ്വസ്തരല്ലാതായിക്കഴിഞ്ഞു.
Content Highlights: Pakistan's Nuclear Sabre-Rattling: What Asim Munir's Threat from US Soil Signifies