ഇന്ത്യക്ക് വില്‍ക്കാന്‍ മാത്രം എണ്ണ പാകിസ്താനിലുണ്ടോ;ട്രംപിന്റെ 'പാക് കരുതലി'ന് പിന്നിലുള്ള ഗൂഢലക്ഷ്യം ഇതോ?

ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണശേഖരം അവകാശപ്പെടാനില്ലാത്ത പാകിസ്താന് അത് വികസിപ്പിക്കാന്‍ കരാറിലൂടെ കൈകൊടുക്കുന്ന യുഎസ് നടപടി പാകിസ്താനുമായുള്ള വ്യാപാരക്കരാര്‍ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും.

'ചിലപ്പോള്‍ അവര്‍ ഒരു ദിവസം ഇന്ത്യക്ക് എണ്ണ വില്‍ക്കും!'പാകിസ്താന്റെ എണ്ണപ്പാടശേഖരങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറില്‍ ഒപ്പിട്ടെന്നുള്ള പ്രഖ്യാപനത്തോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്ത ഈ വാചകം ഇന്ത്യയ്ക്കുള്ള ഒളിയമ്പായിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനുള്ള അതൃപ്തിയാണ് ട്രംപിന്റെ വാക്കുകളില്‍ മുഴച്ചുനിന്നിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവയും റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്തിയിട്ടും അതൃപ്തി തീരാതെയാണ് പാകിസ്താനുമായി നിര്‍ണായക വ്യാപാരക്കരാറില്‍ യുഎസ് ഒപ്പുവച്ചത്. എന്നിട്ടും കെറുവ് തീരാതെ മറ്റൊന്നുകൂടി ട്രംപ് പറഞ്ഞു, ഇന്ത്യയും റഷ്യയും ചത്ത സമ്പദ്‌വ്യവസ്ഥ(ഡെഡ് ഇക്കോണമി)യാണെന്നും അവരുടെ വ്യാപാരബന്ധത്തില്‍ തനിക്ക് താത്പര്യമില്ലെന്നും..ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണശേഖരം അവകാശപ്പെടാനില്ലാത്ത പാകിസ്താന് അത് വികസിപ്പിക്കാന്‍ കരാറിലൂടെ കൈകൊടുക്കുന്ന യുഎസ് നടപടി പാകിസ്താനുമായുള്ള വ്യാപാരക്കരാര്‍ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും.

സത്യത്തില്‍ പാകിസ്താനില്‍ എണ്ണയുണ്ടോ?

'പാകിസ്താനില്‍ എണ്ണ കണ്ടെത്തുന്നത് സംബന്ധിച്ച് അവര്‍ക്ക് എന്തോ മിഥ്യാധാരണകള്‍ ഉണ്ടെന്ന് തോന്നുന്നു. എന്തായാലും ഞാനവര്‍ക്ക് ആശംസകള്‍ നേരുന്നു'ട്രംപിന്റെ കരാര്‍ പ്രഖ്യാപനത്തോട് ശശി തരൂര്‍ എംപി പ്രതികരിച്ചത് പരിഹാസച്ചുവയിലാണ്. ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്താനില്‍ ഇത്ര വലിയ എണ്ണ ശേഖരമുള്ളതായി തങ്ങളാരും അറിഞ്ഞിട്ടില്ലെന്നും തരൂര്‍ പറയുന്നുണ്ട്. എണ്ണയുടെ വന്‍ശേഖരമുള്ള പാകിസ്താനിലാണ്, അത് ഖനനം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ കൂടി ജൂലായില്‍ പെട്രോളിന് വില വര്‍ധിപ്പിച്ചത്. 5.36 പാക് രൂപ വര്‍ധിപ്പിച്ചതോടെ ലിറ്ററിന് 272.15 രൂപയായി പെട്രോള്‍ വില ഉയര്‍ന്നതിനെതിരെ ജനരോഷം ശക്തമായത് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. വിരോധാഭാസം!

ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ-വാതകശേഖരം പാകിസ്താനില്‍ ഉള്ളതായി അവകാശപ്പെട്ട് 2019ല്‍ ഇമ്രാന്‍ ഖാന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടും മുന്‍പ് കുഴിച്ചുനോക്കി ഒന്നുംകിട്ടിയില്ലെന്ന് വ്യക്തിമാക്കി പെട്രോളിയം വകുപ്പ് രംഗത്തെത്തുകയും ചെയ്തു. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 2024ല്‍ പാക് പത്രമായ ഡോണ്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ExxonMobil, ENI, Pakistan Petroleum Limited, and Oil & Gas Development Company Limited എന്നിവരെല്ലാം ചേര്‍ന്ന് 5,500 മീറ്ററോളം ഖനനം നടത്തിനോക്കിയെന്നും ഒന്നും കണ്ടെത്താനായില്ലെന്നും ഒടുവില്‍ ഖനനം തന്നെ ഉപേക്ഷിച്ചെന്നുമാണ് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇനി ലഭ്യമായ കണക്കുകളിലേക്ക് വരാം. 2016ലെ കണക്കുകള്‍ പ്രകാരം നോക്കുകയാണെങ്കില്‍ പാകിസ്താനിലെ എണ്ണശേഖരം 353.5 മില്യണ്‍ ബാരലാണ്. ആഗോള റാങ്കിങ്ങില്‍ 52-ാം സ്ഥാനത്താണ് പാകിലസ്താന്റെ സ്ഥാനം. അതായത് ലോകത്ത് ആകെയുള്ള എണ്ണശേഖരത്തിന്റെ 0.21 ശതമാനം മാത്രമാണ് പാകിസ്താനുള്ളത്. പാക്‌സിതാന്റെ ഉപഭോഗനിരക്ക് വച്ച് കണക്കുകൂട്ടുകയാണെങ്കില്‍ എണ്ണ ഇറക്കുമതി ചെയ്യാതെ ഒരു രണ്ടില്‍താഴെ വര്‍ഷം ഉപയോഗിക്കാന്‍ മാത്രമേ ഈ ശേഖരത്തിലൂടെ സാധിക്കൂ. ഇസ്ലാമാബാദുമായി ആഭ്യന്തരയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബലൂചിസ്ഥാനിലാണ് ഈ ശേഖരമെന്നുള്ളതാണ് അതിനേക്കാള്‍ കൗതുകം.

ഇനി ഇന്ത്യയുടെ നോക്കാം. ഇന്ത്യക്ക് 4.9 ബില്യണ്‍ എണ്ണശേഖരമാണ് ഉള്ളത്. ഇന്ത്യയുടെ ശേഖരം ആഗോളതലത്തില്‍ 0.29 ശതമാനമാണ്. കൂടാതെ ഇന്ത്യയ്ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരമുണ്ട്, ആഴക്കടല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ വേര്‍തിരിച്ചെടുക്കാനും ശുദ്ധീകരിക്കാനുമുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്, പാകിസ്താനതില്ല. പക്ഷെ ഇന്ത്യയ്ക്ക് ഉപഭോഗവും കൂടുതലാണ്. 2025 ഫെബ്രുവരിയില്‍ ഇന്ത്യ പ്രതിദിനം 600,000 ബാരലിലധികം ക്രൂഡ് ഓയിലാണ് ഉല്പാദിപ്പിച്ചത്. പാക്‌സിതാന്‍ 68,000വും. എണ്ണ ഉപഭോഗത്തിനായി ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട് ഇന്ത്യയും പാകിസ്താനും. ലോകത്തിലെ തന്നെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഉപഭോക്താക്കളില്‍ ഒരാളാണ് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5 മില്യണ്‍ ബിപിഡിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുള്ളത്. 2024ല്‍ പാകിസ്താന്‍ 140,000(BPD)മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. അവരുടെ ശരാശരി ഇറക്കുമതി 1,63,000 ആണ്. ഇതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമാണ്. യുഎസ് പാകിസ്താന് ഇക്കാര്യത്തില്‍ കൈകൊടുക്കുന്നത് പ്രത്യക്ഷത്തില്‍ ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കില്ല. പിന്നെന്താണ് യുഎസിന്റെ ഉദ്ദേശ്യം?

ഇന്ത്യക്കുള്ള ഭീഷണി?

പാകിസ്താനില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വലിയ എണ്ണശേഖരം വികസിപ്പിക്കുന്നതിന് യുഎസ് നല്‍കുന്ന പിന്തുണ എന്തൊക്കെ പറഞ്ഞാലും സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന പാകിസ്താന് ഒരു കൈത്താങ്ങ് തന്നെയാണ്. ആഴക്കടല്‍ ഖനന സാങ്കേതികവിദ്യ പാകിസ്താന് ഇല്ലാത്തത്തിനാല്‍ അമേരിക്കയുടെ സഹായം പാകിസ്താന് ഒരു വലിയ മുന്നേറ്റമായിരിക്കും സമ്മാനിക്കുക എന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്. പക്ഷെ അമേരിക്കയ്ക്ക് എന്താണ് നേട്ടം? അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു വ്യാപാരക്കരാര്‍ മാത്രമായിക്കാണാനാകില്ല. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണം, വാങ്ങുന്നകത് അമേരിക്കയില്‍ നിന്നാകണം എന്ന ഇന്ത്യക്കുമേലുള്ള സമ്മര്‍ദ തന്ത്രം കൂടിയാണ് അത്. ട്രംപ് താരിഫ് പ്രഖ്യാപനങ്ങളിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മില്‍ യുഎസില്‍ കൂടിക്കാഴ്ച നടത്തുന്നത്. താരിഫ് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ അന്ന് യുഎസില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി ഇന്ത്യ തലയാട്ടി സ്വീകരിച്ചതുമാണ്. പക്ഷെ ഇപ്പോഴും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ തുടരുകയാണ്. ട്രംപിനെ ചൊടിപ്പിക്കാന്‍ മറ്റെന്ത് വേണം?വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ രണ്ടാംവരവില്‍ യുഎസ്-പാക് ബന്ധത്തിലും നാടകീയമെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ലാത്ത ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് പ്രകടമാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ താന്‍ ഇടപെട്ടുവെന്നും യുദ്ധത്തെ താനാണ് തടഞ്ഞതെന്നുമുള്ള ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം, ഇന്ത്യയെ ഫ്രണ്ടായി നിലനിര്‍ത്തിക്കൊണ്ടുതന്നെ പാകിസ്താനിലെ സിവിലിയന്‍-പട്ടാള നേതാക്കള്‍ക്ക് യുഎസില്‍ വിരുന്നൊരുക്കുന്നതും അവരുമായി ഉഭയകക്ഷി ചര്‍ച്ചകളിലേര്‍പ്പെടുന്നതുമെല്ലാം ട്രംപ് എന്തൊക്കെയോ ലക്ഷ്യമിടുന്നുണ്ട് എന്നതിന്റെ ശക്തമായ സൂചന തന്നെയാണ്.

പാകിസ്താന്‍ വഴിയുള്ള നയതന്ത്ര ഇടപെടലുകളോ ലക്ഷ്യം

ഇറാനുമായി യുഎസിന് വലിയ നയതന്ത്ര ബന്ധമില്ല, പക്ഷെ പാകിസ്താനുണ്ട്. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഇളവുവരുത്താന്‍, പ്രത്യേകിച്ച് ഇസ്രയേലുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യം തുടരുമ്പോള്‍ ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പാലമായി പാകിസ്താനെ ട്രംപിന് ഉപയോഗിക്കാനാകും എന്ന് നിരീക്ഷിക്കുന്നവര്‍ കുറവല്ല. ഇറാന് നേരെയുള്ള യുഎസ് വ്യോമാക്രമണങ്ങളെ അപലപിച്ച രാഷ്ട്രമാണ് പാകിസ്താന്‍. 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇറാനുമായി പാകിസ്താന്‍ പങ്കിടുന്നത്. പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിന് അതിനാല്‍ പാകിസ്താന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് സൂചന. വൈറ്റ്ഹൗസില്‍ ജൂണില്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവേ ഇസ്രയേലിനെ കയ്യയഞ്ഞ് സഹായിക്കുന്നത് ഒഴിവാക്കണമെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍ ട്രംപിനോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും മധ്യപൂര്‍വേഷ്യയിലെ പ്രശ്‌നപരിഹാരത്തിന് പാകിസ്താനെ ട്രംപ് ഉപയോഗിക്കുന്നുണ്ടെന്നതിന് അഭ്യൂഹങ്ങളല്ലാതെ പ്രകടമായ തെളിവുകളൊന്നുമില്ല. പക്ഷെ പാക്‌നേതാക്കളുമായി അടിക്കടിയുള്ള കൂടിച്ചേരലുകള്‍ പ്രദേശത്ത് സാന്നിധ്യം ഉറപ്പിക്കാനുള്ള യുഎസിന്റെ തന്ത്രമായി കണക്കാക്കാവുന്നത് തന്നെയാണ്.

Content Highlights: The Real Reason Behind Trump's Warm Overtures to Pakistan

To advertise here,contact us