'പട്ടിണി ആയുധമാക്കുന്ന ഇസ്രയേൽ.. ആ നിലവിളികൾ നിങ്ങളെ പൊള്ളിക്കുന്നില്ലെ?'

ഇനിയെന്ത് എന്നറിയാതെ പകച്ചു നിൽക്കുന്ന കുടുംബങ്ങൾ ഗാസയിലെ നേർക്കാഴ്ച്ചയാണ് അതിൽ നിന്ന് മുഖം തിരിക്കാനാവില്ല

1 min read|26 Jul 2025, 09:23 pm

വിശപ്പ് യുദ്ധോപകരണമാക്കുന്നവരെ എന്ത് പേരാണ് വിളിക്കേണ്ടത്? പട്ടിണി ആയുധമാക്കുന്നവരെയോ? ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ 100 വയസ് പ്രായമുള്ള വൃദ്ധർ വരെ ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുമ്പോൾ അത് കേട്ടാസ്വദിക്കാൻ കഴിയുന്നവരെ മനുഷ്യൻ എന്ന് വിളിക്കുന്നത് മനുഷ്യരാശിക്ക് തന്നെ നാണക്കേടാണ്. ഒരു കൂട്ടം ജനങ്ങളുടെ നിസ്സഹായതയെ, അവരുടെ കണ്ണീരിനെ യുദ്ധത്തിന്റെ ആയുധമാക്കുകയാണ് ഇസ്രയേൽ. വിശന്ന് കരഞ്ഞ് തളർന്ന് ഉറങ്ങുന്ന കുഞ്ഞുങ്ങളെ നോക്കി വിലപിക്കുന്ന അമ്മമാരെയും, സ്വന്തം കുടുംബത്തിന്റെ ദുരവസ്ഥ നോക്കി വിലപിക്കാൻ കഴിയുന്ന അച്ഛൻമാരെയുമെല്ലാം നമുക്ക് ഗാസയിൽ കാണാനാവും. ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലും തോലുമായി പോയ പിഞ്ച് കുഞ്ഞുങ്ങളടക്കമുള്ളവരോട് ലോകം എങ്ങനെയാണ് മാപ്പ് പറയുക?

ഗാസയിലെ നിലവിലെ അവസ്ഥ ചിന്തിക്കാവുന്നതിലും നിസ്സഹായമാണ്. ഭൂമിയിൽ ജനിച്ചു പോയി എന്ന കുറ്റത്തിന് മാത്രമാണ് അന്നാട്ടിലെ ഓരോ ജനങ്ങളും കഷ്ടതയനുഭവിക്കുന്നത്. ഇസ്രയേൽ- പലസ്തീൻ യുദ്ധം ആരംഭിച്ചത് മുതൽ നിരപരാധികളായ ഗാസയിലെ ജനങ്ങളുടെ ദുരിതം ആരംഭിക്കുകയായിരുന്നു. കണ്ണീരിന്റെയും പട്ടിണിയുടെയും കൈപ്പുനീർ കുടിച്ച് അവർ ഓരോ ദിവസവും തള്ളി നീക്കി, പട്ടിണിയും നിസ്സഹായതയും നിറഞ്ഞ മനുഷ്യർ മരണത്തെ മുന്നിൽക്കണ്ട് ഓരോ ദിവസവും തള്ളിനീക്കുകയാണ്.

ലോകനിയമങ്ങളും, യുദ്ധനീതിയും കാറ്റിൽ പറത്തി ഗാസയിൽ നരവേട്ട നടത്തുകയാണ് ഇസ്രയേൽ. പട്ടിണി മൂലം നട്ടെല്ലൊട്ടി ജീവിക്കുന്ന കുട്ടികളെ പ്രതീക്ഷവറ്റിയ കണ്ണുകളോടെ നോക്കാൻ മാത്രമെ രക്ഷിതാക്കൾക്ക് കഴിയുന്നുള്ളു. ഗാസ അനിയന്ത്രിതമായ പട്ടിണിയിലേക്ക് പോവുകയാണെന്ന് മനുഷ്യാവകാശ സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പട്ടിണിക്കിട്ട് കൊല്ലാൻ മാത്രം തങ്ങൾ എന്ത് തെറ്റ് ചെയ്തു എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ട് ഗാസയിലെ ജനങ്ങൾ, പക്ഷെ ലോകത്തിന് ഉത്തരമില്ല.

ഗാസയിലെ പട്ടിണിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും ഒടുവിലത്തെ സംയുക്തപ്രസ്താവന തള്ളിക്കളയുകയാണ് ഇസ്രയേൽ ചെയ്യുന്നത്. പ്രസ്താവനയ്ക്ക് പിന്നിൽ ഹമാസിന്റെ ഗൂഢാലോചനയാണെന്നാണ് ഗാസയുടെ വാദം. 24 മണിക്കൂറ് കൊണ്ട് പത്ത് പലസ്തീനികൾ കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ 43 പട്ടിണി മരണങ്ങളാണ് പലസ്തീനിൽ രേഖപ്പെടുത്തിയത്, എന്നിട്ടും ഇസ്രയേൽ പറയുന്നു ഇത് ഹമാസിന്റെ തന്ത്രമാണെന്ന്. പട്ടിണിയും, തളർച്ചയും, വിളർച്ചയും മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെയും, തെരുവിൽ മരിച്ച് വീഴുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും ഈ ക്രൂരതകളവസാനിക്കുന്നില്ല എന്നത് ഈ കാലഘട്ടത്തിന് അടുത്ത തലമുറയ്ക്ക് മുന്നിൽ ലജ്ജിച്ച് തലതാഴ്ത്താനുള്ള അവസരമുണ്ടാക്കലാണ്.

ഗാസയിലെ ജനങ്ങൾ ലോകം ഇന്നുവരെ കാണാത്ത ദുരിതത്തിലേക്കാണ് നടന്ന് കയറുന്നതെന്നും, പട്ടിണി ഒരു ജനതയെ മുഴുവൻ കാർന്ന് തിന്നുകയാണെന്നും കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ സഖ്യകക്ഷികളടക്കമുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഗാസിലേക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള ട്രക്കുകൾ തടയുന്നതാണ് അതിരൂക്ഷ പ്രതിസന്ധിക്ക് കാരണമാകുന്നത് എന്നാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന സംഘടന പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. പട്ടിണി മൂലമുണ്ടാകുന്ന രോഗങ്ങൾക്കൊണ്ട് മരണപ്പെടുന്നവർ ധാരാളമാണ്, എന്നാൽ അതിനെക്കാൾ ദാരുണമാണ് മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയിൽ കഴിയുന്ന ആളുകളുടെ ജീവിതം. മുലപ്പാൽ പോലും വറ്റിപ്പോയ അമ്മമാരും, മുന്നോട്ടുള്ള ജീവിതത്തിൽ ഇനിയെന്ത് എന്നറിയാതെ പകച്ചു നിൽക്കുന്ന കുടുംബങ്ങളും ഗാസയിലെ നേർക്കാഴ്ച്ചയാണ്.

ഗാസയിലെ ഇരുപത് ലക്ഷം ആളുകളാണ് ദിവസങ്ങളായി ഭക്ഷണമില്ലാതെ കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ പറയുന്നത്. ഹമാസുമായുള്ള വെടിനിർത്തലിന് ശേഷം മാർച്ചിനും, മെയ്ക്കുമിടയിലായിരുന്നു ഇസ്രയേൽ ഗാസയിലേക്കുള്ള സഹായങ്ങൾ തടഞ്ഞത്. പിന്നീട് ഇസ്രയേൽ പിന്തുണയുള്ള സ്വകാര്യ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല ഏറ്റെടുത്തത്. ഇവരുടെ സംവിധാനങ്ങൾ വഴി മാത്രമാണ് ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാകുന്നത്. ഹമാസിന്റെ ആളുകൾ ഗാസയിലേക്കുള്ള ഭക്ഷണം മോഷ്ടിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത് എന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നതെങ്കിലും, ജനങ്ങളുടെ കൂട്ടക്കുരുതിയാണ് നിലവിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

എന്നാൽ തങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ഇസ്രയേൽ. ഗാസയിലേക്ക് കൃത്യമായി വസ്തുക്കൾ എത്തിക്കുന്നതിൽ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടു എന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. കൂടാതെ അവശ്യ വസ്തുക്കൾ അടങ്ങിയ 4500 ട്രക്കുകൾ ഗാസയിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇസ്രയേൽ സർക്കാർ ഏജൻസിയായ കോഗാറ്റ് അവകാശപ്പെടുന്നുണ്ട്. ഇതിൽ ധാന്യങ്ങളും, കുഞ്ഞുങ്ങൾക്കുള്ള 2500 ടൺ ഭക്ഷണവും ഉൾപ്പെടുന്നുവെന്നും കോഗാറ്റ് പറയുന്നുണ്ട്. എന്നാൽ, ഇസ്രയേൽ ഗാസയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് കടുത്ത ക്ഷാമത്തിന് കാരണം എന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്.

യുദ്ധം തുടങ്ങിയ ശേഷം ഗാസയിലെ മുഴുവൻ ജനസംഖ്യയിലെ കാൽഭാ​ഗം ജനങ്ങളെങ്കിലും പട്ടിണി മൂലം ദുരിതം അനുഭ​വിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ടെഡ്രോസ് അദനോം ഗെബ്രൈസസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളുമാണ് ഇപ്പോൾ‌ ​ഗാസയിൽ പോഷകക്കുറവ് അനുഭവിക്കുന്നത്, പോഷകക്കുറവ് മരണത്തിലേക്ക് പോലും നയിക്കുന്ന ദാരുണമായ അവസ്ഥയാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതിനാൽ ഇവരുടെ ചികിത്സയ്ക്കായി അടിയന്തര ഇടപെടലുണ്ടാവണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നത്. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് കടുത്ത പട്ടിണി (Mass starvation) അവസ്ഥയിലേക്ക് ഗാസ പോവുന്നത് എന്ന് നൂറിലേറെ സംഘടനകളുടെ സംയുക്ത പ്രസ്‌താവന വ്യക്തമാക്കുന്നു.

ഗാസയിൽ ഇസ്രയേലിന്റെ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇന്നുവരെ 59,000 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന ഏകസംവിധാനമാണ് ജി.എച്ച്.എഫ് എന്ന സംഘടന. ഇവരാണ് പ്രത്യേക കേന്ദ്രങ്ങൾ തുറന്നത്. എന്നാൽ ഇസ്രയേൽ സൈനികർ മനുഷ്യത്വപരമായി അല്ല ഭക്ഷണം തേടിയെത്തുന്ന പാവങ്ങളോടു പെരുമാറുന്നതെന്ന ആരോപണവും ഉയർന്ന് വരുന്നുണ്ട്. വിശന്ന് വലഞ്ഞിരിക്കുന്ന ആളുകൾ ഭക്ഷണത്തിനായി തിരക്ക് കൂട്ടുമ്പോൾ അവർക്ക് മേൽ കണ്ണീർ വാതകവും, പെപ്പർ സ്പ്രേയും ഉപയോ​ഗിക്കുക പോലും ചെയ്യാൻ മടിക്കാത്തവരാണ് പട്ടാളക്കാരെന്ന് റിപ്പോർട്ടുകൾ പറയുന്നു. ​ഗാസയിലെ ഭക്ഷണ വിതരണം വളരെ പരിമിതമാണ്. ഭക്ഷണമെത്തുമ്പോൾ വിശപ്പ് കൊണ്ട് നിവൃത്തികെട്ട ആളുകൾക്ക് തിരക്കൂ കൂട്ടലല്ലാതെ മറ്റെന്താണ് ചെയ്യാനാവുക.

പട്ടിണിയെ യുദ്ധക്കോപ്പാക്കുന്ന ചെകുത്താൻ രാഷ്ട്രമായി ഇസ്രയേൽ മാറിയിരിക്കുകയാണ്. മനുഷ്യരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ സ്വതാൽപര്യങ്ങളെ മാത്രം മാനിക്കുന്ന ഇസ്രയേലിന്റെ ക്രൂരതയ്ക്ക് മുന്നിൽ ലോകം മനസാക്ഷി മരിച്ചവരെ പോലെ മൂകസാക്ഷികളാവുകയാണ്. ഇനിയെന്ത് എന്നറിയാത്ത ആയിരക്കണക്കിന് മനുഷ്യരാണ് ​ഗാസയിൽ പ്രതീക്ഷയറ്റ് ജീവിക്കുന്നത്. ലോകം പണവും പദവിയും ആഘോഷങ്ങളും തേടി പോകുമ്പോൾ, നാളത്തെ സൂര്യോദയം കാണാൻ തങ്ങളുണ്ടാകുമോ എന്ന ഉറപ്പ് പോലുമില്ലാതെ ​ഗാസയിലെ ജീവിതങ്ങൾ അനിശ്ചിതത്വം നേരിടുന്നു. ഇസ്രയേൽ... ​ഗാസയിലെ കുട്ടികളടക്കമുള്ളവർ പട്ടിണി മൂലം മരിച്ച് വീഴുമ്പോഴും, മനസാക്ഷിയുടെ അവസാന കണികയും വറ്റിയ രീതിയിൽ പെരുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?

Content Highlight; UN: Gaza Children’s Food Aid May End by Mid-August

To advertise here,contact us